അവതാർ The way of കോളനി…..
Abhijith Gopakumar S
ലോകത്തെ ഏറ്റവും വലിയ സിനിമാ റിലീസ് ആയി നാളെ അവതാർ രണ്ടാം ഭാഗം എത്തുക ആണ്…മരിച്ചു പോയ തൻ്റെ സഹോദരന് പകരം പഠനത്തിന് ആയി പണ്ടോറ എന്ന ഗ്രഹത്തിൽ എത്തുന്ന നായകൻ അവിടെ ഉള്ള വർഗ്ഗതിൻ്റെ രൂപത്തിൽ അവിടെ കൂടുന്നു.അവരെ അവിടെ കൊണ്ട് പോയ കമ്പനിക്ക് ലക്ഷ്യം ഗ്രഹം കൈക്കൽ ആക്കുക എന്നത് ആണ്.ഒടുവിൽ നായകൻ കൂടെ കമ്പനിക്ക് എതിരെ ആകുന്നു.കമ്പനി നായകന് എതിരെ അവിടെ ഉള്ളവരെ തെറ്റിച്ച് എങ്കിലും ഒടുവിൽ അവർ ഒത്തു ചേർന്ന് വിജയം നേടുന്നു.ഇതായിരുന്നു ആദ്യ ഭാഗം.
ഇത് കണ്ട കാലം തൊട്ടുള്ള മലയാളികളുടെ ഒരുതരം പറച്ചിൽ ഉണ്ട് ;; അവതാർ സിനിമ നമ്മുടെ വിയറ്റ്നാം കോളനിയുടെ കോപ്പി ആണ് എന്ന്.കഥ കണ്ടാൽ അത് തന്നെ ആണ് എന്നാല് ഇതിൻ്റെ സത്യം എന്താണ് എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.
നായകൻ ഒരു പ്രത്യേക കാര്യത്തിന് ഒരു കൂട്ടം മനുഷ്യരുടെ ഒപ്പം വന്നു അവരുടെ ഇടയിൽ അവരിൽ ഒരാളായി നിന്ന് ജനങ്ങൾക്ക് പണിയാൻ ശ്രമിക്കുന്നു. ഒടുവിൽ അവർ ആണ് ശെരി എന്ന് തോന്നുന്ന നായകൻ തന്നെ അയച്ച വില്ലന്മാർക്ക് എതിരെ തിരിയുന്നു…ഇത് ആണ് അവതാറിൻ്റെയും വിയറ്റ്നാം കോളനി യുടെയും കഥ…. ഒരുപാട് സിനിമകളിൽ ഇതേ കഥ തന്നെ ഇല്ലെ. ഇതൊരു യൂണിവേഴ്സൽ തീം അല്ലേ. Kgf ഇത് തന്നെ അല്ലേ.
ഇനി വിയറ്റനാം കോളനി തന്നെ 83 ഇലു വന്നൊരു പടം ഉണ്ടു…local hero…അതിൻ്റെ മലയാള രൂപം ആണ്…ഇനി പഴയൊരു ബച്ചൻ സിനിമ ഉണ്ടു. നമാക് ഹറാം. അതിൻ്റെ പുട്ടി ഇട്ടു പെയിന്റ് അടിച്ച രൂപം ആണ് വിയറ്റ്നാം കോളനി…. ഇനി നാമാക് ഹറാം 64 ഇല് ഇറങ്ങിയ Becket എന്ന സിനിമയുടെ ഇൻഡ്യൻ രൂപം ആണ്. അപ്പോ അവതാർ കോപ്പി അടി ആണെന്ന് പറയുന്നവർ ഇനി എവിടെ നിന്ന് എന്ന് കൂടി പഠിക്കുക .
വാൽ കഷ്ണം : നമ്മുടെ നരസിംഹം പോലും അതിനു മുൻപ് വന്ന മഹാ നഗരത്തിൻ്റെ തീം ആണ്…. ബേസ് കഥ ആണ് കേട്ടോ.
***
Rithin Chilambuttusseril
“വിയറ്റ്നാം കോളനി” സിനിമ Pandora എന്ന ഗ്രഹത്തിന്റെ പശ്ചാത്തലത്തിൽ ‘അവതാർ ‘ എന്ന പേരിൽ ജെയിംസ് കമെറൂൺ പുനരാവിഷ്കരിച്ച കാലം. ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരു നാഴികയിൽ ഒരു തോന്നൽ : ഇത് പ്രാചീന മനുഷ്യരുടെ പശ്ചാത്തലത്തിൽ എടുത്താൽ എന്ത്? പച്ച മലയാളത്തിൽ. പ്രധാന കഥപാത്രങ്ങൾ മാത്രം മതി. ഒരു സാഗർ ഏലിയാസ് ജാക്കി മോഡൽ
(ബ്ലാക്ക് n വൈറ്റിൽ കാണണം )
പ്രാചീന മനുഷ്യർ- എന്നാൽ ഒരു 30 ലക്ഷം വർഷം മുൻപ്. ശങ്കരാടി പറഞ്ഞ പോലെ ‘ ഇവിടെയെവിടെ മനുഷ്യർ? മൃഗങ്ങളല്ലേ? ഇരുകാലി മൃഗങ്ങൾ ‘ എന്ന അവസ്ഥ. എല്ലാവരും ‘തെക്കൻ കുരങ്ങൻ ‘(ഓസ്ട്രലോപിതെക്കസ്- Australopithecus : Australo – Southern, Pithecus- Ape ) ആയി മരങ്ങളിൽ വാഴും കാലം. ആ മരക്കൂട്ടം ആണ് അവരുടെ കോളനി. കിഴക്കേ ആഫ്രിക്കയാണ് . ഹിമയുഗം (Ice age) കൊടുമ്പിരി കൊണ്ടിരിക്കുന്നു. നീണ്ട ശൈത്യകാലം. ചുരുങ്ങിയ വേനൽ. മഞ്ഞു പൊഴിഞ്ഞു ചൂടു കുറഞ്ഞു കാടുകൾ മെലിഞ്ഞു പോയിരിക്കുന്നു. മരങ്ങളുടെ എണ്ണം കുറയുന്നു. അവിടെയെല്ലാം ‘സാവന്നാ’ (Savanna) എന്നറിയപ്പെടുന്ന ഉയരം കൂടിയ പുൽമേടുകൾ വളർന്നു നിൽക്കുന്നു. മരങ്ങൾ കുറവായതു ആ പഴംതീനി മരംകേറികളുടെ ഇല്ലം പട്ടിണിയിലാണ്.
തണുത്തുറഞ്ഞ ഒരു അന്തിനേരം കൃഷ്ണമൂർത്തിസ്വാമി എന്ന Australopithecus മരത്തിനു മുകളിൽ കാൽ നീട്ടി ഇരിക്കുന്നു. വയറ്റിൽ കാറ്റ് മൂളവേ, ജോസഫ് എന്ന മറ്റൊരു Australopithecus മരം കയറി വരുന്നു. ഇരുവർക്കുമുള്ള ഭക്ഷണവുമായി…
‘ഇത് സ്വാമിക്ക്… ചക്ക, മാങ്ങാ, തേങ്ങ… എനിക്ക് കാട്ടു ചിക്കൻ കറി… (മുഖത്തെ 13 രസങ്ങൾ കൊണ്ടാണ് സംസാരം. അതായത് 9 രസങ്ങളും പച്ചാളം ഭാസി കൂട്ടിച്ചേർത്ത 4 രസങ്ങളും. ഭാഷ അന്ന് ഉണ്ടായിട്ടില്ല )
‘ചിക്കൻ കറിയാ…?’
‘പട്ടി തിന്നുന്ന പോലെ (അന്ന് പട്ടിയെ മനുഷ്യൻ ഇണക്കി വളർത്താൻ തുടങ്ങിയിട്ടില്ല. അതുകൊണ്ട് ഒരുപക്ഷെ കാട്ടുനായ ) തിന്നാൻ തുടങ്ങിയിട്ട് കുറെ ആയല്ലോ. ഇനിയെങ്കിലും താൻ മനുഷ്യൻ (Australopithecus afarensis) തിന്നുന്ന പോലെ തിന്ന് ‘… എന്നൊക്കെ പറഞ്ഞു സ്വാമിപിത്തേക്കസ് താഴത്തെ ചില്ലയിൽ താമസിക്കുന്ന Australoithecus അമ്മമകൾക്കു കൊടുക്കുന്നു. (ഇതിന്റെ സൂചന ജോസഫ്പിത്തേക്കസ് നേരത്തെ തന്നെ ചത്തതിനെയും ശവത്തിനെയും തിന്നാൻ തുടങ്ങിയിരുന്നു എന്നതാണ് (Foraging and Scavenging)).
നാളുകൾ കൊഴിഞ്ഞു. ഹിമയുഗം മൂർധന്യാവസ്ഥ കൊണ്ടു. ജോസഫ്പിത്തേക്കസ് സ്വാമിയെ വിട്ട് മരത്തിൽ നിന്നും കടൽ പോലെ വ്യാപിച്ചു കിടക്കുന്ന സാവന്ന പുല്മേട്ടിൽ ഇറങ്ങി കണ്ട ചത്തത്തിനെയും കൊന്നതിനെയും ഒക്കെ കൂടുതലായി തിന്നാൻ തുടങ്ങി.കല്ല് കൊണ്ടു ആയുധം ഉണ്ടാക്കി. മൃഗങ്ങളുടെ എല്ലിൽ നിന്നും ഇറച്ചി ചുരണ്ടി തിന്നു.
ഹിംസ്ര മൃഗങ്ങൾ (റാവുത്തരും ഇരുമ്പൻ ജോണും ഒന്നുമല്ല. ) വരുന്നുണ്ടോ എന്ന് നോക്കാൻ ഉയരമേറിയ പുൽ മേടുകളുടെ മുകളിലൂടെ പിൻ കാലുകളിൽ കുത്തി ഇടയ്ക്കിടെ നോക്കി. പിന്നെ അതൊരു ശീലമായി. പിന്നെ പിൻകാലിൽ ഊന്നി നടക്കാൻ പഠിച്ചു. അങ്ങനെ നടക്കാൻ പഠിച്ച കൊണ്ടു മൃഗങ്ങളുടെ വായിൽ നിന്നു രക്ഷപെട്ടു.
സ്വാമിപിത്തേക്കസ് അപ്പോഴും മരത്തിൽ ആയിരുന്നു…
ആ വിയറ്റ്നാം കോളനി വൈകാതെ കമ്പനിക്കാർ പുതിയ തന്ത്രത്തിൽ ice ഇട്ടു മൂടി പിടിച്ചടക്കി. ഹിമയുഗ മൂർദ്ധന്യത്തിൽ ആ കോളനി പൂർണമായും സാവന്നാ പുല്പരപ്പ് ആയി.
അപ്പോൾ സ്വാമിപിത്തെക്കസ് ? (അതു climax ഇൽ ).
ആ രക്ഷപെട്ട ജോസഫ്, ഇരുമ്പൻ ജോൺ, റാവുത്തർ, പട്ടാളം മാധവി മുതലായ പിതേക്കസ് കളിൽ നിന്ന് Homo habilis എന്ന വിഭാഗം ഉരുത്തിരിഞ്ഞു . അവർ കോളനിയിൽ നിന്നു കൊണ്ടും കൊടുത്തും പഠിച്ച stone tools ഉണ്ടാക്കുന്ന വിദ്യ ഒന്നു പരിഷ്കാരിച്ചു. കിഴക്കെ ആഫ്രിക്കയിലെ Olduvai എന്ന സ്ഥലത്തു തമ്പടിച്ചു. അവിടെ വേട്ടയോടു വേട്ട. ഇറച്ചി തീറ്റയോട് തീറ്റ.
“കൊല്ലൈ ഉഴു കൊഴു വെയ്പ്പ പല്ലേ
എല്ലയും ഇരവും ഊൻ തിന്നു അഴുങ്ക ”
(രാവും പകലും ഇറച്ചി ചവച്ചു ചവച്ചു ഞങ്ങളുടെ പല്ലുകൾ എന്നും പുറം പാടം ഉഴുവുന്ന കൊഴു പോലെയായി )
– പൊരുനരാറ്റുപ്പട- സംഘകാല കൃതി
അതിൽ ഒരു കൂട്ടം യുഗങ്ങളോളം നടന്നു ഇന്ത്യയിൽ വന്നു. തമിഴ് നാട്ടിലെ ‘അത്തിരംപാക്കം ‘ എന്ന സ്ഥലത്ത് തമ്പടിച്ചു. അവിടെ Acheulian tools എന്ന തരം ശിലായുധങ്ങൾ ഉണ്ടാക്കി. പുളിഞ്ചെടികൾ അവിടവിടെ നിൽക്കുന്ന തമിഴ്നാടൻ സമതലത്തിൽ വേട്ടയാടി നടന്നു.
Homo habilis ഇൽ നിന്നു Homo erectus, Homo sapiens അതുപോലെ മറ്റു Homo അവാന്തര വിഭാഗങ്ങൾ ഉണ്ടായി..
കല്ലുകൾ ചേർത്തു മുട്ടിച്ചു ഹിംസ്ര മൃഗങ്ങളുടെ പല്ലുകളുടെ ആകൃതിയിൽ tools ഉണ്ടാക്കി. അതായത് ഭാവന/ ബുദ്ധി വികസിച്ചു. ഈ മുട്ടൽ തലച്ചോറിലെ ഒരു പ്രത്യേക വികാസത്തിനു വഴി വെച്ചു. ഇതേ വികാസം തന്നെയായിരുന്നു ഭാഷാ ശേഷിക്കും പിന്നിൽ. അങ്ങനെ പ്രാക്തന കുറുമൊഴികൾ മുള പൊട്ടി.
കടൽ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള മാംസ ഭക്ഷണം അവരുടെ തലച്ചോറിന്റെ വികാസം കൂട്ടി.
കൂട്ടം ചേർന്നുള്ള വേട്ടയാടൽ പരസ്പര ആശ്രയത്തതിന് വഴി വെച്ചു. ആശയ വിനിമയം തീവ്രമായി. ചെറു കൂട്ടങ്ങൾ ഉണ്ടായി. ഗോത്രങ്ങൾ ഉണ്ടായി. ഭാഷ കൂടുതൽ വികസിച്ചു.
ഹിമയുഗത്തിന്റെ ഒരു ഇടവേളയിൽ (Interglacial period) കാലാവസ്ഥ അനുകൂലമായപ്പോൾ ആദ്യമായി അവർ ഏഷ്യ മൈനർ – പടിഞ്ഞാറൻ ഏഷ്യയിൽ കൃഷി തുടങ്ങി. ആ നവീന ശിലായുഗ പുലരിയിൽ, Anatolia യിൽ വലിയ കൂട്ടമായി (Catalhuyok, Modern Turkey). പിന്നാലെ 4 മഹാനദികളുടെ തീരത്തു അവർ നാഗരികത ഉണ്ടാക്കി. സംസ്കാരങ്ങളും മതങ്ങളും ഉണ്ടാക്കി.
ഈ ചെറിയ കാലയളവിൽ അവരിൽ പല മാറ്റങ്ങളും ഉണ്ടായി. അവർക്കു പല നിറങ്ങൾ ഉണ്ടായി… ഹാ…ഇതെല്ലാം ഈ ചെറിയ ഇടവേള കഴിഞ്ഞു ഹിമയുഗം ബാക്കി തുടരുന്ന വരെ മാത്രം…
അപ്പോൾ സ്വാമിപിത്തേക്കസ് ?
ആർക്കും അറിയില്ല. Fossil പോലും കിട്ടിയിട്ടില്ലെന്നാ കേട്ടത്.
ബുദ്ധി ഉണ്ടാകാൻ കണ്ട ചത്തതിനെ ഒക്കെ തിന്നുന്നത് നിർത്തി അവിയലും മുരിങ്ങക്കയും ഒക്കെ തിന്നാൻ ആഹ്വാനം ചെയ്ത അദ്ദേഹത്തിന്റെ തലച്ചോർ വ്യാപ്തം 450cc യിൽ കൂടിയിട്ടില്ല. രസം അതല്ല. അദ്ദേഹം മ്ലേച്ഛമായി പരിഹസിച്ചു വിട്ട KK ജോസെഫിന്റെ തലമുറയുടെ ഇന്നത്തെ അവസാന കണ്ണിയുടെ തലച്ചോർ വ്യാപ്തം 1300 cc. അതായത് സ്വാമിയുടേതിന്റെ 3 ഇരട്ടിയോളം ! ശങ്കരാടിയുടെ കഥാപാത്രത്തിന്റെത് ഒരു പ്രവചന ശബ്ദം ആയിരുന്നു. അദ്ദേഹത്തിന്റെ കാലിലെ ചങ്ങല യഥാർത്ഥത്തിൽ സ്വാമിപിതേക്കസിന്റെ കാലിൽ മുറുകി . ആ മരക്കോളനി വിട്ട് സാവന്നാ പുൽപ്പരപ്പിലേക്കു ഇറങ്ങുന്നതിനെ വിലക്കി.
ആട്ടെ, ജോസഫ്പിത്തേക്കസോ ?
എത്തിയോപ്പിയയിലെ ‘ദിക്കിക്ക’ (Dikika) എന്ന സ്ഥലത്ത് നിന്നും അവസാനം കടിച്ചു വലിച്ച കോഴിക്കാലിനൊപ്പം സുഖമായി കർത്താവിൽ നിദ്ര കൊള്ളുന്നു.
“ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല
ജീവിക്കുന്നു നമ്മളിലൂടെ ”
***
Jimmy George Sales
Avatar സിനിമ ഇറങ്ങിയതിനു ശേഷം നമ്മൾ കേട്ട വാർത്തയാണ് വിയറ്റ്നാം കോളനി യുടെ കഥ രീതി തന്നെയാണ് അവതാർ follow ചെയ്യുന്നതെന്നും, അതിനാൽ കോപ്പി അടിച്ചു എന്ന് തമാശയായും, സീരിയസ് ആയി പറഞ്ഞവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. എന്നാൽ ആരും അറിയാത്ത സത്യം ഈ 2സിനിമകളും inspired ആയതു 1990 ഇറങ്ങിയ “Dance with Wolves ” എന്ന ഹോളിവുഡ് സിനിമയോടാണ്. അമേരിക്കയിൽ കാണപ്പെടുന്ന red ഇന്ത്യൻസിന്റെ ഒപ്പം താമസിക്കുകയും അവരുടെ അംഗത്തെ പോലത്തെ നിൽക്കുകയും , അവർക്കു വേണ്ടി പോരാടുകയും ചെയ്യുന്നതാണ് ഈ സിനിമയുടെ സമാഹാരം . 1990 ഇറങ്ങിയ ഈ സിനിമ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. 2 വർഷത്തിന് ശേഷമാണ് വിയറ്റ്നാം കോളനി ഇറങ്ങിയതും.
ഇത് ചൂണ്ടി കാണിച്ചത് വേറെയൊന്നും കൊണ്ടല്ലേ , തമാശയ്ക് ആണേലും വിയറ്റ്നാം കോളനി യിൽ നിന്നും inspired ആയി ആണ് Avatar നിർമ്മിച്ചത് എന്ന് പറയുമ്പോൾ ചിലർ എങ്കിലും അതും വിശ്വസിച്ചു ഇരിക്കുന്നുണ്ടാകും ആ തെറ്റിദ്ധാരണ ഇനിയും മാറ്റണം എന്ന് പറയുന്നു ..
**
Jinu Thomas
ഒരേ ഇതിവൃത്തം രണ്ട് വ്യത്യസ്ത സ്കെയിലിൽ രണ്ടു ജനവിഭാഗങ്ങളോടു വ്യത്യസ്ത കാലഘട്ടങ്ങളിൽ പറഞ്ഞു വൻ വിജയം നേടിയ രണ്ടു സിനിമകളുണ്ട്. അതിലൊന്ന് മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിലൊന്നായപ്പോൾ അടുത്തത് ലോക ചരിത്രത്തിലെ ഏറ്റവുമധികം പണം വാരിപ്പടമായി ഇന്നും തലയുയർത്തി നിൽക്കുന്നു.
ഒരു പ്രദേശത്ത് സമാധാനത്തിലും സന്തോഷത്തിലും സഹവർത്തിത്തത്തിലും ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം പ്രദേശവാസികൾ. അവർക്കിടയിൽ ചെറിയ ചെറിയ തദ്ദേശീയരായ വില്ലന്മാരൊക്കെയുണ്ട്. അവരുടെ ആവാസവ്യവസ്ഥയ്ക്ക് അവർക്കറിയാത്തത്ര രാഷ്ട്രീയ വാണിജ്യ മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ് അവരെ കീഴ്പെടുത്താനായി പുറത്തു നിന്നും ചില ശക്തികൾ അവിടെ എത്തി ചേരുന്നു.
ഈ പാവങ്ങളെക്കാൾ ശക്തിയും ആയുധശേഷിയുമുള്ള ബാഹ്യശക്തികൾ അവരെ വംശഹത്യ ചെയ്ത് അവിടം പിടിച്ചടക്കാൻ അണിയറയിൽ യുദ്ധതന്ത്രങ്ങൾ മെനയുന്നു. എന്നാൽ അക്കൂട്ടത്തിലൊരാൾ ഈ തദ്ദേശവാസികളോട് അനുകമ്പ തോന്നി അവരോടൊപ്പം കൂടുന്നു. നിലനിൽപിനായുള്ള യുദ്ധത്തിനൊടുവിൽ തദ്ദേശവാസികളുടെ പോരാട്ട വീര്യത്തിനും തന്ത്ര വിന്യാസങ്ങളുടെയും ആത്മസമർപ്പണത്തിൻ്റെയും മുന്നിൽ അധിനിവേശ ശക്തികൾ തകർന്നു തരിപ്പണമായി തോറ്റോടുന്നു.
ഇതാണ് മേൽപറഞ്ഞ രണ്ടു സിനിമകളുടെയും കഥാസാരം. ഈ രണ്ടു സിനിമകളും വിജയങ്ങളായതിനു പ്രധാന കാരണം പ്രേക്ഷകർ തദ്ദേശവാസികൾ അധിനിവേശ ശക്തികളുടെ ആക്രമണങ്ങളിൽ നിന്നും വിജയിക്കണം എന്നു തീവ്രമായി ആഗ്രഹിച്ചു എന്നതാണ്. അതാണ് മനുഷ്യ മനസ്സിൻ്റെ സ്വാഭാവിക നീതിബോധം. തദ്ദേശവാസികളുമായി ഇമാേഷണലി കണക്ടഡായ നീതിബോധമുള്ള ഓരോ പ്രേക്ഷകനും ആ പാവം പിടിച്ച ഗ്രാമവാസികളുടെ പക്ഷം ചേർന്ന് അവരുടെ അതിജീവനത്തിനായി നിലകൊണ്ടു.
ഹോളിവുഡ് സിനിമയായ ‘അവതാർ ‘ മോളിവുഡ് സിനിമയായ ‘വിയറ്റ്നാം കോളനി’ എന്നിവയാണ് ആ സിനിമകൾ. രണ്ടും പറയുന്നത് ഒരേ കഥയാണ്!
ഇനി നിങ്ങൾ ഇതേ കഥയിൽ അതിലെ തദ്ദേശവാസികളുടെ സ്ഥാനത്ത് ഭാരതത്തിലെ ഹിന്ദു വംശജരെ കാണുക. പുറത്താരെയും അക്രമിക്കാനോ അധികാരം പിടിച്ചെടുക്കാനോ ഒരിക്കലും ശ്രമിക്കാത്ത തങ്ങളുടെതായ കലയും സംസ്കാരവും ശാസ്ത്രവും വാസ്തുവിദ്യയും ആരാധനാക്രമങ്ങളും വിശ്വാസങ്ങളുമൊക്കെയായി സമാധാനത്തിൽ ആയിരക്കണക്കിനു വർഷങ്ങളായി ജീവിച്ചിരുന്ന ഒരു ജനത. അവരുടെ ലോകത്തിലേക്ക് അധിനിവേശത്തിനായി കാലാകാലങ്ങളിൽ വിവിധ രൂപഭാവങ്ങളിൽ എത്തിച്ചേരുന്ന ബാഹ്യശക്തികൾ.അവരെ വംശഹത്യ ചെയ്ത് അവരെ ഇല്ലാതാക്കാൻ നൂറ്റാണ്ടുകളോളം ശ്രമിച്ചിട്ടും ഒരിക്കലും കീഴടങ്ങാത്ത ജനത. ആയുധം കൊണ്ടും ആശയം കൊണ്ടും അധിനിവേശം നടത്തി നമ്മെ കീഴടക്കി ഇല്ലാതാക്കാനുള്ള ആ ശ്രമം ഇന്നും തുടരുന്നു.
അവരുടെ പെെതൃകവും അഭിമാനവും കുടികൊള്ളുന്ന ആരാധനാ ബിംബങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കി അവിടെ മറ്റൊന്നു പ്രതിഷ്ഠിക്കാൻ കൊണ്ടു പിടിച്ച ശ്രമങ്ങളാണു നടക്കുന്നത്. അതു കൊണ്ടാണു ശബരിമലയിൽ സ്ത്രീവിരുദ്ധതയും തൃശൂർ പൂരത്തിന് മൃഗപീഢനവും ഹോളിക്കു ജലക്ഷാമവും ദീപാവലിക്കു മലിനീകരണവുമൊക്കെ ആരോപിക്കുന്നവർ നമുക്കു ചുറ്റുമുള്ളത്. അതുകൊണ്ടാണ് 17 വർഷം തുടർച്ചയായി ഈദിന് നോമ്പെടുക്കുന്ന അന്തം കമ്മി എം എൽ എ ശബരിമലയ്ക്കു പോകുന്നവനെ ശാസിക്കുന്നത്. അതു കൊണ്ടാണ് ബാങ്കുവിളിക്കുമ്പോൾ നിശബ്ദരാകുന്ന തൊഴുതു വണങ്ങി കടന്നു പോവുന്ന ഹിന്ദു ക്ഷേത്രത്തിലെ പ്രദക്ഷിണത്തിന് ബഹുമാനമർപ്പിക്കാനായി ഒരിക്കൽ പോലും പ്രദക്ഷിണം കടന്നു പോകുമ്പോൾ ബാങ്കുവിളി ഒന്നുമാറ്റി വച്ചേക്കാം എന്നു പള്ളിക്കമ്മറ്റി തീരുമാനിക്കാത്തത്.
ചരിത്രമെന്നത് പണ്ടെന്നോ നടന്ന എന്തോ ഒന്നല്ല. അത് ഒരിക്കലുമവസാനിക്കാത്തൊരു പുഴ പോലെ ഒഴുകുന്ന തുടർക്കഥയാണ്. ഇന്നിൻ്റെ സംഭവ വികാസങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായി തുടരുന്ന ചെറുത്തു നിൽപ്പുതന്നെയാണ്.
കാലഘട്ടങ്ങൾ മാറുന്നു. നായികാ നായകന്മാരുടെയും വില്ലന്മാരുടെയും പ്രേക്ഷകരുടെയും അധിനിവേശത്തിൻ്റെയും രൂപവും ഭാവവും മാറുന്നു. ചെറുത്തു നിൽപ്പിൻ്റെയും.
അധിനിവേശ ശക്തികൾ കമ്യൂണിസ്റ്റുകളായും ഇസ്ലാമിസ്റ്റുകളായും സോഷ്യലിസ്റ്റുകളായും എത്തീസ്റ്റുകളായും ലിബറലുകളായും ഇവാഞ്ചലിസ്റ്റുകളായും ഇന്നും നമുക്കെതിരെ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇതൊരു മാറ്റമില്ലാത്ത ‘ചുരുളി’ യാണ്. ചരിത്രം ചുരുളിയിൽ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു, നമ്മളിലൂടെ. കീഴടങ്ങാതെ പൊരുതുക എന്ന ധർമ്മത്തിൽ നമ്മളും ഉറച്ചു നിൽക്കുന്നു.
യതോ ധർമ്മസ്ഥതോ ജയ!