പ്രതികളിലൊരാൾ തന്റെ മകനാണെന്ന് എൻകൗണ്ടറിനു നേതൃത്വം നൽകിയ സജ്ജനാർ കാണുന്നു, എന്തുസംഭവിക്കും ?

210

 Viddiman

  1. ശരി. സജ്ജനാറുടെയും അയാൾക്ക് കൈയ്യടിക്കുന്നവരേയും ലൈനാണ് ശരി എന്നു തന്നെ കരുതുക.

മറ്റൊരു സന്ദർഭം.

ഇതു പോലൊരു പെൺകുട്ടി മൃഗീയമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു. സി സി ടി വി യിൽ നിന്ന് പോലീസ് ഏതാനും മണിക്കൂറുകൾക്കകം പ്രതികളെ തിരിച്ചറിയുന്നു.

പക്ഷേ പ്രതികളിലൊരാൾ തന്റെ മകനാണെന്ന് സജ്ജനാർ കാണുന്നു. യഥാർത്ഥ സജ്ജനാർ നീതിമാനും അനീതിയിൽ രക്തം തിളക്കുന്നവനും ആയതിനാൽ ( അങ്ങനെയാണല്ലോ പൊതുബോധം ) അയാളുടെ മകനയെടക്കം എല്ലാവരേയും എൻകൗണ്ടറിലൂടെ കൊല ചെയ്യുമായിരിക്കും.

പക്ഷേ ഈ കഥയിലെ സജ്ജനാർ അങ്ങനെയല്ല. തന്റെ മകനെ രക്ഷപ്പെടുത്താൻ അയാൾ തീരുമാനിക്കുന്നു. സി സി ടി വി സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അയാൾ കാണുന്നത്, പെൺകുട്ടിയെ പിന്തുടരുന്ന തന്റെ മകന്റെ സംഘത്തിന് പിന്നാലെ, ഇതൊന്നുമറിയാതെ ഹൈദരാബാദിൽ എന്തോ ഇന്റർവ്യൂവിന് വന്ന് ആ വഴി പോകുന്ന നിങ്ങളുടെ മകനേയും രണ്ട് സുഹൃത്തുക്കളേയുമാണ്. മണിക്കൂറുകൾക്കകം നിങ്ങളുടെ മകനും സുഹൃത്തുക്കളും അറസ്റ്റ് ചെയ്യപ്പെടുന്നു. കൊല്ലപ്പെട്ട പെൺകുട്ടിക്ക് പിന്നാലെ നിങ്ങളുടെ മകനും സുഹൃത്തുക്കളും നടന്ന് നീങ്ങുന്ന സി സി ടി വി ദൃശ്യങ്ങൾ മാധ്യമങ്ങൾ നിരന്തരം പ്രക്ഷേപണം ചെയ്യുന്നു. ജനതയൊന്നടങ്കം നിങ്ങളുടെ മകന്റെ രക്തത്തിന് ദാഹിക്കുന്നു. നിങ്ങളുടെ മകന്റെ നിരപരാധിത്വം തെളിയിക്കാനും അവന് നിയമസഹായം ഏർപ്പെടുത്താനുമെല്ലാം നിങ്ങൾ ശ്രമിക്കുന്നുണ്ട്. പക്ഷേ അതിനിടെ സജ്ജനാർ നിങ്ങളുടെ മകനേയും സുഹൃത്തുക്കളേയും ഇതുപോലെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തുന്നു.

തീർച്ചയാഉം അപ്പോഴും ‘നീതി നടപ്പാക്കി’യതിന്റെ പേരിൽ സജ്ജനാറെ തേടി രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് അഭിനന്ദപ്രവാഹം ഒഴുകുന്നുണ്ടായിരിക്കും.

പക്ഷേ നിങ്ങൾ എന്തു ചെയ്യുകയായിരിക്കും ?

നിങ്ങളുടെ മകനും സുഹൃത്തുക്കൾക്കും നിങ്ങൾക്കും നീതി കിട്ടിയോ ?

ഇല്ലെന്നാണ് അഭിപ്രായമെങ്കിൽ, അവിടെ എന്താണ് നടക്കേണ്ടിയിരുന്നത് എന്നു പറയാമോ ?

അതല്ല, ഇതൊന്നും ഇന്ത്യയിൽ നടക്കില്ല, ഇന്ത്യയിലെ പോലീസ് ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നാണെങ്കിൽ അതും പറയണം കെട്ടോ.

  1. ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ് ജനങ്ങൾ ഈ കൃത്യത്തിന് അനുകൂലമായി കൈയ്യടിക്കുന്നത് എന്ന കെജ്രിവാളിന്റെ അഭിപ്രായത്തോട് യോജിപ്പാണ്.

പക്ഷേ ആരാണത് നഷ്ടപ്പെടുത്തിയത് ? നീതിന്യായവ്യവസ്ഥ തന്നെയാണോ ?

പോലീസിനെ തങ്ങളുടെ ചോദ്യം ചെയ്യാനാവാത്ത മർദ്ദനോപകരണമാക്കാം എന്ന ഉള്ളിലിരുപ്പുള്ള ഭരണാധികാരികൾക്ക് ഈ നിലപാട് ഇഷ്ടപ്പെടാതിരിക്കില്ല. മായാവതിയടക്കം പലരും ഇതാണ് മാതൃക എന്നു പറഞ്ഞും കഴിഞ്ഞല്ലോ.

‘താൻ നീതി തന്നെയാണ് നടപ്പാക്കുന്നത്, അതുകൊണ്ട് എല്ലാവരും നീതിക്കു വേണ്ടി തന്നെ തേടി വരട്ടെ’ എന്ന ആഗ്രഹം പൊതുവേ ഏത് ഭരണാധികാരിയുടേയും ഉള്ളിലിരിപ്പാണ്. തന്നെ തേടി വരുന്നവർ, എന്നേയ്ക്കും തന്നെ ഉയർത്തി പ്രതിഷ്ഠിക്കും, അവർക്ക് എന്നേയ്ക്കും തന്നോട് വിധേയത്വമുണ്ടാവും എന്ന് അയാൾക്കറിയാം. അത്തരം വിധേയത്വമാണ് എന്നേയ്ക്കും ഭരണം നിലനിർത്തുന്നതിനുള്ള എളുപ്പമാർഗ്ഗങ്ങളിലൊന്ന്. അതുകൊണ്ടാണ് രാജാക്കന്മാർ നീതിനിർവഹണം മറ്റാർക്കും നൽകാതിരുന്നത്. പക്ഷേ ജനാധിപത്യം അത് അംഗീകരിച്ചില്ല. ഭരണാധികാരികളോ അവർക്ക് ബന്ധപ്പെട്ടവരോ നീതി നിർവഹിക്കുമ്പോൾ, മുമ്പേ അവരുടെ അനീതിക്കോ അപ്രീതിക്കോ ഇരയായി പരാതിയുമായി വരുന്നവർക്ക് ഒരിക്കലും നീതി കിട്ടാൻ പോകുന്നില്ല എന്നവർ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ നിന്നാണ്, പരസ്പരം സ്വതന്ത്രമായി നിൽക്കുന്ന നാലു തൂണുകളിലൊലൊന്നായി ജ്യൂഡീഷ്യറിയെ സ്ഥാപിച്ചു കൊണ്ട് അവർ ജനാധിപത്യം പടുത്തുയർത്തിയത്.

പക്ഷേ, തന്റെ ഭരണം നിലനിൽക്കണം എന്ന ആഗ്രഹത്തിന് ( അതൊരു തെറ്റായ ആഗ്രഹമാണ് എന്ന അഭിപ്രായമില്ല. ) കുറുക്കു വഴി തേടുന്ന, ഏതൊരു ഭരണാധികാരിയും ആദ്യം പറഞ്ഞ കാരണം കൊണ്ട് ദുർബലമായ ഒരു നീതിന്യായവ്യവസ്ഥ സ്വപ്നം കാണും. ഇന്ത്യയിലെ ഭരണകൂടങ്ങൾ അത് സാധിച്ചെടുക്കുന്നത്, ജനങ്ങൾക്ക് സമയബന്ധിതമായി നീതി നൽകാനുള്ള ജ്യൂഡീഷ്യൽ സംവിധാനങ്ങൾ അപര്യാത്പമായി നിലനിർത്തിക്കൊണ്ടാണ്. (ജ്യൂഡീഷ്യറിയെ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പോലും മറ്റു ചില കാരണങ്ങളാൽ ഭരണകൂടങ്ങൾക്ക് അത് സാധിച്ചില്ലെന്നും വരാം. അതേ കുറിച്ച് അടുത്ത ഖണ്ഢികയിൽ ) പരാതികൾ പെരുകുകയും അത് തീർപ്പാക്കാനുള്ള സംവിധാനങ്ങൾ പരിമിതവുമാവുമ്പോൾ ജനങ്ങൾ നീതിക്കു വേണ്ടി കാത്തുകെട്ടി കിടക്കേണ്ടി വരും. കാത്തിരിപ്പ് അനന്തമായി നീളുമ്പോൾ അവർക്ക് മടുപ്പു തോന്നും, വിശ്വാസം നഷ്ടപ്പെടും. പെട്ടന്ന് നീതി നടപ്പാക്കും എന്ന് വിശ്വസിക്കുന്നവരെ, വിശ്വ്വസിപ്പിക്കുന്നവരെ അവർ ആശ്രയിക്കും. അത് പോലീസാവാം, നേതാവാവാം, അതിനുമപ്പുറം ഗുണ്ടയാവാം, നാട്ടുപ്രമാണിയാവാം. പക്ഷേ ആ ഒരു ത്വരയ്ക്കിടയിൽ, നീതിനിർവഹണം എന്നത് ഏകപക്ഷീയമായ ഒരു കാഴ്ച്ചയിൽ നിന്നുണ്ടാവേണ്ടതല്ലെന്നും താൻ നീതിക്കായി ആശ്രയിച്ചവർ സ്വാധീനങ്ങൾക്ക് വഴിപ്പെട്ടാൻ സകലസാധ്യതയുമുണ്ട് എന്നുമെല്ലാം അവർ മറന്നു പോകും. ഈ സമാന്തര ‘നീതിന്യായവ്യവസ്ഥ’ കൊണ്ട് ഇക്കൂട്ടർക്കു പുറമേ ഭരണകർത്താക്കൾക്കും ഭരണം നേടാനാഗ്രഹിക്കുന്നവർക്കുമെല്ലാം മെച്ചമുണ്ട് .വ്യവസ്ഥാപിത നിയമങ്ങളിലും നീതിന്യായവ്യവസ്ഥയിലും വിശ്വാസം നഷ്ടപ്പെട്ട, ‘എല്ലാം അങ്ങുന്ന് തീരുമാനിച്ചാൽ മതി’ എന്ന വിധേയത്വമുള്ള ഒരു ജനത പിന്നാലെയുണ്ടാവുമല്ലോ.

ഒന്നു വ്യക്തമാണ്. നീതിന്യായവ്യവസ്ഥയിൽ വിശ്വാസമുണ്ടാകുന്നത് ഇന്ന് അനീതി നടന്നാൽ നാളെ തന്നെ അതിനിരയായ ആൾക്ക് നീതി ലഭിക്കുമ്പോഴാണ്. വൈകുന്ന നീതി, അനീതിയാണ് എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് സാധ്യമാവണമെങ്കിൽ, കോടതിയും പോലീസ് സ്റ്റേഷനും തെളിവ് പരിശോധനാ സംവിധാനങ്ങളുമെല്ലാം ഇന്നത്തേക്കാൾ നൂറിരട്ടി സ്ഥാപിക്കേണ്ടി വരും. ഇതിനെല്ലാമുള്ള ചിലവ് കൂടും. വരുമാനം പരിമിതമാകുമ്പോൾ മറുവശത്ത് ഭരണകൂടം ചെയ്യേണ്ട ക്ഷേമപ്രവർത്തങ്ങൾ, റോഡ്, പാലം, വൈദ്യുതി, വെള്ളം, വീട്, തുടങ്ങിയ ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ തുലോം കുറയുകയും ചെയ്യും. ഇതിനെല്ലാമുള്ള മുറവിളിയും പ്രതിഷേധവും ഉയരുകയും ചെയ്യും. ദരിദ്രമായ ഏതൊരിടത്തേയും ഭരണാധികാരി നേരിടുന്ന ഒരു പ്രതിസന്ധിയാണിത്. ജനത ഏതിനാണ് പ്രയോറിറ്റി കൊടുക്കുക – പോലീസ് സ്റ്റേഷനുകളും കോടതികളും പ്രോസിക്യൂഷൻ സംവിധാനങ്ങളും കൂട്ടിയാലാണോ അതോ റോഡുകളും പാലങ്ങളും പെൻഷനുമെല്ലാം കൂട്ടിയാലാണോ ജനം വോട്ട് ചെയ്യുക എന്നൊരു ചോദ്യം കൂടി ഇന്ത്യൻ ജനാധിപത്യത്തിലെ രാഷ്ട്രീയകക്ഷികളെ അലട്ടുന്നുണ്ടാവാതിരിക്കില്ല. അതിനു മറുപടി പറയേണ്ടതും ആവശ്യങ്ങളുയർത്തേണ്ടതും ജനങ്ങൾ കൂടിയാണ്.

  1. സൗമ്യമാരുടെയും അവരുടെ പ്രിയപ്പെട്ടവരുടേയും ഭാഗത്തു കൂടി നിന്ന് ചിന്തിക്കാതെ പോയാൽ അതൊരു പക്ഷപാതിത്വമായി മാറും എന്നു കരുതുന്നു. പോലീസ് ഹാജരാക്കുന്ന പ്രതികളെ, കോടതികൾ വെറുതേ വിടുന്നത്, ‘ആയിരം അപരാധികൾ വെറുതേ വിടപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് ‘ എന്നത് ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ആപ്തവാക്യം ആയതുകൊണ്ടാണ് എന്നു കരുതുന്നു. തങ്ങളെ നയിക്കുന്ന വെളിച്ചം ഇങ്ങനെയൊരു മുദ്രാവാക്യമാവുമ്പോൾ ഏതൊരു ജഡ്ജിയും നോക്കുക, പോലീസ് തന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തി പ്രതിയെന്ന് ആരോപിക്കുന്നയാൾ, നിരപരാധിയായിരിക്കാൻ എന്തെങ്കിലും സാധ്യത ഉണ്ടോ എന്നായിരിക്കും. അയാൾക്കെതിരെയുള്ള തെളിവുകൾ അപര്യാപ്തമോ അപൂർണ്ണമോ ആകുമ്പോൾ അയാൾക്ക് ആ സംശയത്തിന്റെ ആനുകൂല്യം ലഭിക്കുക തന്നെ ചെയ്യും. എന്തുകൊണ്ട് നാം ഇങ്ങനെയൊരു ആപ്തവാക്യം സ്വീകരിച്ചു എന്ന ചോദ്യത്തിന് – ഇന്ത്യയുടെ ചരിത്രം – നൂറ്റാണ്ടുകൾ നീണ്ട പാരതന്ത്ര്യം, അക്കാലങ്ങളിൽ നമ്മെ അടക്കി ഭരിച്ചിരുന്നവരും അവർ സ്ഥാപിച്ച നീതിന്യായവ്യവസ്ഥയും ചേർന്ന് എണ്ണിയാലൊടുങ്ങാത്ത നിരപരാധികളെ അപരാധികളായി ശിക്ഷിച്ച ദുരനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠം എന്നായിരിക്കും മറുപടി എന്നാണ് തോന്നിയിട്ടുള്ളത്. അന്നത്തെ ദുരനുഭവങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇന്നും നീളുമ്പോൾ ഈ ആപ്തവാക്യം . ‘അപരാധികളെല്ലാം ശിക്ഷിക്കപ്പെടണം’ എന്നോ മറ്റോ പുതുക്കപ്പെടണം എന്ന ആവശ്യവും വിശാലമായ മാനവീകതയ്ക്കൊപ്പം നിൽക്കുന്നതായി കരുതുന്നില്ല.

പിന്നെന്താണ് പോംവഴി ?

തോന്നുന്ന ചിലത് പറയാം.

(a). ഒന്നാമത്തേത് മുമ്പേ പറഞ്ഞു കഴിഞ്ഞു. കോടതികളും പോലീസ് സ്റ്റേഷനുകളും തെളിവ് പരിശോധനാ സ്ഥാപനങ്ങളുമെല്ലാം ധാരാളമായി സ്ഥാപിക്കുക. ഹൈക്കോടതി, സുപ്രീം കോടതി ബെഞ്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുക.

(b). ക്രിമിനൽ കേസുകളിലെ വാദികൾക്ക് ( ഇരകൾക്ക്) വേണ്ടി , സ്റ്റേറ്റ് സ്ഥാപിച്ചിട്ടുള്ള പ്രോസിക്യൂഷൻ സംവിധാനങ്ങൾക്ക് പുറമേ, സൗജന്യമായി നിയമോപദേശവും( ആവശ്യമെങ്കിൽ കോടതികളിൽ വാദിക്കാനും ) അഭിഭാഷകരെ ലഭ്യമാക്കുന്ന ഒരു സംവിധാനം സ്ഥാപിക്കുക. പോലീസിന് പരാതി കൊടുക്കുന്നതിനു മുമ്പേ ജനങ്ങൾക്ക് ഇവരെ സമീപിക്കാൻ അവസരമുണ്ടാകണം. പോലീസിൽ നേരിട്ടാണ് പരാതി നൽകുന്നതെങ്കിൽ, പരാതി സ്വീകരിക്കുന്ന സമയത്തു തന്നെ ഇവരെ കുറിച്ചുള്ള വിവരം പോലീസ് ഇരകൾക്ക് കൈമാറിയിരിക്കണം. കേസന്വേഷണത്തിന്റെ പുരോഗതി, പോലീസ് ശേഖരിക്കുന്ന തെളിവുകൾ ഇതൊക്കെ അന്വേഷിച്ചറിയാൻ ഇവർക്ക് അധികാരമുണ്ടായിരിക്കണം. ഈ വിവരങ്ങളും തങ്ങളുടെ നിയമോപദേശങ്ങളും അപ്പപ്പോൾ വാദിയെ അറിയിച്ചുകൊണ്ടിരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമായിരിക്കും. മൊത്തത്തിൽ വാദിയുടെ നിയമപരമായ രക്ഷാകർത്തൃത്വസ്വഭാവം ഈ സംവിധാനത്തിനുണ്ടായിരിക്കും. ഭരണകൂടത്തിനോ പോലീസിനോ പ്രോസിക്യൂഷനോ യാതൊരു അധികാരവുമില്ലാത്ത ഈ സംവിധാനത്തിന്റെ ഭരണപരമായ ചുമതല ഹൈക്കോടതിക്കായിരിക്കണം.

(c). തെളിവു നിയമങ്ങൾ ഉൾപ്പെടേയുള്ള നിയമങ്ങൾ കാലോചിതമായും ശാസ്ത്രീയമായും പരിഷ്ക്കരിക്കണം.