മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു, ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക

0
435
Viju Nayarangadi
തൊള്ളായിരത്തി തൊണ്ണൂറിൽ സോമനാഥിൽ നിന്ന് അദ്വാനി രഥമുരുട്ടിത്തുടങ്ങുമ്പോൾ ഞാൻ അലിഗഡ് മുസ്ലീം യൂണിവേർസിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയാണ്. അന്ന് ബീഹാറിൽ ലാലു പ്രസാദ് യാദവും അവിഭക്ത യു പിയിൽ കല്യാൺ സിംഗും ഭരിയ്ക്കുന്നു. ദൃശ്യമാധ്യമങ്ങൾ ഇക്കാലത്തേതുപോലെ ശക്തമായിട്ടില്ല. ദൂരദർശൻ തന്നെയാണ് നിയാമകം. ആ ദിവസങ്ങളിൽ ദൂരദർശൻ രഥത്തെ മിതമായി മാത്രം പിൻതുടർന്നു. ഇന്നത്തേതുപോലെ ചാനൽ അന്തിച്ചർച്ചകളില്ല. പ്രിൻറ്മീഡിയ അമിതമായി കാവിവൽക്കരിക്കപ്പെട്ടിട്ടില്ല, എങ്കിലും പത്രങ്ങൾ രഥയാത്രയുടെ പിന്നിലേക്ക് നോക്കാൻ ധൈര്യപ്പെട്ടില്ല. പക്ഷേ ആജ്തക് എന്ന ഒരു പത്രം മാത്രം രഥം പിന്നിടുന്നതിന്റെ പിന്നാലെ നടന്ന കലാപങ്ങളെ റിപ്പോർട്ട് ചെയ്തതായി കേട്ടിരുന്നു.
നൂറുകണക്കിന് ഏക്കർ പരന്നു കിടക്കുന്ന എ എം യു ക്യാമ്പസ്സിനുള്ളിലൂടെ , മുഹമ്മദ് ഹബീബ് ഹാൾ എന്ന ഹോസ്റ്റൽ സമുച്ചയത്തിനു മുന്നിലൂടെ കടന്നുപോകുന്ന ഹൈവേ മാത്രമാണ് യൂണിവേർസിറ്റിയുടെ ഉടമസ്ഥതയിലില്ലാത്ത ഒരേയൊരു പബ്ലിക് സ്പെയ്സ്.അത് പൊതുജനത്തിന്റെ ഇടമാണ്. ഹബീബ് ഹാളിലാണ് ഞാൻ താമസം . രണ്ടാം നിലയിലെ എന്റെ മുറിയുടെ ജനൽ തുറക്കുന്നത് മെയിൻ ഗെയിറ്റിലേക്കാണ്, അതുവഴി ഹൈവേയിലേക്കും .
Image result for delhi riotഏതു വലിയ കലാപം വരുമ്പോഴും ഏ എം യു ക്യാമ്പസ് വേറിട്ടു നിൽക്കും. അവിടെ താമസിച്ചു പഠിക്കുന്ന നോൺ മുസ്ലീം വിദ്യാർത്ഥികളെ അവർ സ്വജീവൻ കൊടുത്ത് സംരക്ഷിയ്ക്കും. അത് ഏ എം യുവിന്റെ കാലങ്ങളായി നിലനിന്നുപോന്ന സംസ്കാരമാണ്. പക്ഷേ , വിഭജനകാലത്തിനു ശേഷം ഇന്ത്യയിലുണ്ടായ വർഗ്ഗീയതയുടെ ആഴമേറിയ തിരിച്ചുവരവു പോലെ ഉത്തരേന്ത്യയിലാകെ അദ്വാനിയുടെ രഥയാത്ര ഭീതി പരത്തിയിരുന്നു. രഥത്തിനു പിന്നാലെ പടർന്നു പിടിച്ച അക്രമങ്ങളിൽ നൂറുകണക്കിനു പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആജ്തക് റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് അറിയാനായിട്ടുമുണ്ടായിരുന്നു. യൂണിവേർസിറ്റി ക്യാമ്പസിനെ അത് ബാധിക്കും എന്ന മർമറിംഗ് ചുറ്റും പരക്കുന്നുണ്ടായിരുന്നു.
രഥം ഹരിയാന കടക്കുമ്പോഴേയ്ക്കും യു പിയിലെ സെൻസിറ്റീവ് ഏരിയകളിലെല്ലാം സംഘപരിവാർ അക്രമങ്ങൾ പടിപടിയായി നടപ്പിലാക്കപ്പെട്ടിരുന്നു. അലിഗഢ് , മീററ്റ് , ബറേലി പ്രദേശങ്ങളിലെല്ലാം ഏറെക്കുറെ തുല്യ ജനസംഖ്യയാണ് മുസ്ലീങ്ങളും ഹിന്ദുക്കളും. രണ്ടു വിഭാഗത്തിലും രണ്ടു തരം ജനതയേ അവിടെയുള്ളു. ഒന്നുകിൽ ഏറ്റവും ഉയർന്ന വർഗ്ഗം .അവരൊരു ന്യൂനപക്ഷമാണ്. അതിൽ രണ്ടു മതസ്ഥരുമുണ്ട്. അല്ലെങ്കിൽ ഏറ്റവും താഴ്ന്നവർഗ്ഗം. അതും രണ്ടു മത വിഭാഗത്തിലും സമാനം തന്നെ . ഉള്ളവൻ എന്നാൽ ശരിക്കും ഉള്ളവൻ തന്നെയാണ്. നമ്മുടെ നാട്ടിലെപ്പോലെ ഒരു നല്ല പനി വന്നാൽ കടപ്പെട്ടു പോവുന്ന തരത്തിലുള്ള പണക്കാരനല്ലാ. വർഗ്ഗീയ കലാപം മണത്താൽ ഉത്തരേന്ത്യൻ മാർക്കറ്റിൽ അത് മാസങ്ങൾക്കു മുൻപേ പ്രതിഫലിയ്ക്കും. ആട്ടയും സൺഫ്ളവർ ഓയിലും സവാളയും ഉരുളക്കിഴങ്ങും ഉപ്പും വൻതോതിൽ വിറ്റഴിയും. മാസങ്ങൾ നീളുന്ന കർഫ്യൂവിൽ പുറത്തിറങ്ങാതിരിയ്ക്കാൻ ഉത്തരേന്ത്യക്കാരന് ഈ അഞ്ച് ഐറ്റം വീടിനകത്തുണ്ടായാൽ മതി. സമ്പന്നൻ മാസങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ പാകത്തിൽ ഇവ സംഭരിക്കും. സൈക്കിൾ റിക്ഷക്കാരൻ ഏതു കലാപത്തിലും കർഫ്യൂവിന്റെ നടുവിലും തെരുവിലാവും. ഈ നിലയിലുള്ള നിത്യസാധാരണക്കാരനെയാണ് മതമൗലിക ശക്തികൾ രോധിയ്ക്കാനും പ്രതിരോധിക്കാനുമായി എക്കാലത്തും തെരുവിലിറക്കുന്നത്.
Image result for delhi riotതെരുവുകൾ തന്നെയാണ് ഇവരുടെ ലക്ഷ്യം. ഓരോ ഗലികളിൽ ഓരോ മതസ്ഥരായിരിക്കും. കേരളം പോലെ ഇടകലർന്ന ജീവിതമല്ല .അതുകൊണ്ടുതന്നെ ഒരു ഗലിയുടെ ഒരറ്റത്തു നിന്നു തുടങ്ങിയാൽ അങ്ങേയറ്റത്തെത്തും വരെ ഏതു മതക്കാരാണെങ്കിലും ഒറ്റയടിക്ക് വൃത്തിയാക്കാം. ഇരകളാവുന്നവർ എതിർക്കാൻ ഒരു നിലയ്ക്കും നിവൃത്തിയില്ലാത്തവരാകും. രഥയാത്ര മുതൽ ബാബറി മസ്ജിദ് തകർക്കും വരെയുള്ള കാലത്ത് അധികാരത്തിന്റെ അടുത്തു പോലും എത്തിപ്പെട്ടിട്ടില്ലാതിരുന്ന സംഘപരിവാര ശക്തികൾ അലിഗഢിലും പരിസരത്തും അഴിഞ്ഞാടിയത് കണ്ടിരുന്ന കണ്ണുകളാണെന്റേത്. അന്ന് അവരിൽ കണ്ടിരുന്ന അപ്രമാദിത്വം അധികാരം കൈയ്യാളുന്ന ഇക്കാലത്ത് എത്രമാത്രമായിരിക്കും എന്നെനിക്ക് ഊഹിക്കാൻ പോലും വയ്യ.
ആർത്തലച്ചു വരുന്ന ക്രിമിനൽ സംഘങ്ങളെ നേരിടാൻ കല്ല് മാത്രമാണ് ആയുധം .മുസ്ലീങ്ങൾ കല്ലെറിയുന്നു എന്ന് വലിയ വായിൽ പലരും പറയുന്നതു കണ്ടു. ചാവും മുമ്പ് പ്രതിരോധിക്കാനുള്ള അവസാനത്തെ മാർഗ്ഗമാണതെന്നറിയുക. അതേ ദൽഹിയിലും ഇപ്പോൾ സംഭവിച്ചിട്ടുള്ളു.
കലാപം പടർന്നു പിടിച്ചപ്പോൾ യൂണിവേർസിറ്റി അടക്കമുള്ള പ്രദേശങ്ങൾ കർഫ്യൂവിലായി. രാത്രി ഹബീബ് ഹാളിന്റെ പ്രോക്ടർ എന്റെ റൂമിലെത്തി. നോൺ മുസ്ലീംസിന് വേണമെങ്കിൽ വെക്കേറ്റ് ചെയ്യാമെന്നും പിറ്റേന്ന് ദൽഹിയിൽ ട്രെയിൻ കയറാനുള്ള സംവിധാനമൊരുക്കാമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങൾക്കുനേരെയുള്ള ആക്രമണത്തിൽ പക കയറി കൈയിൽ കിട്ടിയ ഹിന്ദുവിനെ ആക്രമിക്കാനുള്ള സ്വാഭാവിക സാഹചര്യം ഉരുത്തിരിയുന്നു എന്നതിൽ നിന്നാണ് ആ നീക്കം ഉണ്ടായത്. യൂണിവേർസിറ്റി ക്യാമ്പസിൽ അങ്ങനെയൊരു ചരിത്രമില്ലെങ്കിലും പ്രത്യേക സാഹചര്യം രൂപപ്പെടുന്നുവെന്നാണ് പ്രോക്ടർ മുന്നറിയിപ്പു തന്നത്. ആലോചിക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞ് പിരിഞ്ഞപ്പോഴേയ്ക്കും ഹോൾ സീനിയർ ഡോ. മുഹമ്മദ് തൻവീർ കയറി വന്നു. ഉറച്ച ആത്മിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു ,’താങ്കൾ പോകരുത്.ഞങ്ങൾക്കെന്തെങ്കിലും വന്നതിനു ശേഷമെ താങ്കൾക്കെന്തെങ്കിലും സംഭവിക്കു . താങ്കൾ വെക്കേറ്റ് ചെയ്താൽ അത് ഞങ്ങളെക്കുറിച്ചുള്ള വിശ്വാസത്തെ ബാധിച്ചേക്കും . പ്ലീസ്, യു ആർ നോട്ട് സപ്പോസ് റ്റു … ‘ ഞാൻ വെക്കേറ്റ് ചെയ്തില്ല. അന്ന് എന്നെപ്പോലെ ആ കാമ്പസിൽ മറ്റൊരു ഹോസ്റ്റലിൽ തങ്ങിയ മറ്റൊരാൾ ഇ കെ മുഷ്താഖ് ആയിരുന്നു. അയാൾ അതിസാഹസികമായി കർഫ്യൂവിനിടയിൽ ,ഷൂട്ട് അറ്റ് സൈറ്റിനിടയിൽ സൈക്കിളുമായി സഞ്ചരിച്ചു. ഞാൻ മെസ്സിലെ തണുത്ത തന്തൂർ റൊട്ടിയിലും നീണ്ട പരിപ്പുകറിയിലും അഭയം തേടി. ഹബീബ് ഹാളിന്റെ ഗയിറ്റിനു മുന്നിൽ വെട്ടിക്കൊന്ന് പച്ചക്ക് തീയിലേക്കെറിയുന്നത് ജനലിലൂടെ കണ്ടു നിന്നു.
അപ്പോഴൊക്കെ ഡോ. തൻവീർ റൂമിൽ വന്നു. അയാളപ്പോഴും ചോദിച്ചു ,’ഭായ് ,ആപ് ഠിക് ഹേ ‘ . തൊണ്ട മരവിച്ചു നിന്ന ഞാൻ തലയാട്ടുക മാത്രം ചെയ്തു.ദൽഹിയിൽ കലാപഭൂമിയിൽ നിന്നു കൊണ്ട് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന സുനിൽ ഞാൻ പഠിപ്പിച്ച കുട്ടിയാണ്. എന്നെ അക്കാലത്ത് മൂടിയ ഭയം അവനെ സ്പർശിച്ചിട്ടില്ല. അവനെ പോലുള്ളവരുടെ കണ്ണുകൾ കൂടിയാണ് ഇപ്പോൾ സംഘപരിവാരത്തെ കാണിച്ചുതരുന്നത്. എന്റെയുള്ളിലെ പഴയ ഭയത്തെ തൊട്ടുണർത്തിയത്.
അന്ന് നട്ടെല്ലിലൂടെ അരിച്ചു കയറിയ തണുപ്പ് ഇന്നു സുരക്ഷിതനായിട്ടും എന്നിലാവർത്തിയ്ക്കുന്നു. അപ്പോൾ നിത്യമായ അരക്ഷിതാവസ്ഥയിൽ കഴിയുന്ന കിഴക്കൻ ദില്ലിയിലെ, യു പിയിലെ ,ബീഹാറിലെ ലക്ഷക്കണക്കിന് മുസ്ലീം സഹോദരൻമാർക്കിടയിൽ പടരുന്ന ഭയം എന്തായിരിക്കും എന്നൂഹിക്കാൻ നിവൃത്തിയില്ലാത്ത വിധം ഞാൻ നിസ്സഹായനാവുന്നു.
എങ്കിലും ഈ കെട്ട കാലത്തെ നാം മറികടക്കുക തന്നെ ചെയ്യും. എങ്ങനെ എന്ന ചോദ്യം എന്റെ മുന്നിലുമുണ്ട്.ഇപ്പോഴത് ഉത്തരമില്ലാത്ത ചോദ്യമാണ്. പക്ഷേ, ചോദ്യങ്ങൾ സ്വയമേവ ഉത്തരങ്ങളായി ഉരുത്തിരിഞ്ഞ മണ്ണാണിത്. ഞാനതിൽ ഒരിക്കൽക്കൂടി മനസ്സുറപ്പിക്കുന്നു.