പത്രങ്ങൾ സ്വാഭാവികമായും ദേശീയ കുത്തകകളുടെ താത്പര്യമല്ലേ സംരക്ഷിക്കുക ?

181
Venu Gopal
Venu Gopal

മാതൃഭൂമി പത്രം ഇടതുപക്ഷക്കാരുടെയോ കമ്മ്യൂണിസ്റ്റുകാരുടെയോ അല്ല. അങ്ങിനെയൊരു പാരമ്പര്യം ഉണ്ടായിരുന്നുമില്ല.

അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ അതായത് ഇന്ത്യൻ ദേശീയ സ്വകാര്യ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് വേണ്ടി കുഴലൂത്ത് നടത്തിയ പത്രമായിരുന്നു. മനോരമയും അങ്ങിനെതന്നെ. യാതൊരു വ്യത്യാസവുമില്ല.

ഇന്ത്യൻ ദേശീയ മുതലാളിത്തത്തിന്റെ വളർച്ചയും അതിന്റെ ചെറുതായെങ്കിലും ഉണ്ടായിരുന്ന വിപ്ലവ സ്വഭാവവും സ്വാതന്ത്ര്യ സമരത്തോടെ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതോടെ സ്തംഭിച്ചു പോകയും ചെയ്തതും സ്വാഭാവികം. കാരണം അതിന്റെ ലക്‌ഷ്യം വിദേശ വ്യാപാരികളെ മാറ്റി സ്വദേശ വ്യാപാരികൾക്ക് പകരം സ്ഥാനം നൽകുക എന്നതിൽ കവിഞ്ഞൊരു ലക്ഷ്യവും ഉണ്ടായിരുന്നില്ല.

അതുകഴിഞ്ഞു.. ഏകദേശം 7 ദശകങ്ങളുടെ വളർച്ച ഇന്ത്യൻ മുതലാളിത്തം വളർന്നു കഴുത്തറപ്പൻ സ്വഭാവത്തിലേക്ക് നീങ്ങിയത് ആരും അറിഞ്ഞില്ലെന്നോ?

പത്രങ്ങളുടെ സ്വഭാവവും സ്വാഭാവികമായും ദേശീയ കുത്തകകളുടെ താത്പര്യമല്ലേ സംരക്ഷിക്കുക? പത്രധർമ്മം എന്ന് കെട്ടുവായിച്ച ആ മരുന്ന് ഇപ്പോഴും മനോരമയ്ക്കും മാതൃഭൂമിക്കും മറ്റും ഉണ്ടാകണം എന്ന് സ്വപ്നം കാണുന്നവരാണോ ഇവിടുള്ളവർ? എങ്കിൽ അവരെയോർത്തു പരിതപിക്കാനേ സാധിക്കൂ.

എല്ലാ അന്ധവിശ്വാസങ്ങളും രാഷ്ട്രീയ കുത്തിത്തിരുപ്പുകളും വളച്ചൊടിച്ച വാർത്തകളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികളുമല്ലേ നടത്തുന്നത്?

എന്നിട്ടും എന്തിനാണ് ആ പത്രങ്ങൾ വായിക്കുന്നതെന്നു ചോദിച്ചാൽ അതിലൂടെ മാത്രമേ ഭരണകൂടം നടത്തിയെടുക്കുന്ന താത്പര്യങ്ങൾ എന്തൊക്കെയെന്നത് ജനങ്ങൾക്ക് അറിയാൻ സാധിക്കൂ. അത്, അത്തരം ജനവിരുദ്ധതകൾ വെളിച്ചത്തു കൊണ്ടുവന്നു വേണ്ട രീതിയിൽ ജനങ്ങളെ രാഷ്ട്രീയ വിദ്യാഭ്യാസം ചെയ്യിക്കുക എന്നതാണ് പ്രതിപക്ഷ ചിന്തകൾ നടത്തേണ്ടത്.

അത് പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പരിപാടിയാണ്. പക്ഷെ അങ്ങിനെ പ്രവർത്തിക്കേണ്ടവർ ഇന്ത്യൻ കുത്തകകളെക്കാൾ ഒരു പടി മുന്നിലാണെന്നതാണ് അനുഭവം.

പത്ര സ്ഥാപനങ്ങളെല്ലാം ലോകം മുഴുവനായും കുത്തകകൾ കയ്യടക്കി കഴിഞ്ഞു. അതുകൊണ്ടാണല്ലോ വിമതപക്ഷ പത്രങ്ങൾ കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇലക്ട്രോണിക് മീഡിയയിലൂടെ പ്രചാരം സിദ്ധിച്ചത്. അല്ലെ?

അത്തരം പത്ര മാധ്യമങ്ങളിലൂടെ ജനങ്ങളിൽ ഭിന്നിപ്പുണ്ടാകാനുള്ള ഇടം നൽകാത്ത വിധം തികച്ചും ജനാധിപത്യപരമായ രീതിയിൽ വിമർശങ്ങൾ പഠനങ്ങൾ വിശദീകരണങ്ങൾ വളരട്ടെ…