അത്രമേൽ ഉറച്ച, കൃത്യതയുള്ള നിലപാടുകളുടെ, നീതിബോധത്തിൻ്റെ പേരാണ് സിസ്റ്റർ ലൂസി കളപ്പുര

336

Vishnu Vijayan എഴുതുന്നു 

നിങ്ങളുടെ അഭിപ്രായത്തോട് എനിക്ക് ഒട്ടും യോജിപ്പില്ല, എന്നാൽ അത് പറയാനുള്ള നിങ്ങളുടെ സ്വാതന്ത്രത്തിനായി അന്ത്യ നിമിഷം വരെ ഞാൻ നിലകൊള്ളും എന്ന് പറഞ്ഞത് ഫ്രഞ്ച്‌ ചിന്തകൻ സാക്ഷാൽ
വോൾട്ടയർ ആണ്….

കന്യാസ്ത്രീ ജീവിതം എന്നത് മതത്തിന്റെ കൃത്യമായ ചട്ടക്കൂടിൽ ക്രീയേറ്റ് ചെയ്യപ്പെട്ട പാട്രിയാർക്കിയുടെ ഒരു ക്ലോസ്ഡ് സിസ്റ്റം എന്ന് വേണമെങ്കിൽ പറയാം,

ഈ രീതിയിൽ നിലനിൽക്കുന്ന ഏതൊരു വ്യവസ്ഥിതിയോടും ഒരു തരത്തിലുള്ള യോജിപ്പും സാധ്യമല്ല എന്ന് തന്നെയാണ് പറയാനുള്ളത്.

Vishnu Vijayan
Vishnu Vijayan

അപ്പോഴും പറയട്ടെ ഒരാൾ അയാളുടെ സ്വന്തം ഇഷ്ടപ്രകാരം അത് സ്വീകരിക്കാൻ, ആത്മീയമായ ഉണർവ്വിൻ്റെ വെളിച്ചത്തിൽ, മറ്റെന്തെങ്കിലും തരത്തിലുള്ള സ്വാധീനമോ, ബോധ്യങ്ങളുടെ അടിസ്ഥാനത്തിലോ കടന്നു ചെല്ലാൻ അയാൾക്ക് സ്വാതന്ത്ര്യമുണ്ട്,

തൻ്റേതല്ലാത്ത കാരണത്താൽ ആ സിസ്റ്റം ഒന്നടങ്കം അയാളോട് പുറത്തു പോകാൻ ആഹ്വാനം ചെയ്യുന്ന വേളയിൽ അതിനെ ഗൗനിക്കാതെ നീതിയുടെയും തൻ്റെ അവകാശങ്ങളുടെയും ബോധ്യത്തിൽ ഉറച്ചു നിന്ന് മുൻപോട്ടു പോകാൻ അയാൾ തീരുമാനിക്കുന്നുവെങ്കിൽ അയാളുടെ ആ അഭിപ്രായത്തിനൊപ്പം നിലകൊള്ളുക എന്നതാണ് ജനാധിപത്യ നിലപാട്.

അങ്ങനെ ഒരാളാണ് സിസ്റ്റർ ലൂസി കളപ്പുര.

ഈ ഒരു നിലപാട് ഉൾക്കൊണ്ട് തന്നെയാണ് ജനകീയ കോടതി എന്ന പ്രോഗ്രാമിൽ ലൂസിയുടെ വാക്കുകൾ ശ്രദ്ധിച്ചത്.

എന്നാൽ സിസ്റ്ററിനെ കുറിച്ച് ഇതുവരെ മനസിലാക്കിയ ധാരണകളെ പൂർണമായും ഉടച്ചു വാർത്ത വാക്കുകളാണ് തുടർച്ചയായി അവർ പറഞ്ഞു വെക്കുന്നത്.

കവിത രചിക്കാൻ ഇഷ്ടപ്പെടുന്ന, തൻ്റെ നിലപാടുകൾ സോഷ്യൽ മീഡിയ വഴി സമൂഹത്തോട് വിളിച്ചു പറയുന്ന, വാഹനം ഓടിക്കാൻ ഇഷ്ടപ്പെടുന്ന, ലൈസൻസ് സ്വന്തമാക്കി വാഹനം വാങ്ങുന്ന, സഭയിലെ കന്യാസ്ത്രീകളുടെ വസ്ത്രനാരണ രീതിയിൽ മാറ്റം വരുത്തി കന്യാസ്ത്രീകൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ അനുയോജ്യമായ ചുരിദാർ പോലെയുള്ള വസ്ത്രം ധരിക്കാൻ കഴിയണം എന്ന് പറയുന്ന. നിലാവിനോട് പ്രണയം ആണെന്ന് പറയുന്ന,

Related imageസഭയിൽ ചേരുന്നവർ അതിനേക്കുറിച്ചും, സ്വന്തം ജീവിതത്തെ കുറച്ചും കൃത്യമായ ധാരണ നേടിയെടുക്കുന്ന തലത്തിൽ മിനിമം ഇരുപത് വയസ്സിൽ മുകളിൽ എങ്കിലും പ്രായ ഘടന നിലനിർത്തണം എന്ന് പറയുന്ന, യാഥാസ്ഥിതിക മൂല്യങ്ങൾ സകലതും തിരുത്തി എഴുതണമന്ന് ഉറച്ച നിലപാടുകളുള്ള.

കാനൻ നിയമങ്ങൾ തെറ്റിക്കാൻ പാടുണ്ടോ എന്ന രീതിയിൽ വരുന്ന അവതാരകൻ്റെ ചോദ്യത്തിന്, നമ്മളെല്ലാവരും കേരളത്തിൽ താമസിക്കുന്ന ആളുകളല്ലേ അപ്പോൾ സർക്കാർ നിയമം അല്ലേ നമുക്ക് പ്രധാനം എന്നാണ് സിസ്റ്റർ പറയുന്നത്, സ്റ്റേറ്റ് മൊറാലിറ്റി അഥവാ കോൺസ്റ്റിറ്റ്യൂഷ്ണൽ മൊറാലിറ്റിയാണ് വലുതെന്ന ബോധ്യത്തിൽ തന്നെയാണ് സിസ്റ്റർ സംസാരിക്കുന്നത്.

കാൽനൂറ്റാണ്ട് കാലംകൊണ്ട് ശക്തമായ പാട്രിയാർക്കി ചട്ടക്കൂടിന് ഒരു സ്ത്രീയുടെ ഉള്ളിലെ ഉറച്ച ബോധ്യങ്ങളെ, അവളുടെ തീരുമാനങ്ങളെ തകർത്തെറിയാൻ കഴിയില്ല എന്നതിന്റെ തെളിവാണ് സിസ്റ്റർ ലൂസി കളപ്പുര.

ഒടുവിൽ സഭയുടെ പ്രതിനിധി ആയി ഒരു മനുഷ്യൻ വരുന്നുണ്ട് പാട്രിയാർക്കിയുടെ ആൾരൂപം എന്നനിലയിൽ, ഒരുപക്ഷെ അങ്ങനെ ഒരാളുടെ സാന്നിധ്യം സിസ്റ്റർ അതുവരെ പറഞ്ഞ വാക്കുകൾ എന്താണ് എന്ന് കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ്.
പക്ഷെ ആ മനുഷ്യനെന്നല്ല ആ സിസ്റ്റം മുൻപോട്ടു വെക്കുന്ന യാഥാസ്ഥിതിക മൂല്യങ്ങളിൽ നിലകൊള്ളുന്ന ആർക്കും തന്നെ മനസിലാക്കാൻ കഴിയില്ല സിസ്റ്റർ പറയുന്ന ഭാഷ.

കാരണം സിസ്റ്റർ ലൂസി പറയുന്ന ഭാഷ ജനാധിപത്യത്തിൻ്റെ ഭാഷയാണ്, ഒരു കാലഘട്ടത്തിൻ്റെ അടിച്ചമർത്തലുകൾക്ക് വിധേയപ്പെട്ടു കഴിയേണ്ടി വന്ന വിഭാഗത്തിൽ നിന്ന് ഉറച്ച ബോധ്യങ്ങളോടെ ഉയർന്നു വരുന്ന അവകാശങ്ങളുടെ ഭാഷയാണ്, ലിംഗ നീതി എന്ന മഹത്തായ ചിന്താഗതിയുടെ ഭാഷയാണ്.

ഇത്രയും ഉറച്ച ബോധ്യങ്ങളിൽ നിന്ന് ഒരു മനുഷ്യൻ രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത് അടുത്ത നാളിൽ വേറെ കണ്ടിട്ടില്ല.

അതിനോട് ഭീഷണിയുടെ, ചില വരട്ടു വാദങ്ങളുടെ, പാട്രിയാർക്കി ബോധങ്ങളുടെ, അനീതിയുടെ ശബ്ദത്തിൽ അതികമൊന്നും മുഖംതിരിച്ച് നിൽക്കാനും/കലഹിക്കാനും എത്ര ശക്തമായൊരു സിസ്റ്റത്തിനും കഴിയില്ല,

കാരണം അത്രമേൽ ഉറച്ച, കൃത്യതയുള്ള നിലപാടുകളുടെ, നീതിബോധത്തിൻ്റെ പേരാണ് സിസ്റ്റർ ലൂസി കളപ്പുര എന്നത്.

ഓർക്കുക വെറുമൊരു പേരല്ല ഇതൊരു പുതിയ തുടക്കമാണ്…