കെജിഎഫ്, കാന്താര എന്നീ സിനിമകൾ വഴി ഇന്ത്യൻ സിനിമയുടെ തന്നെ ശ്രദ്ധയാകർഷിച്ച കന്നട ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ എത്തുവാൻ തയ്യാറെടുക്കുന്നു , പേര് ‘വിജയാനന്ദ്’. ഇത്തവണ ബയോപിക്കും. വമ്പൻ ബജറ്റിൽ കന്നടയിൽ നിന്ന് ചിത്രം എത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളില്‍ ഒന്നായ വി ആര് എല്‍ ഗ്രൂപ്പിന്റെ സംഥാപകന്‍ വിജയ് ശങ്കേശ്വറിന്റെ ജീവിതം പറയുന്ന ചിത്രത്തിന് വിജയാനന്ദ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തി.
കന്നഡത്തിനൊപ്പം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഈ ഭാഷകളിലെല്ലാം ട്രെയ്ലറും എത്തിയിട്ടുണ്ട്. ട്രങ്ക് എന്ന ഹൊറർ ത്രില്ലർ ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ റിഷിക ശർമ്മയാണ് സംവിധാനം. ട്രങ്കിലെ തന്നെ നായകന് നിഹാലാണ് വിജയ് ശങ്കേശ്വര്‍ ആയി അഭിനയിക്കുന്നത്. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള, സിരി പ്രഹ്ലാദ്, ഭരത് ബൊപ്പണ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.