എല്ലാവരുടെയും ത്യാഗം കുതിർത്ത മണ്ണാണിത്‌; ഈ രാജ്യം ഒരാളുടെയും സ്വത്തല്ല

115

Vijesh Choodal

ഹിന്ദുരാഷ്‌ട്രം സ്ഥാപിതമായാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമോ? മുസ്ലീങ്ങൾ രണ്ടാംതരം പൗരന്മാരായാൽ ദളിതർക്ക്‌ നീതികിട്ടുമോ? കർഷക ആത്മഹത്യകൾക്ക്‌ അന്ത്യമാകുമോ ? പട്ടിണിമിരണങ്ങൾ ഇല്ലാതാകുമോ? തൊഴിലില്ലായ്‌മ കുറയുമോ? എല്ലാ കിണറ്റിൽനിന്നും എല്ലാ മനുഷ്യർക്കും വെള്ളം കിട്ടുമോ? എല്ലാ ദൈവങ്ങളെയും എല്ലാ വിശ്വാസികൾക്കും ദർശിക്കാനാകുമോ? പെൺമക്കൾക്ക്‌ ആരെയും പേടിക്കാതെ ഈ രാജ്യത്ത്‌ ജീവിക്കാനൊക്കുമോ? ഈ ചോദ്യങ്ങൾക്കൊക്കെ ഉവ്വ്‌ എന്ന്‌ ഉത്തരം നൽകാൻ ആരെങ്കിലുമുണ്ടെങ്കിൽ ആശങ്കയില്ലാതെ ഉറങ്ങാമായിരുന്നു.

പതിറ്റാണ്ടുകളായി ഇന്ത്യയുടെ മാറിൽ ഉണ്ടും ഉണ്ണാതെയും ഉറങ്ങുന്ന കോടിക്കണക്കിന്‌ മനുഷ്യരുണ്ട്‌. ഒരു രേഖയിലുമില്ലാത്ത മനുഷ്യർ. ഇതുവരെ ആരും ഒരു രേഖയും ചോദിച്ചിട്ടില്ല. ജീവിച്ചിരിക്കുന്നു എന്നതിന്‌ തെളിവു നൽകേണ്ടി വന്നിട്ടില്ല. നീണ്ടുനിവർന്നതോ കൂനിക്കൂടിയതോ ആയ സ്വന്തം ജീവിതത്തിനപ്പുറം മറ്റൊരു സാക്ഷ്യപത്രവും അവർക്കിവിടെ ജീവിക്കാൻ എവിടെയും ഹാജരാക്കേണ്ടിവന്നിട്ടില്ല. പൗരത്വ രജിസ്‌റ്റർ വരുമ്പോൾ പിൻമുറക്കാരുടെയും ഇന്ത്യൻ പൗരത്വം തെളിയിക്കേണ്ടത്‌ ഇന്ന്‌ ജീവിച്ചിരിക്കുന്നവരുടെ ബാധ്യത. മനുഷ്യജീവിതത്തേക്കാൾ വിലയും വിശ്വാസ്യതയും കടലാസുകൾക്ക്‌ കൽപ്പിക്കപ്പെടുന്ന കാലത്താണ് നാം.

മോദിയുടെ മെയ്‌ക്ക്‌ ഇൻ ഇന്ത്യയിൽ പുതിയൊരു ബിസിനസ്‌ കൂടി തുടങ്ങിയിരിക്കുന്നു. ഉത്തരേന്ത്യൻ പട്ടണങ്ങളിൽ പൗരത്വം സ്ഥാപിക്കാനുള്ള രേഖകളും സ്ഥിരതാമസ സർട്ടിഫിക്കറ്റും സംഘടിപ്പിച്ചു കൊടുക്കുന്ന ലോബികൾ ബോർഡുവച്ച്‌ കട തുടങ്ങിയിരിക്കെുന്നുവെന്നാണ്‌ വാർത്ത. 5000 മുതൽ 10000 വരെയാണ്‌ നിരക്കത്രേ. അക്ഷരമറിയാത്ത ആയിരങ്ങൾ പേരിലെ അക്ഷരത്തെറ്റും വിലാസത്തിലെ വള്ളിപുള്ളികളും തിരുത്താൻ മുൻസിപ്പൽ ഓഫീസുകളിലും പ്രദേശിക കോടതികളിലും വരിനിൽക്കുകയാണ്‌. ഒരുനേരത്തെ അന്നംപോലും കിട്ടില്ലെങ്കിലും റേഷൻകാർഡുകൾക്കായി അപേക്ഷകൾ പെരുകുന്നു.

‘എല്ലാവരുടെയും ത്യാഗം കുതിർത്ത മണ്ണാണിത്‌;
ഈ രാജ്യം ഒരാളുടെയും സ്വത്തല്ല’– ഇന്ത്യയെക്കുറിച്ച്‌ ഒരിക്കൽ രാഹത്‌ ഇൻദോരി എഴുതിയ വരികൾ. വൈവിധ്യപരതയാണ്‌ എക്കാലവും ഇന്ത്യൻ ഭരണഘടനയെ സവിഷേശമാക്കിയത്‌. മതാടിസ്ഥാനത്തിൽ പാകിസ്ഥാൻ രൂപംകൊണ്ട കാലത്ത്‌ മുസ്ലീങ്ങളിൽ മൂന്നിലൊന്നും ഉറച്ചുനിന്നത്‌ ഇന്ത്യയുടെ മതനിരപേക്ഷതയിലാണ്‌. ഇന്നും പാകിസ്ഥാനിലെ മുസ്ലീങ്ങളുടെ എണ്ണം 20 കോടിയാണെങ്കിൽ ഇന്ത്യയിലും അത്രതന്നെയുണ്ട്‌– 19.5 കോടി. ഇസ്ലാം പാകിസ്ഥാന്റെ ഔദ്യോഗിക മതമെങ്കിൽ ഇന്ത്യയുടെ മതം മതനിരപേക്ഷതയാണ്‌. അക്കാരണത്താലാണ്‌ ലോകത്തിനുമുന്നിൽ ഇന്ത്യ തലയുയർത്തി നിൽക്കുന്നത്‌. ആ പാരമ്പര്യത്തിന്റെ കൊടിക്കൂറ താഴ്‌ത്തിക്കെട്ടാനുള്ള ശ്രമങ്ങളിലാണ്‌ നമ്മുടെ തലകുനിഞ്ഞുപോകുന്നത്‌. അപ്പോൾ തന്നെയാണ്‌ ഇന്ത്യ പിന്നെയും പിന്നെയും അശാന്തമാകുന്നത്‌. മതനിരപേക്ഷതയുടെ പ്രശാന്തതയ്‌ക്കുമേൽ ഭയം വലവിരിക്കുന്നത്‌.

രാജ്യത്തിന്റെ രണ്ടാം വിഭജനമാണിത്‌. ഒരിക്കൽ ജിന്നയും സവർക്കറും മുന്നോട്ടുവച്ച ദ്വിരാഷ്‌ട്ര സിദ്ധാന്തം ആർഎസ്‌എസ്‌ യാഥാർഥ്യമാക്കുന്നു. കശ്‌മീർ, അയോധ്യ, ഇന്നിപ്പോൾ പൗരത്വഭേദഗതി ബിൽ, നാളെ പൗരത്വ രജിസ്‌റ്റർ. മറ്റന്നാൾ നമ്മളെവിടെയാണ്‌. ഭയം വല്ലാതെ പിടിമുറുക്കുന്നു. രാജ്യം എങ്ങോട്ടേക്കാണ്‌. ലോകം ഉറങ്ങുമ്പോൾ സ്വതന്ത്ര്യത്തിലേക്ക്‌ കൺതുറന്ന ഇന്ത്യ ഇരുളിലേക്ക്‌ കൂപ്പുകുത്തുമ്പോൾ എങ്ങനെ ഉറങ്ങാനാകും. അപ്പോഴും സുഖമായി ഉറങ്ങുന്നവരത്രേ നവ ദേശസ്‌നേഹികൾ!

Advertisements