ഉന്നാവോ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു ജനാധിപത്യ സംസ്കാരത്തിന്റെ മാതൃക ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു

0
210

Venu Gopal

ഉന്നാവോ പെണ്‍കുട്ടിയും മരണപ്പെട്ടു. വെറുതെ മരണപ്പെട്ടതല്ല. ആദ്യം പീഡനത്തിന് ഇരയാവുകയും അതെ തുടർന്ന് കേസായപ്പോൾ ആദ്യം അച്ഛനും തുടർന്ന് അമ്മാവനും തനിക്കും ഈ ഗതികേട് വന്നു ചേരുമെന്ന് അറിവില്ലായിരുന്നു. ഒരു ജനാധിപത്യ രാജ്യത്തെ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വാതോരാതെ തിരഞ്ഞെടുപ്പ് കാലങ്ങളിൽ കൊട്ടിഘോഷിക്കുന്ന രാജ്യത്ത്, തെരഞ്ഞെടുക്കപ്പെടുന്ന എം എൽ എ മാരിലും എം പി മാരിലും ബഹുഭൂരിപക്ഷം പേരെയും ക്രിമിനലുകളെ മാത്രം മുന്നോട്ടു വെക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു ജനാധിപത്യത്തെ സംരക്ഷിക്കാൻ പറഞ്ഞയക്കുകയും ചെയ്യുന്ന ലോകത്തിലെ വലിയ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ എല്ലാ പിന്നോക്കാവസ്ഥകളും ബോധപൂർവ്വം സൃഷ്ട്ടിച്ചു സ്വകാര്യവത്കരിക്കുകയും എല്ലാത്തരം ഗുണ്ടാ പ്രവർത്തനങ്ങൾക്കും യാതൊരു മടിയുമില്ലാതെ പ്രയോഗത്തിൽ വരുത്തുന്ന രാജ്യത്ത്, സാംസ്കാരികമായ എല്ലാത്തരം പിന്നോക്കാവസ്ഥകളും സൃഷ്ട്ടിക്കുന്ന രാജ്യത്ത്, ജീവിതത്തിന്റെ നാനാ മേഖലകളിലും വളരുന്ന ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും വിധിയും ഭാഗ്യക്കേടുകളും ദൈവകോപവുമാണെന്നു വരുത്തി തീർക്കുന്ന തരത്തിൽ വിദ്യാഭ്യാസ പ്രചാരണം നടത്തുന്ന രാജ്യത്ത്, അങ്ങിനെ തങ്ങൾക്കു നേരെ വരാവുന്ന ജനശക്തിയെ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ തമ്മിൽ തല്ലിച്ചു ഗതി തിരിച്ചു വിടുന്ന രാജ്യത്ത് ഉന്നാവോ പെൺകുട്ടിയെ ജീവനോടെ കത്തിച്ചു കൊന്നു ജനാധിപത്യ സംസ്കാരത്തിന്റെ മാതൃക ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു.

അത്തരം ദ്രോഹികൾ ജീവിച്ചിരിക്കാൻ അർഹരല്ല എന്നതുതന്നെയാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അറിയാം, ഒരു ഭരണകൂടം, നീതിന്യായ സംവിധാനങ്ങൾ പക്വതയോടെ കൈകാര്യം ചെയ്തു ജനാധിപത്യത്തിന്റെ സംരക്ഷകരായി മാറേണ്ടുന്ന പോലീസും പട്ടാളവും നിയമം കയ്യിലെടുക്കാൻ പാടില്ലെന്ന് അറിയാതല്ല ഈ പറയുന്നത്. പ്രതികളെ പിടിച്ചപാടേ കൊന്നു കളയുക എന്നത് ജനാധിപത്യ മര്യാദയല്ലെന്നും അറിയാം. പക്ഷെ എനിക്കാണ്, എന്റെ മക്കൾക്കാണ്, എന്റെ സഹോദരിമാർക്കാണ് ഈ ആപത്തുകൾ വരുന്നതെങ്കിൽ ജീവനോടെ വെച്ചേക്കില്ല.

ഇന്ന് ഓരോ കുടുംബത്തിലും ഇതേ വികാരമായിരിക്കും രൂപപ്പെട്ടിട്ടുണ്ടാവുക. ജനാധിപത്യ സംവിധാനങ്ങളെ അത്രമാത്രം വിശ്വാസമില്ലാതായിരിക്കുന്നു. അത് കേരളത്തിൽ പോലും സംഭവിക്കുന്നു. അത്രമാത്രം രാഷ്ട്രീയവും സാമ്പത്തിക നയങ്ങളും മൂലം സാമൂഹ്യ ക്രമത്തെ, സാമൂഹ്യ ബോധത്തെ, സാമൂഹ്യ സാംസ്കാരിക തലങ്ങളെ വികലമാക്കി കഴിഞ്ഞിരിക്കുന്നു. ഉത്തരവാദികൾ നമ്മുടെ രാഷ്ട്രീയക്കാരും കുത്തക സാമ്പത്തിക നയങ്ങളും അവയ്ക്കനുസൃതമായ നയരൂപീകരണങ്ങളുമാണ് എന്നതിൽ സംശയമില്ല. സ്വാതന്ത്ര്യ സമരത്തിലൂടെ, കഴിഞ്ഞ എഴുപതു വർഷക്കാലത്തെ നമ്മുടെ നയവൈകല്യങ്ങളുടെയും സാംസ്കാരിക തലങ്ങളിലെയും ജനാധിപത്യ വിരുദ്ധതയുടെ ആകെത്തുക ഒരു പെൺകുട്ടിയെ ജീവനോടെ കത്തിച്ചു കൊന്ന ഒരു സമൂഹമായി മാറിയിരിക്കുന്നു.

ഓരോ കേസുകളും ഓരോ രാഷ്ട്രീയ നയങ്ങളും എത്രമാത്രം പാതകങ്ങളാണ് സൃഷ്ടിച്ചെടുക്കുന്നതെന്ന മിനിമം ധാരണപോലും ഇല്ലാതായിരിക്കുന്നു. ഒന്നുറക്കെ കരയാൻ പോലും ആവാത്തതായിരിക്കുന്നു ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായവർക്ക്… കർഷകർ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ കടക്കെണിയിൽ ജീവനൊടുക്കേണ്ടി വരിക, ശരീരം വിറ്റും ജീവിക്കേണ്ടി വരിക, മദ്യവും മയക്കുമരുന്നും, വിശ്വാസങ്ങളും ആവോളം പൊലിപ്പിക്കുക, സ്ത്രീകൾക്കും പെൺകുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ പറ്റാതാവുക…. എന്തൊരു രാജ്യം!! എന്തൊരു രാഷ്ട്രീയം!!

ഇല്ല… ജീവിച്ചിരിക്കാൻ ഈ കാട്ടാളത്തരം കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാർക്കും അവരെ പിൻപറ്റുന്ന ചീഞ്ഞളിഞ്ഞ സംസ്കാരം പേറുന്നവർക്കും അർഹതയില്ല. ജീവിതം നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അനേകായിരം കുഞ്ഞുങ്ങൾ ഇനിയും ഈ സമൂഹത്തിൽ വളരുന്നുണ്ട്. അവർക്ക് സ്വതന്ത്രവും സ്വസ്ഥവുമായ ജീവിത സാഹചര്യങ്ങൾ ഉണ്ടാകേണ്ടതുണ്ട്… i know… i am crossing the limit…