ബ്രെസ്റ്റ് അയണിങ്ങ്, അഥവാ എല്ലാ ആചാരവും പെണ്ണിന്റെ നെഞ്ചത്തോട്ട് തന്നെ

1879

Vinaya Raj V R. എഴുതിയത്

പ്രധാനമായും ആഫ്രിക്കയിലെ കാമറൂണിലും നൈജീരിയ, ടോഗോ, കെനിയ, സിംബാബ്‌വേ എന്നീ രാജ്യങ്ങളിലും നിലവിലുള്ള ഒരു പരിപാടിയാണ് ബ്രെസ്റ്റ് അയണിങ്ങ്. പെൺകുട്ടി യൗവനത്തിൽ എത്തുമ്പോൾ അവളുടെ മാറിടം ആ നാട്ടിലെ ആണുങ്ങളുടെ ശ്രദ്ധയാകർഷിച്ച് അവൾ തയ്യാറായിക്കഴിഞ്ഞെന്ന് അവർ ചിന്തിച്ച് കുഴപ്പമുണ്ടാക്കാതിരിക്കാൻ പെൺകുട്ടിയുടെ വീട്ടിലെ അടുത്ത സ്ത്രീകൾ – അമ്മ, മുത്തശി, അമ്മായി – ഒക്കെക്കൂടി കനമുള്ള വസ്തുക്കളോ മറ്റു ഉപകരണങ്ങൾ ചൂടാക്കിയോ പെൺകുട്ടിയുടെ മാറിടത്തിൽ വച്ച് അമർത്തി അത് അപ്രത്യക്ഷമാക്കുകയോ ഇനി വളരാനാവാതെ ചുരുക്കിക്കളയുകയോ ചെയ്യുന്ന പ്രവൃത്തിയാണ് അത്.

കിഴങ്ങുകൾ ചതയ്ക്കാൻ ഉപയോഗിക്കുന്ന മരത്തിന്റെ ഉലക്കയാണ് ഇതിനായി ഉപയോഗിക്കുന്ന പ്രധാന ഉപകരണം. ചിരട്ടയും വാഴക്കയും ഉരകല്ലുകളും കനലിൽ ചൂടാക്കിയ ചുറ്റികയും ഇതിനൊപ്പം ഉപയോഗിക്കാറുണ്ട്. മറ്റ് ആണുങ്ങൾ കാണാതെ ചെയ്യുന്ന ഈ പ്രവൃത്തി പെൺകുട്ടിയുടെ എതിർപ്പോ നിരസിക്കലോ അനുസരിച്ച്ആഴ്ചകളോ മാസങ്ങളോ നീണ്ടുനിന്നേക്കാം, കാമറൂണിലെ 200 ഗോത്രങ്ങളിലും മതപരമായ വ്യത്യാസങ്ങൾ ഒന്നുമില്ലാതെഇതുനിലനിൽക്കുന്നുണ്ട്. 2006 -ലെ ഒരു സർവേയിൽ കാമറൂണിൽ ഏതാണ്ട് നാല്പതുലക്ഷം സ്ത്രീകൾബ്രെസ്റ്റ് അയണിങ്ങിന് ഇരയായെന്നാണ് കണ്ടെത്തൽ.

കഠിനമായ വേദന ഉളവാക്കുന്ന ഈ പ്രവൃത്തി മൂലം കോശങ്ങൾക്ക് പരിക്കുപറ്റുന്ന ഇരയ്ക്ക് ഉൽക്കണ്ഠ, ഡിപ്രഷൻ എന്നിവ ഉണ്ടാകുന്നു, വൈദ്യപരിശോധനയ്ക്ക് സമ്മതിക്കാതാവുന്നു. പിൽക്കാലത്ത് മുലയൂട്ടുന്നതിന് ബുദ്ധിമുട്ടുണ്ടാവുന്നതുകൂടാതെ ഇത് കാൻസറിനും കാരണമാകുന്നുണ്ട്.കാമറൂണിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയവർ അവിടെയും ഈ പരിപാടി തുടരുന്നതായി കണ്ടുവരുന്നു. അവിടെ അത് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യമായി തുടരുന്നുണ്ടെങ്കിലും.