അടുത്ത ദിനങ്ങളിൽ താനും തന്റെ കുടുംബവും പട്ടിണിയാകുമെന്നുള്ള കാര്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളിൽ ഉറപ്പായപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്

97
Venugopal
കാപ്പിറ്റലിസ്റ്റ് സിസ്റ്റം അപ്പാടെയും കണ്മുൻപിൽ. നോക്കിനിൽക്കെ തകർന്നടിയുന്നത് നടന്നുകൊണ്ടിരിക്കുന്നു. കോടാനുകോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിമാറ്റുന്നു.. ലക്ഷം ലക്ഷം പേർക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കാതെ പിലാത്തോസുമാർ കൈകഴുകുന്നു.കുത്തക സാമ്പത്തിക കാര്യാലയങ്ങളിലേക്ക് ജനങ്ങളുടെ കൈകളിൽ നിന്നും അന്യായമായി നികുതികളിലൂടെ തട്ടിപ്പറിച്ചു ട്രില്യൺ കണക്കിന് ഡോളർ ഒഴുക്കിവിടുമ്പോഴും സാധാരണ ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കാതെ വികസിത രാജ്യമെന്ന കിരീടം വെച്ച കാപ്പിറ്റലിസ്റ്റ് മേധാവികൾ കൈമലർത്തുന്നു.മോഹന വാഗ്‌ദാനങ്ങൾ മാത്രം നൽകിയിരുന്ന ആ മേധാവികളുടെ ചീട്ടുകൊട്ടാര നടത്തിപ്പുകൾ എത്ര പെട്ടെന്നാണ് പപ്പടം പോലെ പൊടിഞ്ഞു പോയത്.ഈ കാപ്പിറ്റലിസ്റ്റ് സിസ്റ്റത്തിന്റെ ദശകങ്ങളായി തുടർന്നുവന്ന വഞ്ചനകളുടെ ഫലമായി ഈ അവസ്ഥയിൽ പേരിനൊരു ഇടംപോലുമില്ല ഒരു പ്രതീക്ഷ നൽകുമെന്ന് ചൂണ്ടിക്കാണിക്കാൻ.ലക്ഷങ്ങൾ കോടികൾ നിരാശ്രയക്കാരായി തെരുവാധാരമാകാൻ പോലും സാധിക്കാതെ മരണഭയത്തിൽ… അടുത്ത ദിനങ്ങളിൽ താനും തന്റെ കുടുംബവും പട്ടിണിയാകുമെന്നുള്ള കാര്യം ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളിൽ ഉറപ്പായപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത്.ഒന്നോ രണ്ടോ ദിവസത്തെപ്പോലും തന്റെയും തന്റെ കുടുംബത്തിന്റെയും കാര്യങ്ങൾ നടത്തിച്ചുകൊണ്ടുപോകാനുള്ള നീക്കിയിരുപ്പില്ലാത്ത കോടാനുകോടി ജനങ്ങൾ.ഭാഗ്യാന്വേഷങ്ങളുടെ ഭാഗമായി രൂപപ്പെട്ട സാമ്പത്തിക തകർച്ചയുടെ ഭാഗമായി ദിനേന പതിനായിരങ്ങളും ലക്ഷങ്ങളും തൊഴിൽ മേഖലകളിൽ നിന്നും പുറത്തേക്ക് തൂക്കിയെറിയപ്പെടുന്നു.ഏതു സമയവും താനും കൊല്ലപ്പെടാമെന്നു മുഴുവൻ കാപ്പിറ്റലിസ്റ്റ് രാജ്യങ്ങളിലെയും ജനങ്ങളിൽ ഭീതിയും ഭീഷണിയും നിറഞ്ഞു കഴിഞ്ഞു.
ഭീതിനിറഞ്ഞ ഈ ഘട്ടത്തിൽഒരു ലക്ഷം പേർക്ക് ആശുപത്രികളിൽ രണ്ടു കിടക്കയാണ് നൽകാൻ തികയുന്നുള്ളൂ എന്ന് മനസ്സിലാക്കാൻ സാധിക്കുമ്പോൾ നമ്മളിൽ സ്വല്പമെങ്കിലും ഒരു നേരായ ചിന്ത കടന്നുവരേണ്ടതാണ്.ജനങ്ങൾ കഴിഞ്ഞ എഴുപതു വര്ഷം തലമുറകളായി സാമൂഹ്യ നന്മ ഉദ്ദേശിച്ചു കൊടുത്തുകൊണ്ടിരുന്ന നികുതികളെല്ലാം എവിടേക്കാണ് പോയത്? അവയെല്ലാം ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നടത്തിച്ചെടുക്കാനോ അതോ തട്ടിപ്പു കച്ചവടക്കാരുടെ മെതിയടികൾ പൂജിക്കാനോ ആയിരുന്നോ എന്ന ചോദ്യത്തിന് ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന നെട്ടോട്ടത്തിൽ നിന്നും മനസ്സിലാക്കാം.