തൊട്ടടുത്ത് നിൽക്കുമ്പോഴും നിങ്ങൾ കേൾക്കാത്ത ചില ശബ്ദങ്ങൾ ഉണ്ട്, ഒന്ന് കാതോർത്തു നോക്കൂ

149
Vidyamol Pramadom 
ഇത് വായിക്കുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ബോറഡിച്ചേക്കാം. പ്രിവിലേജ്ഡ് ആയ എല്ലാവരും ഒന്ന് വായിച്ച് നാണിക്കുന്നത് നല്ലതാണ്.
Survival is strength & addressing it means courage
എന്നെ കുറിച്ച് എന്റെ കഥയെപ്പറ്റിയുള്ള ഒരൊറ്റ ചോദ്യം എന്റെ മനസ്സിനെ തെല്ലിട ശൂന്യമാക്കുകയും എന്റെ വാക്കുകളെ വറ്റിച്ചെടുക്കുകയും ചെയ്തു. എനിക്ക് അങ്ങനെ ഒരു കഥ പറയാനുണ്ടോ ഒന്നും വന്നില്ല മനസ്സിലേക്ക്, പറയാൻ നല്ലൊരു കഥ പോലുമില്ലായെന്നു എനിക്ക് തോന്നി. എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ എവിടെ തുടങ്ങണമെന്നോ എനിക്ക് നിശ്ചയമില്ല. എല്ലാവർക്കും ഒരു കഥയുണ്ടാകുമെന്നും അതത്ര സന്തോഷമാകണമെന്നില്ല എന്നും ബാല്യത്തെയോ വളർന്നു വന്നതിനെ പറ്റിയോ പഴയ ഓർമകളെ പറ്റിയോ അങ്ങനെ എന്തെങ്കിലും ഒരു കഥയുണ്ടാവില്ലേ? ശരിയാണ്.
എഴുത്തിൽ എന്തിന് വിഷാദം നിറയ്ക്കുന്നുവെന്ന്, എന്തിന് ദുഖത്തെ പറ്റി വേദനകളെ പറ്റി പഴയ അനുഭവങ്ങളെ പറ്റി എഴുതുന്നു എന്ന ചോദ്യം, ഇനിയിതൊക്കെ എഴുതിയിട്ടെന്തിനാ എന്ന ചോദ്യം , എന്തെഴുതണം എങ്ങനെ എഴുതണം എന്ന അന്തമില്ലാത്ത ഉപദേശങ്ങൾ അങ്ങനെ ഒരു നൂറു കാര്യങ്ങൾ ശ്വാസം മുട്ടിക്കുകയും എന്തിനെന്ന് പറയണമെന്ന് തോന്നുകയും ചെയ്തിരുന്നു. സത്യത്തിൽ എല്ലാ ചോദ്യങ്ങൾക്കും എനിക്കൊരു ഉത്തരമേയുള്ളൂ.
സത്യത്തിൽ എഴുത്തിന്റെ രാഷ്ട്രീയം എന്ന നിലയിലുള്ള എന്റെ ഉത്തരം, ഞാനാരാണെന്ന് ബന്ധപ്പെട്ടു കിടക്കുന്നു. എന്റെ ജീവിതത്തിൽ നിന്ന് എഴുത്തിനേയോ എന്റെ എഴുത്തിൽ നിന്ന് എന്നെയോ നിങ്ങൾക്ക് ഒരിക്കലും അടർത്തി മാറ്റാനാവുമെന്ന് തോന്നുന്നില്ല.
എന്ത് എഴുതുന്നു എങ്ങിനെ എഴുതുന്നു എന്നതിനേക്കാൾ എന്തുകൊണ്ടാണ് ഞാൻ എഴുതുന്നതെന്ന് നിങ്ങൾക്കറിയേണ്ടേ. ഇതുവരെ ഞാനാ ചോദ്യത്തോട് പ്രതികരിച്ചിരുന്നത് എഴുതാതിരിക്കാൻ കഴിയാത്തത് കൊണ്ടാണെന്നാണ്. അത് സത്യവുമാണ്. പല ആളുകളും വിചാരിക്കുന്നത് സ്വിച്ചിട്ടാൽ ലൈറ്റ് തെളിയുന്നത് പോലെയാണ് എഴുതുന്നതെന്നാണ്, ഏതൊക്കെയോ വാക്കുകൾ കാണാതെ പഠിച്ചു ഒരു വിഷയം തന്നാൽ ഉടനെ എഴുതി തീർക്കുമെന്നാണ്. അത് കൊണ്ട് തന്നെ ഒന്നെഴുതി തരുമോ എന്നുള്ള ചോദ്യം ഞാൻ എപ്പോഴും കേൾക്കുന്നതുമാണ്. സത്യത്തിൽ എവിടെയെങ്കിലും യാത്ര പോകുമ്പോഴോ മറ്റ് ജോലികളിൽ മുഴുകിയിരിക്കുമ്പോഴോ വാക്കുകൾ വല്ലാതെ പെയ്യാറുണ്ട്(സത്യത്തിൽ എഴുതിയതിലും എത്രയോ അധികമാണ് അങ്ങനെ നഷ്ട്ടപ്പെട്ടു പോയ വാക്കുകൾ ) എന്നാൽ എങ്ങാനും എഴുതിക്കളയാമെന്നു കരുതി വന്നാൽ ഒന്നും വരികയുമില്ല, അഥവാ വന്നാലും എഴുതാനുള്ള മടിയിൽ കൈയും കെട്ടി ഏതെങ്കിലും വിദൂരതയിലേക്ക് നോക്കി ഞാനിരിക്കും. ഒന്നെഴുതിയില്ലെങ്കിൽ മരിച്ചു വീഴും എന്ന് തോന്നുന്ന അവസരങ്ങളിലേ എന്റെ കൈ ചലിക്കാറുള്ളൂ, അത് വളരെ സ്വാഭാവികമാണ് താനും. ആ സമയം ഒന്നിനും എന്നെ തടുക്കാനും കഴിയില്ല. ആ നിമിഷമാകട്ടെ ഞാൻ ഈ ലോകത്തിൽ നിന്ന് തന്നെ detached ആയിരിക്കും. എഴുതിയില്ലെങ്കിൽ ഞാൻ ഒരിക്കലും ആ നിമിഷങ്ങളെ ഞാൻ അതിജീവിക്കില്ല എന്ന് എനിക്കറിയാം. എനിക്കെന്റെ അനുഭവങ്ങളെ മറ്റൊരാളോട് വാക്കുകൾ കൊണ്ട് അറിയിക്കാൻ ആകുമെന്ന് തോന്നുന്നില്ല, എഴുത്തിനോളം നന്നായി. എനിക്ക് ദുഖമാണെന്നോ മരിക്കാൻ തോന്നുന്നുവെന്നോയുള്ള വാക്കുകൾ പൂർണ രൂപത്തിലെത്തുന്നത് ഒരു പക്ഷേ അതേ മൂർച്ചയിൽ എത്തുന്നത് എഴുതിലൂടെയാണ്.
അച്ചാച്ചന്റെ മടിയിലിരുന്ന്, lkg പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരു കഥയുണ്ടാക്കുന്നത്, വീട്ടിൽ ആദ്യമായി വന്ന റേഡിയോയിൽ റെക്കോർഡ് ചെയ്യാൻ വേണ്ടി. ഒരു കഥ പറയൂ എന്ന് പറഞ്ഞു അച്ചാച്ചൻ മടിയിലിരുത്തിയതാണ്. അതാകട്ടെ നല്ല കിടിലൻ കഥയാണ്, കോഴിയെ പിടിക്കുന്ന കുറുക്കനെ സിംഹം പിടിക്കുന്നു, സിംഹത്തെ പുലിയും, അവസാനം പുലി വെള്ളത്തിൽ വീണു മരിക്കുന്നു(ഞാൻ പണ്ടേ ശോകം എഴുത്തുകാരിയാണ് കേട്ടോ ). ആ പറഞ്ഞു വന്നത് എഴുത്തിനെ പറ്റിയാണല്ലോ, എന്റെ ബാല്യം എനിക്കത്ര സുഖകരമായ ഒന്നല്ലായിരുന്നു. എന്റെ അച്ഛനുമായി ചിലവഴിച്ച വർഷങ്ങൾ ഞങ്ങൾ എല്ലാവരും ഉള്ള ആ സന്തോഷങ്ങൾ മാറ്റി നിർത്തിയാൽ ഞാൻ അധികം സന്തോഷിച്ചിട്ടില്ല എന്നുള്ളതാണ്. ഒരിക്കൽ പോലും സന്തോഷിച്ചിട്ടില്ലേ എന്ന് ചോദിച്ചാൽ ഉള്ളിൽ ഒരു കടലിരമ്പുന്നവളുടെ പുഞ്ചിരിയൊക്കെ പാഴ്‌വേലയാണെന്ന് മാത്രമേ പറയാൻ കഴിയൂ. എനിക്ക് ഏകദേശം എന്റെ രണ്ടര വയസുമുതലുള്ള കാര്യങ്ങൾ ഓർമയുണ്ട്. ഓർമയുടെ ഭാരമില്ലാത്ത മനുഷ്യരോട് എനിക്ക് കടുത്ത അസൂയ കൂടിയാണ്.
ചെറിയ പ്രായത്തിലെ ഓർമ്മകൾ പെറുക്കിയെടുക്കാൻ പറഞ്ഞാൽ മനസ്സിലേക്ക് പെട്ടെന്ന് വരുന്ന ഇമേജുകൾ കുറെയുണ്ട്. ഞാൻ നല്ല കറുത്തിരുണ്ട, ഇപ്പോഴത്തേതിലും ഇരുണ്ട നിറമുള്ള കുട്ടിയായിരുന്നു. ചില പ്രത്യേക രൂപമോ നിറമോ ഒക്കെയുള്ളവർക്ക് കളിയാക്കലുകൾ ഒഴിവാക്കാനാവാത്ത കാര്യമാണല്ലോ. അത് കൊണ്ട് തീരെ ചെറുപ്പത്തിലേ അത്തരം കളിയാക്കലുകൾ കുറേക്കൂടി ‘വെളുത്ത’ അനിയത്തിയുമായുള്ള താരതമ്യം എല്ലാം ഉണ്ടായിരുന്നു. കുറേ ബ്രോക്കൻ ഇമേജസ് എടുത്താൽ മനസ്സിലേക്ക് ഓടി വരുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ ആദ്യത്തേത് lkg-ukg കാലഘട്ടത്തിലേതാണ്. ഒട്ടും ‘മിടുക്കില്ലാത്ത’ കുട്ടിയായിരുന്നു ഞാൻ. ക്ലാസ്സിൽ ഒരു കുട്ടി സ്‌ഥിരം സ്വയം കൈയ്യിൽ കടിക്കുകയും ആ പാട് കാണിച്ചു ടീച്ചറിന്റെ കയ്യിൽ നിന്ന് എനിക്ക് അടി വാങ്ങി തരികയും ചെയ്യുമായിരുന്നു. Infact അവൾ ഒറ്റയ്ക്കായിരുന്നില്ല അവളുടെ കൂട്ടുകാരിയും ഉണ്ടായിരുന്നു. അതെന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്കിന്നും മനസിലാകുന്നില്ല.
പിന്നെയുള്ള ഓർമ്മ ഒന്നിൽ ചേര്ന്നതിന് ശേഷമുള്ളതാണ്. ആദ്യ ദിവസങ്ങളിൽ രണ്ട് മൂന്നുപേർ മിണ്ടിയതൊഴിച്ചാൽ പിന്നീടങ്ങോട്ട് ആരും അങ്ങനെ മിണ്ടില്ല, മിണ്ടുന്നോരെയൊക്കെ ചിലർ കുഞ്ഞി സ്റ്റിക്കർ കൊടുത്തും ടോയ്‌സ് കൊടുത്തും മിണ്ടാതിരിപ്പിക്കും പതിയെ പതിയെ കൂട്ടില്ലന്നായി. അകെ വല്ലപ്പോഴും മിണ്ടുന്ന ഒരു കുട്ടി ആര്യ ആയിരുന്നു. ഉച്ചയ്ക്ക് ഉണ്ണാൻ ആര്യയും ഫ്രണ്ട്സും ടീച്ചേഴ്സിന്റെ ഡെസ്കിനു അടിയിൽ ഇരിക്കും. ഞാനും കൂടെ ചെല്ലും. ആര്യ ഒഴിച്ച് മറ്റാർക്കും അതിഷ്ടമല്ലായിരുന്നു. കഴിച്ചിട്ട് ഒച്ചിഴയുന്ന വേഗത്തിൽ നടക്കുമ്പോൾ ഒരു കുട്ടി ഓടി വന്ന് ഇടിച്ചിടുന്നത് അതിന് ശേഷം കുട്ടികൾ എല്ലാം ഞാൻ തള്ളിയിട്ടു എന്ന് പറഞ്ഞു എനിക്ക് അടി വാങ്ങി തരുന്നത്, പിന്നെ അന്ന് വൈകുന്നേരം അവരും രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുമെല്ലാം എന്റെ ചുറ്റിനും കൂടി നിന്ന് എന്നെ വല്ലാതെ ഹരാസ് ചെയ്‌തു, എന്നോട് മിണ്ടരുതെന്ന് എന്റെ അനിയത്തിയോട് വരെ പറഞ്ഞു, അവളാകട്ടെ അന്നെന്നോട് മിണ്ടിയതു പോലുമില്ല…പിന്നെ 2ഇൽ പഠിക്കുമ്പോഴാണ് ക്ലാസ്സിൽ അധികം ആരുമില്ലാത്ത ദിവസം, ഇന്റർവെൽ ടൈം എന്റെ അടുത്തിരുന്ന കുട്ടി വെള്ളം തട്ടി മറിച്ചിട്ടു കുറച്ചു എന്റെ ദേഹത്തും വീണു ഞാൻ സാരമില്ല പോട്ടെന്നു പറഞ്ഞു അതിന് ശേഷം ടീച്ചർ കയറി വന്നപ്പോൾ ആരാ ഇവിടെ വെള്ളമൊഴിച്ചെന്നു ചോദിച്ചപ്പോൾ ദേ ഇവൾ മൂത്രമൊഴിച്ചതാണെന്നു പറഞ്ഞു, എനിക്കിപ്പോഴും ഓർമയുണ്ട് ഞാൻ കേട്ട വഴക്കുകൾ അവഞ്ജയോടെയുള്ള നോട്ടം, കളിയാക്കലുകൾ. അപമാനം കൊണ്ട് തലയുയർത്താൻ പറ്റിയില്ലെങ്കിലും, എന്തിനാണെന്ന ഭാവത്തിൽ ഞാൻ ആ കുട്ടിയെ ഒരു വട്ടം നോക്കി. എനിക്ക് ഒന്ന് ഒച്ചയെടുക്കാൻ പോലും അറിയില്ലായിരുന്നു. ആ കുട്ടിയാണ് എല്ലാ കുട്ടികളോടും എന്നോട് മിണ്ടരുതെന്നു പറഞ്ഞിരുന്നതെന്ന് വർഷങ്ങൾക്ക് ശേഷം ഒരാൾ എന്നോട് പറഞ്ഞു.
സ്കൂൾ വാനിൽ ഡ്രൈവറിന്റെ സീറ്റിനു പിന്നിൽ ഒരു പെട്ടിപ്പുറം ഉണ്ട് അവിടെ ഇരിക്കാൻ കുട്ടികൾ തമ്മിൽ മത്സരമാണ്, ആദ്യം കയറി ഇരിക്കുന്നോർക്ക് അവിടെയിരിക്കാം.ഞാനും അനിയത്തിയുമെല്ലാം അവിടെയിരിക്കാൻ മത്സരിച്ചിട്ടുണ്ട്. ഞാൻ ആദ്യമേ പറഞ്ഞല്ലോ ഞാൻ എന്റെ ക്ലാസ്സിലെ അസ്പൃശ്യയായ കുട്ടിയായിരുന്നു,എന്റെ ക്ലാസ്സിലെ ഒരു കുട്ടിയും വാനിൽ ഉണ്ടായിരുന്നു. അവളും കൂട്ടുകാരുമൊക്കെ എന്നെ അവിടെയിരിക്കാൻ സമ്മതിക്കുമായിരുന്നില്ല, ഞാൻ ചീത്ത കുട്ടിയാണല്ലോ. ഒരു വാശിക്ക് ചോദ്യം ചെയ്യണമെന്ന് കരുതി ഇരുന്ന ദിവസങ്ങളുണ്ട്, അന്നൊക്കെ സ്റ്റോപ്പിൽ എത്തും വരെ നുള്ളും വാങ്ങി കരഞ്ഞോണ്ട് പോകും. അല്ലേലും എന്റെ ചോദ്യം ചെയ്യലൊക്കെ ഇങ്ങനാരുന്നു, നിന്ന് കൊണ്ടിട്ട് ഇങ്ങു പോരും. പണ്ടൊക്കെ ക്ലാസ്സിൽ പെൻസിൽ കൊണ്ട് പോകുമ്പോ സ്‌ഥിരം കാണാതെ വരും ഒരു ബോക്സ് പെൻസിൽ അങ്ങനെ തീർന്നു. അമ്മേ പെൻസിൽ വേണമെന്ന് പറഞ്ഞു ചെന്നപ്പോൾ അമ്മ പറഞ്ഞു ഇവിടെ ഒരു ബോക്സ് പെൻസിൽ ഉണ്ടാരുന്നല്ലോ എല്ലാം കൊണ്ട് കളയുവാനല്ലേ ഇനി വാങ്ങി തരില്ലെന്ന്. അങ്ങനെ പിറ്റേ ദിവസം ഞാൻ പെൻസിൽ ഇല്ലാതെ പോയി. ചോദിക്കാനാണേൽ എനിക്കന്ന് ആരുമില്ലായിരുന്നു. ടീച്ചർ വഴക്ക് പറഞ്ഞു മറ്റൊരു കുട്ടിയുടെ കൈയിൽ നിന്നും പെൻസിൽ വാങ്ങി തന്നു, നാളെ പെൻസിൽ ഇല്ലാതെ ക്ലാസ്സിൽ കയറരുതെന്നും പറഞ്ഞു. പെൻസിൽ വേണമല്ലോ വീട്ടിൽ ചോദിക്കാനും പറ്റില്ല. അങ്ങനെ വാൻ വരണ സമയത്തു നിലത്തു കിടന്ന ഒരു കൊച്ചു പെൻസിൽ ഞാൻ എടുത്ത് വെച്ചു, പിന്നെ ഒന്ന് രണ്ട് ദിവസത്തിന് ശേഷം ആ പെൻസിലിന്റെ അവകാശി അയ്യോ ഈ കൊച്ചെന്റെ പെൻസിൽ കട്ടടുത്തെന്ന് പറഞ്ഞു നല്ല ബഹളം, അല്ലെങ്കിലും കള്ളി, പിന്നെ പെരുങ്കള്ളി. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പെൺകുട്ടികൾ ഏറെക്കുറെ കൂട്ടായി തുടങ്ങി നേരത്തെ മിണ്ടാണ്ടിരിക്കാൻ പറയുന്ന കുട്ടി ക്ലാസ്സും മാറി പോയി. എങ്കിലും ആൺ കുട്ടികൾ എന്നോട് മിണ്ടുമായിരുന്നില്ല. ഒന്നോ രണ്ടോ പേരുടെ പേരൊഴിച്ചാൽ ബാക്കി ആരെയും എനിക്ക് ഓർമ പോലുമില്ല. സ്കൂൾ ദിനങ്ങളിലെ പിറന്നാൾ ആഘോഷം ആർക്കാണ് ഇഷ്ടമല്ലാത്തത്, കളർ ഡ്രെസ്സിടാം മുട്ടായി കൊടുക്കാം..എന്റെ പിറന്നാൾ ക്രിസ്മസ് അവധിയുടെ ഇടയ്ക്കാണ് ഡിസംബർ 28, അതുകൊണ്ടു ക്ലാസ്സിലെ പിറന്നാൾ ആഘോഷം ഒരാഗ്രഹം ആയിരുന്നു. മൂന്നാം ക്ലാസ്സിൽ വെച്ചു ഡിസംബർ 28നു പരീക്ഷയുണ്ടായിരുന്നു, ഞാനാണേൽ വീട്ടിൽ വഴക്കുണ്ടാക്കി മിഠായിയും വാങ്ങി പോയി. പരീക്ഷ കഴിഞ്ഞു പെണ്കുട്ടികൾക്കെല്ലാം മിട്ടായി കൊടുത്തു. ആൺ കുട്ടികൾക്ക് കൊടുക്കാൻ പോയപ്പോൾ ഒരാളും വാങ്ങിയില്ലെന്ന് മാത്രമല്ല എല്ലാവരും ഓടി പോയി, അറപ്പുകൊണ്ടോ പേടി കൊണ്ടോ എനിക്കറിയില്ല. എന്നെ ഇപ്പോഴും haunt ചെയ്യുന്ന ഒരനുഭവമാണത്. എന്താണ് പ്രശ്നം എന്നൊന്നും എനിക്ക് മനസിലായില്ല.എനിക്ക് മനസിലായ പ്രശ്‌നം നിറം ആയിരുന്നു. അയ്യേ നിന്റെ ദേഹം മുഴുവൻ ചെളിയാ നീ കുളിക്കത്തില്ലേ എന്നൊക്കെ പലരും ചോദിച്ചിട്ടുണ്ട്. നിന്റെ ദേഹത്തെ അഴുക്കിന് കറുത്ത നിറമാണല്ലെന്ന് പറഞ്ഞു അയ്യേ വെച്ചിട്ടുണ്ട്. ആ വാക്കുകളൊക്കെ എന്നെ എത്ര മാത്രം കൊത്തിവലിച്ചിരുന്നു എന്നെനിക്ക് പറയാൻ തന്നെ ആവുന്നില്ല. പണ്ടെന്റെ ഏറ്റവും വലിയ ആഗ്രഹം ഒന്ന് വെളുക്കണമെന്നായിരുന്നു, എന്നും ഞാൻ പ്രാർഥിക്കുമായിരുന്നു. വേറൊന്നിനുമല്ല ആരും എന്നെ കൂട്ടാതിരിക്കില്ലല്ലോ എന്ന് കരുതി. പ്രാർഥനയാകട്ടെ ഒരിക്കലും നടന്നതുമില്ല. നിറത്തെ കുറിച്ചോ രൂപത്തെ കുറിച്ചോ ഉള്ള ‘തമാശയൊക്കെ’ പറയുമ്പോൾ നമ്മൾ കരഞ്ഞാൽ അത് നമ്മുടെ തമാശ ആസ്വദിക്കാനുള്ള കഴിവില്ലാഴ്മയാണ് എന്നാണ് പലരും പറയാറ്.അപാര ബുള്ളിയിങ് ആണ്, അതിനൊക്കെ ചിരിക്കാണ്ടിരുന്നാൽ അപകർഷത…ഒന്ന് രണ്ട് വട്ടമൊക്കെ തനിയെ അത്തരം ‘തമാശയൊക്കെ’ സ്വയം പറഞ്ഞു നോക്കി, ചുറ്റുമുള്ളോരെയൊക്കെ ചിരിപ്പിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ എനിക്ക് ഇരട്ടി പ്രഹരമായിരുന്നു താനും. വർഷങ്ങൾ എത്ര കഴിഞ്ഞു എനിക്ക് വളരെ ആഴമുള്ള അടുപ്പമുള്ള എത്ര സൗഹൃദങ്ങൾ ഉണ്ടായി. എന്നിട്ടും എനിക്കെന്താണ് ഇതൊന്നും ആരോടും പറയാൻ പറ്റാത്തത്. എന്നെങ്കിലുമൊക്കെ എഴുതണമെന്നു കരുതിയിരുന്നു മറ്റൊരാളുടെ കഥയായോ മറ്റോ. എന്റെ അനുഭവമായിട്ടെഴുതിയാൽ ഞാൻ ഇത്രയും വേദനിച്ചു എന്നറിഞ്ഞാൽ അന്നത്തെ കുട്ടികൾക്ക് അതെങ്ങനെ ഉണ്ടാകും എന്ന പേടിയുണ്ട്. എനിക്ക് അവിടെ നിന്നും നല്ല സൗഹൃദങ്ങളുണ്ട്. Deep കണക്ഷൻ ഉള്ളവ. അവർ എങ്ങനെയെടുക്കുമെന്നു ഓർത്തു എനിക്ക് മടിയുണ്ടായിരുന്നു. പലർക്കും ഓർമ്മ പോലും കാണില്ല, എനിക്കൊഴികെ. അതല്ലെങ്കിലും അങ്ങനെയാണല്ലോ.പക്ഷേ സത്യമായും എന്റെ trauma എന്നെ നശിപ്പിച്ചു എന്ന് വേണം പറയാൻ. എന്റെ ബാല്യത്തെ മാത്രമല്ല എന്റെ ജീവിതത്തെയാകെ. ഞാൻ ആദ്യമായിട്ട് ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നത് 6-7 വയസുള്ളപ്പോഴാണ്. മരണത്തെ എനിക്ക് പേടിയായിരുന്നു പക്ഷേ മരിച്ചു കഴിഞ്ഞാൽ തിരിച്ചു വരാൻ പറ്റില്ലെന്ന ഒറ്റ കാരണം കൊണ്ട് തന്നെ ഞാൻ മരിക്കാൻ ആഗ്രഹിച്ചിരുന്നു. ഉറങ്ങാൻ പോലും കഴിയാതെ ഓർമ്മകൾ കവിഞ്ഞൊഴുകുന്നതും അതിൽ നീറി പുളയുന്നതും ഓടിയൊളിക്കാൻ തോന്നുന്നതും ഇപ്പോഴെനിക്കൊരു ശീലമായി പോയെന്നു തോന്നുന്നു.
അസ്വസ്ഥമായ മനസുണ്ടാവുകയെന്നാൽ നിരന്തരം യുദ്ധത്തിൽ ഏർപ്പെടുക എന്ന് കൂടിയാണ്. ഒന്ന് മുറിക്ക് പുറത്തിറങ്ങാനോ അപരിചിതരുടെ മുഖത്ത് നോക്കാനോ ഒന്ന് പുഞ്ചിരിക്കാനോ ഒന്ന് തലയുയർത്തി നടക്കാനോ ഒരു ദിവസം കടന്നു പോകാനോ അവനവനോട് തന്നെ യുദ്ധം ചെയ്യേണ്ടി വരുന്നു.പഴയ ഓർമ്മകൾ ഒന്നോടിപ്പോ എന്ന് പറഞ്ഞാൽ അങ്ങിറങ്ങിപോവുകയൊന്നുമില്ല മനുഷ്യന്മാരെ, അത് നമ്മളെ നിരന്തരം വീർപ്പുമുട്ടിക്കും, വിങ്ങലൊക്കെ അടക്കിയടക്കി നമുക്ക് ശ്വാസം പോലും ഇല്ലാണ്ടാകും. ഏകദേശം ഒരു ഇരുപതു വർഷം വരെ ഞാനിത് ദിവസവും ഓർത്തു കരയാറുണ്ടായിരുന്നു, ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിൽ ഉറങ്ങാൻ കാത്തിരുന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഒക്കെ എന്നെയുറങ്ങാൻ വിടാത്ത ഓർമ്മകൾ. എന്നും ഓർക്കുന്നത് കുറഞ്ഞത് പിജിക്ക് പഠിക്കുമ്പോൾ മുതലാണ് അന്നെനിക്ക് പുതിയ പ്രശ്നങ്ങളാണല്ലോ, പഴയതിലും മോശം അവസ്ഥയിലേക്ക് അതെന്നെ എത്തിച്ചു.
സങ്കടങ്ങളെ കുറിച്ചോ വിഷാദത്തെ കുറിച്ചോ മോശം അനുഭവങ്ങളെ കുറിച്ചോ മാനസിക പ്രശ്നങ്ങളെ കുറിച്ചോ അകറ്റി നിർത്തപ്പെടുന്നതിനെ കുറിച്ചോ ഒക്കെ തുറന്നു പറയുന്നവർ നിരന്തരം കേൾക്കുന്ന കാര്യം നിങ്ങൾക്ക് ഈ ശോകം അടിക്കാതെ നെഗറ്റിവിറ്റി പകരാതെ മിണ്ടാതിരുന്നൂടെ എന്നാണ്. എന്തിനാണ് മനുഷ്യന്മാരെ നിങ്ങളിങ്ങനെ കണ്ണുനീരിനെ പേടിക്കുന്നത്. ഒന്നുറക്കെ കരയാൻ പോലും ഇടമില്ലല്ലോ..ആരെങ്കിലും ഒന്ന് കേട്ടിരുന്നെങ്കിൽ ഒന്ന് ചേർത്ത് നിർത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു അല്ലെങ്കിൽ ആരോടും പറയാനാവാതെ ഘനീഭവിച്ചു കിടന്നിരുന്ന ദുഖങ്ങളെ ഒന്ന് കുടുക്കഴിച്ചു വിടുമ്പോൾ നിങ്ങൾ എന്തിനാണ് നിശ്ശബ്ദരാകാൻ പറയുന്നത്. ഉറക്കെയുള്ള രോദനങ്ങളെക്കാൾ നിങ്ങൾ പേടിക്കേണ്ടത് അമർത്തി വെച്ച വിഷാദത്തെയാണ്, മൗനത്തെയാണ്..ആ നിമിഷം കടന്നു പോവുക എന്നുള്ളതാണ് ഏറ്റവും പ്രയാസമുള്ള കാര്യം.
ഇതൊക്കെ എഴുതിയാൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് സംശയം ഉള്ളവർ ഉണ്ടാകാം, തീർച്ചയായും ഉണ്ടാകും പക്ഷേ നിങ്ങൾ ഉപാധികളില്ലാതെ കേട്ടിരിക്കണമെന്ന് മാത്രം. മുൻവിധികളില്ലാതെ കേട്ടിരിക്കാൻ മനസുണ്ടാകണമെന്ന് മാത്രം.പറയാൻ ഒരിടം കൊടുക്കണമെന്ന് മാത്രം. ഒന്ന് ചേർത്ത് നിർത്താൻ ഒന്ന് പുഞ്ചിരിക്കാൻ ഒന്നും മിണ്ടാത്തെ ഒന്ന് കേട്ടിരിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്നാണ് ഈ നിലവിളികളിലൊക്കെയും മുഴങ്ങി നിൽക്കുന്നത്.
സിമ്പതി കിട്ടാൻ പറയുന്നതാ ശ്രദ്ധ കിട്ടാനാ ഇതൊക്കെ എഴുതുന്നത് എന്നൊക്കെ പറയുന്നവർ ഉണ്ട്. എന്റെ അനുഭവങ്ങളെ ഒന്ന് താരതമ്യം ചെയ്യാൻ കഴിയാൻ പോലുമാകാത്ത ജീവിതം നിങ്ങൾക്ക് ഉണ്ട് എന്നതിൽ എനിക്ക് സന്തോഷം ഉണ്ട്. ഞാനേറ്റവും പേടിക്കുന്നത് എന്റെ പോലെ നശിച്ച ഓർമ്മകൾ ആർക്കെങ്കിലും ഉണ്ടാകുമോയെന്നതാണ്. നിനക്ക് മാത്രേ ഇതൊക്കെയുള്ളോ ഇതിലും അനുഭവങ്ങൾ ഉള്ളവർ ഇല്ലേയെന്ന് ചോദിച്ചു മുറിവിൽ എരിവ് തെക്കും പോലെ ഉപദേശവുമായി വരുന്നവരുണ്ട്. നിങ്ങൾക്ക് ഒരിക്കലും രണ്ട് ദുഖങ്ങളെ compare ചെയ്യാനാവില്ല മനുഷ്യരെ, ചെയ്യുകയുമരുത്. മനസിലാക്കിയില്ലെങ്കിലും ഒന്ന് മിണ്ടാതിരുന്നു കൂടെ. പണ്ടൊക്കെ ആർക്കും മനസിലാകാത്ത രീതിയിലാരുന്നു എഴുതുന്നത്.ഞാൻ എന്താ ഉദ്ദേശിച്ചെന്ന് എനിക്ക് മാത്രമേ മനസിലാകുമായിരുന്നുള്ളു. എന്നാൽ വാക്കുകൾക്ക് മനുഷ്യനെ ഉടച്ചു വാർക്കാൻ കഴിയുമെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. മാത്രമല്ല ദളിത് എഴുത്തുകൾ ഒക്കെ വെറും പഞ്ഞം പറച്ചിലാണെന്ന് ഒരു അക്കാദമിഷ്യൻ പറയുന്നെ കേട്ടപ്പോൾ എനിക്കു തോന്നി, കൂടുതൽ ഉച്ചത്തിൽ ചിലത് പറയണമെന്ന്. നിങ്ങൾ ഭയക്കുന്ന അവമതിപ്പോടെ കാണുന്നത് അനുഭവങ്ങളെയാണെങ്കിൽ ഞാൻ അത് എന്റെ ആയുധമാക്കും എന്നാണ്. (ഓരോ തരം പ്രിവിലേജിനു പുറത്തിരിക്കുന്നോർ ഇങ്ങനെ ചിലപ്പോഴേലും വിധിക്കാറുണ്ട്. പുരുഷ എഴുത്തുകാർ സ്ത്രീകളുടെ രചനകളെ, മെയിൻ സ്ട്രീം ആളുകൾ മാർജിനലൈസ്ഡ് എഴുത്തുകാരുടെ ) . അതിന് മുന്നെയൊക്കെ എന്റെ സ്ത്രീ സ്വത്വത്തെ മാത്രമേ ഞാൻ അഡ്രസ് ചെയ്തിരുന്നു എന്ന് തോന്നുന്നു. ആ ചിന്ത എന്റെയുള്ളിൽ ആഴത്തിൽ അലിഞ്ഞത് കൊണ്ടാവാം എന്നെ അത്രയും വേദനിപ്പിച്ചത് കൊണ്ടാകാം അത് പിന്നെ എന്റെ ഓരോ വാക്കിലും പ്രതിഫലിച്ചത്.
കാരണം എഴുത്ത് ഒരു അഭയമാണ് മനുഷ്യന്. ഒരു മനുഷ്യന് അവന്റെ വേദനകളെ വരഞ്ഞിടാൻ അക്ഷരങ്ങളെക്കാൾ ശക്തവും മനോഹരവുമായ മറ്റെന്ത് ആയുധമാണുള്ളത്? എന്നെ സംബന്ധിച്ചിടത്തോളം എഴുത്ത് ഒരു മരുന്നാണ്, എസ്‌കേപ്പ് ആണ്‌ ഒരേ സമയം അഭയവും ആയുധവും പ്രധിരോധവുമാണ്. കുറച്ചു ദിവസങ്ങൾക്ക് മുന്നെയാണ് യോഗേഷ് മൈത്രേയയുടെ ഒരു കവിത വായിച്ചത്, “ചെറുപ്പത്തിൽ വാക്കുകളെ കുറിച്ചറിയാത്ത പ്രായത്തിൽ പൂവിനെ പറ്റി, മരങ്ങളെ പറ്റി, കാറ്റിനെ പറ്റി,നക്ഷത്രങ്ങളെ പറ്റി ഒക്കെയായിരുന്നു എഴുത്ത്, എന്നാൽ ഇന്ന് ഞങ്ങളുടെ മസ്തിഷ്കങ്ങളെ വാക്കുകൾ കൈയടക്കുകയും അവയിൽ കവിത നിറയുകയും ചെയ്തപ്പോൾ ഞങ്ങൾ മനസിലാക്കി ഈ രാജ്യത്ത് നക്ഷത്രങ്ങളും ചന്ദ്രനും മരങ്ങളും കാറ്റും പൂക്കളുമെല്ലാം ഞങ്ങൾക്കെതിരെയുള്ള ഗൂഢാലോചന ആണെന്ന്”. എനിക്കൊരുപാട് relate ചെയ്യാൻ പറ്റുന്ന വാക്കുകളാണത്. നക്ഷത്രങ്ങങ്ങളെയോ ചന്ദ്രനെയോ പൂക്കളെയോ കാറ്റിനെയോ പറ്റി നമുക്കെഴുതാം പക്ഷേ, ഒരു മനുഷ്യന്റെയും വേദനയെ അനുഭവങ്ങളെ കണ്ണുനീരിനെ അടിച്ചമർത്താൻ നിങ്ങൾക്ക് അവകാശമില്ല മനുഷ്യരെ.
തീർച്ചയായും ബാല്യത്തിൽ നിന്നും പറിച്ചുമാറ്റപ്പെട്ടവളാണ് ഞാൻ. ബാല്യത്തിൽ നിന്നും കുടിയിറക്കപ്പെടുക എന്നാൽ മരണമാണ്, പിന്നീടുള്ള ജീവിതമൊക്കെ ഒരു മരവിപ്പാണ്, തടവറയാണ്, നരകമാണ്…എങ്ങനെയോ തുടരുന്നു എന്ന് മാത്രം. എന്ത് പറഞ്ഞാലും നിനക്ക് അപ്പോൾ പ്രതികരിക്കരുതോ ധൈര്യമില്ലേ ഫെമിനിസ്റ്റല്ലേ ഇപ്പോഴും ഒരുമറ്റൊമില്ലല്ലോ എന്നൊക്കെ പറയുന്നൊരുണ്ട്. ഓരോ നിമിഷവും ഓരോ അനുഭവങ്ങളും കടന്നു പോവുകയെന്നത് യുദ്ധം തന്നെയാണ്. പണ്ടും പറഞ്ഞിട്ടുണ്ട് മലയെടുത്തു പൊക്കിയോ, തെങ്ങിന്റെ മണ്ടയിൽ കയറിയോ എന്ന ചോദ്യങ്ങൾ ഞാൻ പരിഗണിക്കുക പോലുമില്ല. അതിജീവനം ഒരു വലിയ ശക്തിയാണ്.
ഇരുപത്തിയാറ് വയസ്സിലും പെട്ടെന്ന് എന്തിനെയെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നാൽ ഞാൻ ആ പഴയ 6 വയസുകാരിയാകും, മുഖമുയർത്താൻ കഴിയാതെ, ഒന്ന് ഒച്ചയെടുക്കാനോ,തിരിച്ചോടുവാനോ കഴിയാത്ത പഴയ ഞാനാകും. ഞാനന്നേ മരിച്ചു പോയവളാണ്. . നിങ്ങൾ ഒരിക്കലും അറിയാത്ത ഒരു ഞാൻ എന്റെയുള്ളിൽ ഉണ്ടെന്ന് മനസിലായില്ലേ. ഇനിയുമെത്രയോ ഓർമ്മകൾ.. ഞാനിത് പറയുമ്പോൾ വാക്കുകൾക്ക് മനുഷ്യനെ കൊല്ലാൻ കഴിയുമെന്നെങ്കിലും ആരെങ്കിലും മനസിലാക്കുകയാണേൽ എനിക്ക് അത്രയും മതി.
തൊട്ടടുത്ത് നിൽക്കുമ്പോഴും നിങ്ങൾ കേൾക്കാത്ത ചില ശബ്ദങ്ങൾ ഉണ്ട്, ഒന്ന് കാതോർത്തു നോക്കൂ….മുൻവിധികളുമായി വരുന്നവരോട് എനിക്കൊന്നേ പറയാനുള്ളു നിങ്ങൾ സ്വഭാവികമായും തിരിഞ്ഞു നോക്കാത്ത ഇടത്തു നിന്നാണ് ഞാൻ സംസാരിക്കുന്നത്, അലമുറയിടുവാണെന്നൊക്കെ നിങ്ങൾക്ക് തോന്നാം, പക്ഷേ നിങ്ങൾ ഇവിടേക്ക് തിരിഞ്ഞു നോക്കുംവരെയെങ്കിലും ഞാൻ ഒച്ചയുയർത്തികൊണ്ടേയിരിക്കും, ചുരുങ്ങിയപക്ഷം ഞാൻ ഒന്ന് നിലവിളിക്കുകയെങ്കിലും വേണ്ടേ..
കൂടെയുണ്ടായിരുന്നവർക്ക്, ചേർത്ത് നിർത്തിയവർക്ക് ഞാൻ ഞാനിവിടെയുണ്ടെന്ന് പറയാതെ പറഞ്ഞവർക്ക്, മുൻവിധികളില്ലാതെ കേട്ടിരുന്നവർക്ക്, നിലവിളിക്കാനും ചുരുണ്ടു കൂടുവാനും ഇടങ്ങൾ തന്നവർക്ക്