ഒറ്റപ്പെട്ട സംഭവം ഉയർത്തിക്കാട്ടി, ‘ഇതാണോ നമ്പർ വൺ കേരളം’ മുറവിളിയുമായി പതിവു പോലെ ചിലർ ഇറങ്ങിയിട്ടുണ്ട്

148

Viddiman

തിരുവനന്തപുരത്ത്, ഒരു കുടുംബത്തിലെ കുഞ്ഞുങ്ങൾ വിശപ്പു മാറ്റാൻ മണ്ണുവാരി തിന്നു എന്ന വാർത്ത കേട്ടപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. സർക്കാരിനു കീഴിലുള്ള ജനക്ഷേമവകുപ്പുകൾക്ക് പുറമേ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മെമ്പർമാർ മുതൽ അംഗൻ വാടി ടീച്ചർമാരെയും തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകരെയും ഉൾപ്പെടുത്തി സ്ഥിതിവിവരക്കണക്കുകളും ജീവിതാവസ്ഥയും നിരന്തരം പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നാട്ടിൽ ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഇതിലെവിടെയാണ്, ആർക്കാണ് വീഴ്ച്ച സംഭവിച്ചത് എന്ന് ഗൗരവകരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. സർക്കാർ തന്നെ നിയോഗിച്ചിട്ടുള്ള മറ്റൊരു സംവിധാനത്തിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് പരിസരവാസികളാരോ അറിയിപ്പ് നൽകിയയുടനെ അവർ പ്രശ്നപരിഹാരത്തിനായി മാതൃകാപരമായി ഇടപെട്ടു എന്നുള്ളത് ആശ്വാസകരമായി കാണേണ്ടതുമുണ്ട്.

പക്ഷേ ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിക്കാട്ടി, ‘ഇതാണോ നമ്പർ വൺ കേരളം’ മുറവിളിയുമായി പതിവു പോലെ ചിലർ ഇറങ്ങിയിട്ടുണ്ട്. ‘സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ്, അല്ലാതെ ഒറ്റപ്പെട്ട സംഭവങ്ങൾ മുൻനിർത്തിയല്ല ആരോഗ്യമേഖലയിലേയും വിദ്യാഭ്യാസമേഖലയിലേയുമെല്ലാം റാങ്കുകൾ ഉയരുന്നതും താഴുന്നതും’ എന്ന മറുപടിയൊന്നും ഇക്കൂട്ടർക്ക് ഒരിക്കലും ദഹിക്കില്ല. എങ്കിലും ഇന്റർനെറ്റ് വഴി , ആധികാരികമായ ചില സൈറ്റുകളിൽ നിന്ന് ലഭ്യമായ ചില വിവരങ്ങൾ പങ്കു വെക്കുന്നു.

ആദ്യത്തേത് ഇന്റർനാഷണൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ‘Welthungerhilfe’ എന്ന ജർമ്മൻ എൻ ജി ഓ യും കാലിഫോർണിയ യൂണിവേഴ്സിറ്റിയും ചേർന്ന്, ആഗോള വിശപ്പ് സൂചികയുടെ ( Global Hunger Index) അതേ മാനദണ്ഢങ്ങൾ ഉപയോഗിച്ച് 2008 ൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാന വിശപ്പ് സൂചിക ( Indian State Hunger Index)യുടെ പ്രധാന പട്ടികയാണ്. ഇതിൽ ഒന്നാം റാങ്കിൽ പഞ്ചാബ് ആണ്. കേരളം രണ്ടാം സ്ഥാനത്തും. പല വടക്കു കിഴക്കൻ സംസ്ഥാനങ്ങളേയും പഠനത്തിൽ ഉൾപ്പെടുത്താഞ്ഞതുകൊണ്ട് ഇവയിലെ വിവരങ്ങൾ ലഭ്യമല്ലെന്ന് പഠനം നടത്തിയ പൂർണ്ണിമ മേനോൻ, അനിൽ ദിയോലാലികർ, അൻജോർ ഭാസ്കർ എന്നിവർ പറയുന്നുണ്ട്.

No photo description available.ഇന്ത്യൻ സംസ്ഥാന വിശപ്പ് സൂചികയെ കുറിച്ചുള്ള വിക്കി ലിങ്ക് ഇതാ >> https://en.wikipedia.org/wiki/India_State_Hunger_Index….

ഈ പഠനത്തിന്റെ വിവരങ്ങൾ ഇതാ ഇവിടെ >> http://www.ifpri.org/…/comparisons-hunger-across-states-ind…

No photo description available.എന്തുകൊണ്ട് 2008 ലെ പഠനം എന്ന ചോദ്യം ഉയരുന്നുണ്ടോ ? അതിനു ശേഷം ഇത്തരത്തിൽ മറ്റൊരു പഠനം നടന്നതായോ വിവരങ്ങൾ ലഭ്യമായതായോ എവിടെയും കാണുന്നില്ല എന്നു തന്നെ കാരണം. ആഗോള വിശപ്പ് സൂചിക യെ പോലെ എല്ലാ വർഷവും ഇന്ത്യൻ സംസ്ഥാന വിശപ്പ് സൂചിക പ്രസിദ്ധീകരിക്കുന്നതായി എവിടെയും കാണാൻ കഴിഞ്ഞില്ല. 11 വർഷം മുമ്പുള്ള വിവരങ്ങൾ വച്ച് ഇപ്പോഴത്തെ സ്ഥിതി ആധികാരികമായി പറയാൻ കഴിയില്ലെങ്കിലും, 2008 ൽ ആഗോള വിശപ്പ് സൂചികയിൽ 66 – ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, 2019 ൽ 102 –ആം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയാണുണ്ടായത് എന്നതിൽ നിന്നും പണ്ടത്തേതിനേക്കാൾ സ്ഥിതി ഒട്ടും മെച്ചപ്പെട്ടിട്ടുണ്ടാവാനിടയില്ല എന്ന് നിസ്സംശയം പറയാം.

കൂടുതൽ കാലികമായ വിശപ്പ് സൂചികയെ കുറിച്ച് നടത്തിയ അന്വേഷണം, ഇന്റർനാഷണൽ ജേണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ & പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് കൊണ്ടു ചെന്നെത്തിച്ചത്. തൃശ്ശൂർ ജൂബിലി മെഡിക്കൽ കോളേജിലെ ഡോ. ആഷിഷ് വാസുദേവോ ഖോബ്രഗാഡേ, കെ രാജൻ എന്നിവർ നാലാം ദേശീയ ആരോഗ്യ സർവ്വേയിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി 2017 ൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ, കേരളം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് തയ്യാറാക്കിയ വിശപ്പ് സൂചികയാണുള്ളത്.

ഈ പഠനം ഇവിടെ ലഭ്യമാണ് >> https://www.ijcmph.com/index.…/ijcmph/article/view/1595/1320

ഈ നാല് സംസ്ഥാനങ്ങളിലെ ആദ്യ പഠനത്തിലേയും ( 2008), രണ്ടാമത് നടന്ന പഠനത്തിലേയും വിവരങ്ങൾ പട്ടികപ്പെടുത്താം. ( പട്ടിക 3 )

സ്കോർ ഉയർന്നു നിൽക്കുന്നത് ( റാങ്ക് അല്ല ) മോശം സ്ഥിതി കാണിക്കുന്നു എന്ന് വ്യക്തമാണല്ലോ.
2016ൽ ഇന്ത്യയുടെ യഥാർത്ഥ ആഗോള വിശപ്പ് സൂചികയായ 28. 5 ഇൽ നിന്ന് ഈ പഠനത്തിലെ ( 2016) സൂചിക 31.9 ആയി വ്യത്യാസപ്പെട്ടു കാണുന്നതിനാൽ, കണക്കുകളിൽ ചെറിയ മാറ്റം പ്രതീക്ഷിക്കാം.

എന്നാലും 2016 ലെ പഠനത്തിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുമ്പിലാണ് എന്ന് ഈ കണക്കുകൾ വ്യക്തമായ സൂചന തരുന്നു. അതാകട്ടെ, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിലും സവിശേഷ ഊന്നൽ നൽകി കൊണ്ട് നാം സൃഷ്ടിച്ച ‘കേരള മോഡലി’ന്റെ മേന്മ വിളിച്ചോതുന്നതുമാണ്. കേരളം ഇപ്പോൾ ഒന്നാമതും രണ്ടാമതുമൊക്കെയായി മുന്നേറുന്നതിനു പിന്നിൽ, ഈ മേഖലകളിൽ ഇപ്പോഴത്തെ സംസ്ഥാന സർക്കാർ കൂടുതൽ പണം മുടക്കുന്നു എന്നതുകൊണ്ടു തന്നെ എന്നതിനുള്ള വ്യക്തമായ തെളിവും.