വിവിധതരം തട്ടിപ്പുകാർ, നിങ്ങളിൽ പലരും ഇവരുടെ കണ്ണീരിൽ വീണുപോയേക്കാം

190

Vimal Krishnan V R

“ഞാനിന്നലെ വരെ കോടീശ്വരനായിരുന്നു. ബാങ്ക് അക്കൗണ്ടിൽ മിനിമം മുപ്പത് ലക്ഷമെങ്കിലും ബാലൻസ് ഇല്ലെങ്കിൽ എനിക്ക് ഉറക്കമില്ല.”

” ക്വാറി ബിസിനസ് തകർന്നു, ലോറി പോലീസ് പിടിച്ചു, ലോറിയിറക്കാൻ ഒരു പതിനായിരം വേണം”

” ഞാനൊരു ക്യാൻസർ രോഗിയാണ്, ഇനിയിത്ര കീമോ വേണം, ഓരോന്നിനും ഇത്ര രൂപ വച്ചാവും, കാശ് വേണം.”

ഈ ഡയലോഗുകളിൽ ചിലത് നിങ്ങളിൽ പലരും കേട്ടു കാണും. ഫെയ്സുബുക്കിലെ കാശ് തട്ടിപ്പുകാർ അവരുടെ കൃഷി നടത്താനായി വിത്തെറിയുന്ന ചില വാചകങ്ങളാണ്.

എഫ് ബി യിലെ കാശ് തട്ടിപ്പുകാർ പിന്തുടരുന്ന ചില പാറ്റേണുകളുണ്ട്… ഈ പാറ്റേണുകൾ മനസിലാക്കി വച്ചാൽ ഇത്തരം തട്ടിപ്പുകളിൽ നിന്നും കുറച്ചൊക്കെ രക്ഷപ്പെടാനാവും.

ഉദാഹരണത്തിന്…..

1) ചില തട്ടിപ്പുകാർ തന്റെ സമ്പൽ സമൃദ്ധമായ പിൽകാലത്തെ പറഞ്ഞായിരിക്കും തുടങ്ങുന്നത്. കോടികളുടെ ബിസിനസും സാമൂഹിക- രാഷ്ട്രീയ രംഗത്തെ പിടിപാടുകളും മേമ്പൊടിയായി കൂട്ടിനുണ്ടാവും.

പ്രസ്തുത കോടീശ്വരന് ഒരു ദിവസം കേവലം പതിനായിരം രൂപയുടെ ആവശ്യം വന്നാൽ ഭാര്യയുടെ കെട്ടു താലി പണയം വച്ചും ഏതൊരു മലയാളിയും സഹായിക്കും.

കോടീശ്വരന്മാരെ പട്ടിണിക്കിടാൻ പാടില്ലെന്ന ഡിങ്ക വചനം മലയാളിക്ക് തുണൈ.

2) ഫെയ്സൂക്കിലെ ആങ്ങളമാർ.

ഫെയ്സൂക്കിലെ ആങ്ങളമാർ കറകളഞ്ഞ 916 ആങ്ങളമാരാണ്. ആങ്ങളയുടെ ചികിത്സയ്ക്കും ആങ്ങളയുടെ കുട്ടികൾ പട്ടിണിയാവാതിരിക്കാനും അളിയന്റെ അരഞ്ഞാണം വരെ ചില പെങ്ങളൂട്ടികളെ കൊണ്ട് ആങ്ങളമാർ പണയം വെപ്പിച്ചെന്നിരിക്കും.

3) നന്മരങ്ങൾ

സീറോക്സ് നന്മരമൊന്നും ഇവരുടെ മുന്നിൽ ഒന്നുമല്ല. മറ്റൊരാളിന്റെ ചികിത്സക്ക് വേണ്ടി താൻ ചിലവഴിച്ച തുക നിരത്തി അതിന്റെ പേരിലും ഒരു പിരിവ് നടത്തും. അഞ്ചിന്റെ കാശ് രോഗിക്ക് കിട്ടുകയുമില്ല.

4) നിത്യ രോഗികൾ

ക്യാൻസർ പോലുള്ള അസുഖങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പൈസ എങ്ങനെ തട്ടുമെന്ന് ഉദാഹരണ സഹിതം നമ്മൾ കണ്ടു. സുനിത ദേവദാസിനെ പോലുള്ളവരുടെ ഇടപ്പെടൽ ഇക്കാര്യത്തിൽ കുറച്ച് കൂടി ജാഗ്രത പാലിക്കാൻ ഇട വരുത്തി.

5) ഇതൊന്നുമല്ലാത്ത പുതിയ ഒന്ന് കൂടി ഉണ്ട്.

പ്രാഞ്ചിയേട്ടൻ സിനിമ കാണാത്തവരെയാണ് ഇക്കൂട്ടർ പറ്റിക്കുന്നത്. കവിതക്കും കഥയ്ക്കു മൊക്കെ അവാർഡ് വാങ്ങിച്ചെടുക്കാമെന്ന് പറഞ്ഞ് നല്ല രീതിയിൽ കാശടിച്ചു മാറ്റുന്നുണ്ട് എന്നാണ് വിവരം.

ഇത് കൂടാതെ സീരിയൽ പിടുത്തം, സിനിമാ പിടുത്തം തുടങ്ങി ആൽബം വരെ പിടിക്കാൻ റെഡിയായി ആളുണ്ട്. പക്ഷേ കാശിറക്കണം.

തട്ടിപ്പുകാർ എല്ലാവരേയും ഉന്നമിടാറില്ല. അതിനും ഒരു പാറ്റേൺ ഉണ്ട്.

1. സ്ത്രീകൾ

എഴുത്തിഷ്ടപ്പെടുന്ന സത്രീകൾ. പ്രത്യേകിച്ചും സ്ത്രീപക്ഷ ചിന്തയും എഴുത്തുമിഷ്ടപ്പെടുന്ന സ്ത്രീകൾ തട്ടിപ്പുകാരുടെ സ്ഥിരം ലക്ഷ്യമാണ്.

2. പുരോഗമനാശയങ്ങളുടെ ഭാഗമായവർ / പ്രവാസികൾ

പുരോഗമനാശയങ്ങളുടെ ഭാഗമായവർ, പ്രത്യേകിച്ചും പ്രവാസികൾ വളരെ വലിയ രീതിയിൽ ഇത്തരം പണപ്പിരിവിനും തട്ടിപ്പിനും ഇരയാവുന്നുണ്ട്.

നാട്ടിൽ 500 രൂപ ചോദിക്കുന്നതിനേക്കാൾ എളുപ്പമാണ് തട്ടിപ്പുകാർക്ക് പാവം പ്രവാസിയെ പറ്റിച്ച് 500 ദർഹം അടിച്ചു മാറ്റുവാൻ.

പണ്ടെങ്ങാണ്ട് എടുത്ത ലോൺ അടയ്ക്കാതെ ബാങ്ക് ജപ്തി നടപടി തുടങ്ങിയപ്പോൾ മോദിയുടെ നോട്ട് നിരോധനം തന്റെ ജീവിതം നശിപ്പിച്ചെന്ന് പറഞ്ഞ് പോസ്റ്റിട്ട് പാവം പ്രവാസികളടക്കമുള്ള സഖാക്കളെ പറ്റിച്ച ഒരു വിരുതനെ ഓർക്കുന്നു. ലക്ഷം രൂപയാണ് അന്ന് പിരിച്ചെടുത്തത്.

3. വിശ്വാസികൾ

തട്ടിപ്പുകാരുടെ പ്രധാന കറവ പശുക്കളാണ് വിശ്വാസി സമൂഹം.

(ബോബിമാരേയും പ്രീ ജോ മാരേയും ഇവിടെ സൂചിപ്പിച്ചിട്ടില്ല. )

ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്. പക്ഷേ എഫ് ബി തട്ടിപ്പിനു ഒരു കുറവും ഇല്ലാത്തതിനാൽ അവർ ഇത്തരം പ്രവർത്തികൾ നിർത്തുന്നത് വരെ നിരന്തരം അവരെ പറ്റി ചർച്ച ചെയ്യേണ്ടതുണ്ട്.

പിരിച്ചെടുക്കുന്ന കാശ് വീട്ടിൽ പോലും കൊടുക്കാതെ ബാറുകളിൽ ചെലവഴിക്കുന്ന തട്ടിപ്പുകാർ വരെയുണ്ട്.

പ്രിയപ്പെട്ട തട്ടിപ്പുകാരെ, നിങ്ങൾ ഈ പണി ദയവ് ചെയ്ത് നിർത്തണം. സ്ത്രീകളുടെ അടക്കം കൈയിൽ നിന്നും പിടുങ്ങിയ കാശ് തിരിച്ചു കൊടുക്കണം. നിങ്ങളുടെ ഇത്തരം പ്രവർത്തികൾ ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവുന്നതല്ല.

ഇത്രയും പറഞ്ഞതിൽ നിന്നും കാശ് നഷ്ടപ്പെട്ടവർക്കും പണം തട്ടിയെടുത്തവർക്കും ഒരു ഏകദേശ ധാരണയായി കാണുമെന്ന് വിശ്വസിക്കുന്നു.

ഉള്ള വില കളയാതെ പണിയെടുത്ത് ജീവിക്കടോ…….

സൗഹൃദങ്ങൾ നശിപ്പിക്കരുത്, അഭ്യർത്ഥനയാണ്.