പരിപൂർണ്ണസൗന്ദര്യമുള്ള ആര്യൻ ശിശുവെന്ന് കരുതി കാര്യമറിയാതെ നാസികൾ പ്രചരിപ്പിച്ച ചിത്രം ജൂത ശിശുവിന്റേതായിരുന്നു

95
Vinaya Raj V R
ആര്യന്മാരല്ലാത്തവരെല്ലാം കുറഞ്ഞ മനുഷ്യർ (Lesser human – Untermensch) ആണെന്നായിരുന്നു നാസികൾ വിശ്വസിച്ചിരുന്നത്. അതിനാൽ അവരെ കൊന്നൊടുക്കുന്നതിൽ ഒരു മാനുഷികകുറ്റബോധം ഉണ്ടാവേണ്ടതില്ലെന്നും അവർ പ്രചരിപ്പിച്ചു. അതിവിശിഷ്ടമായ ആര്യൻ സൗന്ദര്യം എങ്ങനെയായിരിക്കണം എന്നു കാണിച്ചുകൊടുക്കാൻ നാസികൾ ഒരു മൽസരം നടത്തി. പരിപൂർണ്ണസൗന്ദര്യമുള്ള ആര്യൻ ശിശുവിനെ കണ്ടെത്താൻ നടത്തിയ മൽസരത്തിൽ ലഭിച്ച നൂറുചിത്രങ്ങളിൽ നിന്നും അവർ തെരഞ്ഞെടുത്തത് ഹെസി എന്നൊരു കുട്ടിയുടെ ചിത്രമാണ്. അതീവകോമളത്തമുള്ള ആ കുട്ടിയുടെ ചിത്രം ആര്യൻ പ്രചരണതന്ത്രങ്ങൾക്കായി നാസി പ്രൊപഗണ്ട പരിപാടികളിലെല്ലാം വളരെ വ്യാപകമായി മാഗസിനുകളിലും പോസ്റ്റ് കാർഡുകളിലുമെല്ലാം അവർ ഉപയോഗിച്ചു.
1935 -ൽ ജൂതന്മാരായ ജേക്കബിന്റെയും പോളിന്റെയും വീട് വൃത്തിയാക്കാൻ വന്ന ഒരു വേലക്കാരി അവരുടെ കുട്ടിയെക്കണ്ട്, ഇവളുടെ ചിത്രമാണല്ലോ എല്ലാ മാഗസിനുകളിലും ഉള്ളത് എന്നു പറഞ്ഞത് ആ വീട്ടുകാൾ വിശ്വസിച്ചില്ല. അവർ അതിന്റെ ഒരു കോപ്പി കൊണ്ടുകൊടുത്തപ്പോഴാണ് തങ്ങളുടെ മകളെക്കൊണ്ട് സ്റ്റുഡിയോയിൽ പോയി എടുത്ത ചിത്രമാണ് അതെന്ന് അവർക്കുമനസ്സിലായത്. ഫോട്ടൊഗ്രാഫറോട് അതെപ്പറ്റി തിരക്കിയപ്പോൾ നാസികളെ ഒന്നുപറ്റിക്കാൻ വേണ്ടി അറിഞ്ഞുകൊണ്ടുതന്നെ അയച്ചുകൊടുത്തതാണ് ഹെസ്സിയുടെ ചിത്രം എന്ന് അയാൾ പറഞ്ഞു. ചിത്രം തെരഞ്ഞെടുത്ത ഗീബൽസ് എങ്ങാൻ ഇക്കാര്യം അറിഞ്ഞാൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ ഓർത്തു അവർ ഞെട്ടിപ്പോയി.
ഹെസ്സിയെയും കൊണ്ട് കുടുംബമടക്കം മാതാപിതാക്കൾ പീന്നീട് ഫ്രാൻസിലേക്കും പിന്നെ ക്യൂബയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കുടിയേറി. കെമിസ്റ്റ്രിയിൽ ഉന്നതബിരുദം എടുത്ത ഹെസി ജലസംരക്ഷണമേഖലയിലെ വിദഗ്ധയും സർവ്വകലാശാല അധ്യാപികയുമായി മാറി, 2016-ൽ തന്റെ 82 -ആം വയസിലാണ് അവർ വിരമിച്ചത്. തന്റെ കൈവശം ഉണ്ടായിരുന്ന തന്റെ ചിത്രമുള്ള മാസിക അവർ ഇസ്രായേലിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിനു സംഭാവന നൽകി. സമ്പൂർണ്ണ ആര്യൻ മനുഷ്യനായി തങ്ങൾ തെരഞ്ഞെടുത്തത് ഒരു ജൂതനായിരുന്നെന്നെങ്ങാൻ നാസികൾ അന്നറിഞ്ഞിരുന്നെങ്കിൽ.
ഹെസിയുടെ ഭർത്താവ് ടാഫ്റ്റ് അതിപ്രശസ്തനായ ഒരു ഗണിതശാസ്ത്രജ്ഞനാണ്, അദ്ദേഹമാണ് ടാഫ്റ്റ് ഹോഫ് എന്ന ആൾജിബ്ര വിഭാഗത്തിന്റെ ഉപജ്ഞാതാവ്. രണ്ടുപേരും ഇന്നും അമേരിക്കയിൽ ജീവിക്കുന്നു.