വിജയകുമാർ ബ്ലാത്തൂർ
അരക്കിട്ടുറപ്പിക്കുക എന്ന ഭാഷാപ്രയോഗത്തിലെ അരക്ക് എന്താണെന്ന് അറിയാത്ത മലയാളികൾ ഉണ്ടാവാമെങ്കിലും എല്ലാവർക്കും ‘ഷെല്ലാക്’ എന്നത് കേട്ട് പരിചയമുള്ള വാക്കാണ് . എത്രയോ നൂറ്റാണ്ട് മുമ്പ് മുതൽ തന്നെ ലോകത്ത് പല നാടുകളിലും പല ആവശ്യങ്ങൾക്കായി കോലരക്ക് എത്തിക്കൊണ്ടിരുന്നത് ഇവിടെ നിന്നായിരുന്നു. ഒരുകാലത്ത് യൂറോപ്പിലേക്കും ചൈനയിലേക്കും സുഗന്ധ വ്യഞ്ജനങ്ങളുടെ കച്ചവടം പോലെ പ്രധാനമായിരുന്നു ഇതും. ഇന്നും പലതരത്തിലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഷെല്ലാക്കിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകർ ഭാരതം തന്നെയാണ്. ഇരുപതിനായിരം മെട്രിക്ക് ടൺ അരക്ക് ഓരോ വർഷവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ബിഹാര്‍, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസാ ജാർഖണ്ഡ് ,ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്. അവിടങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിലും വരുമാനവും കോലരക്ക് കൃഷിയും ശേഖരണവും ശുദ്ധീകരിക്കലും ഒക്കെയാണ്.
എങ്കിലും നമ്മുടെ നാട്ടിൽ പലരും സർക്കാർ ഓഫീസ് ഉദ്യോഗം കിട്ടിയും ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് എത്തുമ്പോഴും ഒക്കെ മാത്രമാണ് കോലരക്ക് നേരിട്ട് കാണുന്നത് തന്നെ . ചിലർ ശബരിമല നെയ് തേങ്ങ നിറച്ച് അടക്കാനും. ബാലറ്റ് പെട്ടിയും ദർഘാസുകളും ലോക്കറുകളും ജപ്തി ചെയ്ത വീടിന്റെ താഴും ഒക്കെ മറ്റാരും തുറന്നില്ല എന്ന് ഉറപ്പിക്കാൻ ചൂടാക്കി ഉരുക്കി ഉറ്റിച്ച് ഉറയ്ക്കും മുമ്പ് മുദ്ര പതിപ്പിച്ച് സുരക്ഷിതമായി സീൽ ചെയ്ത് വെക്കാൻ നീളമുള്ള അരക്ക് വേണമല്ലോ. ( സീൽ വെക്കുക എന്ന പ്രയോഗം അരക്ക് വെച്ച് അടക്കുന്നതിനാണ് പറയേണ്ടത് എങ്കിലും അധികാര മുദ്രയുള്ള സ്റ്റാമ്പ് മഷിയടയാളം പതിപ്പുക്കുന്നതിനും നമ്മൾ സീൽ എന്നു തന്നെയാണ് ഉപയോഗിക്കാറുള്ളത് )
മഹാഭാരതകഥയിൽ ഒരു അരക്കില്ലത്തേക്കുറിച്ച് പറയുന്നുണ്ട്. പാണ്ഡവരെ തീയിൽ പെടുത്തി ചതിച്ച് കൊല്ലാൻ ദുര്യോധനന്റെ നിർദേശാനുസരണം പുരോചനൻ എന്ന ശിൽപ്പി വാരണാവതത്തിൽ കോലരക്ക് കൊണ്ട് പണിത കൊട്ടാരം. വലിയൊരു കൊട്ടാരം പണിയാൻ എത്ര മാത്രം അരക്ക് വേണ്ടിവരും എന്നൊക്കെ ആ കഥകേട്ടപ്പോൾ ആലോചിച്ച്പോകും. Kerriidae കുടുംബത്തിൽ പെട്ട വളരെ കുഞ്ഞ് പ്രാണികൾ അതിന്റെ രക്ഷയ്ക്കായും മുട്ടവിരിയിക്കാനുള്ള കൂടായും ഉപയോഗിക്കാൻ തൊലിക്കടിയിലെ ഗ്രന്ഥികളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഒരു തരം റെസിൻ ( കറ ) ആണ് ഇത്. വായുവുമായി സമ്പർക്കപ്പെടുമ്പോൾ ഉറച്ച് പ്രാണിക്ക് ചുറ്റും ഒരു കവചമായി മാറുന്നതാണ് നമ്മൾ പറയുന്ന അരക്ക്. വാഭാഗത്തും പിൻഭാഗത്തും ശ്വസനക്കുഴലുകളുടെ തുറക്കുന്ന അഗ്രത്തിലും ഒക്കെ ഈ കറയ്ക്ക് പകരം മെഴുക് ഗ്രന്ഥികളിൽ നിന്നുള്ള മെഴുക് ഉള്ളതിനാൽ അതിന് അപകടം ഒന്നും പറ്റുകയും ഇല്ല. ഈ കറക്കൂടിനുള്ളിൽ മരനീര് വലിച്ച് കുടിക്കലും ജീവിതവും ഒക്കെ കുശിയായി നടക്കും. കശുമാവിന്റെ തടിയിൽ നിന്ന് ഊറുന്ന പശകളും കുന്തിരിക്കവും റബ്ബറും ഒക്കെ പോലെ മരക്കറകൾ പലതുണ്ടെങ്കിലും ജീവികൾ ഉത്പാദിപ്പിക്കുന്ന കറകൾ അധികം ഇല്ലല്ലോ. അതിൽ ഏറ്റവും പ്രധാനം ആണ് അരക്ക്.
കിഴക്കനേഷ്യയാണ് ഈ പ്രാണികളുടെ ജന്മദേശം. പൂവം, ഇരുൾ, പ്ലാശ് , ഇലന്ത തുടങ്ങിയ നാനൂറോളം സസ്യങ്ങളുടെ ഇളം തണ്ടുകളിൽ ജീവിക്കുന്ന അരക്ക് പ്രാണികൾ ആണ് കോലരക്ക് ഉത്പാദിപ്പിക്കുന്നത്. ലക്ഷക്കണക്കിന് പ്രാണികൾ കമ്പുകളിൽ പിടിച്ച് നിന്ന് നീരൂറ്റുന്നുണ്ടാകും. ഒരു കിലോഗ്രാം കോലരക്ക് ഉണ്ടാകാൻ അൻപതിനായിരം മുതൽ മൂന്നു ലക്ഷം വരെ എണ്ണം പ്രാണികൾ വേണ്ടിവരും. സംസ്കൃതത്തില്‍ ‘ലക്ഷം പ്രാണികളെ പോറ്റുന്ന വൃക്ഷം’ എന്ന അര്‍ഥത്തില്‍ പ്ലാശിന്നു ‘ലക്ഷതരു’ എന്നു പേരുണ്ട്. അതില്‍ നിന്നാണത്രെ അരക്കിന് ‘ലാക്ഷ’ എന്നു പേരു ലഭിച്ചത്. ഇംഗ്ലീഷിലെ ‘ലാക്’ എന്ന പദം സംസ്കൃതത്തിലെ ലക്ഷം എന്ന പദത്തിന്റെ തദ്ഭവമാണ്. ലാക് ഇൻസെക്റ്റ് എന്ന് ഈ പ്രാണികളേയും ഷെൽ ലാക് എന്ന് അതുത്പാദിപ്പിക്കുന്ന കറയേയും വിളിക്കാൻ തുടങ്ങിയത് അങ്ങിനെയാണ്.
ലാക്കിഫര്‍ ലാക്ക (Laccifer Lacca) കെരിയ ലാക്ക (Kerria lacca) എന്നൊക്കെ പേരുള്ള അരക്ക് പ്രാണിയേയും ഇതുണ്ടാകുന്ന അരക്ക് ശേഖരിച്ച് ഉപയോഗിക്കാനും വളരെ പണ്ട് മുതലേ നമുക്ക് അറിയാം. വസ്ത്രങ്ങൾക്ക് നിറം നൽകാനുള്ള ഡൈ ആയാണ് ഇത് ആദ്യം മറ്റ് നാടുകളിലേക്ക് പോയത്. പിന്നീട് പെയിന്റുകളിൽ ഉപയോഗിക്കാൻ യൂറോപ്പിൽ എത്തി. ആഭരണങ്ങൾ നിർമ്മിക്കാനും സൗന്ദര്യ വസ്തുക്കൾ ഉണ്ടാക്കാനും ലോഹവും തടിയും കൊണ്ടുള്ള ഉപകരണങ്ങളും ഫർണിച്ചറുകളും പലക പാകിയ തറയും മറ്റും മിന്നിത്തിളക്കാനും ഇതുപയോഗിച്ചിരുന്നു. വാർണീഷുകൾ പെയിന്റുകൾ എന്നിവയിൽ അടിസ്ഥാന പദാർത്ഥമായി അരക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക്ക് ഉപകരണങ്ങളുടെ വരവോടെ ഇൻസുലേറ്റർ ആയും , ഗ്രാമഫോൺ റിക്കോഡുകൾ നിർമിക്കാനും ഇത് ഉപയോഗിച്ചു.1921 മുതൽ 1928 വരെയുള്ള കാലം യൂറോപ്പിൽ 260 ദശലക്ഷം ഗ്രാമഫോൺ റിക്കോഡുകൾ നിർമിക്കാൻ മാത്രം പതിനെട്ടായിരം ടൺ കോലരക്ക് ഉപയോഗിച്ചിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി എഴുപതുവരെയും ഗ്രാമഫോൺ റിക്കോഡുകൾ നിർമിക്കാൻ ഇതുപയോഗിച്ചിരുന്നു. സിന്തറ്റിക് പോളിമറുകളുടെ ആവിർഭാവത്തോടെയാണ് കോലരക്ക് ഇത്തരം നിർമാണങ്ങളിൽ നിന്നും പിറകോട്ട് പോയത്. പലതരം മരുന്നുകൾ നിർമിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ലാക്ഷാദിതൈലം പോലുള്ള ആയുർവേദ മരുന്നുകൾ ഇത് ചേർത്താണ് നിർമിക്കുന്നത്.
കാപ്സ്യൂളുകൾ ഗുളികകൾ എന്നിവയുടെ പുറം മിനുക്കാനും കോട്ടിങ്ങുകൾക്കും കോലരക്ക് ഉപയോഗിക്കുന്നുണ്ട്. ആപ്പിളും നാരങ്ങയും ഒക്കെ ദീർഘനാൾ കേടുവരാതെ സൂക്ഷിക്കാൻ വാക്സ് ചെയ്യുന്നതിന് അരക്ക് ആണ് ഉപയോഗിക്കുന്നത്. പല തരം മിഠായികൾക്കും മറ്റും തിളക്കം കൂട്ടാൻ ഇത് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഈ പ്രാണിയുടെ കറ രുചിക്കാത്ത ആരും ഭൂമിയിലെ നഗരങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യത ഇല്ല.
വടക്കെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും ഗ്രാമങ്ങളിൽ .ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇപ്പോഴും പ്രധാന വരുമാനം അരക്ക് പ്രാണികളെ വളർത്തി അരക്ക് ശേഖരിച്ച് സംസ്കരിക്കുന്നതിൽ നിന്ന് കിട്ടുന്നതാണ്.വളരെ ചെറിയ ഈ പ്രാണിയുടെ പെണ്ണിനങ്ങൾ മുട്ടയിട്ട് വിരിഞ്ഞ് ഉണ്ടാകുന്ന അര മില്ലീമീറ്ററോളം മാത്രമുള്ള ചുവപ്പ് നിറമുള്ള കുഞ്ഞ് നിംഫുകൾ മൂന്നു പ്രാവശ്യം ഉറപൊഴിച്ചാണ് പ്രായപൂർത്തിയാവുക. മുട്ട വിരിഞ്ഞിറങ്ങുന്ന ഒന്നാം ഘട്ടത്തെ ക്രൗളേർസ് എന്നാണ് വിളിക്കുക. ഇങ്ങനെ പതിനായിരക്കണക്കിന് എണ്ണം ഒരു കുഞ്ഞ് കൊമ്പിൽ തന്നെ ഉണ്ടാകും . ഈ സമയം ഈ കുഞ്ഞുങ്ങൾ മരക്കമ്പുകളിൽ ഓടിപ്പിടിച്ച് നിന്ന് വദനഭാഗം കുത്തിയിറക്കി ഫ്ലോയം സാപ്പ് നീരൂറ്റിക്കുടിച്ചാണ് വളരുക. ഒന്നുരണ്ട് ദിവസം കൊണ്ട് നിംഫുകൾ തൊലിക്കടിയിലെ ഗ്രന്ഥികളിൽ നിന്നും കറപോലുള്ള കൊഴുത്ത അരക്ക് ദ്രവം പുറപ്പെടുവിക്കാൻ തുടങ്ങും. ഇത് അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉറക്കും. അരക്കിനാൽ നിംഫ് പൊതിയപ്പെടും . പിന്നെ അതിനുള്ളിൽ കഴിഞ്ഞാണ് നീരൂറ്റൽ. ഒന്നാമത്തെ ഉറപൊഴിയലോടെ ആണിനും പെണ്ണിനും കാലുകളും കണ്ണും ഒക്കെ നഷ്ടമാകും.
പിന്നീടുള്ള ഉറപൊഴിക്കലിൽ ആണിനും പെണ്ണീനും രൂപം വ്യത്യസ്തമാകും. വളർച്ച പൂർത്തിയാകുമ്പോൾ ആണിന് വലിച്ച് കുടിക്കാനുള്ള വദനഭാഗങ്ങൾ നഷ്ടമാകുമെങ്കിലും പുതുതായി ആന്റിനയും ചിറകും ഒക്കെ ഉണ്ടാകും. പെൺ പ്രാണിയ്ക്ക് വലിച്ച് കുടിക്കാനുള്ള സംവിധാനം ഒഴികെ എല്ലാം നഷ്ടമാകുകയാണ് ചെയ്യുക. അത് പറ്റി നിൽക്കുന്ന സ്ഥലത്ത് നിന്നും പിന്നെ ജീവിതാവസാനം വരെ എങ്ങും പോകുകയില്ല. അതിനാൽ ചിറകോ ശരിയ്ക്കുള്ള കാലോ കണ്ണോ ഒന്നും ആവശ്യവും ഇല്ലല്ലോ. അര സെന്റീമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ളതും സബർജിൽ പഴത്തിന്റെ ആകൃതിയുള്ളതുമാണ് പെൺ പ്രാണി. തല ഉരസ് ഉദരം എന്നൊക്കെ ശരീരത്തെ വേർതിരിക്കാനൊന്നും പറ്റുന്ന വിധം അല്ല രൂപം. തലയിൽ ഒരുജോഡി നാമ മാത്രമായ ആന്റിനകളുണ്ടാകും. തുരക്കാനും വലിച്ച് കുടിക്കാനും സഹായിക്കുന്ന വദനഭാഗം ഉണ്ട്. ചലിക്കാനൊന്നും കഴിയാതെ , ധാരാളം മുട്ടകൾ ശരീരത്തിൽ കരുതാൻ മാത്രം വലിപ്പം വെക്കും. ഈ സമയമത്രയും പെൺ പ്രാണി നിർത്താതെ അരക്ക് സ്രവിപ്പിച്ച്കൊണ്ടിരിക്കും. അതിനാൽ പെൺ പ്രാണികളാണ് അരക്ക് ഭൂരിഭാഗവും ഉണ്ടാക്കുന്നത് എന്ന് പറയാം. ചുവപ്പ് നിറമുള്ള ആൺ പ്രാണികൾ പെണ്ണിലും വളരെ ചെറുതാണ്. ഒന്നര മില്ലീ മീറ്ററിലും താഴെ മാത്രമാണ് വലിപ്പം ഉണ്ടാകുക. കൂട്ടിൽ നിന്നും പുറത്തിറങ്ങിയ ആൺ പ്രാണി ഇണയേത്തേടി നടന്ന് കണ്ട്പിടിച്ച് ഇണചേരും. ഇണചേരലോടെ ആൺ പ്രാണി ചത്ത് പോകും.
ഓവോ വിവിപാരസ് സ്വഭാവം ഉള്ളവരാണിവർ അതിനാൽ പെൺ പ്രാണി ഉള്ളിൽ നിന്നുതന്നെ ഭ്രൂണ വളർച്ച പൂർത്തിയാക്കിയ ശേഷം ആണ് അരക്ക് സെല്ലിനുള്ളിൽ മുട്ടയിടുന്നത്. ഇത്തരത്തിൽ 300-1000 മുട്ടകൾ ഏഴു മുതൽ പത്ത് വരെ ദിവസങ്ങൾ കൊണ്ടാണ് ഇടുക. വിരിഞ്ഞിറങ്ങുന്ന ചുവപ്പ് നിറമുള്ള നിംഫുകൾ കുറച്ച് നേരം അമ്മയുടെ കവചത്തിനുള്ളിൽ കഴിയും എങ്കിലും ഉടൻ പുറത്തിറങ്ങി നീര് വലിച്ച് കുടിക്കാൻ പതമുള്ള ഇളം ചില്ലകൾ തേടി നടത്തം ആരംഭിക്കും. ഇങ്ങനെ പതിനായിരക്കണക്കിന് നിംഫുകൾ മഴപ്പാറ്റകൾ ഒന്നിച്ചിറങ്ങും പോലെ കൂട്ടമായാണ് യാത്രതുടങ്ങുക. സ്വാമിങ്ങ് എന്നാണ് ഇതിനും പറയുക. ഇത്തരത്തിൽ ഒരു വർഷം രണ്ട് തലമുറ അരക്ക് പ്രാണികൾ ഉണ്ടാകും.
അരക്ക് പറ്റി പിടിച്ചിരിക്കുന്ന ചെറു ശിഖരങ്ങൾ മുറിച്ചെടുത്താണ് അരക്ക് ശേഖരിക്കുന്നത്. പ്രാണിയുടെ ശരീരത്തിനുള്ളിലെ രക്തസമാനമായ ഹീമോ ലിംഫ് ആണ് കറയിലേതിലും കൂടുതൽ നിറമുള്ളത്. അതിനാൽ ഡൈകൾ നിർമ്മിക്കാനുള്ള ആവശ്യത്തിനുള്ള അരക്കാണ് വേണ്ടതെങ്കിൽ അവയെ ഒഴിവാക്കാതെ കറയോടൊപ്പം വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യുക.