Travel
ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു
മോഹൻജൊ ദാരോ എന്ന മോഹനമായ പേരിന്റെ കൗതുകവും സൗന്ദര്യവും ആണ് ചെറുപ്പത്തിൽ സാമൂഹ്യപാഠക്ലാസിൽ
1,756 total views

വിജയകുമാർ ബ്ലാത്തൂർ എഴുതിയത്
മോഹൻജൊ ദാരോ എന്ന മോഹനമായ പേരിന്റെ കൗതുകവും സൗന്ദര്യവും ആണ് ചെറുപ്പത്തിൽ സാമൂഹ്യപാഠക്ലാസിൽ ആദ്യം മനസിൽ കയറിക്കൂടിയത്. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളോടൊപ്പം ലോകം കൊണ്ടാടുന്ന സിന്ധുനദീതട മാഹസംസ്കാരത്തിന്റെ ഭാഗമായ ഈ നഗരത്തിന്റെ യഥാർത്ഥ പേര് ഇന്നും അജ്ഞാതമാണ്. എന്നെങ്കിലും സിന്ധു നദീ തട സംസ്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന ആ അത്ഭുത ഭൂമി നടന്ന് കാണുകയെന്നത് എന്റെ വലിയ ആശയായിരുന്നു. 4600 വർഷം മുമ്പ്- ചാഞ്ഞ് വെയിൽ പതിയുന്ന ഒരു സന്ധ്യയിൽ ആ നഗര വഴികളിലൂടെ സൈന്ധവർക്കൊപ്പം ഞാൻ നടന്നു നീങ്ങുന്ന ഒരു ഭ്രാന്തൻ സ്വപ്നം ഇടക്കൊക്കെ കാണും.
ഒരിക്കലും മോഹൻജൊ ദാരോ യിൽ ഞാൻ എത്തില്ല എന്ന സങ്കടത്തിലാഴുന്ന നേരത്താണ് ലോഥലിനെയും ധോളാവീരയേയും കുറിച്ച് കേൾക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ സരഗ്വാല ഗ്രാമത്തിനടുത്താണ് ലോഥൽ എന്ന ഇന്ത്യൻ ‘മോഹൻജൊ ദാരോ‘ – ഗുജറാത്തി ഭാഷയിൽ ‘ലോഥ് – തൽ‘ എന്ന വാക്കിന്റെ അർത്ഥം ‘മരിച്ചവരുടെ കുന്ന്‘ എന്നു തന്നെയാണ്. 1954 ൽ എസ്.ആർ.റാവുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണങ്ങളാണ് സൗരാഷ്ട്രൻ മുനമ്പിൽ സബർമതി നദിയുടെ വറ്റിയ കൈവഴികളുടെ കരയിലെ മണ്മറഞ്ഞുകിടന്ന പട്ടണം ലോകത്തിന് കാട്ടിക്കൊടുത്തത്. 400 മീറ്റർ നീളവും 300 മീറ്റർ വീതിയിലുമുള്ള ഈ കേന്ദ്രത്തിനു ചുറ്റും വെള്ളപ്പൊക്കം തടയായാനായി 13 മീറ്റർ കനത്തിലുള്ള മൺകട്ടകൾ കൊണ്ടു പണിത മതിൽ ഉണ്ടായിരുന്നു. മോഹൻജൊ ദാരോ, ഹാരപ്പ, കാലിബംഗാൻ തുടങ്ങിയവയുടെ അതേ രീതിയിൽ സംവിധാനപ്പെടുത്തിയ ജനപദമായിരുന്നു ഇവിടവും. ക്രമത്തിൽ നിരനിരയായുള്ള കെട്ടിടങ്ങളും ഇടയിലൂടെയുള്ള നീളൻ പാതകളും, അവയ്ക്ക് വിലങ്ങനെയുള്ള നിരവധി ക്രോസ് റോഡുകളും ഉള്ള അത്ഭുതകരമായ നഗരാസൂത്രണം. ശുദ്ധ ജലത്തിനുള്ള കിണറുകൾ, ശൗചാലയങ്ങൾ, അഴുക്കു ചാലുകൾ എന്നിവയുടെ സാന്നിദ്ധ്യം. കോട്ട, കച്ചവടകേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ, എന്നിങ്ങനെ വിവിധ ബ്ളോക്കുകളായുള്ള തരം തിരിക്കുന്ന രീതിയും ഒക്കെ ഇവയുടെ പ്രത്യേകതയാണ്.
ബി.സി.2500 മുതൽ ബി. സി. 1300 വരെയായിരുന്നു ലോഥലിന്റെ സുവർണ്ണ കാലം. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള ഡക്ക് ഇവിടെ ആണുള്ളത്. ജലയാനങ്ങൾക്ക് തമ്പടിക്കാനും, ചരക്കുകൾ കയറ്റി ഇറക്കാനും സൗകര്യമുള്ള ഇടം. നാലു ഭാഗവും ഭംഗിയായി ചുട്ട ഇഷ്ടികകൾ കെട്ടി ബലപ്പെടുത്തി 218 മീറ്റർ നീളവും 37 മീറ്റർ വീതിയുമുള്ള കൃത്യമായ ചതുരവടിവിൽ പണിത ഡൊക്ക്. വെള്ളം പുറത്തേക്ക് ഒഴുക്കികളയാനും പിടിച്ച് നിർത്താനും ഉള്ള സംവിധാനങ്ങൾ അവർക്ക് ഉണ്ടായിരുന്നു.. ആ കാലത്തെ വികസിത സംസ്കാരങ്ങളായ ഈജിപ്തിൽ നിന്നും മെസപ്പൊട്ടോമിയയിൽ നിന്നും കപ്പലുകൾ വേലിയേറ്റ സമയങ്ങളിൽ സബർമതിയുടെ കൈവഴിയിലൂടെ പ്രത്യേക ചലുകൾ കടന്ന് ഈ ഡൊക്കിലെത്തി കാത്തുകിടന്നു. അരികിലായി നാലു മീറ്റർ ഉയരത്തിൽ ഇഷ്ടികകൊണ്ട് പണിത പോഡിയം . 64 ബ്ലോക്കുകളുള്ള നീളൻ പാണ്ടികശാല. അതിനും വടക്കായി ഉയർന്ന തലത്തിൽ നഗരാധിപന് സർവ്വവും നിരീക്ഷിക്കാനാകും വിധമുള്ള താമസസ്ഥലം, തുടർന്ന് കീഴ്പട്ടണം- ആഭരണ നിർമ്മാണ ശാലകൾ- ദൂരെയായി ശ്മശാനം. ലോകത്തിലെ ആഭരണങ്ങളുടെ കുത്തക നിർമ്മാണവും വിൽപ്പനയും ആയിരുന്നു ഇവിടത്തെ പ്രധാന പ്രത്യേകത. ചുട്ടെടുത്ത കളിമണ്ണ്കൊണ്ടും, വിലപിടിപ്പുള്ള തിളക്കക്കല്ലുകളാലും, കല്ലകൾ കോർത്തും ആഭരണങ്ങൾ പണിയാൻ ഇവർ സമർത്ഥരായിരുന്നു. ലോഥലിലെ മ്യൂസിയത്തിൽ ഇവിടെ നിന്നും കണ്ടെടുത്ത ബീഡുകളുടെ ശേഖരം പ്രദർശനത്തിന് വെച്ചിട്ടുണ്ട്. സ്ഫടിക ജാറിൽ ഒരു മില്ലീമീറ്ററിലും വലിപ്പം കുറഞ്ഞ മണൽത്തരികളെപ്പോലുള്ള കുഞ്ഞ് കല്ലകൾ. മാലകോർക്കാനായി ഈ ബീഡുകളുടെ മദ്ധ്യത്തിൽ അതിസൂക്ഷ്മമായ ദ്വാരമുണ്ട്. അത് കാണാൻ ലെൻസുകളും ഒരുക്കിവെച്ചിട്ടുണ്ട്. വെറും കണ്ണ്കൊണ്ട്കാണാനകാതത്ര ചെറുതായ സൂക്ഷ്ദ്വാരങ്ങൾ! അവ 4600 വർഷം മുമ്പ് പണിയാൻ സഹായിച്ച ഉപകരണവിദ്യയെക്കുറിച്ച് നാം അമ്പരന്നുപോകും.
ചുട്ടെടുത്ത കളിമണ്ണിൽ പണിത കളിവണ്ടികൾ, മറ്റ് വിവിധ തരം കളിപ്പാട്ടങ്ങൾ എന്നിവയും ഇവരുടെ സ്പെഷാലിറ്റി ആയിരുന്നു. കുട്ടികൾക്ക് ഇത്രയധികം കളിപ്പാട്ടങ്ങൾ നൽകിയിരുന്ന ഇവരുടെ സാമൂഹ്യസന്ദര്യം നമ്മെ അമ്പരപ്പിക്കും. മുതിർന്നവർക്ക് വിനോദവേളകൾക്കായി പകിടകളും കളങ്ങളും പണിതിരുന്നു. കൂടാതെ കൊമ്പിലും ചെമ്പിലും നിരവധി വസ്തുക്കൾ ഇവർ ഉണ്ടാക്കും. നിറം പിടിപ്പിച്ച് മനോഹരമാക്കിയ പരുത്തിവസ്ത്രങ്ങളും ഇവർ വിൽപ്പനയ്ക്ക് വെച്ചിരുന്നു. തൂക്കക്കല്ലുകളും അളവു പാത്രങ്ങളും കൂടാതെ ഒന്ന് ദശാംശം ഏഴ് മില്ലീമീറ്റർ അകലത്തിലുള്ള അടയാളങ്ങൾ മാർക്ക്ചെയ്ത, ആനക്കൊമ്പിൽ പണിത സ്കെയിലും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച കരകൗശലക്കാരുടെ ആഭരണ ഫാക്ടറികൾ ആവശ്യക്കാർക്ക് മുഴുവൻ വേണ്ട സാധാനങ്ങൾ നൽകാനായി സധാസമയവും പ്രവർത്തിച്ചുകൊണ്ടിരുന്നു..
ടെറാകോട്ടയിൽ പണിത ആഫ്രിക്കൻ ഗൊറില്ലയുടേയും ഈജിപ്ത്യൻ മമ്മിയുടെയും താടിക്കരന്റെയും രൂപങ്ങൾ ഇവിടെ നിന്ന് കിട്ടീട്ടുണ്ട്. ഇവർക്ക് ഇവയൊക്കെ പരിചയമുണ്ടെങ്കിൽ ഇവരും ദൂരദേശങ്ങളിലേക്ക് സഞ്ചാരം നടത്തീട്ടുണ്ടാകാം. അല്ലെങ്കിൽ കച്ചവടക്കാർ കൗതുകത്തിനായി ഗൊറില്ലകളെ ഇങ്ങോട്ട് കൊണ്ടുവന്നിരിക്കാം.. പൂഞ്ഞയുള്ളതും ഇല്ലാത്തതുമായ കാളകൾ, പട്ടികൾ, കരടി, കടുവ ഒറ്റക്കൊമ്പൻ കുതിര എന്നിവയെ കൂടാതെ കാണ്ടാമൃഗത്തിന്റെ രൂപവും കൂടി ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. കണ്ടാമൃഗത്തിന്റെ ശരീരമടക്കുകൾ പോലും വ്യക്തമാകും തരത്തിൽ തൊട്ടടുത്ത് നിന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാണ് അവ ഉണ്ടാക്കിയത്. ഇന്ന് അസമിൽ മാത്രം കാണുന്ന ഇത്തരം കാണ്ടാമൃഗങ്ങൾ ഹാരപ്പൻ കാലത്ത് ലോഥലിനു ചുറ്റുമുള്ള ചതുപ്പുകളിൽ അലഞ്ഞ്മേഞ്ഞിരിക്കാം.
നട്ടുച്ചയിലാണ് ലോഥലിൽ ഞാൻ എത്തിയത്. വെയിലിന്റെ ചൂട് അറിഞ്ഞില്ല. ആ മഹാനഗരിയുടെ മണ്ണിൽ ചവിട്ടിയപ്പോൾ ശരീരം ഉളുത്തുകയറി. നൂറ്റാണ്ടുകൾ മുമ്പ് ഈജിപ്തിൽ നിന്നും സുമേറിയയിൽ നിന്നുമൊക്കെ കച്ചവടത്തിനെത്തിയ യാനപാത്രങ്ങളിലെ ആരവം ഞാൻ കേൾക്കുന്നു.. ആക്രോശങ്ങളും പൊരുതലുകളുമില്ലാത്ത കാലാകാർന്മാരുടെ സൗമ്യജീവിതം. കീഴ്പട്ടണത്തിൽ സംഗീതത്തിന്റെ അലകൾ. മുക്കുത്തിയും കമ്മലും വളകളും മാലകളും അണിഞ്ഞ് തെരുവുകളിൽ പലരും ചിരിച്ച്കാണിച്ച് സന്തോഷത്തോടെ എന്നെ കടന്നുപോകുന്നു. ചില ഗൃഹങ്ങളിൽ നിന്നും നൃത്ത ചുവടുകളുടെ താളം കേൾക്കാം. ആഭരണ ഫാക്ടറികളിൽ കല്ലുകൾ മിനുസപ്പെടുത്തുന്നതിന്റെ സീൽക്കാരങ്ങൾ. ഉലകളിൽ തീച്ചൂട്. ചൂളകളിൽ നിന്നുയരുന്ന പുകച്ചുരുളുകൾ. ഉച്ചവെയിൽ ചൂട് ഞാനറിയുന്നുണ്ടായിരുന്നില്ല. വിശാലമായ ഡൊക്കിൽ നിന്നുമടിക്കുന്ന കാറ്റിന്റെ കുളിർമയിൽ ഞാൻ എത്രയോ കാലമായി കാത്തിരുന്ന എന്റെ മോഹൻജൊ ദാരോയെ അറിഞ്ഞു.
1,757 total views, 1 views today