ഇതേ പോക്ക് പോയാൽ കോവിഡ് 19 നമ്മളേയും കൊണ്ടേ പോവു

51

Vijayakumar Blathur

ആശങ്ക മാത്രമല്ല പേടിയും കലശലായുണ്ട്

ഒരു കാര്യത്തിൽ ഇനി ഒരു സംശയവും ആർക്കും വേണ്ട . ഇതേ പോക്ക് പോയാൽ കോവിഡ് 19 നമ്മളേയും കൊണ്ടേ പോവു. വാക്സിനോ കൃത്യമായ മരുന്നുകളോ അറുന്നൂറു കോടി ആളുകൾക്കും നൽകി സുരക്ഷ ഉണ്ടാക്കാൻ അത്ര എളുപ്പകാലം കൊണ്ടൊന്നും പറ്റുകയും ഇല്ല. പറയുമ്പം ഒരു രസത്തിന് “കോവിഡിനൊപ്പം ജീവിക്കാൻ ” ഒരുങ്ങുക എന്നൊക്കെ പറയും. കേട്ടാൽ തോന്നും കൊറോണയെ കെട്ടിപ്പിടിച്ച് ലങ്കിമറിഞ്ഞ് മധുവിധു കൂടിക്കോളു എന്നാണ് പറയുന്നത് എന്നാണ്. ഏറ്റവും കുറഞ്ഞത് രണ്ട് മഴക്കാലം എങ്കിലും കഴിയാതെ നമ്മളൊരു അരുവും കരയും പിടിക്കില്ല. ഇതു വരെ ഉള്ള സർക്കാർ സംവിധാനങ്ങളും ശ്രദ്ധയും കോവിഡ് സെൻ്റ്റുകളിലെ ഊഷ്മള പരിചരണവും യാത്രയയപ്പും ഫോട്ടോ എടുപ്പും കണ്ട് ഇത്രയൊക്കല്ലേ ഉള്ളു എന്ന നിസാരതയും ഭയമില്ലായ്മയും പലർക്കും ഉണ്ടായിട്ടുണ്ട്.

കേസുകൾ നമ്മൾ കരുതുന്നതിലും ഏറെ ഏറെ ഇനി വർദ്ധിക്കും. അപ്പോൾ 108 ആമ്പുലൻസും കോവിഡ് സെൻ്ററും വിളിപ്പുറത്ത് കിട്ടില്ല. ഒണക്ക ആശുപത്രിയിൽ പോലും കിടക്കയുണ്ടാവില്ല – ഇന്നത്തെപ്പോലുള്ള സ്വീകരണവും പരിചരണവും കിട്ടാനും പോവുന്നില്ല. ആരോഗ്യ പ്രവർത്തകർക്ക് ഇതേ റേറ്റിൽ കോവിഡ് ബാധിച്ച് പോവുകയാണെങ്കിൽ ആശുപത്രി തന്നെ കാണില്ല. അതീവ ക്രിട്ടിക്കൽ ആയ ചെറുപ്പക്കാർക്കും കുട്ടികൾക്കും മാത്രമാവും ചികിത്സ. ബാക്കി കോവിഡ്കാർ വീട്ടിൽ കിടക്കും – കുറേയേറെ പേരും സാധാരണ പോലെ ജോലിക്ക് പോവും (അവർക്ക് കോവിഡ് ഉണ്ടെന്ന് അറിഞ്ഞിട്ട് വേണ്ടെ!) അത്രയും കാലം നമ്മുടെ ആശുപത്രികൾ നിറഞ്ഞ് കവിഞ്ഞ് സമ്പൂർണ സ്തംഭനത്തിലേക്ക് പോവാതെ നോക്കലാണ് പ്രധാനം. സമൂഹ വ്യാപനത്തിൻ്റെ വേഗത നിയന്ത്രിതമായി പിടിച്ച് നിർത്തിയേ പറ്റു. കാട്ടു തീ പോലെ പടർന്ന് സംഭവിച്ചാൽ പിന്നെ എന്താകും സ്ഥിതി എന്ന് ഊഹിച്ചാൽ മതി.

കോവിഡിനൊപ്പം ജീവിക്കുക – എന്ന പ്രയോഗം – ലളിത കാല്പനിക മധുര സങ്കല്പമായാണ് പലരും കരുതുന്നത്. വിഷ പാമ്പുകൾക്ക് ഒപ്പം ജീവിക്കാൻ ഒരുങ്ങുക എന്ന് പറഞ്ഞത് പോലെ വേണം അതിനെ മനസിലാക്കാൻ . ചുറ്റും പാമ്പുകളുള്ള ഇടത്ത് പാമ്പ് കടി ഏൽക്കാതെ എങ്ങനെ അതിജീവിക്കാം എന്ന് തയ്യാറെടുക്കും പോലെ – സാർസ്കോവ് 2 തൂണിലും തുരുമ്പിലും കാറ്റിലും നീറ്റിലും ഉണ്ടെന്ന് കരുതി കൊണ്ട് ശ്രദ്ധയോടെ രണ്ട് വർഷവും ജീവിക്കാൻ ഒരുങ്ങിക്കൊള്ളുക. ആവശ്യങ്ങൾ പരിമിതപ്പെടുത്തുക. വളരെ അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തും അകത്തും പൂർണ സമയം മാസ്ക് ധരിക്കുക. ഏതൊരു ആളും കോവിഡും കൊണ്ടാണ് നടക്കുന്നത് എന്ന പരസ്പര സംശയത്തോടെ അകലം പാലിച്ച് തന്നെ ജീവിക്കുക. ഷോപ്പിങ്ങ് , അനാവശ്യ മാർക്കറ്റ് സന്ദർശനം പൊതു പരിപാടികൾ, മത വിശ്വാസ-രാഷ്ട്രീയ- കുടുംബ ഒത്തുചേരൽ ചടങ്ങുകൾ ഒക്കെ പരിമിതപ്പെടുത്തുക. കഴിവതും ഒഴിവാക്കുക. കൈകൾ ഇടക്കിടെ വൃത്തിയാക്കുക- വായും മൂക്കും കണ്ണും മുഖവും കഴുകാത്ത വിരലുകൾ കൊണ്ട് തൊടുന്നത് നിർത്തുക. സ്പർശിച്ചുള്ള എല്ലാ അഭിവാദ്യങ്ങളും വേണ്ടെന്ന് വെക്കുക – ഒന്നര മീറ്റർ അടുത്തേക്ക് ഒരാളോടും ചേർന്ന് നിൽക്കാതിരിക്കുക

ന്യൂക്ലിയർ റിയാക്ടറുകളിൽ ചെയിൻ റിയാക്ഷൻ നിയന്ത്രണ വിധേയമായി പിടിച്ചു നിർത്താൻ കൺട്രോൾ റോഡുകൾ ഉപയോഗിക്കുന്നതു പോലെയാണ് മാസ്ക് മുതൽ സാമൂഹ്യ അകലം പാലിക്കൽ വരെയുള്ള ശ്രദ്ധകൾ അത്രയും – അതി സൂഷ്മതയോടെ വ്യാപനത്തെ നിയന്ത്രിച്ചില്ലെങ്കിൽ അത് ആറ്റംബോംബ് തന്നെയാകും നടക്കുന്ന കാര്യമല്ല എന്ന് മനസിൽ പറഞ്ഞു കഴിഞ്ഞോ നിങ്ങൾ? ബീവറേജിന് മുന്നിൽ ആക്രാന്തപ്പെട്ട് OTP കാത്ത് കുത്തിരിക്കുന്ന പുരുഷാരങ്ങളെ തന്നെ ചാനലുകൾ കാണിച്ച് കൊണ്ടേ ഇരിക്കൂ. വീട്ടിൽ തന്നെ ഇരിക്കുന്നവർക്ക് പേടി മാറട്ടെ -മനുഷ്യർക്ക് പ്രചോദനമാകട്ടെ – എങ്ങനെയാണ് കോവിഡിനൊപ്പം ജീവിച്ച് – പാമ്പിൻ്റെ വായിൽ കാൽ വെച്ച് കൊടുത്ത് – എങ്ങനെ എല്ലാവരേയും കൊലക്ക് കൊടുക്കാം എന്ന്.

എല്ലാവരും ബ്രേക് ദ ചെയിനും മറന്നു – സോപ്പിട്ട് കൈ കഴുകലും മറന്നു – സാനിറ്റൈസറും മറന്നു – ആർക്കോ വേണ്ടി എന്ന പോലെ പേരിന് പലരും ഒരു തുണിക്കഷണം വായ് പൊത്തിയോ താടി ചുറ്റിയോ അണിഞ്ഞിട്ടുണ്ട് – അതും മെല്ലെ ഇല്ലാതാവും.
( തകർന്നടിയാൻ പോകുന്ന സാമ്പത്തിക രംഗം, സൈക്ലിക്കായി മൂന്നു വർഷം കഴിയുമ്പോൾ പതിനായിരങ്ങളിലേക്ക് ഉയരുന്ന ഡങ്കു 2020 ൽ പണി തരാൻ ഒരുങ്ങി നിൽക്കുന്നു, മൺസൂൺ പ്രളയവും അണക്കെട്ട് തുറക്കലിലും കാത്തു നിൽക്കുന്നു, കൂടെ വെട്ടുക്കിളിക്കൂട്ടങ്ങൾ വടക്കേ ഇന്ത്യൻ വിളഭൂമികളിൽ വിളയാട്ടം നടത്തിയാൽ ഭക്ഷണക്കാര്യവും ഗോപിയാകും- അതിർത്തിയിൽ കുത്തിത്തിരിപ്പും കൊണ്ട് ചൈനയും പാക്കിസ്ഥാനും – ഞാഞ്ഞൂലായ നേപ്പാളും വരെ- ഫണമുയർത്തിക്കളി തുടങ്ങി –
ഗോമൂത്രവും അമേദ്യവും കൂട്ടിക്കുഴച്ച് ഔഷധമുണ്ടാക്കാൻ ഗവേഷിക്കുന്ന ചാണക ഭാരത ശാസ്ത്ര സംഘങ്ങൾ തലപ്പത്തും )
ആശങ്ക വേണ്ട! ജാഗ്രത മതിപോലും -എനിക്ക് ആശങ്ക മാത്രമല്ല പേടിയും കലശലായുണ്ട്.

Advertisements