മദ്ധ്യപ്രദേശിലെ വിദിഷയിൽ ഇന്നലെ ഉണ്ടായ അപകടവാർത്ത കണ്ടു കണ്ണ് തള്ളിപ്പോയി. ഒന്നും രണ്ടുമല്ല മുപ്പതു പേരാണ് ഒരു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കിണറ്റിൽ വീണത്. അതിൽ മൂന്നു പേർ മരിക്കുകയും ചെയ്തു. എല്ലാവരും കൂടി നിന്നപ്പോളുണ്ടായ ഭാരം താങ്ങാനാവാതെ പാരപ്പറ്റ് ഇടിഞ്ഞു വീഴുകയായിരുന്നു.
50 അടി ആഴമുള്ള കിണറ്റില്‍ 20 അടി വെള്ളമാണുള്ളത് . ഇന്നലെ കൊല്ലത്തുണ്ടായ സംഭവവും ഏകദേശം ഇതുപോലെയാണ്. ആദ്യം പോയ ഒരാളെ കാണാതായപ്പോൾ അടുത്തയാൾ അന്വേഷിച്ചിറങ്ങി. അദ്ദേഹത്തെ കാണാതായപ്പോൾ പുറകെ മറ്റുള്ളവരും. അങ്ങനെയാണ് നാലുപേർ മരിച്ചതത്രെ.
ഇന്ത്യയുടെ ഈ ഒരു പ്രശ്നമാണ് ഇത്തരം അപകടങ്ങൾ വരുത്തിവയ്ക്കുന്നത് . എന്താണെന്നുവച്ചാൽ ഒരു അപകടം നടന്നാൽ രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കുകയോ ദുഷ്കരമാക്കുകയോ ചെയുന്ന രീതിയിൽ ജനക്കൂട്ടം ഉണ്ടാകുക. എല്ലാരും ഇടപെടുമ്പോൾ അവിടെ രക്ഷാപ്രവർത്തനം സാധ്യമാകാതെ വരുന്നു. മാത്രമല്ല ഇതുപോലെ അനുബന്ധ ദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.