കൊറോണ കാലത്തെ പ്രണയ ചിന്തകൾ

114

Vidya Sobhana

ഈ പ്രണയമെന്നൊക്കെ പറയുമ്പോ സ്കൂളിൽ പഠിക്കണ കാലത്തു ഏതാണ്ടൊരു ഭീകര ജീവിനെ പോലെ തുറിച്ചു നോക്കുവായിരുന്നു, പ്രേമിക്കുകയോ ഞാനോ? അതൊക്കെ എന്നെ പോലെ നല്ല കുട്ട്യോൾക്ക് പറ്റിയ പണിയല്ലെന്നു ഞാൻ എന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേ ഇരിക്കും. അക്കാര്യത്തിലൊക്കെ നല്ല ആത്മാവ്ശ്വാസവും അപാര ധൈര്യവുമായിരുന്നു കുട്ടിയ്ക്ക് പണ്ടേ എന്നതായിരുന്നു അതിനു പിന്നിലെ സത്യം. എങ്കിലുമീ പ്രായമെന്നു പറയണ സാധനം പ്രലോഭനങ്ങളിൽ വീഴ്ത്താൻ സദാ സന്നദ്ധമായി തന്നെ ഉണ്ടായിരുന്നു, പക്ഷെ അപ്പോളൊക്കെ രക്ഷകനായി എത്തിയിരുന്നത് അന്നത്തെ ആത്മവിശ്വാസ കുറവും അപകർഷതാ ബോധവും തന്നെയായിരുന്നു.

പത്താം ക്ലാസ്സിൽ പടിക്കുമ്പോളാണതതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരുന്നത്, കൂടെ പഠിക്കുന്നൊരു പയ്യനെ കാണുമ്പോളൊക്കെ മനസ്സിലൊരിളക്കം , വരുമ്പോളും പോകുമ്പൊളുമൊക്കെ വെറുതെ ഇങ്ങനെ നോക്കി ഇരിക്കാനെന്തോ ഒരിത്, ട്യൂഷൻ ക്ലാസ്സിൽ വച്ചാണ് പ്രസ്തുത സംഭവം അരങ്ങേറുന്നത്, ചെക്കനാണേൽ അത്യാവശ്യം കാണാനൊക്കെ സുന്ദരൻ, പഠിക്കാനും തരക്കേടില്ല വളരെ മാന്യനുമാണ്. അന്നത്തെ അധ്യാപകർക്ക് ഇന്നത്തെ പോലെ പിള്ളേരെ അടിക്കാനൊന്നും യാതൊരു ലൈസൻസുമില്ലാത്ത കാലമായതുകൊണ്ട് പേടിച്ചുപേടിച്ചാണ് ഒളിഞ്ഞു നോട്ടം. എപ്പോളാ അടി പൊട്ടണതെന്നൊന്നും യാതൊരു പിടിയുമില്ല,അതിനിടയിലാണ് ഈ നെഞ്ചിനകത്തെ കുളിരു കോരല്, സഹപാഠികളിൽ ചിലരൊക്കെ പലരേം അങ്ങോട്ടുമിങ്ങോട്ടും തിരഞ്ഞെടുക്കുകേം പല പ്രണയങ്ങളും പിടിക്കപെടുകേം പിടിക്കപെടുന്നതിൽ നിന്നും വിദഗ്ദ്ധമായി രക്ഷപ്പെടലുമൊക്കെയായി മുന്നോട്ടു പോകുന്നു. പിന്നെയുള്ളൊരു ഭാഗ്യമെന്തെന്നു വച്ചാൽ കൂടെ പഠിച്ച പെൺപിള്ളേർക്കൊക്കെ ഒടുക്കത്തെ ഗ്ലാമറായിരുന്നതുകൊണ്ട് എന്നെയൊന്നും ആരും കാണുകപോലുമില്ല. അങ്ങനേം ചിലരൊക്കെ അവിടെ ഉണ്ടായിരുന്നു എന്നുപോലും ചിലർക്ക് അറിയില്ലായിരുന്നു എന്നത് പിന്നെ fb യിലൂടെ ഇവരെയൊക്കെ പരിചയപ്പെട്ടപ്പോൾ അറിയാനും കഴിഞ്ഞു. അതോണ്ടന്നെ ധൈര്യമായി വായിനോക്കാം, ആൺകുട്ട്യോളും മോശക്കാരൊന്നുമല്ലായിരുന്നു അത്യാവശ്യം ഗ്ലാമറൊക്കെ ഉള്ള പിള്ളാര് തന്നെയായിരുന്നു. പക്ഷെ നമ്മടെ കഥാനായകനോടാണല്ലോ നുമ്മടെ കൂറ്.

അതൊക്ക എന്തോമാതിരി ഒരു ഫീലിങ് ആയിരുന്നു, ഒന്നും നടക്കില്ലന്നറിഞ്ഞിട്ടും ഒരിക്കലും കിട്ടാൻ പോണില്ലന്നറിഞ്ഞിട്ടും വെറുതെ ഇങ്ങനെ നോക്കി ഇരിക്കലും സ്വപ്നം കാണലും, അങ്ങനെ ആർക്കുമാർക്കും ഉപദ്രവമില്ലാതെ കഥ മുന്നോട്ടു നീങ്ങുമ്പോളുണ്ട് ശരിക്കുള്ള നായികേടെ എൻട്രി. ലവൾക്കു ലവനോട് ഒടുക്കത്തെ പ്രേമം, മാത്രോമല്ല വേറെയാരും ലവനോട് മിണ്ടുന്നതു പോലും കലിപ്പ്, അങ്ങനെ അതുവരെ കെട്ടിപ്പൊക്കി വന്ന ചീട്ടുകൊട്ടാരമൊക്കെ ഉടഞ്ഞു തരിപ്പണമായി. ആരോടും പറയാത്ത ആരുമാരുമറിയാത്ത ആ കഥയുടെ ക്ലൈമാക്സ് അവിടെയായിരുന്നു സൂർത്തുക്കളെ അവിടെയായിരുന്നു. പിന്നേ ആരണ്യകം സിനിമ ടീവിയിൽ വരുമ്പോളെല്ലാം അതിലെ നായികാ ഞാൻ ആണെന്നോർത് വെറുതെ നിർവൃതി അടയുമായിരുന്നു. വേണേൽ പിന്നേം ആരുമറിയാതെ പഴയപോലെ നോക്കിയിരുന്നു കുളിരുകോരായിരുന്നു, പക്ഷെ പണ്ടേ കുട്ടി അക്കാര്യത്തിലൊക്കെ വളരെ മാന്യ ആയിരുന്നു, അല്ലേലും നോക്കി ഇരുപ്പിൽ കൂടുതലൊന്നും അവിടെ സംഭവിക്കാനും പോണില്ലായിരുന്നു കാരണം അതിനും മാത്രം അപകര്ഷതയുമേറിയാണ് അന്നത്തെ ജീവിതം, നിറം കുറഞ്ഞുപോയെന്നു വീട്ടുകാരുടെ വക, ശബ്ദം കൊള്ളില്ലന്ന് സുഹൃത്തുക്കളുടെ വക, സൗന്ദര്യമത്രയ്ക്കു പോരാന്നു ന്റെയും വക, അങ്ങനങ്ങനെയുള്ള ആധികൾക്കിടയിൽ പ്രണയിക്കാൻ പോയിട്ടൊന്നു ഒളിഞ്ഞു നോക്കാനുള്ള നേരം പോലും പിന്നെ കിട്ടിയിട്ടില്ല. അതൊക്കെ എന്തായാലും പ്രിയപ്പെട്ടതെന്ന് കരുതിയിരുന്നവരിനാൽ തന്നെ fb യിലൂടെ പലതവണ ഒളിച്ചോടുകയും വിവാഹിതയാവുകയും ഡിവോഴ്സ് ചെയ്യപ്പെടുകയും ചെയ്തത് മറ്റൊരു ചരിത്രം.

അന്നത്തെ എന്നിൽ നിന്നും ഇന്നത്തെ എന്നിലേക്കുള്ള എന്റെ വളർച്ചയിലേക്ക് എത്താൻ സഹായിച്ചവരിൽ ചിലരിൽ ആദ്യമായി പ്രണയാഭ്യർത്ഥനയുമായെത്തിയ പ്ലസ്ടുവിലെ പൊടി മീശക്കാരനുമുണ്ടായിരുന്നു, അവനെ കാണുമ്പോളെ പേടിച്ചോടിയിരുന്നെങ്കിലും നമ്മളും അത്രയ്ക്കൊന്നും മോശമല്ലുവെ എന്ന് സമാധാനിക്കാനുള്ള വക കൊണ്ട് തന്നതവനായിരുന്നല്ലോ, പിന്നീട് അവനുമൊത്തുമുള്ള ഒരു പെൺകുട്ടീടെ പ്രൊഫൈൽ fb യിൽ കണ്ട് ഭാര്യ ആണെന്ന് മനസ്സിലാക്കി റിക്വസ്റ്റ് അയച്ചു ചാറ്റ് ചെയ്ത് പരിചയപെട്ടു തുടങ്ങീതാ, പിന്നെ നോക്കിയപ്പോ അൺഫ്രണ്ട് ആക്കിയേക്കുന്നു, ഇനി പഴയ കഥകൾ എങ്ങാനും ഞാൻ പറയുവോന്നു പേടിച്ചവൻ ചെയ്യിപ്പിച്ചതാവോ? എനിക്കെന്നോടല്പം പ്രണയമൊക്കെ തോന്നിപ്പിച്ചവനെ ഒരിക്കലും ഉപദ്രവിക്കാൻ എനിക്കുദ്ദേശമില്ലായിരുന്നു.

ഇന്നു ഞാനെന്നെ പ്രണയിക്കുന്നതുപോലെ അന്നു ഞാൻ എന്നെ പ്രണയിച്ചിരുന്നേൽ ഞാനിന്നൊരിക്കലും ഇന്നത്തെ എന്നിലേക്ക് എത്തിപെടുകില്ലായിരുന്നു, നഷ്ടപെട്ടതിലൊട്ടും നിരാശയിലിപ്പോൾ പഠിക്കേണ്ടുന്ന സമയത്തു പഠിക്കണം കഴിയുമെങ്കിൽ പ്രണയിക്കാതെ ഇരിക്കണം അതുതന്നെയാ അന്നത്തെ പോലെ ഇന്നും എന്റെ നിലപാട്, പിന്നെ എപ്പോളെങ്കിലും അങ്ങനൊരാൾ അത്യന്താപേക്ഷിതമെന്നു തോന്നുമ്പോ പ്രേമിക്കുകയോ ജീവിക്കുകയോ എന്താന്നുവച്ച ആയികൊൾക.എത്രയും വൈകി പ്രണയിക്കുന്നുവോ അത്രയും നല്ലതു എന്നുവച്ചു ജീവിതത്തിൽ ഒരിക്കലും പ്രണയിക്കാതെ പോകരുത്. സ്വയം പ്രണയിക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല .