Travel
ഹായ്.. എന്തു വിസ്മയമാണ് ഈ ചിറാപൂഞ്ചി … നമുക്കും പോകാം വായനയിലൂടെ ഒരു യാത്ര
തുള്ളിക്കൊരു കുടമെന്നപോലെ കർക്കടകപ്പേമാരി ക്ലാസ്സിനു പുറത്തു തിമിർത്തുപെയ്യുകയാണ്. നാലാം ക്ലാസ്സിൽ കുഞ്ഞിരാമൻ മാഷ് മഴയുടെ ഇരമ്പലിനും മീതെ ഒച്ച കൂട്ടി ഉറക്കെപ്പറഞ്ഞു
1,833 total views

വിജയകുമാർ ബ്ലാത്തൂർ
തുള്ളിക്കൊരു കുടമെന്നപോലെ കർക്കടകപ്പേമാരി ക്ലാസ്സിനു പുറത്തു തിമിർത്തുപെയ്യുകയാണ്. നാലാം ക്ലാസ്സിൽ കുഞ്ഞിരാമൻ മാഷ് മഴയുടെ ഇരമ്പലിനും മീതെ ഒച്ച കൂട്ടി ഉറക്കെപ്പറഞ്ഞു. “ആസാമിലെ ചിറാപുഞ്ചിയിലാണു ലോകത്ത് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്.’ ആസാമെന്നാൽ എവിടെയാണെന്ന് ഒരു പിടിയുമില്ലാതിരുന്ന എന്റെ മനസ്സിൽ ചിറാപുഞ്ചിയിലെ മനുഷ്യരെക്കുറിച്ചോർത്തു വല്ലാത്ത സങ്കടം നിറയുകയായിരുന്നു. രാവും പകലും നിർത്താതെ മഴ പെയ്യുന്ന നാട് ! എന്റമ്മോ!
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അസം വിഭജിച്ചു പുതിയ സംസ്ഥാനം ഉണ്ടായപ്പോൾ ചിറാപുഞ്ചി മേഘാലയിലായി കിഴക്കൻ ഖാസിക്കുന്നുകളിൽപ്പെട്ട പ്രദേശമാണ് ചിറാപുഞ്ചി. ആദിവാസി ഗോത്രപ്രദേശമായ സൊറയെ ബ്രിട്ടീഷുകാരാണു ചുറ എന്നും ചുറാപുഞ്ചി എന്നുമൊക്കെ വിളിച്ചു പേരുമാറ്റിയത്. നാരങ്ങയുടെ നാട് എന്നാണർത്ഥം.ഇപ്പോൾ ഈ സ്ഥലത്തിന്റെ പേരു വീണ്ടും സൊറ എന്നുതന്നെയാക്കീട്ടുണ്ട്. എന്നാലും പുറംനാട്ടുകാർ ഇപ്പോഴും ചിറാപുഞ്ചിയെന്നു തന്നെ വിളിക്കുന്നു. 1861 ജൂലൈയിലാണ് ഇവിടെ ഏറ്റവും വലിയ മഴ പെയ്തത്. 9300 മില്ലിമീറ്റർ!
മഴ ലഭിക്കുമ്പോൾ ചിറാപുഞ്ചിയിൽ പെയ്യുന്ന മഴ 11777 മില്ലീമീറ്ററാണ്. ആർത്തുപെയ്യുന്ന ഇടവപ്പാതിയിൽ നമ്മുടെ നാട്ടിലെ മഴക്കാടുകളിലൂടെ നടക്കുമ്പോൾ പേടിയും സന്തോഷവും മനസ്സിൽ ഒന്നിച്ചു നിറയും. ആടിയുലയുന്ന വൻമരങ്ങൾ മഴനനഞ്ഞു കിടക്കും. ഇരുളും കുളിരും ഒക്കെക്കൂടി വല്ലാത്തൊരു നിഗൂഢഭാവമാണപ്പോൾ കാടിന്.
മഴത്തുള്ളികൾ ഇലപ്പടർപ്പുകളിലൂടെ ഇടറിത്തെറിച്ചു പതുപതുക്കെ വീഴുന്ന മഴയൊച്ച മനസിനെ കോരിത്തരിപ്പിക്കും. അങ്ങനെയുള്ള യാത്രകളിലൊന്നിലാണു ചിറാപുഞ്ചിയിലെ മഴ വീണ്ടും മനസിലേക്കു വന്നത്. തോരാത്ത മഴയിലൂടെ അലഞ്ഞുനടക്കാനുള്ള കൊതി കലശലായപ്പോൾ കഴിഞ്ഞ സപ്തംബറിൽ ഷില്ലോങ്ങിലെത്തി. രാവിലെ കൂട്ടുകാർക്കൊപ്പം ഒരു ജീപ്പിൽ ചിറാപുഞ്ചിയിലേക്കു യാത്ര പുറപ്പെടുമ്പോഴും മനസിൽ മാമരക്കൂട്ടങ്ങൾക്കിടയിൽ നനഞ്ഞുകുതിർന്നു കുളിർത്തു കിടക്കുന്ന ഒരു സ്വപ്നഭൂമിയാണ് ഉണ്ടായിരുന്നത്. പക്ഷേ, എത്തിയതോ,പുൽപ്പരപ്പുകളും മൊട്ടക്കുന്നുകളും നിറഞ്ഞ ഒരു തരിശിടം. മഴയുടെലാഞ്ചനപോലുമില്ല. “ശ്ശെ’ എന്നു മനസ്സിൽ പറഞ്ഞു. ഉറപ്പു കുറഞ്ഞ പാറകൾ തുരന്നു മണലുണ്ടാക്കുന്ന ഗ്രാമീണർ, അവ വിൽപ്പനക്കായി റോഡരികിൽ കൂട്ടിയിട്ടതുകാണാം.വലിയ ഡ്രില്ലറുകളും മറ്റും ഉപയോഗിച്ചു വ്യാപകമായി കുന്നുകൾ തുരക്കുന്ന വൻകിടക്കാരും ഉണ്ട്.
വെള്ളം പമ്പുചെയ്ത് ആ കരമണൽ കഴുകി വൃത്തിയാക്കുന്നുണ്ട്. ചുണ്ണാമ്പുപാറകളും ധാതുക്കളും ഇതേ മേൽത്തട്ടിൽ തന്നെയുള്ള കൽക്കരിയും ഒക്കെ കുഴിച്ചെടുക്കുന്ന കൊച്ചുഖനികൾ പരക്കെ കാണാം. ഇവിടെ നിന്നൊക്കെ ഒഴുകുന്ന കലക്കവെള്ളം പുൽപ്പരപ്പുകളിലൂടെ തെക്കോട്ടു പരന്നൊഴുകുന്നു. നൂറ്റാണ്ടുകളായി പെയ്യുന്ന മഴയിൽ മേൽമണ്ണിലെ പോഷകങ്ങളൊക്കെയും ഒഴുകിപ്പോയിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ സമതലപ്രദേശം കൃഷിക്ക് ഒട്ടും പറ്റിയതല്ല. മണ്ണിനു വെള്ളം ശേഖരിച്ചു വെയ്ക്കാനുള്ള കഴിവും കുറവ്.
മഴയില്ലാത്ത ദിവസം ഇവിടത്തുകാർ കുടിവെള്ളത്തിനായി കിലോമീറ്ററുകൾ നടക്കണം എന്നതു ഞെട്ടിപ്പിക്കുന്ന പുതിയ അറിവായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ജൈവസമ്പന്നമായ കാടുകളാണു മേഘാലയത്തിലേത്. ആയിരക്കണക്കിനു വർഷമായി വിശ്വാസത്തിന്റെ ഭാഗമായി ഗോത്രവിഭാഗങ്ങൾ സംരക്ഷിക്കുന്ന കന്യാവനങ്ങൾ കാവുകൾ എവിടെയും കാണാം. ബാക്കിയുള്ള കാടുകൾ കടന്നു
കയറ്റവും അനിയന്ത്രിതഖനനവും വഴി വർഷംതോറും നശിച്ചു ‘കൊണ്ടിരിക്കുകയാണ്. എങ്കിലും ‘70% പ്രദേശവും ഇപ്പോഴും വനംതന്നെ
‘ഇരപിടിക്കും സസ്യമായ Nepenthes khasiana ഖാസിക്കുന്നുകളിലാണ് ‘ആദ്യമായി കണ്ടെത്തിയത്. നിരവധി സപുഷ്പിസസ്യങ്ങൾ വളരുന്ന ഇവിടം വ്യത്യസ്തയിനം സസ്തനികൾ, കീടങ്ങൾ, പൂമ്പാറ്റകൾഎന്നിവയുടെ കേദാരം തന്നെയാണ്. 325 ഇനം ഓർക്കിഡുകളെയും ‘ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആന, കരടി തുടങ്ങിയ വന്യ ‘മ്യഗങ്ങളെക്കൂടാതെ ചുവന്ന ‘പാണ്ടയെയും ഇവിടെക്കാണാം. ഖാസിക്കുന്നുകളുടെ വിളുമ്പിലേക്കു നടന്നു. ഒറ്റ മഴ മേഘം പോലുമില്ല. കുട വണ്ടിയിൽത്തന്നെ വച്ചു. പ്രശസ്തമായ “നൊഖാലിക വെള്ളച്ചാട്ടം’ കാണേണ്ട കാഴ്ചയാണ്. താഴെ അപ്പോഴും മഴപെയ്യുന്നതു കാണാം. മീതെ മാത്രം കണ്ടു പരിചയമുള്ള മഴമേഘങ്ങൾ നമുക്കു താഴെക്കൂടെ നീങ്ങുന്നു. ഇരുണ്ട പച്ചപ്പിന്റെ താഴ്വാരം. മനസ്സുകുളിർത്തങ്ങനെ നിൽക്കുമ്പോൾ നിമിഷം കൊണ്ടു കാഴ്ചകൾ മറഞ്ഞു. മേഘങ്ങൾ
എന്നെയും ചുറ്റിവരിഞ്ഞു.
ചിതറിത്തെറിക്കുന്ന ഉഗ്രവർഷം! സ്വപ്നതുല്യമായ അനുഭവം. മഴ വന്നതുപോലെ പോയി. തൊട്ടുമുമ്പ് ഭീകരമായ മഴയുണ്ടായതിന്റെ തെളിവുപോലുമില്ലാതെ -മുകളിൽ ശുഭ്രാകാശം. തിളങ്ങുന്ന വെയിൽ. ദാ നിമിഷം കൊണ്ടു മഴ വീണ്ടുമെത്തുന്നു. രസകരംതന്നെ ഇവിടത്തെ മഴക്കളി. പെയ്ത മഴയുടെ വെള്ളമെല്ലാം നിമിഷം കൊണ്ടു പുൽപ്പരപ്പുകളിലെ നീർച്ചാലുകളിലൂടെ ഒഴുകി എത്തി ഈ മലമുകളിൽ നിന്നും കുത്തനെ ആയിരക്കണക്കിന് അടി താഴേക്കു പതിക്കുന്നു. അവിടെനിന്നും ബംഗ്ലാദേശിന്റെ സമതലങ്ങളിലേക്കു പുഴകളായി പരന്നൊഴുകുന്നു. ചിറാപുഞ്ചിയിൽ ഇങ്ങനെ മഴ പെയ്യാൻ കാര ണമെന്തായിരിക്കും?. ഭൂമിശാ
സ്ത്രപരമായ പ്രത്യേകതകൾ തന്നെയാണ് ഒരു കാരണം.
അമ്പതുദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഒഴുകി നടക്കുകയായിരുന്നല്ലോ നമ്മുടെ ഭൂഖണ്ഡങ്ങൾ. ഇന്ത്യൻ ഫലകം യൂറോപ്യൻ ഫലകത്തിലേക്ക് ഇടിച്ചു കയറിയപ്പോൾ ഉയർന്നുണ്ടായതാണു ഹിമാലയം എന്നാണു ശാസ്ത്ര കണ്ടെത്തൽ. (ആ ഇടിയുടെ ആഘാതം ഇപ്പോഴും തുടരുന്നുണ്ട്. ഓരോ വർഷവും ഹിമാലയം ഒരു സെന്റീമീ റ്റർ വച്ച് ഉയരുന്നുണ്ടത്രേ!)അന്നുണ്ടായ ഖാസിക്കുന്നുകളുടെ ചരിവു കുത്തനെയാണ്. ബംഗാൾ ഉൾക്കടലിൽ നിന്നു ജലബാഷ്പവുമായി വീശുന്ന കാറ്റ് ബംഗ്ലാദേശിലെ വിശാലമായ സമതലങ്ങളിലുടെ നാന്നൂറുകിലോമീറ്റർ കടന്ന് ഇവിടെ എത്തുമ്പോൾ പെട്ടെന്ന് 1350 മീറ്റർ ഉയരത്തിൽ കുത്തനെ തെക്കേ അതിരിൽ ചെങ്കുത്തായി ഖാസിക്കുന്നുകൾ വഴിമുടക്കി നിൽക്കും. ഉയർന്നുപൊങ്ങുമ്പോഴുണ്ടാകുന്ന മർദ്ദക്കുറവുമൂലം ബാഷ്പം പെട്ടെന്നു ഘനീഭവിക്കുന്നു. നിരവധി മലയിടുക്കുകളിൽ ഒതുങ്ങിക്കിടക്കുന്ന ആ മഴമേഘങ്ങൾ പിറകൈവരുന്ന കാറ്റിൽ പെട്ടെന്ന് ഉയർത്തപ്പെടുകയും വീണ്ടും തണുത്തു മഴയായി തകർത്തു പെയ്യുകയും ചെയ്യും.
“ഓറോഗ്രാഫിക്ക് പ്രതിഭാസം’ എന്നാണ് കാലാവസ്ഥശാസ്ത്രജ്ഞർ ഈ അവസ്ഥയെ പറയുന്നത്. മൺസൂൺകാലത്ത് ഇവിടെ രാവിലെയാണു ശക്തമായ മഴപെയ്യുക. ബ്രഹ്മപുത്രാതടങ്ങളിൽ നിന്നുള്ള വടക്കുകിഴക്കൻ മൺസൂൺ കാറ്റും ഇന്ത്യൻ സമതലങ്ങളിലൂടെ വരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺകാറ്റും ഖാസിക്കുന്നുകളിൽ മുഖാമുഖം കൊമ്പുകോർക്കും. താഴ്വാരത്തു രാത്രികാലങ്ങളിൽ കുടുങ്ങി കിടക്കുന്ന മേഘങ്ങൾ പുലർച്ചെ സൂര്യന്റെ ചൂടു കൂടുമ്പോഴേ മുകളിലേക്ക് ഉയരുകയുള്ളു. അപ്പോഴാണ് തകർത്ത മഴ!
ലി കായ് സൊറയിൽ ജീവിച്ചിരുന്ന ഒരു പാവം സ്ത്രീയായിരുന്നു. അവരുടെ ആദ്യ പ്രസവം കഴിഞ്ഞ ഉടനെ ഭർത്താവ് മരിച്ചു – മകളെ വളർത്താൻ അവർ ഇരുമ്പ് ഖനികളിൽ കഠിന ജോലികൾ ചെയ്തു. പുനർവിവാഹത്തിനുശേഷം ലികായ് മകളെ കൂടുതൽ ശുശ്രൂഷിക്കുന്നത് പുതിയ ഭർത്താവിന് ഇഷ്ടമായില്ല.
അയാൾ ആ കുട്ടിയെ കൊന്നു പാകംചെയ്ത് ജോലികഴിഞ്ഞു തിരിച്ചുത്തിയ ലികായിയെക്കൊണ്ടു തീറ്റിച്ചു. കാര്യം തിരിച്ചറിഞ്ഞ ആ അമ്മ സമനിലതെറ്റി ചിറാപുഞ്ചിയിലെ വലിയവെള്ളച്ചാട്ടത്തിനു മുകളിൽനിന്നു താഴോട്ടു ചാടി ജീവിതം അവസാനിപ്പിച്ചുവത്രെ – ലികായ് ചാടിയത് എന്നർത്ഥത്തിൽ “നോകാലികായ്’ എന്നാണു പിന്നീട് നാട്ടുകാർ ആ വെള്ളച്ചാട്ടത്തെ വിളിച്ചത്. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കുത്തനെയുള്ള വെള്ളച്ചാട്ടമാണിത്. 340 മീറ്ററാണിതിന്റെ താഴ്ച. ‘മൗസ്മി വെള്ളച്ചാട്ട’മെന്നും ‘ഏഴുസഹോദരിമാർ ‘ എന്നും വിളിക്കുന്ന മനോഹരമായ മറ്റൊരു വെള്ളച്ചാട്ടം കൂടി ഇവിടെ ഉണ്ട്. 315 മീറ്റർ ഉയരത്തിൽ നിന്നു പടിപടിയായി ഇവ പരന്നൊഴുകുന്നു. ചിറാപുഞ്ചിയിൽ നിന്ന് ആറു കിലോമീറ്റർ ദൂരെ മൗസ്മി ഗുഹകളിലെത്തുമ്പോൾ എന്തായിരിക്കും ഗുഹക്കുള്ളിലെ കാഴ്ചകൾ എന്ന് അമ്പരപ്പുണ്ടായിരുന്നു.
ഹൃദ്രോഗമുള്ളവരും ശ്വാസം മുട്ടലുള്ളവരും ഗുഹയ്ക്കകത്തേക്കു കയറരുതെന്നു പുറത്ത് എഴുതിവച്ചിട്ടുണ്ട്. ഗുഹയ്ക്കകത്തു വായുസഞ്ചാരം വളരെക്കുറവായതാണത്രേ കാരണം. സാൻഡ്സ്റ്റോണും ചുണ്ണാമ്പുകല്ലും
ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ അലിഞ്ഞുനീങ്ങി ഉണ്ടായതാണ് അതിസങ്കീർണ്ണമായ ഇത്തരം ഗുഹകൾ. മേഘാലയത്തിൽ അഞ്ഞൂറിലധികം ഇത്തരം ഗുഹകൾ ഉണ്ട്. പല ഗുഹകളിലും മനുഷ്യർക്ക് എത്തിപ്പെടാനേ പറ്റിയിട്ടില്ലത്രേ. ഫലകചലനസിദ്ധാന്തത്തെയും ഹിമാലയത്തിന്റെ ജന്മരഹസ്യങ്ങളെയും വിശദീകരിക്കാനാവുന്ന ഏറെ തെളിവുകൾ ഈ ഗുഹയ്ക്കകത്തുണ്ട്. പണ്ടിതു കടൽത്തട്ടുകളായിരുന്നു എന്നു തെളിയിക്കുന്ന നിരവധി ഫോസിലുകൾ ഇതിൽ നിന്നും ലഭിച്ചിട്ടുണ്ട്. കടലിനടിയിലെ പവിഴപ്പുറ്റുകളുടെ ഫോസിലുകൾ ഈ ചുണ്ണാമ്പുപാറകൾക്കടിയിൽ കാണാം. ഇരുളിൽ ഇറ്റുവീഴുന്ന വെള്ളത്തിലൂടെ ഇഴഞ്ഞും നടന്നും നീന്തിയുമൊക്കെ നൂറ്റിയമ്പതു മീറ്ററോളം ദൈർഘ്യമുള്ള ഈ
ഗുഹയിലൂടെ സഞ്ചരിക്കണം.
അപ്പുറത്തെ കാട്ടിലേക്കു തുറക്കുന്ന ഗുഹാമുഖത്തേക്കെത്തുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാനാവില്ല.അപ്പോൾ ചുണ്ണാമ്പുപാറകളിൽ നിന്ന് ഇറ്റുവീണ വെള്ളം കുതിർത്ത തറയിലേക്ക് ആർത്തു പെയ്യാൻ ഒരു മഴകൂടി കാത്തു നിൽക്കു ന്നുണ്ടായിരുന്നു. മഴമേഘങ്ങളുടെ ഈ സ്വർഗഭൂമിയിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവില്ല. ഇടക്കത് മഴ പോലെ മനസ്സിൽ പെയ്തുകൊണ്ടേ ഇരിക്കും –
1,834 total views, 1 views today