മലയാളസിനിമയിലെ ഏറ്റവും നിഷ്കളങ്കമായ ചിരിയുടെ ഉടമ, ആദരാഞ്ജലികൾ

0
183

Jubin Jacob Kochupurackan 

മലയാളസിനിമയിലെ ഏറ്റവും നിഷ്കളങ്കമായ ചിരിയുടെ ഉടമ

ആറേഴു കൊല്ലം മുമ്പാണ്‌, മാഗസിനിൽ നിന്നും ഒരു അസൈന്മെന്റ്. കൊച്ചി നഗരത്തിനു ചുറ്റളവിൽ നല്ല ഭക്ഷണം കിട്ടുന്ന കടകളിലൂടെ ഷെവർലെ ബീറ്റും കൊണ്ട് ഒരു യാത്ര. രാവിലെ പൊന്നുരുന്നിയിലെ കേരളാ കിച്ചൺ എന്ന റസ്റ്റോറന്റിൽ നിന്നും പ്രാതൽ കഴിച്ചു തുടങ്ങിയ യാത്ര ഉച്ചക്ക് വരാപ്പുഴ Aniyan Baava Chettan Baava Plot, Story, Reviews, Wiki, Ratings, Cast, Crew And Box Office Collection | Whykolപാലത്തിനടിയിലെ കടയിൽ ഊണും കഴിച്ച്, നാലുമണിക്ക് പൂണിത്തുറയിലെ ശ്രീമുരുകാ കഫേയിൽ പഴമ്പൊരിയും ബീഫുമൊക്കെ ആസ്വദിച്ച് പുറത്തിറങ്ങി ഒന്നു കറങ്ങിയപ്പോൾ ഒരു സോഡാ നാരങ്ങാവെള്ളം കുടിക്കണമെന്ന മോഹം കലശലായി. ചെന്നു നിർത്തിയത് പടന്നയിൽ സ്റ്റോഴ്സിനു മുന്നിലായിരുന്നു.
“ചേട്ടാ രണ്ട് നാരങ്ങാവെള്ളം..”
കടക്കാരൻ തിരിഞ്ഞുനോക്കാതെ ഒരു ചോദ്യം
“ഉപ്പോ മധുരമോ..?”

ആ ശബ്ദം കേട്ടപ്പോൾ കുടെയുള്ള ഫോട്ടോഗ്രാഫർക്ക് ഞെട്ടൽ. സംശയാലുവായി ടിയാൻ എന്നെയൊന്നു നോക്കി. അതേയെന്ന മട്ടിൽ ഞാൻ തലയാട്ടി. കൈത്തറി ജുബ്ബയും രുദ്രാക്ഷമാലയും സ്വർണ്ണഫ്രെയിമുള്ള കണ്ണടയുമൊക്കെ ധരിച്ച് നിന്ന് സ്റ്റീൽ ടംബ്ളറിൽ ഞങ്ങൾക്കു വേണ്ടി നാരങ്ങാവെള്ളമെടുക്കുന്നത് വെള്ളിത്തിരയിൽ പൊട്ടിച്ചിരിയുടെ വെടിക്കെട്ടു തീർക്കുന്ന സാക്ഷാൽ കെ.ടി.എസ് പടന്നയിലാണെന്ന് വിശ്വസിക്കാൻ അവനു തെല്ലു സമയം വേണ്ടിവന്നു. മുമ്പും ഞാനവിടെ പോയിരുന്നു. പത്തുകൊല്ലം മുമ്പ് കേരളാവിഷന്റെ ഒരു ഷൂട്ടിനിടയ്ക്ക് അന്ന് പ്രൊഗ്രാം പ്രൊഡ്യൂസറായിരുന്ന ദീപുവും ഞാനും സന്തോഷ് വർമ്മയുമായി അഭിമുഖം നടത്താൻ പോയപ്പോഴായിരുന്നു അത്.

പിന്നീടും തൃപ്പൂണിത്തുറ വഴി പോകുമ്പോഴൊക്കെയും പടന്നയിൽ സ്റ്റോഴ്സിനു മുന്നിൽ ഞാൻ വണ്ടിയുടെ വേഗം കുറയ്ക്കും. ആശാൻ അവിടെയുണ്ടെങ്കിൽ വണ്ടി നിർത്തും, ഒരു നാരങ്ങാവെള്ളം, അല്പം കുശലം… സിനിമാക്കാര്യങ്ങളൊന്നും സംസാരിക്കില്ല.. നാട്ടുവർത്തമാനങ്ങൾ മാത്രം.. അടുത്തകാലത്തായി ആ കടയിൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു. ഏതാനും ആഴ്ചകൾക്കു മുമ്പ് ഞാനും ക്യാമറാമാൻ ഷിജുവും കൂടി കൊച്ചിയിൽ നിന്നും മടങ്ങും വഴി അവിടെ വണ്ടി നിർത്തി. കടയിലെത്തി, നാരങ്ങാവെള്ളം പറഞ്ഞു.
“പടന്നയിലാശാനെവിടെ..?”
ഞാൻ ചോദിച്ചു.
“ഇപ്പൊ കട ഞാനാ ഏറ്റെടുത്ത് നടത്തുന്നത്.. പുള്ളി ഇടക്ക് രാവിലെയോ വൈകിട്ടോ ഇവിടം വരെ വരാറുണ്ട്..”
ഇനി എപ്പോഴെങ്കിലും വരുമ്പോൾ കാണാമെന്നോർത്ത് ഞങ്ങൾ നാരങ്ങാവെള്ളവും കുടിച്ച് മടങ്ങി. കാറിലിരുന്ന് അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് ചിരി ഒന്നനുകരിച്ചു. വണ്ടിയിലാകെ ചിരി നിറഞ്ഞു.
നാടകവേദികളിൽ നിന്നാണ്‌ കൊച്ചുപടന്നയിൽ തായി സുബ്രഹ്മണ്യൻ എന്ന കെ.ടി.എസ് പടന്നയിൽ ചലച്ചിത്രലോകത്തേക്കു വരുന്നത്. നാടകത്തിലൂടെയാണ്‌ ജീവിതം കെട്ടിപ്പടുത്തതെന്ന് അദ്ദേഹം പറയുമായിരുന്നു. കാൽ നൂറ്റാണ്ടിലേറെയായി സിനിമയിൽ വന്നിട്ട്. അമ്പതിലേറെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1995ലിറങ്ങിയ ആദ്യത്തെ കണ്മണിയിലെ വേഷമാണ്‌ ശ്രദ്ധിക്കപ്പെട്ടത്. സമീപക്കാലത്ത് വേഷങ്ങൾ കിട്ടിയത് കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു ഒപ്പ്, അമർ അക്ബർ അന്തോണി, കിങ്ങ് ലയർ തുടങ്ങിയ സിനിമകളിലാണ്‌. കഴിഞ്ഞ ദിവസവും കുഞ്ഞിരാമായണം ടിവിയിൽ വന്നപ്പോൾ
“ഇതെങ്ങനാ മുടങ്ങുന്നേന്ന് കാണാമല്ലോ…”
എന്നും പറഞ്ഞ് കല്യാണം മുടങ്ങാൻ കാത്തിരിക്കുന്ന കാരണവരായുള്ള പ്രകടനം കണ്ടപ്പോഴും ഞാൻ ആശാനെ ഓർത്തു.

മലയാളസിനിമയിലെ ഏറ്റവും നിഷ്കളങ്കമായ ചിരിയുടെ ഉടമ യാത്രയായെന്ന വാർത്ത കാണുമ്പോൾ അദ്ദേഹത്തിന്റെ ശൈലിയിൽ തന്നെ
“എൺപത്തെട്ടു വയസ്സെന്നൊക്കെപ്പറഞ്ഞാ ഒരു വയസ്സാണോ..?”
എന്ന് മരണത്തോട് ചോദിക്കാനാണ്‌ തോന്നുന്നത്. പരലോകത്തിപ്പോൾ വലിയൊരു ചിരി മുഴങ്ങുന്നുണ്ടാവും.. അതിൽ വേറിട്ട് ഹാ ഹാ ഹാ.. എന്നൊരു ശബ്ദവും കേട്ട് സാക്ഷാൽ ഉടയതമ്പുരാൻ പോലും പിടിവിട്ട് ചിരിക്കുന്നുണ്ടാവും… എങ്കിലും ഇത്രയും പെട്ടെന്നു വേണ്ടായിരുന്നു.
പടന്നയിലാശാന്‌ ആദരാഞ്ജലി….

Photo courtesy: Josekutty Panackal