ഏട്ടനെ നോക്കിച്ചിരിക്കുന്ന കുഞ്ഞനിയന്റെ മുഖം നെഞ്ചിൽനിന്ന് മായുന്നില്ല…

435

തൊടുപുഴസംഭവത്തിൽ മനംനൊന്ത് എഴുത്തുകാരൻ വിജു നമ്പ്യാരുടെ (VijuNambiar)ഹൃദയസ്പർശിയായ കുറിപ്പ് (2019, April 7)

=====

അറിയാമോ, ഇന്നെനിക്ക് ഏറെ സന്തോഷിക്കേണ്ട ദിവസമാണ്; കാത്തുകാത്തിരുന്ന് എന്റെ നാലാമത്തെ ഗ്രന്ഥം പ്രകാശനം ചെയ്യുന്ന ദിവസം! അങ്ങു ദൂരെ, തൃശൂരിൽ എന്റെ അച്ഛനും അമ്മയും ഇച്ചായനും വിമലാമ്മയും ആ ധന്യമുഹൂർത്തത്തെ സാക്ഷ്യം വഹിക്കാൻ സന്നിഹിതരായിട്ടുണ്ട്. ഒപ്പം കുറച്ചു പ്രിയപ്പെട്ടവരും!
പക്ഷേ അല്പംപോലും അതാസ്വദിക്കാൻ എനിക്കാവുന്നില്ലല്ലോ!

കണ്മുന്നിൽത്തെളിയുന്നത് ഒരമ്മക്കുരങ്ങും കുഞ്ഞുമാണ്! തനിക്കു താങ്ങാനാവാത്ത ഭാരമാണെങ്കിൽക്കൂടെ തന്റെ കുഞ്ഞിനെ മാറോടു ചേർത്ത് ഇഴഞ്ഞുനീങ്ങുന്ന അമ്മക്കുരങ്ങിനെ ശ്രദ്ധിച്ചിട്ടുണ്ടോ? എത്രനേരം വേണമെങ്കിലും അതു നോക്കിയിരിക്കും ഞാൻ! അന്നേരം ചിലപ്പോളാ കുഞ്ഞിക്കുരങ്ങ് മെല്ലെ പരങ്ങിപ്പരങ്ങി ലോകം കാണാനിറങ്ങും, അപ്പോ അമ്മക്കുരങ്ങ് വാലുപിടിച്ച് ഒരുവലിയാണ്; ഞാനാടാ നിന്റെ ലോകമെന്ന മട്ടിൽ! എന്തൊരു രസമാണെന്നോ അവയുടെ കളികൾ.

കുരങ്ങന്മാരുടെ ഒരു രംഗമുണ്ട് ഓർമ്മയിൽ..
കാട്ടുവാസികളിലൊരാൾ അമ്പും വില്ലുമായ് ഒരമ്മക്കുരങ്ങിനെ ഓടിക്കുകയാണ്, കണ്ണീർപ്പുല്ലിൽ പറ്റിയുറച്ചിരിക്കുന്ന മഴത്തുള്ളിപോലെ അതിന്റെ കുഞ്ഞുമുണ്ട് മാറിൽ! അല്പം പിറകിലായ് രണ്ടു വെള്ളക്കാരും ഓടുന്നതുകാണാം.
കാട്ടുവാസി പുറംകാട്ടിൽ കുരുക്കാൻവെച്ച ഭക്ഷണപദാർഥങ്ങളിൽ ആകൃഷ്ടരായെത്തിയതായിരുന്നു കുറച്ചു കുരങ്ങന്മാർ, പെട്ടതാകട്ടെ ഈ തള്ളക്കുരങ്ങും. പക്ഷേ എങ്ങനെയോ അത് അയാളുടെ കുരുക്കിൽനിന്നു രക്ഷപ്പെട്ടു. പിന്നെ പാച്ചിലായിരുന്നു, പിന്നാലെ ഇയാളും അതിനുപിന്നാലെ ആ വിദേശികളും!
കാട്ടുവാസിയുടെ മെയ്‌വഴക്കത്തിലൊന്നും പതറാതെ കുട്ടിമരങ്ങളുടെ കൊമ്പിൽനിന്നു കൊമ്പിലേക്കു തൂങ്ങിത്തൂങ്ങി കുരങ്ങ് തന്റെ കുഞ്ഞിനെ സുരക്ഷിതമാക്കി, അയാളിൽനിന്ന് സമർത്ഥമായ് രക്ഷപ്പെടുന്നുണ്ട്. എന്നാൽ കുരങ്ങ് സാമാന്യം ദൂരെയായെന്നു കണ്ടപ്പോൾ, ഉൾക്കാട് അടുത്തായെന്നു കണ്ടപ്പോൾ അയാളൊരു കുബുദ്ധി കാണിച്ചു, മനുഷ്യന്റെ ക്രൂരമായ ദുരഭിമാനം; വിഷംപുരട്ടിയ തന്റെ അമ്പ് ആ കുരങ്ങിന്റെ മേൽ തൊടുത്തു! ഉന്നം പിഴയ്ക്കുമോ, സൂക്ഷ്മം കുരങ്ങിന്റെ കഴുത്തിൽത്തറച്ചു. ആ നിമിഷം കുരങ്ങ് എന്തുചെയ്തെന്നോ, തന്റെ മാറിൽ പറ്റിച്ചേർന്നിരിക്കുന്ന കുഞ്ഞിനെ വലിച്ചടർത്തി, ദൂരേക്ക് ഒരൊറ്റയേറ്!! അവിടെ ഇതു കാത്തെന്നതുപോലെ നിന്നിരുന്ന മറ്റൊരു കുരങ്ങിന്റെ കൈയിലേക്കാണ് ആ കുഞ്ഞു വീണത്. പൊടിക്കുഞ്ഞിനെ ചേർത്തുപിടിച്ച് അതന്തർധാനം ചെയ്തു, ഉൾക്കാട്ടിലേക്ക്.
ഇളിഭ്യരായി ഈ മനുഷ്യന്മാർ. പക്ഷേ നമ്മുടെ കാട്ടുവാസി ഈ തള്ളക്കുരങ്ങിന്റെ ജഡം അവിടെയുപേക്ഷിച്ചില്ല കേട്ടോ!

പറഞ്ഞുവന്നത് ഒരു പിഞ്ചോമനയുടെ മരണത്തെപ്പറ്റിയാണ്! അറിയാം, ഫേസ്ബുക്കിൽ പോസ്റ്റിട്ടതുമൂലമോ നിങ്ങൾ കുറേപ്പേർ സഹതപിച്ചതുമൂലമോ, നഷ്ടം നികത്തപ്പെടാവുന്നതോ കുറ്റങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതോ അല്ല! പക്ഷേ ഉള്ളിന്റെയുള്ളിൽ തിണർത്തുപൊട്ടുന്ന മുറിവിന് അല്പമാശ്വാസം പകരുവാൻ അതിനു സാധിക്കുമെങ്കിൽ ചെയ്യാതിരിക്കേണ്ടല്ലോ!

ആ കുരുന്നിനെ ഹോസ്പിറ്റലിൽ കൊണ്ടുവരുന്നതും കൊലപാതകി ഡോക്ടർമാരോടും പോലീസുകാരോടും കയർക്കുന്നതുമായ വീഡിയോ ദാ ഇപ്പോൾ കണ്ടതേയുള്ളൂ.
സാക്ഷിസ്ഥാനത്തു ചേർക്കപ്പെട്ടിട്ടുള്ള ‘അമ്മ’യെന്ന നിരപരാധിയും ആ വീഡിയോവിലുണ്ടായിരുന്നു. യാതൊരു കൂസലുമില്ലാതെ, ഫോൺ ചെയ്തുനടക്കുന്ന ആ സീൻ കാണുകതന്നെ വേണം!
എന്നിട്ട് അവർ പാവമാണെന്ന് അവരുടെ മരിച്ച ഭർത്താവിന്റെ അമ്മ പറഞ്ഞുവത്രേ!

കുറച്ചു നാളുകളിലെ പരിശ്രമത്തിനുശേഷം അവനാ കുഞ്ഞിനെ കൊല്ലുന്നതിൽ വിജയം വരിച്ചു! താൻ പെറ്റ കുഞ്ഞിനെ കൊല്ലാൻകൂട്ടുനിന്നതേയുള്ളൂ പാവം അമ്മ; കള്ളനു വിളക്കു പിടിച്ചുകൊടുക്കുന്നതുപോലെ!
ആ അമ്മക്കുരങ്ങ് ഇപ്പോൾ എന്നെ നോക്കി പല്ലിളിക്കുന്നുണ്ട്, പുച്ഛമായിരിക്കും. “ഞാനെന്റെ കുഞ്ഞിനെ മരണത്തിനു കൊടുത്തില്ല, കേട്ടോടാ” എന്ന് ഞാനുൾപ്പെടെയുള്ള മനുഷ്യരോട് അത് ആക്രോശിക്കുന്നതായിതോന്നുന്നു. ആക്രോശിക്കും, ആക്രോശിക്കുകയല്ലേ ചെയ്യുന്നുള്ളൂ എന്നാണു് അദ്‌ഭുതം! എന്തെന്നാൽ അമ്മയെന്ന മഹനീയസ്ഥാനത്തിന് കറ പുരണ്ടിട്ട് കാലം കുറച്ചായല്ലോ!

താഴെയുള്ള ചിത്രം നോക്കൂ, കൊന്നുകളയപ്പെട്ട പൊന്നുമോനും അവന്റെ പുന്നാര അനിയനുമാണ്!
ഏട്ടനെ നോക്കിച്ചിരിക്കുന്ന കുഞ്ഞനിയന്റെ മുഖം നെഞ്ചിൽനിന്ന് മായുന്നില്ല. അത്തരം ചിത്രങ്ങൾ ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ ഞാൻ, എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം! അതിൽനിന്നുതന്നെ ഏട്ടനോടുള്ള അനിയന്റെ സ്നേഹം ഊഹിക്കാം. ജീവിതത്തിൽ അവനാകപ്പാടെയുണ്ടായിരുന്ന ഒരു ബന്ധുവായിരുന്നല്ലോ അവന്റെ ഏട്ടൻ!

കഴിഞ്ഞ ഒരു കൊല്ലത്തെ കണക്കുപ്രകാരം 4500കുഞ്ഞുങ്ങളാണത്രേ ആക്രമണത്തിന്നിരയായത് നമ്മുടെ നാട്ടിൽ! അക്കാര്യങ്ങളിലൊക്കെ എന്താ പുരോഗതി!

എന്റെ രണ്ടു കുട്ടികളെയും ഞാൻ തല്ലാറുണ്ട്‌, ശകാരിക്കാറുണ്ട്. എന്നാൽ അത് ചെയ്തുകഴിഞ്ഞാൽ ഉള്ളിലൊരു വിങ്ങലാ! അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുമ്പോളേ ആ വിങ്ങലിൽ അല്പം കുളിരു വീഴൂ!

ആ കുഞ്ഞിനോട് ഇനിയെന്തു പറയാൻ!നീയെന്റെ ആരുമല്ല മോനേ, ആരുമല്ല! നീ ഹോസ്പിറ്റലിൽ കിടന്ന സമയം ഞാൻ പ്രാർത്ഥനയോടെ കൂടെനിന്നില്ല, പക്ഷേ ഓരോ ദിവസവും നിന്നെ ഓർത്തുകൊണ്ടായിരുന്നു ഞാൻ ഉണർന്നതും ഉറങ്ങിയതും, നീ ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിൽക്കുറഞ്ഞതൊന്നും എനിക്കുണ്ടായിരുന്നുമില്ല!

ഇപ്പോൾ ശൂന്യമാണ് എന്റെ മനസ്സ്, ഭ്രാന്തൻമനസ്സ്! മരണം എന്നും വേദനതന്നെയാണ്; അതു പിഞ്ചുകുഞ്ഞുങ്ങളുടെയാണെങ്കിലോ.. ആദ്യത്തെ അടി വീണപ്പോൾ ഗഹനമായ നിദ്രയിലായിരുന്നിരിക്കും നീ! അതുകൊണ്ടുതന്നെ രണ്ടാമത്തെ അടിയിൽ ബോധംപോയത് നീയറിയാതെയായിരിക്കണമല്ലോ!

പക്ഷേ ആ കുഞ്ഞു ശവപ്പെട്ടി എന്റെ ഹൃദയത്തിലാണെടാ ഇറങ്ങിയത്! നിന്റെ നെഞ്ചിൽ വീണ മണ്ണ് എന്റെ കണ്ണിലാണ് വീണത്. പക തോന്നുന്നത് എന്നോടുതന്നെയാണ്.