എഴുതിയത്: Venu Gopal
രോഗം വരാതിരിക്കാന്‍ ആരും ആശുപത്രിയിലോ ഡോക്ടറുടെ അടുത്തോ പോകാറില്ല. രോഗം വന്നാല്‍ മാത്രമേ പോകൂ. ഇനി രോഗം വരാതിരിക്കാനാണ് നമ്മള് ശ്രമിക്കേണ്ടത് എന്ന് പറഞ്ഞാല്‍ പോലും മനുഷ്യന് കരുതിക്കൂട്ടി രോഗത്തെ ശരീരത്തില്‍ പിടിച്ചു കയറ്റുകയുമില്ലല്ലോ.. അപകടങ്ങള്‍ ഉണ്ടാകുന്നതും അസുഖം വരുന്നതുമൊക്കെ എപ്പോഴാണ് എങ്ങിനെയാണ് എന്നതൊന്നും പ്രവചിക്കാന്‍ സാധിക്കുകയുമില്ല. ഭക്ഷണം കഴിക്കാന്‍ വകയില്ലാഞ്ഞിട്ടും പോഷകാഹാരക്കുറവു മൂലം രോഗങ്ങള്‍ വരാം. ശരീരം ക്ഷയിക്കാം. ജീവിതം അത്രയും സങ്കീര്‍ണ്ണമായ ഒരവവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മാനസിക സമ്മര്‍ദ്ദം മൂലവും അസുഖങ്ങള്‍ ശറപറാന്നു കടന്നുവരാം. അങ്ങിനെയുള്ള അവസ്ഥകളിലേക്ക് എത്തപ്പെടുമ്പോഴാണ് കൊളസ്ട്രോളും പ്രഷറും ഷുഗറുമൊക്കെ കടന്നുകൂടുന്നത്. അതും കൂടാതെ ഇന്നത്തെ വിഷഭരിതമായ ഭക്ഷണ രീതികളും മറ്റും നാം അറിയാതെ തന്നെ അസുഖങ്ങൾ കൊട്ടക്കണക്കെന്നപോലെ വരുത്തിവെക്കുന്നുണ്ട്.
അസുഖം വന്നാൽ ഇത്തരം അവസ്ഥകളുടെ കാര്യകാരണങ്ങൾ വകതിരിച്ചെടുത്തു പരിശോധന നടത്തി ശാരീരിക ബലക്ഷയങ്ങളിൽ നിന്നും സാംക്രമിക രോഗങ്ങളിൽ നിന്നും മറ്റും പെട്ടെന്നുള്ള ഭേദമാക്കൽ നടക്കണമെന്നുണ്ടെങ്കിൽ മോഡേൺ മെഡിസിൻ തന്നെ ശരണം. ജീവിതവുമായി മല്ലടിക്കുമ്പോൾ കുടുംബത്തിന്റെ ഏക താങ്ങായി നിലനിൽക്കുമ്പോൾ, ഒരു ദിവസത്തെ വരുമാനം പോലും മുട്ടിയാൽ ആ കുടുംബം പട്ടിണിയിൽ എന്നാകുമ്പോൾ അടുത്ത ദിവസമാണെങ്കിലും തൊഴിലെടുക്കാൻ ആ വ്യക്തിക്ക് പ്രാപ്തി ലഭിക്കണമെങ്കിൽ മോഡേൺ മെഡിസിനെ തന്നെ ശരണം പ്രാപിച്ചേ മതിയാകൂ. മോഡേൺ മെഡിക്കൽ രീതിയെ ശരണം പ്രാപിച്ചേ മതിയാകൂ.
കച്ചവട മെഡിക്കല്‍ പ്രാക്ടീസുകള്‍ കാരണം പരിചരണവും മരുന്നുകളും ഏറെ പഴി കേള്‍ക്കുന്നുണ്ടെങ്കിലും മോഡേന്‍ മെഡിസിന് തന്നെയാണ് ഇന്ന് ലോകത്തെ മനുഷ്യരുടെ ജീവിതത്തെ സഹായിക്കുന്നത്. പ്രതിരോധ മരുന്നുകളെ കുറിച്ചും ഏറെ പഴികള്‍ കേള്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടുകളില്‍ മാരകായ നിലയില്‍ പതിനായിരങ്ങളുടെ ജീവനെടുത്ത എത്രയെത്ര രോഗങ്ങളെയാണ് പ്രതിരോധ മരുന്നുകള്‍ വഴി സമാധാനം ലഭിച്ചത്.
പണ്ടൊക്കെ പട്ടി കടിച്ചു പേ വന്നാല്‍ മുറിയില്‍ പൂട്ടിയിട്ടു ചാവുന്നതും നോക്കിയിരുന്നിരുന്നു. ഇന്നതല്ല സ്ഥിതി. അതേപോലെ മലേറിയ, വസൂരി എന്നിവയും മറ്റനേകം രോഗങ്ങളില്‍ നിന്നും മനുഷ്യന് സ്വതന്ത്രനായി.
കണ്ണിനു കാഴ്ച ശക്തി കുറഞ്ഞാല്‍ കണ്ണട വെക്കണമെങ്കില്‍ പോലും മോഡേന്‍ ചികിത്സാ രീതിയെ സമീപിച്ചേ മതിയാകൂ കുട്ടികളെ.. സർക്കാർ കുണ്ടുകുഴി റോഡിൽ മോട്ടോര്‍ സൈക്കിളില്‍ നിന്ന് വീണു കയ്യും കാലും തലയും പൊട്ടിയാല്‍ മോഡേന്‍ ചികിത്സ തന്നെ ശരണം കുഞ്ഞുങ്ങളെ..