വിപിൻ കല്ലിങ്ങൽ

വെട്ടം എന്ന പ്രിയദർശൻ ചിത്രത്തിലെ മക്കസായി മക്കസായി റമ്പമ്പോ എന്ന ഗാനം.നാദിർഷയുടെ വരികൾക്ക് ബേണി ഇഗ്നേഷസ് ഈണം പകർന്നിരിക്കുന്നു.കേൾക്കാൻ രസമുള്ള ഒരു അടിപൊളി പാട്ട് തന്നെയാണ് മക്കസായി റമ്പമ്പോ.പക്ഷേ പാട്ടിന്റെ വരികൾ ഒന്നു ശ്രദ്ധിച്ചാൽ, ഒരു പാരഡി ഗാനത്തിന്റെ ശൈലിയിൽ ആണ് നാദിർഷാ ഈ പാട്ട് എഴുതിയിട്ടുള്ളത്. സ്വഭാവികമായും വരികളിൽ തന്നെ ഒരുപാട് തമാശകൾ കാണാം. എന്നാൽ അത്ര തമാശയല്ലാത്ത ചില വരികളെകുറിച്ചാണ് പറയുന്നത്.കലാഭവൻ മണി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേരും മണി എന്നു തന്നെയാണ്. മണിയുടെ യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളുമായി കോർത്തിണക്കി തന്നെയാണ് ഈ പാട്ട് എഴുതിയിട്ടുള്ളത് എന്നു താഴെയുള്ള വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാകും.

” ചാലക്കുടി ചന്തയിൽ ഞാനുമിന്ന്
ഓട്ടോയിൽ ചെത്തി പറന്നവനാ ”
“ഏറ്റവും നല്ല മികച്ച നടനുള്ള
ഓസ്കാർ എനിക്കെന്നു കേൾക്കുമ്പോൾ
അന്ന് നീ ബോധം കെട്ട് വീഴുമെടാ ”
ഇതിനു മുന്നേയുള്ള വരി ശ്രദ്ധിക്കുക.
“സ്പിൽബർഗിൻ ഫിലിമിൽ ഞാനൊന്നു
ചെത്തി പൊളിച്ചൊന്നു നടക്കുമെടാ
ന്യൂ നീഗ്രോ സ്റ്റൈലൻ ഹീറോ
എന്നെന്നേ ആൾക്കാർ വാഴ്ത്തുമെടാ ”

ന്യൂ നീഗ്രോ സ്റ്റൈലൻ ഹീറോ എന്നു ആൾക്കാർ വാഴ്ത്തുമെന്ന് മണിയെ കുറിച്ചോ അല്ലെങ്കിൽ സിനിമയിലെ മണിയെ കുറിച്ചോ പറയുകയാണ്. അതെങ്ങനെയാണ് അങ്ങനെ വാഴ്ത്തുക. ഒരു നീഗ്രോയുമായി മണിക്ക് താരതമ്യം വരുന്നത് എങ്ങനെയാണ്.? അയാൾ ഒരു നീഗ്രോ വംശജനല്ലല്ലോ. മണിയെ നീഗ്രോ ആക്കുന്നത് അയാളുടെ നിറമാണ്. തൊലിയുടെ കറുപ്പ്‌ നിറം.മണിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യം ഒന്നും ആയിരുന്നിരിക്കില്ല. കാരണം അയാളെ ആളുകൾ സ്നേഹത്തോടെ വിളിക്കുന്നത് തന്നെ കറുത്ത മുത്ത് എന്നാണല്ലോ.

പക്ഷേ തന്റെ അടുത്ത സുഹൃത്തിനെ കുറിച്ച് ഇങ്ങനൊരു ഉപമ പടച്ചു വിടുന്നതിൽ യാതൊരു ശരികേടും ഇല്ലെന്ന് നാദിർഷായ്‌ക്ക് തോന്നിയത് എന്ത് കൊണ്ടായിരിക്കാം.. അത്‌ മറ്റൊന്നുമല്ല. ഇതൊക്കെ വളരെ സാധാരണമായ കാര്യമാണെന്ന പൊതുബോധമാണ്. നിറവും വംശവും താഴ്ന്നവരും കുറവുകൾ ഉള്ളവരും ഒക്കെ കളിയാക്കപ്പെടേണ്ടവർ ആണെന്ന് തന്നെയാണ് നമ്മൾ ചെറുപ്പം തൊട്ടേ തലയിൽ കയറ്റുന്നത്. അല്ലെങ്കിൽ നമ്മളിൽ ഇൻജെക്ട് ചെയ്യപ്പെടുന്നത്.

നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാരനെയോ കൂട്ടുകാരിയെയോ ഒക്കെ ഒരിക്കലെങ്കിലും അവരുടെ കുറവുകളെയോ നിറത്തെയോ തടിയെയോ ചൂണ്ടിക്കാട്ടി കളിയാക്കിയിട്ടുണ്ടാവാത്തവരുണ്ടോ. 2004 ൽ ഇതൊക്കെ മലയാള സിനിമയിൽ സർവ്വ സാധാരണമായിരുന്ന ഒരു കാലത്ത് ഇറങ്ങിയ സമയത്ത് ഇറങ്ങിയ ഒരു സിനിമയെ കുറിച്ച് വിമര്ശിക്കുന്നതിൽ എന്ത് കഴമ്പാണ് ഉള്ളതെന്ന് തോന്നാം. എന്നാൽ പറഞ്ഞു വന്നത് മാറ്റത്തെ കുറിച്ചാണ്.. അന്ന് ശ്രദ്ധിക്കപ്പെടാതെ പോയ ഈ വരികൾ ഇന്നാണ് നാദിർഷ എഴുതിയിരുന്നതെങ്കിലോ.. അല്ലെങ്കിൽ ഇങ്ങനെ എഴുതാൻ അദ്ദേഹത്തിന് ധൈര്യം വരുമോ?.. തീർച്ചയായും ചോദ്യം ചെയ്യപ്പെടുകയും വിമര്ശിക്കപ്പെടുകയും ചെയ്യുമെന്ന ഭയം ഉണ്ടാവും. അല്ലെങ്കിൽ കാലത്തിനനുസരിച്ചു വന്ന ഈ പൊതുബോധത്തിലെ മാറ്റം അയാളെയും സ്വാധീനിക്കും. അതിലെ ശരികേട് അങ്ങനെ എഴുതുന്നതിൽ നിന്നു പിന്തിരിപ്പിക്കും.

പണ്ട് രസിച്ചു കേട്ടിരുന്ന ഈ പാട്ട് ഇന്നു റേഡിയോയിൽ കേട്ടപ്പോൾ ഈ വരികൾ സഹിക്കാതെ വന്നതും ഒട്ടും ആസ്വാദ്യകരമായി തോന്നാഞ്ഞതും ഈ മാറ്റം എന്നിലെ സിനിമാ പ്രേക്ഷകനും നല്ല പരിണാമം സംഭവിച്ചത് കൊണ്ട് തന്നെയാവാം. മലയാള സിനിമയെ പൊ. ക ടീംസ് നശിപ്പിക്കുന്നെ എന്ന മുറവിളികൾക്കൊപ്പം തന്നെ ഈ മാറ്റങ്ങളും ചർച്ച ചെയ്യപ്പെടട്ടെ..എന്തും എഴുതാം എന്ന ധാരണകൾ മാറട്ടെ.പറഞ്ഞു പറഞ്ഞു തന്നെയാണ്, എതിർത്തു എതിർത്തു തന്നെയാണ് എല്ലാം മാറിയിട്ടുള്ളത്..മാറ്റങ്ങൾ ഉണ്ടായി വന്നവയല്ല, ഉണ്ടാക്കപ്പെട്ടിട്ടുള്ളവ തന്നെയാണ്.

Leave a Reply
You May Also Like

പ്രതിനായകരോടുള്ള വെറുപ്പ്, നായകരോടുള്ള അനുതാപമാക്കി അതീവ കൗശലത്തോടെയാണ് ഗിരീഷ് ക്രാഫ്റ്റ് ചെയ്തിട്ടുള്ളത്. അതാണ് ഈ മൂന്ന് സിനിമകളുടെ വിജയവും.

മലയാള സിനിമയിൽ, ഏതാണ്ടിതുപോലെയുള്ള ഒരു തട്ടുകട നടത്തുന്ന ആളാണ് ഗിരീഷ് എഡി. ഒരൊറ്റ കോർ ഐഡിയ വെച്ച്, മൂന്ന് വ്യത്യസ്ത രീതിയിലുള്ള സിനിമകളെടുത്ത് വിജയിപ്പിച്ചു. വലിയ ആഡംബര സ്റ്റാർകാസ്റ്റോ, പ്രൊഡക്ഷൻ കോസ്റ്റോ കൂടാതെ, പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാത്ത തരത്തിൽ ആണ് അദ്ദേഹം എടുത്ത മൂന്ന് സിനിമകളും.

പൊട്ടിച്ചിരിയിലൂടെ സ്‌റ്റെഫി പറഞ്ഞു വെയ്ക്കുന്നത് കൃത്യമായ രാഷ്ട്രീയം തന്നെയാണ്

മധുരം മനോഹരം P.T. Muhamed Sadik സ്‌റ്റെഫി സേവ്യര്‍ എന്ന പേര് നമ്മള്‍ ബിഗ് സ്‌ക്രീനില്‍…

പത്താം വളവ് മെയ് 13 ന്

വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവത്തെ സംഭവമാക്കി എം പദ്മകുമാർ സംവിധാനം…

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആണ് മമ്മൂട്ടി.