Venugopal

മനുഷ്യന്റെ ചിന്തകളിലൂടെത്തന്നെ മനുഷ്യനെയും ചുറ്റുപാടുകളെയും കുറിച്ചുള്ള ശരിയായ ധാരണകൾ വളർന്നതിലൂടെയാണ് ജനാധിപത്യം, മതേതരം, സോഷ്യലിസം എന്നൊക്കെയുള്ള മഹനീയമായ ചിന്തകൾ ഫ്യൂഡൽ സംസ്കാരത്തെ അതിജീവിച്ചു വളർന്നുവന്നത്. മനുഷ്യനെ കുറിച്ചുള്ള സാമൂഹ്യവും സാംസ്കാരികവും മാനസികവുമായ വളർച്ചയുടെ ചരിത്രത്തെ കുറിച്ചുള്ള കൃത്യവും സൂഷ്മവുമായ അറിവുകളുടെ ഫലമായാണ് അവയെല്ലാം വളർന്നുവന്നത്.

ഈ അറിവുകൾ ഫ്യൂഡൽ ഭരണകാലങ്ങളിലെ, അന്നത്തെ സാമൂഹ്യമായ അറിവുകൾക്ക് അപ്രാപ്യമായിരുന്നു. അതിനുള്ള സാമൂഹ്യവളർച്ച അന്നുണ്ടായിരുന്നില്ല. മനുഷ്യ ജീവിയുടെ പ്രത്യേകത,മനുഷ്യ ജീവിയുടെ പ്രവണത, മനുഷ്യ ജീവിയുടെ മാനസികവും ശാരീരികവും ചുറ്റുപാടുമായുള്ള സംവേദനം,സ്വാധീനം, സാമൂഹ്യബോധം, എന്നിവയെക്കുറിച്ചുള്ള കൃത്യവും സൂഷ്മവുമായ ധാരണകളില്ലെങ്കിൽ മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും മനുഷ്യനും മനുഷ്യ സമൂഹവും തമ്മിൽ രൂപപ്പെടാവുന്ന സംഘര്ഷങ്ങളുടെ, വൈരുദ്ധ്യങ്ങളുടെ രൂപപ്പെടലുകൾക്കു പരിഹാരം കാണാനാകില്ല. തെറ്റായ നിഗമനങ്ങളിൽ എത്താം.

ഇത്തരം അറിവുകൾ വളർന്നിട്ടും ഇന്നും നമ്മുടെ വിദ്യാഭ്യാസ പ്രകൃയയിൽ ഈ ധാരണകൾ മനസ്സിലാക്കിപ്പിക്കാനും കൂടുതൽ ഉയർന്ന തലങ്ങളിലേക്ക് വികസിപ്പിക്കാനും ഉതകുന്ന തരത്തിൽ നടത്തപ്പെടുന്നില്ല. അതിലൂടെ മനുഷ്യൻ മനുഷ്യനാകാനുള്ള, ആ ഉയർന്ന ജീവിവർഗ്ഗത്തിന്റെ പ്രകൃതത്തിലേക്കു വളരാനുള്ള, മാനസികവും സാംസ്കാരികവുമായ പ്രകൃയ തന്നെ തടസ്സപ്പെടുന്നുണ്ട്. തടസ്സപ്പെടുത്തുന്നുണ്ട്. അത് അതാതുകാലത്തെ ഉത്പാദന ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്ന വളരെ ശാസ്ത്രീയമായ വിധത്തിലൂടെ അതിന്റെ മനസ്സിലാക്കലുകൾ വളരെ കൃത്യമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

അതതു കാലത്തെ അടിസ്ഥാന ഘടനയിൽ വരുന്ന മാറ്റങ്ങളിലൂടെ അതിന്റെ ഉത്പാദന ബന്ധങ്ങളുടെ രാഷ്ട്രീയവും അതിന്റെ സാമ്പത്തിക ബന്ധങ്ങളും വിതരണവും എന്നപോലെ തീർച്ചയായും അതിന്റെ ഉപരിഘടനയും സാമൂഹ്യബോധത്തെ സ്വാധീനിക്കുകയും അതിനനുസരിച്ച സംസ്കാരം രൂപപ്പെടുകയും ചെയ്യുമെന്ന മനസ്സിലാക്കൽ നടന്നിട്ടില്ലെങ്കിൽ സാമൂഹ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല.

അതുകൊണ്ടാണ് ഈ ബോദ്ധ്യതകൾ ഏറ്റവും നല്ല രീതിയിൽ പ്രതിഫലിക്കാൻ കഴിവുള്ള ജീവിയെന്ന നിലയിൽ ആദ്യം മനുഷ്യനാവുക എന്ന ചിന്തയ്ക്ക് ശ്രീ നാരായണ ഗുരുവും അയ്യങ്കാളിയും അന്നത്തെ സാമൂഹ്യ പ്രതിസന്ധികളിൽ നമുക്ക് ഒരു മാതൃകയായി ഉരുത്തിരിഞ്ഞു വന്നത്. ചരിത്രപരമായ അർത്ഥത്തിൽ അവരിലൂടെ പുതിയ കാഴ്ചപ്പാടുകൾ കേരളത്തിലെ സാമൂഹ്യ വിഷയങ്ങളിൽ അന്ന് പുതിയൊരു സമീപനത്തിന് തുടക്കമായത്, അവിടെനിന്നും യാത്ര വീണ്ടും മുന്നോട്ടു തുടരേണ്ടിയിരുന്ന നമ്മൾ പക്ഷെ മനുഷ്യനെന്ന ജീവിവർഗ്ഗത്തിലേക്കു നീങ്ങേണ്ടതിനു പകരം വീണ്ടും പുറകോട്ടു സഞ്ചരിക്കുന്നതായാണ് കാണുന്നത്. ലോക ശാസ്ത്ര രംഗങ്ങളിലും ദാർശനിക രംഗങ്ങളിലും മഹത്തായ കാഴ്ചപാടുകൾ വളർന്നതുപോലും നമ്മൾ മനസ്സിലാക്കാതെയും വികസിപ്പിക്കാതെയും വികസിച്ചതിനെയെല്ലാം തമസ്കരിച്ചും സാങ്കേതികമായി മുന്നോട്ടു പോകുമ്പോൾ പോലും സാംസ്കാരികമായി പുറകോട്ടുതന്നെയാണ്.

അത്രമാത്രം വികൃതമായ ഒരു സ്വാധീനമാണ് ഇന്നത്തെ കടുത്ത ജീവിത പ്രതിസന്ധികൾ നമ്മെ പുറകോട്ടു കൊണ്ടുപോകാൻ പ്രേരണയുണ്ടാക്കുന്നത്. ജീവിക്കാൻ നിൽക്കക്കള്ളിയില്ലാത്ത ഒരു സാഹചര്യം മനുഷ്യന്റെ സർവ്വ ഗുണങ്ങളും അതോടെ ജീർണ്ണിക്കാൻ തുടങ്ങുമെന്നതിനു തെളിവുകൾ നമ്മുടെ ഓരോരോ ബന്ധങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്.ആദ്യം നമ്മൾ മനുഷ്യനാവുക എന്ന ശ്രീനാരായണ ഗുരുവിന്റെ ആ വാക്കിന്റെ ചരിത്രപരമായ അർത്ഥം ഇന്നും ശ്രീനാരായണ ഗുരുവിനെ മുഴത്തിനു മുഴം പറയുന്നവരോ അദ്ധേഹത്തിന്റെ ഗവേഷകരോ പോലും മനസ്സിലാക്കുന്നില്ല. മനുഷ്യനാവുക എന്ന ജീവിവർഗ്ഗബോധം അതിന്റെ ശുദ്ധതയിൽ ബോധ്യപ്പെടാത്തിടത്തോളം കാലം മനുഷ്യനെ സംബന്ധിച്ച വിഷയങ്ങളുടെ, മനുഷ്യന്റെ പ്രതിസന്ധികളുടെ കാര്യ കാരണങ്ങൾക്ക് പരിഹാരം കാണാനും കഴിയില്ല.

കേവലം സാങ്കേതികമായ നേട്ടങ്ങൾകൊണ്ട് ഈ മനുഷ്യനാവൽ പ്രകൃയ നടത്തിയെടുക്കാൻ സാധിക്കില്ല. തുടര്‍ച്ചയായി വീണുകൊണ്ടേയിരിക്കും.. മനുഷ്യൻ ജാതിയുടെയും മതത്തിന്റെയും മറ്റു വിഭാഗീയതകളുടെയും പേരുപറഞ്ഞു മനുഷ്യനെ തന്നെ ശത്രുവായി കണ്ടുകൊണ്ടേയിരിക്കും. ഒരു ഉത്പാദന ബന്ധം വരുത്തിവെക്കുന്ന വിനകൾ അത്രമാത്രം വിദ്വേഷമാണ്, മനുഷ്യർക്കിടയിൽ മനുഷ്യന്റെ നിലനിൽപ്പ്, അവന്റെ പ്രകൃതം നഷ്ടപ്പെടാൻ കാരണമായ വസ്തുതകൾ കുന്നുകൂടുമ്പോൾ വളർത്തുക.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.