കുടുംബ ജീവിത ചിലവുകൾ കൂടുതൽ ദുഷ്കരമായി തീരുമ്പോൾ സാലറി ചാലഞ്ചുകൾ ഇന്നത്തെ കാലത്തു പലർക്കും ഒരു ഭീഷണിയാണ്

52

Venu Gopal

ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അല്ലെങ്കിലും വ്യക്തിപരമായി എനിക്ക് തീരെ താത്പര്യം തോന്നാത്ത ഒന്നാണ് സാലറി ചലഞ്ച്. അതൊരു മുപ്പതോ നാല്പതോ വര്ഷം മുന്പായിരുന്നെങ്കിൽ ഒരു പക്ഷെ അതിനോട് എനിക്ക് വലിയ എതിർപ്പുണ്ടാകാൻ വഴിയില്ലായിരുന്നു. അന്ന് ആശുപത്രി ചെലവുകൾ ഏകദേശം സൗജന്യമെന്നപോലെയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥിതി അതുതന്നെ. ഇന്നത്തെപോലെ റിയൽ എസ്റ്റേറ്റ് മാഫിയകളുടെ കടന്നുവരവോ ഉണ്ടായിരുന്നില്ല. റേഷൻ വിതരണം ഏവർക്കും ഉണ്ടായിരുന്നു. പൊതുമേഖകളും പൊതുസ്രോതസ്സുകളും ശക്തമായി തന്നെ നാടിന്റെ വിവിധങ്ങളായ ആവശ്യങ്ങളെ ഒരു പരിധിവരെയെങ്കിലും മുന്നോട്ടുകൊണ്ടുപോയിരുന്നു. തനിക്കാക്കി വെടക്കാക്കാൻ അന്നും കക്ഷി രാഷ്ട്രീയക്കാരെ നമ്മൾ അനുവദിച്ചിരുന്നു എന്നത് വേറെ കാര്യം. എങ്കിലും ഒരാളുടെ വരുമാനം കൊണ്ട് കഷ്ടിച്ച് നീങ്ങാൻ സാധിക്കുമായിരുന്നു.
ഇന്നതല്ല സ്ഥിതി. വിലവർദ്ധനവ് ദിനേന വർദ്ധിക്കുകയും വരുമാനവും ചെലവും തമ്മിൽ ഒരു തരത്തിലും ഒത്തുപോകാതെയും ഒരു കുടുംബത്തിലെ രണ്ടും മൂന്നും പേര് ജോലിക്കുപോയാൽ പോലും കഷ്ട്ടിച്ചു നീങ്ങാൻ പോലും സാധിക്കാതായിട്ടുണ്ട്.. ആ സ്ഥിതിയിലേക്ക് രാജ്യത്തിന്റെ എക്കോണമിയെ കൊണ്ടുവന്നത് നമ്മുടെ കക്ഷി രാഷ്ട്രീയക്കാരാണ്. ആദ്യത്തെ പ്രളയം വന്നപ്പോൾ ജനങ്ങൾ ഉണർന്നു പ്രവർത്തിക്കുമെന്നും റേഷൻ സമ്പ്രദായവും ആതുരസേവന രംഗവും കൂടുതൽ മെച്ചപ്പെടുമെന്നും സർക്കാർ ഓരോ മേഖലയും മെച്ചപ്പെടുത്തുമെന്നൊക്കെ വെറുതെ സ്വപ്നം കണ്ടിരുന്നു. പക്ഷെ നിപ്പായും ഡെങ്കിയും പ്രളയങ്ങളും മറ്റും നിരന്തരമായി തുടർന്നിട്ടും ഈ പറഞ്ഞ മേഖലകളിൽനിന്നൊന്നും യാതൊരു സഹായമോ വളർച്ചയെ ഉണ്ടായില്ല എന്നുമാത്രമല്ല കുടുംബ ജീവിതം കൂടുതൽ ദുഷ്കരമായി തീരുകയാണ് ചെയ്തത്. അത്തരമൊരു സാഹചര്യത്തിൽ സാലറി ചാലഞ്ചുകൾ ഒരു ഭീഷണിയായി മാറുകയാണ് എന്നതുകൊണ്ടാണ് സാലറി ചാലഞ്ചിനോട് താത്പര്യം തോന്നാത്തത്.ഇനിയും മേല്പറഞ്ഞ മേഖലകളിൽ സാമൂഹ്യ ജീവിതത്തിനു സുരക്ഷിതം ഉണ്ടാകുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?