വെട്ടം സിനിമയും വെട്ടമില്ലാത്ത അനാചാരങ്ങളും

92

Nelsa Subhashini Sivadasan

മതവും ആചാരങ്ങളും

വെട്ടം എന്ന സിനിമയിലെ ഒരു രംഗം കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. വിമാനത്തിൽ പാലിക്കേണ്ട ചില ചിട്ടകൾ എന്ന് പറഞ്ഞു നായകൻ കാണിക്കുന്ന കോപ്രായങ്ങൾ, വിദ്യാസമ്പന്നയായ നായിക മുൻപ് വിമാനയാത്ര ചെയ്തില്ല എന്ന ഒറ്റ കാരണത്താൽ എല്ലാം അനുകരിക്കുന്നു. ഇതൊക്കെ എഴുതാൻ ഉള്ള ചളിപ്പ് തിരക്കഥ കൃതിന് ഇല്ലേ എന്നും ചിന്തിച്ചിരിക്കുമ്പോൾ ആണ് എനിക്ക് പണ്ട് കോളേജ് ഹോസ്റ്റലിൽ ഫസ്റ്റ് ഇയർ ഇൽ ഉണ്ടായ ഒരു കാര്യം ഓർമ്മ വന്നത്.

ഹോസ്റ്റലിൽ എല്ലാവരും അന്യജില്ലക്കാർ ആയതുകൊണ്ട് വടക്കും നാഥനിൽ പോയി തൊഴാൻ ആഗ്രഹം. ഉടനെ വാർഡൻ പറഞ്ഞു ഒറ്റക്ക് പോണ്ടാന്ന്. ഒറ്റക്കല്ല ഫസ്റ്റ് ഇയേഴ്സ് എല്ലാരും ണ്ട് എന്ന് പറഞ്ഞപ്പോ പറയാ സീനിയർസിന്റെ കൂടെ പോയാൽ മതീന്ന്. കോളേജിൽ കിട്ടാത്ത റാഗിങ് പോലത്തെ എന്തെങ്കിലും കലാപരിപാടി വല്ലതും ഉണ്ടോ അവിടെ ആദ്യമായി തൊഴാൻ പോവുന്നവർക്ക് എന്ന് സംശയം ആയി മനസ്സിൽ. അവിടെ തൊഴാൻ പല ചിട്ടകൾ ഉണ്ടത്രേ.

അങ്ങനെ എല്ലാവരുടെയും പിരിയഡ്‌സ് ഡേറ്റസ് ക്ലാഷ് ആവാതെ ഒത്തു വന്ന ഒരു ഞാറാഴ്ച സീനിയർസിന്റ് കൂടെ അങ്ങോട്ട്‌ പോയി. പറഞ്ഞ പോലെ അവിടെ ചെന്നപ്പോൾ സാധാരണ അമ്പലങ്ങളിൽ കാണുന്നതിനേക്കാൾ കൂടുതൽ ആചാരങ്ങൾ. ഒരു തറയുടെ മുകളിൽ കയറി ഒരു ദിക്കിലേക്ക് നോക്കുന്നു. കൈലാസത്തിൽ നിന്നും നോക്കുന്ന പോലെ എന്ന് പറഞ്ഞു.ഞാനും കയറി നോക്കി. നമ്മളീ കൈലാസം എന്നൊക്കെ കെട്ടിട്ടല്ലേ ഉള്ളു കണ്ടിട്ടില്ലല്ലോ. നോക്കിയപ്പോൾ വീടിന്റെ ഉത്തരത്തിൽ കയറി നോക്കുന്ന അത്രപോലും ഒന്നും കാണാനില്ല. എന്തിനു മതിൽക്കട്ടിനു പുറത്തേക്കു പോലും ഒന്നും കാണാനില്ല. ഇനി ഞാൻ നോക്കുന്ന ആംഗിൾ ന്റെ പ്രശ്നം വല്ലതും ആണോ എന്ന് കരുതി ആരോടും പറഞ്ഞില്ല.

പിന്നെ ഒരു തറയിൽ എല്ലാവരും ഒരുകല്ല് കൊണ്ട് ഹരിശ്രീ ഗണപതായ നമഃ എന്നെഴുതുന്നു. വീട്ടിലെ സ്ലേറ്റിന്റെ ധൗർലഭ്യം ആണോ കടലാസ്സിന്റ ക്ഷാമം ആണോ ഇത്തരത്തിൽ ഉള്ള ഒരു ആചാരത്തിനു പിന്നിലെ ചേതോവികാരം എന്നറിയില്ല. എന്തായാലും ഞാനും ഒരു കല്ലെടുത്തു രണ്ടു വരി എഴുതി. പിന്നെ ഒരു ഭാഗത്തു കുറച്ചു കല്ല് അട്ടിയായി വെക്കുന്നു അതിന് മുകളിൽ എന്താ ഏതാ എന്നൊന്നും അറിയാതെ ഞാനും പെറുക്കി വെച്ചു. പണ്ടത്തെ ചട്ടി കളിയെ ഓർമിപ്പിക്കും വിധം കല്ല് വെച്ചത് എന്തിനാ എന്ന് ചോദിച്ചപ്പോൾ ആർക്കും അറിയില്ല. അവിടെ ഉള്ള ആചാരമാണത്ര. പണ്ട് വല്ല മൃഗങ്ങൾ ഉപദ്രവിക്കാൻ വന്നപ്പോ രക്ഷപ്പെടാൻ ഉള്ള മാർഗ്ഗം ആചാരമായതാണോ എന്തോ.

ചുറ്റിലും കണ്ണോടിച്ചപ്പോൾ വിദ്യ സമ്പന്നരായ ഒരുപാട് പേർ എന്താ ഏതാ എന്നൊന്നും ചിന്തിക്കാതെ കൃത്യമായി പാലിക്കുന്നു. അതേ ചിന്തിക്കാതെ പിന്തുടരാൻ ഉള്ള പ്രാക്ടീസ് ആണ് നമുക്ക് അവിടെ കിട്ടുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രയിൽ മക്കളെ തലക്കടിച്ചു കൊന്ന മാതാപിതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകൾ അളക്കുന്നതിനു മുൻപ് നമ്മൾ നമ്മളിലേക്ക് തന്നെ ഒന്ന് എത്തി നോക്കുന്നത് നല്ലതാണ്. ഇന്ത്യയിലെ സാക്ഷരത നിരക്ക് ഏറ്റവും ഉയർന്ന നാട്ടിൽ ആചാര സംരക്ഷണങ്ങളുടെ പേരിൽ നടന്ന കോലാഹലങ്ങൾ. അവിടെ നമ്മൾ ഈ സാമാന്യ ബുദ്ധിയും വിദ്യാഭ്യാസവും ഒന്നും ഉപയോഗിച്ചില്ല.

മതവും ആചാരങ്ങളും ഒരു ലഹരി ആണെന്നും. ഒരു ലഹരി വിമുക്ത കേന്ദ്രം നടത്തുന്ന പ്രവർത്തനം മതിയാവില്ല ഒരു പക്ഷെ അതിൽ നിന്നും മോചിതമാവാൻ . കാരണം ഇത് നമ്മൾ അറിഞ്ഞുകൊണ്ടു തേടി പോവുന്നതല്ല. ജനനം മുതൽ നമ്മളാറിയാതെ തന്നെ നമ്മളിൽ കുത്തി വെക്കുന്ന വിഷം ആണ്.ഇതിനടിമകളായാൽ സാമാന്യ ബോധം ഇല്ലാതെ, ചിന്തിക്കാതെ പ്രവർത്തിക്കാൻ നമുക്ക് പറ്റും.
മദ്യലഹരിയിൽ, മയക്കുമരുന്ന് ലഹരിയിൽ, മാനസിക നില തെറ്റിയ ആൾ എന്നൊക്കെ പറഞ്ഞു തലക്കടിച്ചു കൊന്നു എന്നൊക്കെ പറയുന്ന പോലെ പറയണം മതലഹരിയിൽ എന്ന്. അത് ഒരു ലഹരി ആണ് എന്നും കാര്യമായ ചികിത്സ ആവശ്യമാണ് എന്നും ഭൂരിപക്ഷം തിരിച്ചറിയുമ്പോൾ ഒരു നാട് നന്നാവുന്നു. ലഹരിയിൽ നിന്നും പുറത്തു കടന്നവരെ നരകത്തിലെ ആൾക്കാർ എന്ന് വിളിച്ചു മാറിനിൽക്കുന്നവർക്കറിയില്ലല്ലോ മുൻവിധിയില്ലാതെ പ്രവർത്തിക്കാനും ചിന്തിക്കാനും കഴിയുന്നവന്റെ സ്വാതന്ത്ര്യം…