കോഴിക്കോട്ടെ കൽപ്പണിക്കാരൻ വിജയൻ “VIJAYAN IPS” ആയത് എങ്ങിനെ ?

878

കഷ്ടപ്പാടുകളിലൂടെ വിജയം കൈയ്യെത്തിപ്പിടിച്ച ഓഫീസർ…

പ്രിയമുള്ളവരേ…
‘ചില വ്യക്തികളുടെ, പ്രത്യകിച്ചു കഠിനാധ്വാനികളുടെ ജീവിതവിജയം എല്ലാവർക്കും ഒരു പാഠമാണ്’

കോഴിക്കോട്ടെ കൽപ്പണിക്കാരൻ വിജയൻ “VIJAYAN IPS” ആയത് എങ്ങിനെയെന്ന് നമുക്കൊന്ന് അടുത്തറിയാം.

നമുക്കൊക്കെ പ്രചോദനം നൽകുന്ന വ്യക്തിജീവിതമാണ് പി. വിജയൻ ഐ പി എസ്സിന്റേത്. സ്കൂളിൽ പഠിക്കുന്ന കാലത്തേ അദ്ദേഹം കൽപ്പണിക്കും കെട്ടിടംപണിക്കും പോകുമായിരുന്നു. കൂട്ടുകാരൊക്ക പത്താംക്ലാസ് പരീക്ഷയെഴുതുമ്പോൾ വിജയൻസർ പത്തിൽ വച്ചുതന്നെ പഠിപ്പുനിർത്തി, പുത്തൂർമഠം എന്ന ഗ്രാമത്തിൽ വെട്ടുകല്ല് ചെത്തി ഭിത്തികെട്ടുകയായിരുന്നു.
പിന്നീടൊരിക്കൽ നാട്ടിൽ രാത്രികാല ക്ലാസ് എസ് എസ് എൽ സിക്ക് വേണ്ടി തുടങ്ങിയെന്നറിഞ്ഞപ്പോൾ പരീക്ഷ ഒരിക്കൽകൂടി എഴുതിജയിക്കണം എന്ന മോഹമുദിച്ചു.

അങ്ങിനെ സർ പകൽ ജോലികഴിഞ്ഞു രാത്രിയിൽ ക്ലാസ്സിന് പോയിത്തുടങ്ങി. വിജയൻ സർ നന്നായിപഠിച്ചു പരീക്ഷയെഴുതി, ശരാശരി മാർക്കോട്കൂടിത്തന്നെ എസ് എസ് എൽ സി ജയിച്ചു, അതുകഴിഞ്ഞു പ്രീഡിഗ്രിക്ക് ചേർന്നപ്പോഴും കോളേജിൽ പോകാൻ സാധിച്ചില്ല, കല്പണിക്കുതന്നെ പോയിത്തുടങ്ങി. രണ്ടു സബ്ജക്ടിന് പ്രൈവറ്റ് ട്യൂഷൻ പോയി, വളരെനല്ല മാർക്കോടെത്തന്നെ ജയിച്ചു. എന്നാൽ, തുടർന്ന് ബി എ ഇക്കണോമിക്സിന് കോളേജിൽ ചേർന്നപ്പോൾ കൽപ്പണി നിർത്തേണ്ടിവന്നു. എങ്കിലും വിജയൻ സർ വെറുതെയിരുന്നില്ല ട്ടാ, അതൊരു വല്ലാത്ത ഇച്ഛാശക്തിയുള്ള മനസ്സായിരുന്നു…

അടുത്ത ഒരു ബന്ധുവിനൊപ്പം ബെഡ് ന്റെയും, സോപ്പിന്റെയും നിർമ്മാണം തുടങ്ങി. ഇതിനിടയിലൊക്കെയാണ് പുസ്തകവായന. ആദ്യമൊക്കെ പുസ്തകങ്ങളോട് വല്യ താല്പര്യമില്ലായിരുന്നുവെങ്കിലും പിന്നെ പിന്നെ വിജയൻ സാറിന് പുസ്തകങ്ങളോട് വല്ലാത്ത ഇഷ്ടം തോന്നിത്തുടങ്ങി. ആ പുസ്തകവായനയിലൂടെയാണ് പുതിയൊരു ലോകം തുറന്നുകിട്ടിയതെന്നുപറയാം. വളരെ അഗാധമായി വായിക്കുകയും കാര്യങ്ങൾ കൂലങ്കഷമായി പഠിച്ചു ഗ്രഹിക്കുകയും എന്തിനെക്കുറിച്ചും വളരെ വ്യക്തമായ കാഴ്ചപ്പാടുകളും വിജയേട്ടന് എന്നുമുണ്ടായിരുന്നു.

അങ്ങിനെയിരിക്കെ സോപ്പ് – ബെഡ് കമ്പനിയും പൊട്ടിപാളീസായെങ്കിലും പരീക്ഷയുടെ റിസൾട്ട് വന്നപ്പോ വിജയൻ സർ ഗംഭീരമാർക്കോടെ പാസ്സായി. അപ്പോപ്പിന്നെ കമ്പനികാര്യമൊക്കെ വിട്ടു. തുടർന്ന് എം എ യും, യു ജി സിയും പാസ്സായി. ശേഷം മനസ്സിലെ ആഗ്രഹപ്രകാരം സിവിൽ സർവീസിലേക്ക് കാലെടുത്തുവച്ചെങ്കിലും ആദ്യത്തെ പരീക്ഷയിൽ ഐ പി എസ് ഒന്നും കിട്ടിയില്ല. എന്നാലും വിജയേട്ടൻ നിരാശനായില്ല, മുമ്പ് സൂചിപ്പിച്ചുവല്ലോ വിജയേട്ടൻ വല്ലാത്തൊരു ആത്മവിസ്വാസമുള്ള വ്യക്തിയാണെന്ന്, അങ്ങിനെ നിരാശനാവാതെ തളരാതെ വീണ്ടും സിവിൽ സർവീസ് എഴുതി, അപ്രാവശ്യം ആർ പി എഫിൽ കിട്ടുകയും ചെയ്തു.

അതിനിടയിൽ കോളേജ് അധ്യാപകനായും ശരിക്കും ഒന്ന് ഷൈൻചെയ്തു ട്ടാ! ആ കോളേജ് അദ്ധ്യാപകനായുള്ള ജീവിതം വിജയേട്ടൻ ശരിക്കും ഗംഭീരമാക്കിയിരുന്നു. വിജയേട്ടന്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലഘട്ടം കൂടിയായിരുന്നു അത്. കഷ്ടപ്പാടുകളിൽനിന്നും പഠിച്ചു ഐ എ എസ് ആയ ഡോക്ടർ വി. പി. ജോയിയുടെ ജീവിതകഥ വായിച്ചതാണത്രേ ജീവിതത്തിൽ വഴിത്തിരിവായത്. (എന്നാൽ നമുക്കൊന്നും ഡോക്ടർ ജോയിയുടെ കഥ വായിക്കേണ്ട ആവശ്യമില്ല, അതില്കൂടുതൽ പ്രജോദനമാവും വായിക്കാതെതന്നെ ജീവിതം കണ്മുന്നിൽ കാണിച്ചുതന്ന ആദരണീയനായ വിജയൻ സാറിന്റെ ജീവിതകഥ!)

വീണ്ടും ആ പ്രജോദനവുമായി അടുത്ത സിവിൽ സർവീസ് എഴുതിയെങ്കിലും വളരെ മോശം മാർക്കായിരുന്നു കിട്ടിയത്. എന്നാലും ഒട്ടും നിരാശനായില്ല, ഇത് അദ്ദേഹത്തെ ഒന്ന് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു, “എന്റെ പരാജയം കൊണ്ട് ഈ ലോകത്തിന് ഒരു ചുക്കും സംഭവിക്കില്ല, അവസാനിക്കുന്നത് നമ്മൾ മാത്രമായിരിക്കും!”

തുടർന്ന് കൂടുതൽ കൂടുതൽ വാശിയോടും, ഇച്ഛാശക്തിയോടുകൂടിയും അടുത്തപ്രാവശ്യത്തെ പരീക്ഷ എഴുതി “ഐ പി എസ് ” നേടിയെടുക്കുക തന്നെ ചെയ്തു. കുട്ടികളെ പോലീസിന്റെ ചങ്ങായി ആക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള പദ്ധതികൾ ആവിഷ്കരിച്ചത് വിജയൻ സർ ആയിരുന്നു.

സർ പറയാറുണ്ട് “എന്റെ അച്ഛന്റെ കീശയിലെ കാശ് നോക്കിയാൽ ഞങ്ങൾ ദരിദ്രരാണ് പക്ഷേ, ഭക്ഷണത്തിന്റെ കാര്യത്തിലും, ജീവിതത്തിലും ഞങ്ങൾ സമ്പന്നർ ആയിരുന്നു. കാരണം, ഞങ്ങൾക്ക് ആവശ്യത്തിന് കൃഷിയുണ്ടായിരുന്നു, ഇഷ്ടംപോലെ പാല് കിട്ടുന്നതുകൊണ്ടു ചായക്ക്‌ പകരം പാലാണ് കുടിച്ചിരുന്നതെന്ന് ഇടക്ക്‌ മക്കളോട് പറയാറുണ്ടത്രെ. തേയില വാങ്ങാൻ പണമില്ലാത്തതുകൊണ്ടാണ് പാല് കുടിച്ചിരുന്നത്, ഇതിനെ ദാരിദ്ര്യം എന്ന് പറയാൻ പറ്റില്ലല്ലോ…?

നിങ്ങൾ ഏതു പശ്ചാത്തലത്തിൽ ജനിച്ചു എന്നുള്ളതല്ല, അനുകൂലമല്ലാത്ത സാഹചര്യത്തെ അനുകൂലമാക്കി മാറ്റുന്നതിലാണ് വിജയം കണ്ടെത്തുന്നത്. ഇതുതന്നെയാണ് വിജയൻ സാറിന്റെ വിജയരഹസ്യവും!!!

“ബഹുമാനപ്പെട്ട പി. വിജയൻ ഐ. പി. എസ്. സാറിനെ സ്നേഹാദരങ്ങളോടെ നമുക്കും ആദരിക്കാം!”

എഴുതിയത്,
കബീർ കറുപ്പംവീട്ടിൽ. 
കേരളാ പോലീസ് ഹൈവേ സുരക്ഷാ 
കൺവീനർ .

Previous articleഎന്താണ് ഏടാകൂടം ?
Next articleഅംബിക (സീനിയർ): അന്നും ഇന്നും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.