രജനീകാന്തിനോ കമലാഹാസനോ സാധിക്കാത്ത ഒരു കാര്യം ക്യാപ്റ്റൻ പ്രഭാകറിലൂടെ വിജയകാന്തിന് സാധിച്ചു

123

Bineesh K Achuthan

വിജയകാന്തിന്റെ 100-ാമത് ചിത്രമായ ” ക്യാപ്റ്റൻ പ്രഭാകരൻ ” റിലീസായിട്ട് ഇന്ന് മുപ്പത് വർഷം.വിജയകാന്തിന്റെ കരിയറിലെ അത് വരെയുള്ളതിൽ വച്ചേറ്റവും വലിയ വിജയമായിരുന്നു ക്യാപ്റ്റൻ പ്രഭാകരന്റേത്. രജനീകാന്തിനോ കമലാഹാസനോ തങ്ങളുടെ നൂറാം ചിത്രം വിജയമാക്കാൻ സാധിക്കാത്തിടത്താണ് വിജയകാന്തിന്റെ ഈ അപൂർവ്വ നേട്ടം. ക്യാപ്റ്റൻ പ്രഭാകരന്റെ അഭൂതപൂർവ്വമായ വിജയം കമലിനും രജനിക്കും പിന്നിൽ മൂന്നാമനായുള്ള വിജയകാന്തിന്റെ ഇരിപ്പിടത്തെ അരക്കിട്ടുറപ്പിച്ചു. ഭാഗ്യരാജിനെയും സത്യരാജിനെയും മോഹനേയും മറികടന്നായിരുന്നു ഈ സ്ഥാനലബ്ധി.

Happy Birthday Captain: 10 outstanding performances that define the actor  in Vijayakanth- Cinema expressതുടർന്ന് ശരത് കുമാറിന്റെയും അർജുന്റെയും വെല്ലുവിളികളെ കൂസാതെ പുതു നൂറ്റാണ്ടിൽ തലമുറ മാറ്റം വരുന്നത് വരെ ഒരു പതീറ്റാണ്ടോളം കാലം ആ പദവി കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിനായി .1990 പൊങ്കൽ റിലീസായ പുലൻ വിസാരണൈ , അതേ വർഷം തന്നെ ദീപാവലി റിലീസായ ക്ഷത്രിയൻ എന്നീ വമ്പൻ ഹിറ്റുകളെ തുടർന്ന് പോലീസ് വേഷത്തിലെ വിജയകാന്തിന്റെ ഹാട്രിക് ഹിറ്റായിരുന്നു ക്യാപ്റ്റൻ പ്രഭാകരൻ . വീരപ്പൻ വേട്ടയെ ഇതിവൃത്തമാക്കി നിരവധി ചിത്രങ്ങൾ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലിറങ്ങിയിട്ടുണ്ടെങ്കിലും അവയിലേറ്റവും തിളക്കമാർന്ന വിജയം ക്യാപ്റ്റൻ പ്രഭാകരനായിരുന്നു. കാട്ടു കൊള്ളക്കാരൻ വീരപ്പനെ അനുസ്മരിപ്പിക്കുന്ന വീരഭദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മൻസൂർ അലീഖാന് ചിത്രം വൻ ബ്രേക്കാണ് നൽകിയത്.

Captain Prabhakaran (1991)പുലൻ വിസാരണയുടെ വൻ വിജയത്തോടെ ശ്രദ്ധേയമായ ആർ.കെ. സെൽവമണി – വിജയകാന്ത് കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ക്യാപ്ററൻ പ്രഭാകരൻ . ആദ്യ ചിത്രത്തിലൂടെ തന്നെ പൊളിറ്റിക്കൽ – അക്ഷൻ ചിത്രങ്ങൾക്ക് തന്റേതായ ശൈലി നൽകിയ സെൽവമണിക്ക് നിരവധി ഓഫറുകളാണ് വിവിധ സിനിമാ നിർമ്മാണ കമ്പനികളിൽ നിന്നും വന്നത്. എന്നാൽ തന്റെ ആദ്യ ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളിൽ ഓരാളായ ഇബ്രാഹിം റാവുത്തറെയാണ് സെൽവമണി തന്റെ പുതിയ ചിത്രത്തിന്റെ നിർമ്മാണ ചുമതല ഏൽപ്പിച്ചത്.

സത്യമംഗലം കാടുകളിൽ സ്വൈര്യ വിഹാരം നടത്തുന്ന , മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പേടി സ്വപ്നമായ ചന്ദനക്കടത്തുകാരൻ വീരഭദ്രനെ അമർച്ച ചെയ്യാൻ നിയോഗിക്കപ്പെട്ട ക്യാപ്റ്റൻ പ്രഭാകരന്റെ പോരാട്ടങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സംഘട്ടന രംഗങ്ങൾക്ക് അതീവ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ സുബ്ബരായനൊരുക്കിയ വിജയകാന്തിന്റെ ആക്ഷൻ രംഗങ്ങൾ ശ്രദ്ധേയമാവുകയും പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു. വൻ താര നിര അണിനിരന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്തത് രൂപിണിയായിരുന്നു.ഉപനായക വേഷത്തിൽ ശരത് കുമാറും ജോടിയായി രമ്യാ കൃഷ്ണനുമുണ്ടായിരുന്നു. ഇളയരാജയുടെ സംഗീതവും BGM – ഉം ചിത്രത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. രമ്യാ കൃഷ്ണന്റെ ഐറ്റം സോംഗായ ” ആട്ടമാ തേരോട്ടമാ ” എന്ന ഗാനം ഹിറ്റ് ചാർട്ടറിലിടം നേടി.

ചാലക്കുടി , മലയാറ്റൂർ വനമേഖലകളിലായിരുന്നു ചിത്രത്തിന്റെ അറുപത് ശതമാനം ഭാഗങ്ങളും ചിത്രീകരിച്ചത്.ഏകദേശം 30-നടുത്ത് ലോറികൾ കോൺവോയ് ആയി ചിത്രീകരണ സ്ഥലത്തേക്ക് പോകുന്ന കാഴ്ച്ച ഒരു പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കേ കണ്ടത് ഞാനിന്നുമോർക്കുന്നു.1991-ൽ തമിഴ് പുത്താണ്ട് ദിനമായ ഏപ്രിൽ 14 – ന് റിലീസായ ചിത്രം തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും വൻ ഹിറ്റായിരുന്നു. കൂടെ തെലുങ്ക് പതിപ്പും തകർപ്പൻ വിജയമായിരുന്നു.ക്യാപ്റ്റൻ പ്രഭാകരന്റ വിജയം വിജയകാന്തിന്റെ ദക്ഷിണേന്ത്യൻ മാർക്കറ്റ് വാല്യു ഉയർത്തുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. പിന്നീട് റിലീസായ വിജയകാന്തിന്റെ എല്ലാ ആക്ഷൻ ചിത്രങ്ങളുടെയും തെലുങ്ക് പതിപ്പുകൾ വൻ തുകക്കായിരുന്നു വിതരണത്തിനെടുത്തിരുന്നത്.

” പുരട്ചി തലൈവർ ” എന്നറിയപ്പെട്ട MGR – ന്റെയും ‘ കലൈഞ്ജർ ‘എന്നറിയപ്പെട്ട കരുണാനിധിയുടെയും പേരുകളെ വിളക്കിച്ചേർത്ത് ” പുരട്ചി കലൈഞ്ജർ ” എന്നറിയപ്പെടുന്ന വിജയകാന്തിന് ക്യാപ്റ്റൻ എന്നൊരു വിളിപ്പേര് കൂടി ഈ ചിത്രം സമ്മാനിച്ചു.LTTE ചീഫായിരുന്ന പ്രഭാകരനോടുള്ള വിജയകാന്തിന്റെ ആരാധനയാണ് നായക കഥാപാത്രത്തിന്റെ പേരിന് പിന്നിൽ എന്ന് പറയപ്പെടുന്നു. വിജയകാന്തിന്റെ സിനിമാ കരിയറിലെ ഒരു വൻ കുതിപ്പായിരുന്നു ക്യാപ്റ്റൻ പ്രഭാകർ എന്ന് നിസ്സംശയം പറയാനാകും.