Vidhu Sankar
മലയാള സിനിമയുടെ മാറ്റത്തിന്റെ പാതയിൽ പുതിയ അടയാളപ്പെടുത്തൽ രേഖപ്പെടുത്തിക്കൊണ്ട് ‘അടിത്തട്ട്’ പ്രദർശനമാരംഭിച്ചിരിക്കുന്നു.പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ. കടലോര പ്രദേശങ്ങളിൽ നടക്കുന്ന കഥകൾ പലകുറി നമ്മൾ മലയാളത്തിൽ കണ്ടിട്ടുണ്ട്.
എന്നാൽ ഇവിടെ പടം തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞാൽ പൂർണമായും നടുക്കടലിൽ തന്നെ. മത്സ്യത്തൊഴിലാളികളുടെ ജീവിതം പത്രത്തിലും മറ്റും വായിച്ചിട്ടുണ്ടെങ്കിലും അവരുടെ ജോലിയുടെ സ്വഭാവവും കഷ്ടതകളും ചിത്രം കൃത്യമായി വിശദീകരിച്ചു തന്നു.
സ്രാങ്ക് ബോട്ട് ഓടിച്ചുകൊണ്ടിരിക്കുന്ന സമയം ബോട്ടിന്റെ മുകളിൽ ഒരിടത്തായി ‘പരീക്ഷണം’ എന്ന് എഴുതി വെച്ചിരിക്കുന്നത് കാണാം… അതൊന്നും യാദൃശ്ചികമാണെന്ന് കരുതാൻ വയ്യ. അടിത്തട്ട് എന്ന ടൈറ്റിലിന്റെ പിന്നിലും ചില സംഭവങ്ങൾ മറഞ്ഞിരിപ്പുണ്ട്.പറയാതെ പറയുന്ന അത്തരം കാര്യങ്ങൾ തീയറ്ററിൽ അനുഭവിച്ച് തന്നെ അറിയണം.
ഏറെ വെല്ലുവിളികൾ നിറഞ്ഞ തിരക്കഥ വളരെ ഭംഗിയായി എഴുതപ്പെട്ടിട്ടുണ്ട്. ക്യാമറയും എഡിറ്റിങ്ങും ചിത്രത്തിൻറെ പശ്ചാത്താലത്തെ അടയാളപ്പെടുത്തുന്നതിൽ കൃത്യമായ പങ്ക് വഹിച്ചു.പ്രകടനങ്ങളിലേക്ക് വരുമ്പോൾ ഷൈൻ ടോം ചാക്കോ ചരിത്രം ആവർത്തിച്ചു. ആംബ്രോസ് എന്ന കഥാപാത്രത്തെ തന്റെ കരിയറിൽ എടുത്ത് പറയാൻ കഴിയുന്ന കഥാപാത്രമാക്കി ഷൈൻ മാറ്റി.
അതിന് ശേഷം ഞെട്ടിച്ച പ്രകടനം കാഴ്ച വെച്ചത് പ്രശാന്തേട്ടനാണ്. അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കാത്ത തരം കഥാപാത്രം പ്രതീക്ഷക്കുമപ്പുറം മികവിൽ നമുക്ക് സമ്മാനിച്ചു. അഭിനയജീവിതത്തിൽ പ്രശാന്ത് ചേട്ടൻ ഇപ്പോൾ ഒരു സ്രാങ്കിന്റെ സ്ഥാനത്തെത്തിയിരിക്കുന്നു.സണ്ണി വെയ്‌നും കൂടെ ഉണ്ടായിരുന്ന മറ്റ് നടന്മാരും കട്ടക്ക് കൂടെ നിന്നു.അങ്ങനെ എല്ലാം കൊണ്ട് മനസ്സ് നിറഞ്ഞ് തീയറ്റർ വിട്ട ഒരു സിനിമ കാണാൻ കഴിഞ്ഞതിൽ അതിയായ സംതൃപ്തി.
ഒരു മറവത്തൂർ കനവിലെ കോര സാറിനും ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന സിനിമയിലെ രാമാനുജത്തിന്റെ അമ്മയ്ക്കും ശേഷം സിനിമയിൽ എവിടെയും കാണാതെ മനസ്സിൽ ഇടം നേടിയ ഒരു കഥാപാത്രം കൂടി പിറവിയെടുത്തിരിക്കുന്നു ‘സ്റ്റാലിൻ സ്രാങ്ക് ‘!!!