ഹൈദരാബാദ് വിഷയവും കെട്ടടങ്ങി, ഏവരും അവരവരുടെ മാളങ്ങളിലേക്ക് മടങ്ങി, അടുത്ത ഒരു ചുട്ടുകരിക്കൽ ഉണ്ടാകുന്നതുവരെ

129

Venu Gopal

ഹൈദരാബാദ് വിഷയവും കെട്ടടങ്ങി.. ഏവരും അവരവരുടെ മാളങ്ങളിലേക്ക് മടങ്ങി. അടുത്ത ഒരു ചുട്ടുകരിക്കൽ ഉണ്ടാകുന്നതുവരെ എല്ലാ നേറികേടുകളും കണ്ടു നിസ്സഹായരായി നോക്കി നിൽക്കാനോ അഥവാ നേടികേടുകൾ ഓരോ പ്രസ്ഥാനങ്ങളും നടത്തുന്നത് പക്ഷപാതപരമായി വ്യാഖ്യാനിക്കുന്നതിലോ തിരക്കിട്ടു ഒട്ടകപക്ഷി തല പൂഴിയിൽ പൂഴ്ത്തുന്നപോലെയോ പൂഴ്ത്താൻ. എന്തെല്ലാം നെറികേടുകൾ സംഭവിച്ചാലും പക്ഷപാത രാഷ്ട്രീയം വീണ്ടും തലപൊക്കാൻ തുടങ്ങി.. അതുകൊണ്ട് ജനാധിപത്യ മൂവ്മെന്റുകൾ വളരുന്നതിനും വളർത്തിനും അത് വിഘാതമായി നിൽക്കുകയും ചെയ്യും.

പോലീസ് നിയമം കയ്യിലെടുത്തു കോടതിയിൽ കുറ്റം തെളിയും വരെ സംരക്ഷിക്കേണ്ടവരെ വെടിവെച്ചു കൊല്ലുന്നത് തെറ്റാണെന്ന് അറിയാതല്ല എന്റെ മുൻപത്തെ പ്രതികരണം. നിസ്സഹായരായ ജനങ്ങളുടെ, നിരപരാധികളായ, നിസ്സഹായരായ പെൺകുട്ടികളുടെയും അവരുടെ അച്ഛനമ്മമാരുടെയും വേദന മനസ്സിലാക്കിയാൽ ആരായാലും ക്ഷോഭിക്കാതിരിക്കില്ല. എന്നുവെച്ച് അത് പോലീസ് അധികാരം കയ്യിലെടുത്തു ഏവരെയും വെടിവെച്ചു കൊല്ലണമെന്ന രീതിയോട് ശരിയെന്നു പ്രതികരിക്കാൻ എന്റെ ജനാധിപത്യബോധം അനുവദിക്കുന്നുമില്ല.

പക്ഷെ അത്തരം സന്ദർഭങ്ങൾ, അനീതികൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുമ്പോൾ, നീതിന്യായ വ്യവസ്ഥയിൽ തുടരെ തുടരെ നിത്യേനയെന്നവണ്ണം വീഴ്ചകളുണ്ടാകുമ്പോൾ, ഏറ്റവും ഭീതിതമായ തരത്തിൽ സാംസ്കാരിക തലം അഴിഞ്ഞാടുന്ന രീതിയുണ്ടാകുമ്പോൾ ജനങ്ങളിൽ ഉണ്ടാകുന്ന വികാരം എന്തായിരിക്കും എന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

ആരാധനാലയങ്ങളിൽ നിന്നും ആത്മീയ ഗുരുക്കന്മാരിൽ നിന്നും നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്നവരിൽ നിന്നും വിദ്യാലയങ്ങളിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും സഹപാഠികളിൽ നിന്നും തുടങ്ങി എവിടെയും രക്ഷയില്ലെന്ന് വരുന്ന ഒരു അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ?

എങ്ങിനെ വൈകാരികമായി പ്രതികരിക്കാതിരിക്കും?

അങ്ങിനെ പ്രതികരിക്കാൻ പാടില്ലാഞ്ഞിട്ടും കുട്ടികളുടെ ജീവനും ജീവിതവും ആത്മാഭിമാനവും നഷ്ടപ്പെടുന്നത് കണ്ടും കേട്ടും നിൽക്കാൻ സാധിക്കാതാകുന്ന ചില നിമിഷങ്ങളുണ്ടാകാം… അതായിരിക്കാം ചിലപ്പോൾ കുറ്റവാളികളെ, സാമൂഹ്യദ്രോഹികളെ ചുട്ടെരിക്കണം എന്ന് തോന്നിപ്പോയത്..

മറുവശത്ത് അത് പോലീസ് തന്നെ അധികാരം കയ്യിലെടുത്തു വെടിവെച്ചു കൊല്ലുന്നതിന്റെ ആഴം, അതിന്റെ പ്രത്യാഘാതം വളരെ ഗൗരവത്തോടെ മനസ്സിലാക്കാതല്ല എന്റെ പ്രതികരണം. തികച്ചും എന്റെ വ്യക്തിപരമായ പ്രതികരണമാണത്. അത് ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയ നിലപാടുകളുമായോ സാംസ്കാരിക നിലപാടുകളുമായോ കൂട്ടിക്കെട്ടാൻ ശ്രമിക്കുകയുമരുത്. തികച്ചും എന്റെ വ്യക്തിപരമായ പ്രതികരണം. അതൊരു കൂട്ടായ ചിന്തയിൽ നിന്നും വന്നതല്ല. കൂട്ടായ ചിന്തയുടെ പ്രതികരണവുമില്ല.

അത് ജനാധിപത്യത്തിന്റെ വീക്ഷണങ്ങൾക്ക് എന്തെങ്കിലും തരത്തിൽ കോട്ടം തട്ടുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരോട് എന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കുമെന്നും കരുതട്ടെ. ചില വൈകാരിക നിമിഷങ്ങളിലെ തെറ്റുകള്‍ പോലും വളരെ കൃത്യതയോടെയും ക്ഷമയോടെയും വഴികാണിച്ചു ശരികളിലെക്ക് നയിച്ച എന്‍റെ ഗുരുസമാനരായ സഖാക്കളോട് ആത്മാര്‍ത്ഥമായ സ്നേഹവും അറിയിക്കട്ടെ..