ഐ.ഐ.ടിയിലെ ഫാത്തിമയുടെ ആത്മഹത്യയെകുറിച്ച് – 

Viju Cherukunnu

(ഈ എഴുത്ത് സമഗ്രമോ നിഷ്പക്ഷമോ അല്ല. വ്യക്തിപരമായ നിലപാടുകളോ പ്രത്യയശാസ്ത്രസ്വാധീനമോ ഒക്കെ കടന്നുവന്നിട്ടുണ്ടാകാം. എങ്കിലും ഒരാള്‍ക്ക് എന്താണ് ഇവിടെ സംഭവിച്ചത് എന്നതിനെകുറിച്ച് ധാരണയുണ്ടാക്കാന്‍ ഈ കുറിപ്പ് സഹായിച്ചേക്കും)

ഒന്ന്

ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിട്ടുണ്ട് എന്ന വിവരം അറിയുന്നത്. സ്വാഭാവികമായ ഉത്കണ്ഠയുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ അത് എന്റെ തന്നെ ഡിപ്പാര്‍ട്ട്‌മെന്റിലെ(ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍സയന്‍സസ്) ഇന്റഗ്രേറ്റഡ് എം.എയിലെ പെണ്‍കുട്ടിയാണ് എന്നറിഞ്ഞു. അപ്പോഴാണ് എനിക്ക് പരിചയമുള്ള ആര്‍ദ്രയെ വിളിച്ചതും ഫാത്തിമ എന്ന മലയാളിയാണ് മരിച്ചത് എന്നും കൊല്ലത്താണ് വീട് എന്നും അറിയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങള്‍ പെട്ടെന്ന് മനസിലൂടെ കടന്നുപോയി. ഏതാണ്ട് ഒരു വര്‍ഷത്തിനിടെ രണ്ടുമലയാളി വിദ്യാര്‍ഥികള്‍ ഐ.ഐ.ടിയില്‍ ആത്മഹത്യചെയ്തിരിക്കുന്നു. അതില്‍ രണ്ടുപേരും മുസ്ലിം ആണ്.

അങ്ങനെ പെട്ടെന്ന് ഓര്‍ക്കാന്‍ കാരണമുണ്ട്. 2018 സെപ്തംബറില്‍ മരിച്ച ഷഹല്‍ കോര്‍മത്തിന്റെ നിഷ്‌കളങ്കമായ മുഖം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. സംസാരിച്ചിട്ടൊന്നുമില്ലെങ്കിലം ഇടയ്ക്ക് ഭക്ഷണം കഴിക്കുമ്പോഴൊക്കെ കണ്ടിട്ടുള്ളയാളാണ് ഒരുദിവസം ആത്മഹത്യ ചെയ്തതായി അറിയുന്നത്. അന്നും മലയാളി ആണ് എന്നറിഞ്ഞപ്പോള്‍ ഏതുനാട്ടുകാരനാണ് എന്നറിയാനായി കുറെപ്പേരോട് അന്വേഷിച്ചിരുന്നു. ഷഹലിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ അത് വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. ഓഷ്യന്‍ എന്‍ജിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇരട്ടബിരുദം തിരഞ്ഞെടുത്ത് ഒമ്പതാം സെമസ്റ്ററില്‍ എത്തിയപ്പോഴാണ് ഷഹല്‍ ജീവിതം അവസാനിപ്പിച്ചത്. അത് അക്കാദമിക് തലത്തിലെങ്കിലും അന്വേഷിക്കപ്പെടേണ്ട മരണമാണ് എന്ന് അന്നേ തോന്നിയിരുന്നു. എന്നിട്ടും ‘ഈ സംവിധാനങ്ങളുമായി ഇണങ്ങിച്ചേരാന്‍ പറ്റാത്ത ഏതോ ഒരുവിദ്യാര്‍ഥി മരിച്ചിരിക്കുന്നു. കൂടുതല്‍ അതിനെ കുറിച്ച് ആലോചിക്കേണ്ടതില്ല’ എന്നൊരു ഉദാസീന ബോധത്തില്‍ എല്ലാവരും ആശ്വാസം കൊള്ളുകയും പതിവുപ്രവൃത്തികളില്‍ വ്യാപൃതരാവുകയും ചെയ്തു. എന്നെ സംബന്ധിച്ചിടത്തോളം മാനസിക സമ്മര്‍ദം മൂലമോ ഹാജര്‍ ഇല്ലാത്തതുകൊണ്ടോ ആത്മഹത്യചെയ്തു എന്ന വിശദീകരണം ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന ഒന്നല്ല. വിദ്യാര്‍ഥികളുടെ കുടുംബപശ്ചാത്തലം, രക്ഷിതാക്കളുടെ സാമൂഹ്യ പശ്ചാത്തലം എന്നിവയൊക്കെ കണക്കിലെടുത്താല്‍ ആ കുടുംബത്തോട് നീതിപൂര്‍വമായ സമീപനം ഉണ്ടായോ എന്ന സംശയം ഇപ്പോഴും ബാക്കിതന്നെയാണ്. സാധാരണഗതിയില്‍ എട്ടുസെമസ്റ്റര്‍ മതി ഒരു ബി.ടെക് പൂര്‍ത്തിയാക്കാന്‍. അതുകഴിഞ്ഞ് ഏതെങ്കിലും കമ്പനിയില്‍ ജോലി നേടി കഴിയാവുന്നതേയുള്ളൂ. അതിനപ്പുറം ഒരു വര്‍ഷം കൂടി പഠിച്ച് ഡുവല്‍ ഡിഗ്രി നേടിയേ ഇറങ്ങുന്നുള്ളൂ എന്ന് ഷഹല്‍ തീരുമാനിക്കുമ്പോള്‍ അത്രയും അധ്വാനിക്കാന്‍ തയാറാണെന്നും അതിനുള്ള
ആത്മവിശ്വാസവും പ്രതീക്ഷയും ഒക്കെ സ്വയം ഉണ്ടായിരുന്നുവെന്നുമാണ് മനസിലാക്കേണ്ടത്.
പക്ഷേ ആ ആത്മവിശ്വാസവും പ്രതീക്ഷയും അണായാതെ കാക്കാന്‍ ഞാന്‍ കൂടി ഉള്‍പ്പെടുന്ന ഐ.ഐ.ടി സമൂഹത്തിന് കഴിഞ്ഞില്ല.

അന്ന് ഇതുപോലെ ഒരു കുറിപ്പ് എഴുതിവെച്ചിരുന്നെങ്കിലും വീണ്ടുവിചാരത്തില്‍ പോസ്റ്റ് ചെയ്യാതെ ഉപേക്ഷിക്കുകയാണ് ചെയ്തത്. പിന്നീട് ഉണ്ടായ ആത്മഹത്യകളുടെ ചെറുവിശദാംശങ്ങളും സാമൂഹ്യാന്വേഷണത്തിന്റെ ഭാഗമായി ഓര്‍ത്തുവെച്ചിരുന്നു. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരധ്യാപിക, ജാര്‍ഖണ്ഡില്‍ നിന്നുള്ള രഞ്ജന കുമാരി എന്ന പി.എച്ച്.ഡി സ്‌കോളര്‍, ഗോപാല്‍ ബാബു എന്ന കമ്പ്യൂട്ടര്‍ സയന്‍സ് പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി, ഒടുവില്‍ ഫാത്തിമ. അങ്ങനെ അഞ്ചുപേര്‍. ഇതില്‍ ജാര്‍ഖണ്ഡ് പോലുള്ള പിന്നോക്ക മേഖലകളില്‍ നിന്ന് മികച്ച വിദ്യാഭ്യാസം നേടി മെറ്റലര്‍ജി പോലെ പെണ്‍കുട്ടികള്‍ അധികം തിരഞ്ഞെടുക്കാത്ത മേഖലകളില്‍ ഗവേഷണത്തിനെത്തുന്ന ഒരാള്‍ എന്ന നിലയില്‍ സാമൂഹ്യമായി വിലയിരുത്തേണ്ടതുകൂടിയായിരുന്നു അവരുടെ ജീവിതവും മരണവും. ജാംഷെഡ്പൂര്‍ എന്‍.ഐ.ടിയില്‍ റാങ്കോടുകൂടി പാസായ ആളായിരുന്നു രഞ്ജന. ഫാത്തിമയും എച്ച്.എസ്.ഇ.ഇ പരീക്ഷയില്‍ ആദ്യറാങ്കില്‍ വന്നയാളായിരുന്നു എന്നു കേട്ടപ്പോള്‍, ഏറ്റവും മികച്ച വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ഐ.ഐ.ടി പരാജയപ്പെട്ടുപോകുകയാണല്ലോ എന്ന ആശങ്കയാണ് ആദ്യം മനസില്‍ വന്നത്. ആത്മഹത്യ ചെയ്തവരുടെ അക്കാദമിക് പ്രകടനവും ജീവിതോത്സാഹവും അത് ശരിവെക്കുന്നുണ്ട്.

ഇക്കാലമത്രയും കൈകാര്യം ചെയ്ത രീതി നോക്കിയാല്‍, ഒരു കാക്കയോ പൂച്ചയോ ചത്തതുപോലെയാണ് ആത്മഹത്യ ഐ.ഐ.ടി സമൂഹം കൈകാര്യം ചെയ്യാറ് എന്നുതോന്നിത്തുടങ്ങിയിരുന്നു. ഒരുതരത്തിലുള്ള മാനുഷികബോധത്തിന്റെ അഭാവം പ്രകടമാണ്. മരണ വിവരം അറിയിക്കാനായി വരുന്ന ഇ-മെയില്‍ സന്ദേശങ്ങളിലേറെയും വിദ്യാര്‍ഥികളുടെ പേരുണ്ടാവില്ല. ഫാത്തിമയുടേതും അങ്ങനെയിരുന്നു. ‘ഒരു ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി മരിച്ചിരിക്കുന്നു. അവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു’. മരിക്കുമ്പോള്‍ പോലും അവരുടെ പേര് പറയാന്‍ തോന്നാത്തത്, അവര്‍ ഈ സംവിധാനത്തില്‍ ഏതോ ഒരു വിദ്യാര്‍ഥിനി മാത്രമായിരുന്നു, അതിന് മുഖമോ പേരോ ഐഡന്റിറ്റിയോ വേണ്ടതില്ല എന്ന മനോഭാവമാണ് കാണിക്കുന്നത്. പിന്നെ സംഭവിക്കുന്ന ചില കാര്യങ്ങളുണ്ട്. വിദ്യാര്‍ഥികളുടെ ഡാറ്റ ലഭിക്കുന്ന ആപ്പില്‍ നിന്ന് മരിച്ചയാളുടെ ഫോട്ടോ അപ്പോള്‍ തന്നെ മാറ്റും. അതായത് പേര് അറിഞ്ഞാല്‍ മറ്റുകുട്ടികള്‍ സെര്‍ച്ച് ചെയ്ത് ഫോട്ടോ എടുത്ത് നോക്കിയാലോ എന്ന് ഭയന്ന്. പിന്നെ ഏതെങ്കിലും പോര്‍ട്ടലില്‍ നിന്നോ പിറ്റേദിവസത്തില്‍ നിന്നുള്ള പത്രത്തില്‍ നിന്നോ ആണ് കാമ്പസിലെ മറ്റുള്ളവര്‍ വിവരങ്ങള്‍ അറിയുക. അനുശോചനങ്ങളോ ഓര്‍മിക്കലുകളോ ഒന്നുമില്ല. മൃതദേഹം നീക്കുന്നതോടൊപ്പം അവരുടെ എല്ലാ ഓര്‍മകളും തുടച്ചുനീക്കിയിട്ടുണ്ടാകും.

ഇത്രയും കാര്യങ്ങള്‍ നിരീക്ഷിച്ചതുകൊണ്ടാവണം, അക്കാദമിക് ഇടത്തില്‍ നടക്കുന്ന ആത്മഹത്യകള്‍ മാനസികാരോഗ്യത്തിന്റെ കുറവുകൊണ്ടാണ് എന്നു വിശ്വസിക്കാന്‍ വ്യക്തിപരമായി തയാറല്ല. എല്ലാ ആത്മഹത്യകളും സാമൂഹ്യവും അക്കാദമികവുമായ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്. ആത്മഹത്യകളുണ്ടാകുമ്പോള്‍ ‘ഓ അത് ഡിപ്രഷന്‍ ആയിരിക്കും’, അല്ലെങ്കില്‍ ‘പരീക്ഷയില്‍ തോറ്റതുകൊണ്ടായിരിക്കും’ എന്നു വിശ്വസിക്കാന്‍ ഭൂരിഭാഗം പേരും ഈ സംവിധാനത്തില്‍ ശീലിപ്പിക്കപ്പെട്ടിരിക്കുന്നു. അതെക്കുറിച്ച് സ്വയം പരിശോധനപോലും നടത്താന്‍ പലരും തയാറല്ല. ഓരോ മരണം വരുമ്പോഴും മാനസികാരോഗ്യത്തിന്റെ ആവശ്യകത, വ്യക്തികളുടെ മനോദൗര്‍ബല്യം എന്ന തലത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുക. മരിച്ചവരൊന്നും വ്യക്തിപരമായി ദുര്‍ബലരാണ് എന്നു വിശ്വസിക്കാനാവില്ല. അതുകൊണ്ട് ഫാത്തിമ മരിച്ച ദിവസം വൈകിട്ട് അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ ഗ്രൂപ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമോ എന്ന് ചോദ്യമുണ്ടായപ്പോള്‍ ഇതൊരു സാമൂഹ്യമായ വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടതാണ് എന്ന അഭിപ്രായമാണ് പറഞ്ഞത്. മാനസികാരോഗ്യം പ്രധാനമല്ലാത്തതുകൊണ്ടല്ല അത്. മറിച്ച് ആത്മഹത്യകള്‍ ഒരു സംവിധാനത്തോടുള്ള പ്രതികരണം കൂടിയാണ്. അതിനെ അതിന്റെ ഗൗരവത്തില്‍ എടുക്കണം.

രണ്ട്:

ശനിയാഴ്ചയാണ് ഫാത്തിമ മരിച്ചതെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളിലേക്കും ഊഹാപോഹങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു പരീക്ഷയ്ക്ക് കിട്ടിയത് പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ മാര്‍ക്കാണെന്നും അതു ചൂണ്ടിക്കാട്ടി അധ്യാപകന് മെയില്‍ അയച്ചിരുന്നുവെന്നും പോലെയുള്ള വിവരങ്ങള്‍ ആദ്യമേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച വിദ്യാര്‍ഥിനിയുടെ പിതാവ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തുകയും ഒരധ്യാപകന്റെ പേര് മകള്‍ ഫോണില്‍ കുറിപ്പായി സൂക്ഷിച്ചിട്ടുണ്ടെന്നും ഉള്ള വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. അപ്പോഴും ആരോപണ വിധേയനായ ഫിലോസഫി പ്രൊഫസര്‍ സുദര്‍ശന്‍ പദ്മനാഭനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണോ വേണ്ടത് എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. (സുദര്‍ശനെ വ്യക്തിപരമായി സംരക്ഷിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യേണ്ട കാര്യം എനിക്കില്ല. വല്ലപ്പോഴും ഇടനാഴിയിലോ മറ്റോ കണ്ടാല്‍ വിഷ് ചെയ്യുകയോ കുശലാന്വേഷണം നടത്തുകയോ ചെയ്യുക എന്നതിനപ്പുറം എന്റെ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഒരുതരത്തിലും ഭാഗമല്ല അദ്ദേഹം). മാനവിക വിഷയങ്ങളുടെ പരീക്ഷകളില്‍ മൂല്യനിര്‍ണയം എന്നത് ആപേക്ഷികവും വ്യക്തിയധിഷ്ഠിതവുമാണ് പലപ്പോഴും. കൂടാതെ ഒരു പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തി അയാളുടെ ബോധ്യം അനുസരിച്ച് മാര്‍ക്കിടാനുള്ള അവകാശം ആത്യന്തികമായി അധ്യാപകനുതന്നെയാണ്. അതൊരു വിശ്വാസം ആയിരിക്കാം. പക്ഷേ ആ വിശ്വാസത്തിന്റെ പുറത്താണ് അധ്യാപകജോലി തന്നെ നിലനില്‍ക്കുന്നത്. എന്നാല്‍ തനിക്ക് കിട്ടിയ മാര്‍ക്ക് തൃപ്തികരമാണ് എന്ന് വിദ്യാര്‍ഥിയെ യുക്തിസഹമായി ബോധ്യപ്പെടുത്തേണ്ടതും അധ്യാപകന്റെ ബാധ്യതയാണ്. ഇതുമായി ബന്ധപ്പെട്ടു നടന്ന ആശയവിനിമയങ്ങളില്‍ എന്താണ് ഉണ്ടായത് എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തതവരുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടുദിവസം നടന്ന യോഗങ്ങളില്‍ ഏതെങ്കിലും അധ്യാപകര്‍ അത് പരാമര്‍ശിച്ചിട്ടില്ല. ഇതുണ്ടാക്കുന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

എന്നാല്‍ രാത്രിയോടെ കാര്യങ്ങളിലേക്ക് കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് പോകുകയാണ് ചെയ്തത്. കുട്ടി എഴുതി സൂക്ഷിച്ചത് എന്ന നിലയിലുള്ള ഒരു നോട്ട് മനോരമ ടിവിയുടെ ഓണ്‍ലൈന്‍ വാര്‍ത്തയുടെ കൂടെ കൊടുത്ത ഒരു ചിത്രത്തില്‍ കാണുന്നു. അതില്‍ ഡിപാര്‍ട്ട്‌മെന്റിലെ തന്നെ അധ്യാപകരായ മിലിന്ദ് ബ്രഹ്മെ, ഹേമചന്ദ്രന്‍ കാര എന്നിവരുടെ പേരുകള്‍ കാണാം. എന്നാല്‍ വാര്‍ത്തയിലോ അതിന്റെ കൂടെ വന്ന വീഡിയോയിലോ ഇവരുടെ പങ്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നുമില്ല. എങ്കില്‍ എങ്ങനെ എന്തിന് ഈ ചിത്രം വാര്‍ത്തയുടെ ചിത്രം ചേര്‍ത്തു എന്ന സംശയം പലര്‍ക്കും ഉണ്ടായി. ഇതിനിടെ ഇവരുടെ പേരും ഫാത്തിമ എഴുതിവെച്ചിട്ടുണ്ട് എന്ന രീതിയിലുള്ള പ്രചാരണവും വന്നു. എന്നാല്‍ ഈ കുറിപ്പ് കുടുംബം തന്നെ കൊടുത്തതാണോ ഇനി പോലീസ് കൊടുത്തതാണോ, അവര്‍ കൊടുത്തതാണെങ്കില്‍ എന്തിന് എന്ന ചോദ്യങ്ങളും ഉയര്‍ന്നു. ഇവിടെ അധ്യാപകരുടെ രാഷ്ട്രീയ ചായ് വുകള്‍ കൂടി പരാമര്‍ശിക്കാമെന്ന് തോന്നുന്നു. ആദ്യം ആരോപണവിധേയമായ അധ്യാപകന്‍ പൊതുവെ വര്‍ത്തമാന ഇന്ത്യന്‍ ഭരണകൂട ആശയങ്ങളെ അനുകൂലിക്കുന്നു എന്നു മനസിലാക്കാവുന്ന ആളാണ്. അതേസമയം, മിലിന്ദ് ആകട്ടെ ഇടതുസഹയാത്രികനും അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ ഫാക്കല്‍ട്ടി അഡൈ്വസര്‍ ചുമതല വഹിക്കുന്നയാളുമാണ്. മനോരമ വാര്‍ത്തയോടൊപ്പം വന്ന ചിത്രം വെട്ടിയെടുത്ത് പ്രചരിപ്പിക്കപ്പെട്ടത് ഏറെയും സംഘപരിവാര്‍ ആഭിമുഖ്യമുള്ള ഗ്രൂപ്പുകളിലായിരുന്നു എന്നതും സംശയമുണര്‍ത്തുന്നതാണ്. അന്നുതന്നെ എ.പി.എസ്.സിയുടെ ഗ്രൂപ്പില്‍ ഈ ഇമേജ് ഇട്ട് ഇദ്ദേഹം ഈ ഗ്രൂപ്പിന്റെ ഫാക്കല്‍ട്ടി അഡൈ്വസറല്ലേ എന്ന ചോദ്യം വലതുപക്ഷ ഗ്രൂപ്പുകളില്‍ സജീവമായ വിദ്യാര്‍ഥികള്‍ ചോദിച്ചിരുന്നു. വ്യക്തിപരമായി പറഞ്ഞാല്‍, മിലിന്ദ് ബ്രഹ്മെയുടെ ഒരു കോഴ്‌സ് ഞാന്‍ എടുത്തിട്ടുണ്ട്. മൂന്നുപേര്‍ മാത്രമായി തീരെ ഔപചാരികതകളില്ലാത്ത ചില വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ച പോലെയുള്ള കോഴ്‌സ് ആയതുകൊണ്ട് അദ്ദേഹത്തെ അടുത്തറിയുകയും ചെയ്യാം. ഉദാരതയോടെ കാര്യങ്ങള്‍ കാണുകയും വിദ്യാര്‍ഥികളുടെ ഏത് എതിരഭിപ്രായവും സ്വാഗതം ചെയ്ത് ചര്‍ച്ചയ്ക്ക് തയാറാകുന്നയാളുമാണ് അദ്ദേഹം. മാത്രമല്ല, ചില കാര്യങ്ങള്‍ ചെയ്യണമെന്ന് പറയുമെങ്കിലും ഒരു കാര്യത്തിനും നിര്‍ബന്ധിക്കാറുമില്ല. ഇത് അദ്ദേഹത്തിന്റെ അലസതയായി വ്യാഖാനിക്കപ്പെടാറുമുണ്ട്. ഹേമചന്ദ്രന്‍ കാരയെയും നേരിട്ട് പരിചയമില്ലെങ്കിലും മയത്തിലും സ്‌നേഹപൂര്‍വവും ഇടപെടുന്നയാളായിട്ടാണ് അദ്ദേഹത്തെയും കണ്ടിട്ടുള്ളതും. ഇവരുടെ പേരുകള്‍ രക്ഷിതാക്കള്‍ പറഞ്ഞിട്ടുണ്ടോ എന്നത് എന്നെപ്പോലെ തന്നെ പലര്‍ക്കും അറിയില്ല. അങ്ങനയൊരു കുറിപ്പ് എവിടെ നിന്നുവന്നു എന്നും അറിയില്ല.

ഇതുപറയാന്‍ കാരണം ഈ മൂന്ന് അധ്യാപകരുടെയും പേരുകള്‍ ചേര്‍ത്ത് ഉത്തരവാദിത്തമുള്ള പലസംഘടനകളും പ്രസ്താവനകളും അഭിപ്രായങ്ങളും ഇറക്കുന്നത് കണ്ടതുകൊണ്ടാണ്. അതിന്റെ തെളിവുകള്‍ ഞങ്ങളിലാരും കണ്ടിട്ടില്ല. മാത്രവുമല്ല, ഇത് വര്‍ഗീയമായ വിവേചനവും ഉണ്ടായി എന്ന രീതിയിലുള്ള ചര്‍ച്ചകളും കാണുന്നു. ഒരു മീഡിയയില്‍ കുട്ടിയുടെ പിതാവ് മുസ്ലിം പേരും പ്രശ്‌നമായിട്ടുണ്ട്, അത് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചതാണ് ഇതിന്റെ ആധാരമായി കാണുന്നത്. എന്നാല്‍ ഞാന്‍ മനസിലാക്കിയിടത്തോളം ഫാത്തിമ മതചിഹ്നങ്ങള്‍ ധരിച്ച് നടക്കാത്ത ആളാണ്. എങ്കിലും ചിലപ്പോള്‍ മുസ്ലിം പേരിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടാകാം. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കണമെന്ന ആഗ്രഹത്തോടെ വിദ്യാര്‍ഥികളില്‍ ചിലര്‍ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിരുന്നെങ്കിലും വിവരങ്ങള്‍ ഇപ്പോഴുമില്ല.

യഥാര്‍ഥത്തില്‍ ഇപ്പോഴും നേരത്തെയും വിദ്യാര്‍ഥികള്‍ ഉന്നയിച്ച പ്രധാനമായ പ്രശ്‌നം, ആത്മഹത്യകളെക്കുറിച്ച് നിഷ്പക്ഷമായ തെളിവെടുപ്പും അന്വേഷണവും നടത്തുകയും അത്തരം സംഭവങ്ങളില്‍ മനുഷ്യത്വപരവും നീതിപൂര്‍വവും ആയ സമീപനം ഉണ്ടാകുകയും ആണ്. കൂടാതെ ഫാത്തിമയുടെ മരണത്തിനും പിറകിലുള്ള അക്കാമദികവും സാമൂഹ്യവുമായ കാരണങ്ങളും അന്വേഷിക്കുകയും അതില്‍ പങ്കുണ്ട് എന്ന് തെളിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയുമാണ് വേണ്ടത്. കൂടാതെ വിദ്യാര്‍ഥികള്‍ക്ക് അക്കാദമികവും അല്ലാത്തതുമായ കാര്യങ്ങളില്‍ സമീപിക്കാന്‍ അയവുള്ളതും കാര്യക്ഷമവുമായ സംവിധാനം ഉണ്ടാകുകയുമാണ് വേണ്ടത്. ഇത് സ്ഥാപനതലത്തില്‍ തന്നെ ഉണ്ടാകേണ്ടതാണ്. ആ്ത്മഹത്യകളെ മൂടിവെക്കാനുള്ള ശ്രമം പരിഷ്‌കൃതസമൂഹത്തിന് ചേര്‍ന്നതല്ല. ആധുനിക ബോധത്തിനനുസരിച്ച് ഐ.ഐ.ടികളും മാറണം. മരണത്തില്‍ പോലും അവസാനമായി അയാള്‍ അര്‍ഹിക്കുന്ന ആദരവ് നല്‍കണം. അല്ലാതെ അതവരുടെ ദൗര്‍ബല്യമാണ് എന്ന് എഴുതിത്തള്ളുന്നത് ക്രൂരതയും മനുഷ്യത്വമില്ലായ്മയുമാണ്.

ഐ.ഐ.ടികളിലെ സംവരണവും സംവരണവിഭാഗങ്ങളില്‍ പെടുന്നവരോട് എത്രത്തോളം സൗഹാര്‍ദമുള്ളതാണ് സംവിധാനങ്ങള്‍ എന്നതും മറ്റൊരു വിഷയമാണ്. അത് കുറെക്കൂടി ഗൗരവമായ വിലയിരുത്തല്‍ അര്‍ഹിക്കുന്ന വിഷയവുമാണ്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.