ദോശ കരിഞ്ഞതിന് ചട്ടുകം മാറ്റിയിട്ട് എന്തുകാര്യം ?

405

എഴുതിയത് : Venu Gopal

ഇന്ത്യൻ എക്കണോമിയുടെ തകർച്ചയിൽ ധനമന്ത്രി നിർമ്മല സീതാരാമനെ തൽസ്ഥാനത്തു നിന്നും മാറ്റണമെന്ന് ചില പത്രങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.

മാറ്റിയിട്ടെന്തു കാര്യം?

അവരുടെ നയങ്ങൾ എന്നത് അവർ സ്വാകാര്യമായി ഒറ്റക്കിരുന്നു തന്നിഷ്ടം പോലെ പടച്ചുണ്ടാക്കിയതല്ല. അവർക്കു ലഭിച്ച നിർദ്ദേശങ്ങൾ, ബിജെപി യുടെയും ഇന്ത്യൻ വ്യാവസായിക കൂട്ടങ്ങളിൽ നിന്നും ഉഗ്രപ്രതികളായ സാമ്പത്തിക ചിന്തകരുടെയും തലയിൽ നിന്നും രൂപപ്പെട്ട താത്പര്യങ്ങളിൽ നിന്നുമാണ് അവ ഉയർന്നുവന്നത്.

കാപ്പിറ്റലിസ്റ്റ് എക്കണോമിയിൽ മെല്ലെപ്പോക്ക്, മാന്ദ്യം, തകർച്ച എന്നൊക്കെ പറയുന്നത് ഒരു പുതിയ വിഷയവുമല്ല. അത് രാജ്യത്തെ സാമ്പത്തിക വിദഗ്ധരെ, മന്ത്രിമാരെ മാറ്റിയതുകൊണ്ടും കാര്യമില്ല. ഉത്പാദന ബന്ധങ്ങളുടെ സഹജമായ സ്വഭാവത്തിൽ നിന്നും രൂപപ്പെടുന്ന തകർച്ചയാണത്. ആ തകർച്ചയുടെ ഭാരവും പേറേണ്ടിവരുന്നത് ജനങ്ങൾതന്നെയായിരിക്കും എന്നതാണ് മറ്റൊരു ദുരന്തം. ഈ തകർച്ചയും രക്ഷിക്കലും ബൂസ്റ്റ് ചെയ്യലുമെല്ലാം ഓരോ പത്തോ പന്ത്രണ്ടോ വർഷത്തിൽ നടന്നിരിക്കുകയും ചെയ്യും. തടയിടാൻ സാധിക്കുകയുമില്ല. അതാണ് കഴിഞ്ഞ നൂറു വർഷത്തെ ചരിത്രം തെളിവായി നമുക്കു മുന്നിലുള്ളത്.

പിന്നെ തകർച്ചയിൽ നിന്നും ഉണ്ടാകുന്ന ജനരോഷം തത്ക്കാലം തടയിടാനും ഒരാളുടെ തലയിലേക്ക് വെച്ച് കാപ്പിറ്റലിസ്റ്റ് എക്കോണമിക്കു രക്ഷപ്പെടാൻ വേണ്ടി ആരുടെയെങ്കിലുമൊക്കെ തലയിലേക്ക് ആ വൈറസ് മാറ്റി വെക്കാം എന്നല്ലാതെ അതിൽ കാര്യമില്ല.

കൂടാതെ ഓരോ രാജ്യത്തിന്റെയും വിപണി ഇന്ന് മറ്റു രാജ്യങ്ങളുടെ വിപണിയുമായി ഉറ്റബന്ധത്തിൽ നിൽക്കുന്നതുകൊണ്ടു വികസിതവും വികസ്വരവുമായ രാജ്യങ്ങളുടെ എക്കണോമിയുടെ തകർച്ചയും ഇന്ത്യൻ എക്കോണമിയെ ബാധിക്കും. അത്തരം തകർച്ചയാണ് ഇന്ത്യൻ ഇക്കോണമി പോലെത്തന്നെ അമേരിക്ക കാനഡ, യൂറോപ്പ്യൻ, ബ്രസീൽ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ഇക്കോണമി തകർന്നിരിക്കുന്ന സാഹചര്യവുമാണ് ഇപ്പോൾ. അവർ തമ്മിൽ തമ്മിലാകട്ടെ രൂക്ഷമായ വ്യാപാര യുദ്ധത്തിലുമാണ്.

Advertisements