Share The Article

Vijayakumar Blathur എഴുതുന്നു 
Vijayakumar Blathur
Vijayakumar Blathur

മോഹൻ ദാസ് കരംചന്ദ് ഗാന്ധിക്ക് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് മുമ്പ് 1888 ൽ കസ്തൂർബയിൽ പിറന്ന മകനാണ് ഹരിലാൽ. അന്ന് ഗാന്ധിക്ക് 18 വയസേ ഉള്ളു. ഗാന്ധി വിദേശത്ത് പഠിക്കുന്ന കാലമത്രയും ആ കുട്ടി അമ്മയുടെ ഒപ്പം ഇന്ത്യയിലായിരുന്നു.. പിന്നീട് 3 അനിയന്മാർ കൂടി ഹരിലാലിന് ഉണ്ടായി. പഠനത്തിൽ അത്ര മികച്ച കഴിവില്ലാതിരുന്നെങ്കിലും ഹരിലാൽ ഇരുപത് വയസായപ്പോഴേക്കും ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത് ആറു തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട് – അന്നയാൾക്ക് ‘കുട്ടി ഗാന്ധി ‘ എന്ന വിളിപ്പേരും ഉണ്ടായിരുന്നു. അച്ഛനേപ്പോലെ ഇംഗ്ലണ്ടിൽ പഠിച്ച് ബാരിസ്റ്റർ ആകണം എന്നായിരുന്നു ഹരിലാലിന്റെ സ്വപ്നം. പക്ഷെ ഗാന്ധി സ്വന്തം ആശയങ്ങളുടെ തടവിലായിരുന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസം കിട്ടിയാൽ അവരോട് സമരം ചെയ്യാൻ ഇന്ത്യൻ യുവാക്കൾ വിമുഖരാകും എന്ന വിശ്വാസത്തിൽ അദ്ദേഹം ഉറച്ച് നിന്നു. തന്റെ ആഗ്രഹങ്ങൾക്ക് എതിരായി നിന്ന പിതാവുമായി. ഹരിലാൽ സംഘർഷത്തിലായി. ഗാന്ധിജി രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തിരക്കുകളിലായിരുന്നു. ഇന്ത്യ യായിരുന്നു അദ്ദേഹത്തിന് കുടുംബം. മക്കളെ ശ്രദ്ധിക്കാനോ കേൾക്കാനോ സമയം ഉണ്ടായിരുന്നില്ല. 1911 ൽ 23 വയസിൽ ഹരിലാൽ കുടുംബവുമായി അകന്നു. റിബൽ ജീവിതം ആരംഭിച്ചു. ഇതിനിടയിൽ ഗുലാബ് എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. അഞ്ച് കുട്ടികൾ ഉണ്ടായി 2 പേർ കുഞ്ഞായപ്പോൾ തന്നെ മരിച്ചു. – രോഗിയായ ഗുലാബ് മരിച്ചതിൽ പിന്നെ ഹരിലാൽ കുഞ്ഞുങ്ങളേയും തിരിഞ്ഞ് നോക്കിയില്ല. ഗുലാബിന്റെ സഹോദരിക്കൊപ്പവും ജീവിച്ചു. മദ്യപാനവും ചൂതാട്ടവും , വേശ്യാലയങ്ങളിലെ സ്ഥിരം സന്ദർശനവും ഒക്കെയായി അരാജക ജീവിതമായിരുന്നു പിന്നീട്. – നാൽപ്പത്തി എട്ടാം വയസിൽ 1936ൽ ഗാന്ധിജിയോടുള്ള അമർഷം കൊണ്ട് കൂടി ഇസ്ലാമിൽ ചേരുന്നു എന്ന് പ്രഖ്യാപിച്ചു. പേര് അബ്ദുള്ള ഗാന്ധി എന്നാക്കി എങ്കിലും പിന്നീട് കസ്തൂർബ അപേക്ഷിച്ചതിനാൽ ആര്യസമാജം വഴി ഹിന്ദുമതത്തിലേക്ക് തിരിച്ചു വന്നു – പേര് ഹിരലാൽ എന്നാക്കി . . ഗാന്ധി മരിച്ചപ്പോൾ സംസ്കാരസ്ഥലത്ത് മദ്യപിച്ച് എത്തിയ ഹരിലാലിനെ ആർക്കും തിരിച്ചറിയാനായില്ല – നാലു മാസം കഴിഞ്ഞ് ബോംബേയിൽ കമാട്ടി പുരയെന്ന ചുവന്ന തെരുവിൽ അബോധാവസ്ഥയിൽ അനാഥനായി വീണു കിടന്ന ഹരിലാലിനെ മുനിസിപ്പാലിറ്റിക്കാർ അവിടുത്തെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ – ഗാന്ധിജിയുടെ മുത്ത മകനാണ് എന്ന് ഒരാളോടും പറഞ്ഞില്ല. അവിടെ കിടന്ന് ആജ്ഞാതനായി മരിച്ചു. ക്ഷയവും, മഹോദരവും, സിഫിലിസും – കൂടിയുണ്ടായിരുന്നു അയാൾക്ക് മരണത്തിന് കൂട്ടായി .

പിതാവു പുത്രനോ പുത്രൻ പിതാവിനോ മറുപടി അല്ല. ഉത്തരവാദിയും അല്ല എന്ന് പറയാമോ എന്ന് അറിയില്ല –

ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.