രണ്ട് സുഹൃത്തുക്കളുടെ ഒരു ഫോട്ടോ എന്നതിലുപരിയായി അതിന്റെ ഒരു ചരിത്രപശ്ചാത്തലം കൂടി അറിയാം

0
125

Vinay K

പണ്ട് മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന നെടുമുടി അഭിമുഖം വായിച്ചതിന്റെ ഓർമ്മയിൽ പോസ്റ്റുന്നത്.
രണ്ട് സുഹൃത്തുക്കളുടെ ഒരു ഫോട്ടോ എന്നതിലുപരിയായി അതിന്റെ ഒരു ചരിത്രപശ്ചാത്തലം കൂടി അറിയാം. രണ്ട് തലത്തിൽ നിൽക്കുന്ന രണ്ട് സുഹൃത്തുക്കളും അവരുടെ ജീവിതവഴികളുമൊക്കെ രസകരമാണ്.

നെടുമുടിയുടെ വാക്കുകളിൽ നിന്ന് ” റിസൾട്ട് വന്നപ്പോൾ ബെസ്റ്റ് ആക്റ്റർ വേണുഗോപാലായ ഞാനായിരുന്നു. ഹാസ്യരംഗങ്ങളാണ് ഞാനവതരിപ്പിച്ചത്. സീരിയസ് റോളിൽ ബെസ്റ്റ് ആക്റ്ററായത് പിന്നീട് ചലച്ചിത്രസംവിധായകനായി പേരെടുത്ത ഫാസിലും. ആ വേദിയിൽ വച്ചാണ് ഞാൻ ഫാസിലിനെ പരിചയപ്പെടുന്നത്. കണ്ടമാത്രയിൽത്തന്നെ നല്ല അടുപ്പം തോന്നിയ ഫാസിലും ഞാനും പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറി. പിന്നീട് നാടകങ്ങൾ ചെയ്യുന്നതൊക്കെ ഒന്നിച്ചായിരുന്നു. യൂണിവേഴ്സിറ്റി യൂത്ത്ഫെസ്റ്റിവലിൽ സമൂഹഗാനത്തിന് ഞങ്ങൾക്ക് ഒന്നാം സമ്മാനം കിട്ടിയപ്പോൾ ഡൽഹിയിലേക്ക് ഒരു വിനോദയാത്ര തരപ്പെട്ടു. സമ്മാനം കിട്ടിയവരൊക്കെ ഡൽഹിയിൽ ഒരു പരിപാടി അവതരിപ്പിക്കണം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ട ജഗതി ശ്രീകുമാറും എം ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജയും സഹോദരി ഗിരിജയുമൊക്കെ ആ സംഘത്തോടൊപ്പമുണ്ടായിരുന്നു. കലാജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു ആ യാത്ര.

കോളേജ് പഠനകാലത്ത് നിരവധി നാടകങ്ങൾ ഞാനും ഫാസിലുമൊന്നിച്ച് ചെയ്തു. അക്കാലത്ത് എം ജി കോളേജിലെ ഒരു ഫംക്ഷനിൽ യേശുദാസിന്റെ ഗാനമേളക്കിടയിൽ ഞങ്ങളൊരു സ്കിറ്റ് ചെയ്തു. അത് കണ്ടിഷ്ടപ്പെട്ട യേശുദാസിന്റെ ബോംബേ പ്രോഗ്രാമിലേക്ക് പാട്ടിന്റെ ഇടവേളകളിൽ സ്കിറ്റ് ചെയ്യാൻ ക്ഷണിച്ചു. അങ്ങനെ യേശുദാസിനൊപ്പം മൂന്ന് പ്രോഗ്രാമുകൾ ചെയ്തു. താമസം ഫാസിലിന്റെ വീട്ടിലും കാമ്പസിലുമൊക്കെയായിരുന്നു അക്കാലം. അക്കാലത്ത് ആലപ്പുഴ നടന്ന ഒരു നാടകമത്സരത്തിൽ കാവാലം ജഡ്ജായി വന്നു. ഫാസിൽ എഴുതി സംവിധാനം ചെയ്ത നാടകത്തിനായിരുന്നു ഒന്നാം സമ്മാനം. മികച്ച നടനും ഫാസിൽ തന്നെയായിരുന്നു.കാവാലം ഞങ്ങളെ രണ്ട് പേരെയും തിരുവനന്തപുരത്ത് തുടങ്ങുന്ന തിയറ്റർ ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. ആദ്യമഭിനയിച്ച് തുടങ്ങിയപ്പോൾ തന്നെ ഇത് സാധാരണ നാടകങ്ങളല്ല എന്നെനിക്ക് ബോധ്യമായി. കൊട്ടും താളവുമൊക്കെ ചെറുപ്പകാലത്ത് തന്നെ ജീവിതത്തിന്റെ ഭാഗമായിരുന്നത് കാരണം കാവാലത്തിന്റെ നാടകത്തിൽ താല്പര്യം തോന്നി ഞാനതിൽ ഭാഗമായി. നാടകത്തിൽ ഫാസിലും അഭിനയിച്ചു തുടങ്ങിയെങ്കിലും ഫാസിലിനത് വലിയ താല്പര്യമായി തോന്നാഞ്ഞത് കാരണമത് വിട്ടു.

സൗഹ്യദങ്ങൾ നീണാൾ വാഴട്ടെ …. ❤