വിമൽ എ എൻ
ലോകത്തിലെ ആദ്യത്തെ നോൺ ലീനിയർ സിംഗിൾ ഷോട്ട് മൂവി ആയ ഇരവിൻ നിഴൽ എന്ന തമിഴ് സിനിമ വളരെ യാദൃശ്ചികമായി കഴിഞ്ഞ ആഴ്ച കാണാൻ പറ്റി. പാർത്ഥിപൻ അഭിനയിക്കുന്നു, അദ്ദേഹം തന്നെയാണ് സംവിധാനവും എന്ന് വരുന്ന വഴിയിൽ തമിഴൻ സുഹൃത്ത് പറഞ്ഞ് തന്നു. തീയേറ്ററിൽ എത്തുന്നത് വരെ സിനിമയുടെ ട്രെയിലറോ ഫസ്റ്റ് ലുക്കോ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. ഇനി എല്ലാവർക്കും അറിയാവുന്ന കുറച്ച് കാര്യങ്ങളാണ്.
ഒരു കഥയെ അനവധി സീനുകളാക്കി തിരിച്ച് അതിനെ വീണ്ടും പലവിധത്തിൽ ഷോട്ട് ഡിവിഷൻ ചെയ്താണ് സാധാരണയായി സിനിമ ചിത്രീകരണം പ്ലാൻ ചെയ്യുന്നത്. ഓരോ സീനും പ്രത്യേകം ഷോട്ട് ചെയ്തും, ശരിയായില്ല എന്ന് തോന്നുന്നതൊക്കെ വീണ്ടും പലതവണ റീടേക്കുകൾ എടുത്ത് ശരിയാക്കിയും ചിത്രീകരണം പുരോഗമിക്കും. ഒടുവിൽ ഇതൊക്കെ എഡിറ്ററുടെ സഹായത്തോടെ സംവിധായകൻ്റെ കഥാവതരണ രീതിക്ക് അനുസരിച്ച് സംയോജിപ്പിച്ച് ഒരു മുഴുനീള സിനിമയായി മാറുന്നു. സിംഗിൾ ഷോട്ട് സിനിമകൾ ഇതിൽ നിന്നും വ്യത്യസ്തമാണ്. ഒരിക്കൽ സ്റ്റാർട്ട് പറഞ്ഞ് ക്യാമറയ്ക്കു മുൻപിൽ അഭിനയം തുടങ്ങിയാൽ സിനിമ കഴിയുന്നിടത്താണു കട്ട് പറയുന്നത്. ഇടവേളകളില്ലാത്ത നാടകം പോലെ റീടേക്കുകൾ ഇല്ലാതെ അഭിനേതാക്കളെല്ലാം തങ്ങൾക്ക് ചെയ്യാനുള്ളതെല്ലാം ഒരൊറ്റ ഷോട്ടിൽ തന്നെ അഭിനയിക്കുന്ന രീതി. അഭിനേതാക്കളെക്കാൾ എത്രയോ വലിയ വെല്ലുവിളിയാണ് ഇത്തരം ചിത്രങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്ന അണിയറക്കാർക്ക്. ലൈറ്റ് ബോയ് മുതൽ ഡയറക്ടർ വരെ എല്ലാവരുടെയും ഒരുമിച്ചുള്ള പ്രയത്നം ആണ് ഇത്തരം ചിത്രങ്ങൾ. ഒരാളുടെ ചെറിയൊരു പിഴവുണ്ടായാൽ സെറ്റ് അടക്കം എല്ലാം പഴയപടി ആക്കി വീണ്ടും ആദ്യം മുതൽ ചിത്രീകരണം തുടങ്ങണം.
എന്നിട്ടുകൂടി എന്തിനാണ് ഇത്രയും കഷ്ടപ്പെട്ട് സിംഗിൾ ഷോട്ട് സിനിമകൾ എടുക്കുന്നത്? ഒട്ടുമിക്ക സിംഗിൾ ഷോട്ട് സിനിമകളുടെയും കഥകൾക്ക് അത് ആവശ്യപ്പെടുന്ന അഡീഷണൽ ആയ ഒരു ഒഴുക്ക് പ്രധാനം ചെയ്യാൻ ഈ രീതിക്ക് കഴിയുന്നു എന്നതാണ് ഒരു വസ്തുത. സിനിമയുടെ കഥയോട് പ്രേക്ഷകന് കൂടുതൽ അടുപ്പം തോന്നാനും, അതിൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താനും സാധിക്കുന്നു. അതിലേറെ തങ്ങളുടെ കഴിവിനെ തുറന്നു കാണിക്കാനും സിനിമാക്കാർ ഈ രീതി ഉപയോഗിക്കുന്നു. എത്രയോ ലോക സിനിമകൾ ഇതിനോടകം ഈ രീതിയിൽ വന്നിട്ടുണ്ട്. തമിഴിൽ പാർത്ഥിപൻ തന്നെ മുൻപ് ചെയ്ത ഒത്ത സെരുപ്പ് ഇത്തരം ഒരു സിംഗിൾ ഷോട്ട് സിനിമ ആയിരുന്നു.
പിന്നെ എന്തിന് പാർത്ഥിപൻ തന്നെ വീണ്ടും ഇങ്ങനെ ഒരു സിനിമയും ആയി വരുന്നു? കാരണം എന്തും ആവട്ടെ. ഇരവിൻ നിഴൽ ഒരത്ഭുതമാണ്. സിനിമ തുടങ്ങുന്നതിൻ്റെ ആദ്യ അരമണിക്കൂർ കാണിക്കുന്ന മേക്കിംഗ് വീഡിയോ ഒന്ന് കണ്ട് തുടങ്ങിയപ്പോൾ തന്നെ ഈ ടീമിൻ്റെ ആത്മസമർപ്പണവും പാർത്ഥിപൻ എന്ന സംവിധായകൻ്റെ നിശ്ചയദാർഢ്യവും കണ്ട് കണ്ണു മിഴിച്ച് നിന്ന്പോയി!
എഡിറ്റർ ഇല്ലാതെ തന്നെ ഓരോ സീനും കാലഘട്ടവും കഥാപാത്രങ്ങളും നമുക്ക് മുൻപിൽ മാറി മാറി പ്രത്യക്ഷപ്പെടുന്നു. ആ സീനുകൾ ആവശ്യപ്പെടുന്ന പലവിധ വികാരങ്ങളെ അതിൻ്റെ തീവ്രത ഒട്ടും കുറയാതെ കോർത്തിണക്കിയത് എ ആർ റഹ്മാൻ എന്ന പ്രതിഭയുടെ പശ്ചാത്തല സംഗീതത്തിൻ്റെ കൂടെ ഫലമാണ്. സെറ്റ് ഒരുക്കിയ ടീമും ഒരു വേഷത്തിൽ നിന്ന് മറ്റൊന്നിലേക്ക് സെക്കൻഡുകൾ കൊണ്ട് മാറി ഞൊടിയിടയിൽ കഥാപാത്രത്തിൻ്റെ ഉള്ളറിഞ്ഞ് അഭിനയിച്ച അഭിനേതാക്കളും, എല്ലാവരും ഈ സിനിമയെ മികച്ചതാക്കി. കൂടുതൽ പറയുന്നതിലും നല്ലത് നേരിട്ട് കാണുന്നതാണ്. സിനിമയെ സ്നേഹിക്കുന്നവരും സിനിമ പഠിക്കുന്നവരും ഉറപ്പായും ഈ സിനിമ കണ്ടിരിക്കണം.
**
ഇരവിൻ നിഴൽ .ഇൻ്റർവെല്ലിന് ശേഷം സിനിമ. പാർത്ഥിപൻ ഞെട്ടിപ്പിക്കുന്നു
അയ്മനം സാജൻ
ഇരവിൽ നിഴൽ എന്ന ചിത്രത്തിലൂടെ ആർ .പാർത്ഥിപൻ പ്രേഷക ലോകത്തെ ഞെട്ടിപ്പിക്കുകയാണ്.ഇൻ്റർവെല്ലിന് ശേഷം തുടങ്ങുന്ന ഒരു സിനിമ. ലോകത്ത് ആദ്യമാണ് ഇത്തരമൊരു സിനിമ.കഥ,തിരക്കഥ,സംഭാഷണം, ഗാനങ്ങൾ,സംവിധാനം എന്നിവ നിർവഹിച്ച് R. പാർത്ഥിപൻ തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രമാണിത്.ലോകത്തിലെ തന്നെ ആദ്യത്തെ Non-Leaniar Single Short ചിത്രം കാരണം 100 മിനുട്ട് ഉള്ള ചിത്രത്തിലെ ആദ്യ 30 മിനുട്ട് ഈ ചിത്രത്തിൻ്റെ വിവരണം ആണ്.അതായത് സെറ്റ് ഒരുക്കിയ രീതി, ഷൂട്ടിങ്ങ് സ്പോട്ട് സംഭവങ്ങൾ,സ്ക്രിപ്റ്റ് തയാറാക്കിയ രീതി, 90 ദിവസത്തെ റിഹേഴ്സൽ, 200 ടെക്നീഷ്യൻമാർ, ചിത്രീകരണരംഗത്തെ കഷ്ടപ്പാടുകൾ, 100 മിനുട്ട് ഒറ്റഷോട്ടിൽ തീർക്കാൻ ഓരോ തവണ ശ്രമിച്ച് ഒരോരോ മിനുട്ടിലും മണിക്കൂറിലും പരാജയപ്പെട്ട് ടേക്ക് ഇരുപത്തിൽ നാലിൽ മാത്രമാണ് അത് ശരിയായത്. ഒരു വട്ടം 96ആം മിനുട്ടിൽ ക്രെയിൻ സ്റ്റോപ്പായി വീണ്ടും ഒന്നേ എന്ന് തുടങ്ങിയ കഷ്ടപ്പാടുകൾ, ചിലവുകൾ.
ഈ ചിത്രത്തിൻ്റെ പ്രിവ്യൂ കണ്ട് ചിത്രത്തിൻ്റെ സംഗീത സംവിധായകനായ AR റഹ്മാൻ, രജനികാന്ത്, ഭാഗ്യരാജ്, ഭാരതിരാജ, ടെക്നീഷ്യൻസ്, നടീനടൻമാർ, മറ്റ് സാംസ്കാരിക പ്രമുഖർ എന്നിവരുടെ അഭിപ്രായപ്രകടനങ്ങൾ എന്നിവയും ഉണ്ട്. പിന്നെ ഇൻ്റർവൽ.ലോകത്താദ്യമായി ഒരു പടം ഇൻറർവൽന് ശേഷം തുടങ്ങുന്നു. നന്ദു എന്നയാളുടെ ജീവിതമാണ് കഥ. അയാളുടെ പല കാലഘട്ടത്തിലെ ജീവിതാനുഭവങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ചില ബോൾഡ് സീനുകളും ഉണ്ട്.സൂക്ഷ്മമായി നിരീക്ഷിച്ചാൽ കുറവുകൾ കണ്ടു പിടിക്കാൻ പറ്റും. പക്ഷെ ഇന്ത്യൻ സിനിമയിലെ ഒരു അപാര പരീക്ഷണ ചിത്രത്തിന് അതൊരു കുറവല്ല. അങ്ങനെ കഴിയൂ. കട്ട് ഷോട്ട് റീട്ടേക്ക് ഇല്ലാത്ത ഒരു ചിത്രം ഇത്രയെങ്കിലും മികച്ചതാക്കിയെങ്കിൽ അയാളുടെ ചിന്തയെ,അയാളുടെ കഴിവിനെ നമിക്കണം.ഒത്തസെരുപ്പ് എന്ന ഒറ്റയാൾ ചിത്രം എടുത്തപ്പോൾ ഇളയരാജ പാർത്ഥിപനോട് പറഞ്ഞു “ഇതിനും മീതെ ഇനി നിനക്ക് സിനിമയിൽ ഒന്നും ചെയ്യാനില്ല” എന്ന്പക്ഷെ അതുക്കും മീതെ എന്ന് അയാൾ ചെയ്തു കാണിച്ചു.