ബോളിവുഡ് സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്‍മാരിലൊരാളായിരുന്ന മഹേഷ് ആനന്ദിനെ ഓർക്കുമ്പോൾ…
Muhammed Sageer Pandarathil
ബോളിവുഡ് സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്‍മാരിലൊരാളായ മഹേഷ് ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത് 2019 ഫെബ്രുവരി 9 ആം തിയതി ആയിരുന്നു. 57 വയസ്സുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം മുംബൈയിലെ വീടിനുള്ളിൽ നിന്ന് കണ്ടെത്തുമ്പോൾ അഴുകിയ നിലയിലായിരുന്നു. പൊലീസ് പറയുന്നത് മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ്. അങ്ങിനെയെങ്കിൽ ഇദ്ദേഹം ഫെബ്രുവരി 6 ആം തിയതി രാത്രി മരിച്ചിരിക്കാനാണ് കൂടുതൽ സാധ്യത.
കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്ബര്‍ വണ്‍, വിജേത, ഷെഹന്‍ഷാ തുടങ്ങി നിരവധി സിനിമകളിൽ വില്ലനായി അഭിനയിച്ചിട്ടുള്ള ഇദ്ദേഹം അവസാനമായി അഭിനയിച്ചത് ഗോവിന്ദ നായകനായെത്തിയ രംഗീല രാജയിലാണ്. 2019 ജനുവരിയിലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഈ ചിത്രം തനിക്ക് 18 വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാലോകത്ത് നിന്ന് ലഭിച്ച ഓഫറാണെന്ന് ഇതെന്ന് രംഗീല രാജ റിലീസ് ചെയ്ത സമയത്ത് അദ്ദേഹം പറഞ്ഞിരുന്നു.
സിനിമാലോകത്ത് അവസരങ്ങൾ കുറഞ്ഞ ഇദ്ദേഹം പിന്നീട് ജീവിച്ചത് ഗുസ്തി മത്സരങ്ങളില്‍ പങ്കെടുത്തായിരുന്നുവെന്നും അന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.പ്രജ, അഭിമന്യു, കിലുക്കിലുക്കം, വൃദ്ധൻമാരെ സൂക്ഷിക്കുക തുടങ്ങിയ ഒരു പിടി മലയാള സിനിമകളിൽ തന്റെ സാന്നിധ്യം അറിയിച്ച ഇദ്ദേഹത്തിന് പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ഒട്ടേറെ വില്ലൻ കഥാപാത്രങ്ങളെ സമ്മാനിക്കാനായി എന്നുള്ളത് ഈ മണ്മറഞ്ഞ നടന്റെ വിജയം തന്നെയാണ്.