വെട്ടുകിളികള്‍ തരിശുനിലങ്ങളാക്കിയത്..
പൊടിക്കാറ്റായിരുന്നു വീണ്ടുമയാളെ ഈസായുടെ ഓര്‍മ്മകളിലേക്ക് നടത്തിച്ചുകൊണ്ട് പോയത്. ഫുജൈറയില്‍ നിന്നും ദുബായിലേക്കുള്ള മടക്ക യാത്രയിലാണ് പെട്ടെന്ന് അന്തരീക്ഷം പൊടിക്കാറ്റിനാല്‍ മൂടി അവ്യക്തമായത്.
172 total views, 2 views today

പൊടിക്കാറ്റായിരുന്നു വീണ്ടുമയാളെ ഈസായുടെ ഓര്‍മ്മകളിലേക്ക് നടത്തിച്ചുകൊണ്ട് പോയത്. ഫുജൈറയില്‍ നിന്നും ദുബായിലേക്കുള്ള മടക്ക യാത്രയിലാണ് പെട്ടെന്ന് അന്തരീക്ഷം പൊടിക്കാറ്റിനാല്‍ മൂടി അവ്യക്തമായത്. ചിന്തകളിലേക്ക് ആദ്യ പ്രവാസവും നടന്നു തീര്‍ത്ത മരുഭൂമിയിലെ കനല്പാതകളും ഒരു നൊമ്പരം പോലെ ഓടിയെത്തിയപ്പോള്‍ അയാള്‍ വഴിയരികില്‍ കാര്‍ നിര്‍ത്തി.
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത ഒരു കുടിയേറ്റക്കാരന് യമനിയുടെ അധീനതയിലുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ കാര്പെന്റെര് ആയിരുന്നു അയാള്‍. വിശ്രമമില്ലാത്ത ജോലിയുടെ ഏതോ ഒരു ദശാസന്ധിയില്‍ അല്പം കിതപ്പ്, പിന്നെ ശ്വാസോച്ചാസങ്ങള്ക്ക് ഒരു പരിധിയും.അതിലുമപ്പുറം പോവുമ്പോള്‍ ഒരു തടയല്‍. നാട്ടുകാരനായ സുഹൃത്തിന്റെ കൂടെ ചെറിയൊരു ക്ലിനിക്കില്‍ പരിശോധന നടക്കുമ്പോള്‍ ഇതൊരു നീണ്ട ആശുപത്രി വാസത്തിന്റെ ആരംഭമാണെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല.
എക്സറേ സൂക്ഷ്മമായി പരിശോധിച്ച് ഹിന്ദി സംസാരിക്കുന്ന ഡോക്ടര്‍ ഏതെങ്കിലും ആധുനിക സംവിധാനമുള്ള ഹോസ്പിറ്റലില്‍ ഉടനെ തന്നെ ഒരു സര്‍ജറിക്ക് വിധേയനാവണമെന്ന് അറിയിച്ചപ്പോള്‍ അയാള്‍ പാതി മരിച്ചതും സുഹൃത്തിന്റെ മുഖം വിളറി വെളുത്തതും ഒരുമിച്ചായിരുന്നു.
അന്യ നാട്ടില്‍ ആരും തുണയില്ലാതെ മരണവും കാത്തൊരു കിടപ്പ് എന്നൊന്നും ചിന്തിക്കാനുള്ള സമയത്തിനു മുമ്പ് തന്നെ അനസ്തേഷ്യയുടെ മയക്കത്തിലേക്കയാള് വീണു കഴിഞ്ഞിരുന്നു.
നീണ്ട മൂന്നാല് മണിക്കൂറുകള്‍ പാതിമയക്കത്തില്‍ ഭീമാകാരമായ ഒരു ശംഖു പുഷ്പത്തിന്റെ ഗുഹാമുഖത്തായിരുന്നു വാസം. തിയേറ്ററില്‍ സജ്ജീകരിച്ച സൂര്യപ്രഭയോടെ കത്തി നിന്ന വെളിച്ചം ശംഖുപുഷ്പത്തിന്റെ ഗുഹാമുഖത്തേക്ക് ജ്വലിച്ചു നിന്നു.വലതു വാരിയുടെ കനം കുറഞ്ഞ അസ്ഥികളിലെ വിടവുകള്‍ തേടിപ്പിടിച്ചു തുളയിടുന്ന ഡോക്ടര്‍മാരിലെ സൂക്ഷ്മത അയാള്‍ മുമ്പിലെ സ്ക്രീനില്‍ വീക്ഷിക്കുകയായിരുന്നു.
വളരെ പതിഞ്ഞ സ്വരത്തില്‍ ശുഭവസ്ത്രം ധരിച്ച നഴ്സുമാര്‍ ഡോക്ടറുടെ ആവശ്യങ്ങള്‍ വെള്ളരിപ്രാവുകളെ പോലെ കുറുകി നിര്‍വ്വഹിച്ചു. ശംഖു പുഷ്പത്തിന്റെ വയലറ്റ് നിറം മാഞ്ഞു ഗുഹാമുഖമെന്ന സങ്കല്പം അപ്രത്യക്ഷമായി ,അനസ്തേഷ്യയുടെ വീര്യം കുറഞ്ഞ വേദനകളുടെ ഒരന്തിയിലേക്കാണ് പിന്നീടയാള്‍ ഉണര്‍ന്നത്.
ടണ്‍കണക്കിന് ഭാരമുള്ള കണ്പോളകള് ആയാസപ്പെട്ട് തുറന്നത് നേര്‍ത്ത ഇരുട്ടിന്റെ മരണം പതിയിരുന്ന ആശുപത്രി വാര്‍ഡിലേക്കായിരുന്നു. മൂന്നു വാരയകലെ മറച്ച ബെഡിനു മറുവശം അനങ്ങുന്നൊരു നിഴലും ഞരക്കവുമായിരുന്നു ദൃശ്യതയില്‍. വലതു വാരി തുളച്ചുണ്ടാക്കിയ മൂന്നു ട്യൂബുകള്‍ അവസാനിച്ചത് നീരാവിപോലെ പ്രവര്‍ത്തിച്ച ഒരു ചതുരപ്പെട്ടിയിലേക്കായിരുന്നു. ശ്വാസോ ച്ച്വാസത്തിനനുസരിച്ചു ചതുരപ്പെട്ടിയിലെ കുമിളകള്‍ താഴ്ന്നും പൊന്തിയും വശങ്ങളിലേക്കുമായി തത്തിക്കളിച്ചു.
പെത്തഡിന്റെ വീര്യം കുറയുന്നതിനനുസരിച്ച് വേദനയും കൂടി വന്നു. ശരീരത്തിന്റെ ഓരോ അണുവിലും വേദന. ഇതാവും തന്റെ മരണമെന്ന് റപ്പിച്ച അല്പ നിമിഷങ്ങള്‍ക്കൊടുവില്‍ അയാള്‍ ആവുന്നത്ര ഉച്ചത്തില്‍ അലറിക്കരഞ്ഞു.അലര്‍ച്ചയുടെ അലയൊലികള്‍ തിങ്ങിനിന്ന ആശുപത്രിയുടെ ഇടനാഴികളില്‍ കൂടി വെള്ളരിപ്രാവുകളുടെ കുറുകലുകളുടെ അകമ്പടിയോടെ നഴ്സുമാര്‍ മയക്കത്തിന്റെ വീര്യം അയാളുടെസിരകളില് കുത്തിവെച്ചു മടങ്ങിപ്പോയി.
അന്ധകാരം നിറഞ്ഞൊരു ഗുഹയിലെക്കയാലെ എറിഞ്ഞ ഓരോര്മ്മയിലാണ് അടുത്ത നാല്പത്തെട്ടു മണിക്കൂര്‍ ചിലവഴിച്ചത്. ബോധതലത്തില്‍ അവ്യകതമായതെന്തോ കൂടിപ്പിണഞ്ഞു ചിന്തയെന്നൊരു ശേഷിയില്ലാത്ത നാല്പത്തെട്ടു മണിക്കൂറുകള്‍. വേദനയല്പം ശമിച്ച രണ്ടാമത്തെ ഉണര്‍ച്ച വാര്‍ഡു വൃത്തിയാക്കിക്കൊണ്ടിരുന്ന തൂപ്പുകാരനായ വൃദ്ധന്റെ ദൈന്യം നിറഞ്ഞ മുഖത്തേക്കായിരുന്നു. വലതു വശത്ത് മറച്ച കട്ടില് നിഴലിന്റെയും ഞരക്കത്തിന്റെയും അനക്കമോഴിഞ്ഞു വീണ്ടുമൊരു മരണത്തിനു സാക്ഷിയാവാന്‍ കാത്തുകിടന്നു.
ഒരു പുനര്‍ജ്ജന്മം കിട്ടിയത് പോലെ അയാളുടെ കണ്ണുകള്‍ പരിസരത്തെ ഓരോ വസ്തുവിലും ആര്‍ത്തിയോടെ നോട്ടമിട്ടു. ഗ്ലൂക്കോസ് മാറ്റാതിരുന്നത് കൊണ്ട് അയാള്ല്ക്കന്നും ആഹരിക്കേണ്ടി വന്നില്ല. വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെടുന്ന ഓരോ രോഗിയും ഒരു ദിനം മുഴുമിപ്പിക്കാനാവാതെ മരണത്തിനു കീഴടങ്ങുമ്പോള്‍ അതിനു അപവാദമായി അയാള്‍ മാത്രമായിരുന്നു വാര്‍ഡില്‍ ബാക്കിയായത്.
ജനനേന്ത്രിയത്തിലേക്ക് തള്ളിക്കയറ്റിയ കനം കുറഞ്ഞൊരു ട്യൂബ് നഴ്സ് ഒരു തരം രാസലായനി കുത്തിവെച്ച് ഊരിയെടുത്തപ്പോള്‍ വലതു വാരിയില്‍ ഘടിപ്പിച്ച ചതുരപ്പെട്ടി കൈയില്‍ തൂക്കി അല്പം നടക്കാമെന്നായി.
വേദന നിറഞ്ഞ മയക്കത്തില്‍ ഒഴുകു വന്ന കണ്ണുനീര് ഒരു പാട പോലെ മുഖം മുഴുവന്‍ ഉണങ്ങിക്കിടന്നു. നിശബ്ദമായി പരിചരിക്കാന്‍ വന്ന വെള്ളരിപ്രാവുകളുടെ സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ ഹൃദയം തുളച്ചു നെഞ്ചിന് കൂടില്‍ എവിടെയൊക്കെയോ വേദനയായ് പതിയിരുന്നു.
നീളന്‍ രോമക്കുപ്പായം അണിഞ്ഞു സഹമുറിയനായി സ്വദേശിയായ മധ്യവയസ്കന് ഈസ വന്ന വൈകുന്നേരം മരുഭൂമിയില്‍ ഇപ്പോള്‍ തണുപ്പ് കാലമാണെന്ന യാളെ ഓര്‍മ്മിപ്പിച്ചു.
ഈസായുടെ കൂടെ വന്ന സന്ദര്‍ശകരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആണ്‍കുട്ടി ഈസായുടെ തനി സ്വരൂപമായിരുന്നു. മുഖമല്പം വലത്തോട്ടു വക്രിച്ച് ഫറോവന് രാജാവിന്റെ തലയെടുപ്പോടെ കഴുത്തിനു മുകളില്‍ ഈശ്വരന് ഈസയെ കൊത്തിവെച്ചു.
മുന്‍കൈയും കണ്ണുകളും മാത്രം കാണാന്‍ കഴിയുന്ന പര്‍ദ്ദ യണിഞ്ഞു പ്രായം കൂടിയൊരു സ്ത്രീയുടെ ഇരു കവിളുകളിലും പിന്നെ നെറ്റിയിലും
ഉപചാര പൂര്‍വ്വം ചുംബിച്ചു ഈസ സന്ദര്‍ശകരെ യാത്രയാക്കുമ്പോള്‍ അയാളുടെ ഹൃദയം കരയുന്നത് അയാള്‍ മാത്രം കേട്ടു.
ഉണര്‍ന്നിരിക്കുമ്പോള്‍ ഈസ തന്നെ ഗൌനിക്കാതിരിക്കുന്നതെന്തെന്നു ആശ്ച്ചര്യപ്പെടുകയായിരുന്നു അയാള്‍. പക്ഷെ അന്ന് രാത്രി അര്ദ്ധമയക്കത്തിലെ പൂര്‍ണ്ണത യിലേക്ക് നയിച്ച ദുസ്വപ്നം മുറിഞ്ഞ ഇടവേളയില്‍ സൗദി അറേബ്യയിലെ അലഹസയെന്ന മരുപ്പച്ചയിലെ ഈസയെന്ന കാരക്ക കൃഷിക്കാരന്റെ, ഒരു പിതാവിന് കുട്ടിയോടെന്ന പോലെയുള്ള തലോടല്‍ അയാള്‍ അനുഭവിച്ചു.
ഈസായുടെ പരുപരുത്ത കൈകള്‍ തന്റെ മുഖത്തും മുടിയിഴകളിലും ഇഴഞ്ഞു നടക്കുമ്പോള്‍ സംരക്ഷിക്കാന്‍ ആളില്ലാതെ മരുപ്പച്ചയില്‍ തന്റെ വിളവുകള്‍ തിന്നു തീര്‍ക്കാന്‍ മരുഭൂമിയുടെ ശൂന്യതയില്‍ നിന്നും കൂട്ടമായി പാറിവന്ന ജെറാദെന്ന കിളികളുടെ (വെട്ടുകിളികള്‍) ആകുലത കളാ യിരുന്നു ഈസായുടെ മനോവ്യാപാരങ്ങളില്‍ എന്ന് അയാള്‍ തിരിച്ചറിഞ്ഞു.
ഈസ ജീവനോടെയിരിക്കുന്നത് തനിക്കു വേണ്ടിയായിരിക്കുമെന്ന യാള്‍ ഉറച്ചു വിശ്വസിച്ചു.അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ വാര്‍ഡിലേക്ക് രോഗികളെയൊന്നും പ്രവേശിപ്പിച്ചിരുന്നില്ല.
ഈസായുടെ കൃഷിയിടത്തില്‍ അയാള്‍ ഒറ്റക്കാ യിരുന്നു.ജെ റാ ദുകള്‍ വിള തിന്നു തീര്‍ത്ത തരിശു നിലങ്ങളായിരുന്നവ. പൊടിക്കാറ്റില്‍ ഇലപ്പച്ച നഷ്ടമായ കാരക്കമരയോലകള് നിറം മങ്ങിക്കിടന്നു.
വിളകള്‍ തേടി ശൂന്യമായ മരുഭൂമിയില്‍ നിന്നും കൂട്ടംമായി പറന്നെത്തിയ ജെ റാ ദുകള്‍ തരിശു നിലങ്ങളില്‍ വെറുതെ ചിക്കി ചികഞ്ഞു നടന്നു.
ഈസായുടെ പരുപരുത്ത കൈത്തലം അയാളുടെ തലയില്‍ നിശ്ചലമായി കിടന്നു.വലതു വാരിയില്‍ ഘടിപ്പിച്ച ട്യൂബുകള്‍ ഊരി മാറ്റി സ്ഥാനം തെറ്റി ദൃശ്യമായ അയാളുടെ നഗ്നതയിലേക്ക് പുതപ്പിന്റെ ഭാഗം വലിച്ചിട്ടു ഡോക്ടര്‍ ,തന്റെ ആയുസ്സ് ഇനിയും ബാക്കിയുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിച്ചു.
അജ്ഞാതനായ ഈസായുടെ തലോടലിന്റെ ആര്‍ദ്രമായ ഹൃദയത്തോടെ ആശുപത്രി പടവുകള്‍ ഇറങ്ങുമ്പോള്‍ ഈസായുടെ കട്ടില് ശൂന്യമായിരുന്നു
173 total views, 3 views today
