Vinaya Raj V R

ആത്മാഭിമാനത്തിന് ക്ഷതമേൽക്കുന്നതുപോലെ വേദന ഒരുപക്ഷേ മറ്റൊന്നിനുമുണ്ടാവില്ല. അത് അണയാത്ത കനലായി ചാരത്തിനടിയിൽ കിടക്കും കാലങ്ങളോളം, പറ്റിയൊരു അവസരത്തിൽ ആളിക്കത്താൻ, ആളിപ്പടരാൻ.

ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ട് 1918 നവമ്പർ 11 ന് നാണക്കേടിന്റെ ഒടുക്കം വെടിനിർത്തൽ കരാറിൽ ഒപ്പിടാൻ നിർബന്ധിതരായി. ഫ്രഞ്ച് ജനറൽ ഫെർഡിനാന്റ് ഫോക് സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചിരുന്ന ഒരു തീവണ്ടി ബോഗിയിൽ വച്ചാണ്, പാരീസിനു വടക്കുള്ള കൊമ്പീൻ വനത്തിൽ നിർത്തിയ ഒരു തീവണ്ടിബോഗിയിൽ വച്ചാണ് യുദ്ധവിരാമസന്ധി ഒപ്പിട്ടത്. പലപ്പോഴും ആ ബോഗി സൈന്യത്തിന്റെ തലസ്ഥാനമായിരുന്നെന്നു തന്നെ പറയാം. ജർമനിയെ മുട്ടുകുത്തിച്ച ഉടമ്പടി ഒപ്പിട്ട ആ സ്ഥലം ഫ്രെഞ്ചുകാരുടെ യുദ്ധവിജയസ്മാരകമായപ്പോൾ അതിനടുത്ത് അവരുടെ അഭിമാനത്തിന്റെ പ്രതീകമായി ആ ബോഗിയും പ്രതിഷ്ഠിച്ചു. ആ ബോഗി ജർമൻ യുദ്ധമ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചു.

സമാധാനക്കരാറായ വെർസാലിസ് ഉടമ്പടി മുഴുവൻ തന്നെ ജർമൻ വിരുദ്ധമായിരുന്നു. അവർക്ക് നിലനിർത്താവുന്ന സേനയുടെ എണ്ണം, ആയുധങ്ങൾ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കനത്ത പിഴയിട്ടു, അവരുടെ ഭൂമി ധാരാളമായി നഷ്ടപ്പെട്ടു. ചുരുക്കത്തിൽ പരാജപ്പെട്ട ജർമൻകാരുടെ ആത്മാഭിമാനം പാതാളത്തോളം താണു. അവിടെ നിന്നും ഒരിക്കലും ഉയരാനാവില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. പിന്നിൽ നിന്നും കുത്തൽ ആയി അവർ അതിനെ കരുതി. ആ നിലയിൽ നിന്നുമാണ് ജർമൻ അഭിമാനത്തെ ഉയർത്തിക്കൊണ്ടുവരാൻ വിധിക്കപ്പെട്ടവൻ എന്ന നിലയിൽ ഹിറ്റ്‌ലർ ഉണ്ടായിവന്നത്. ഈ സന്ധിയാണ് ഹിറ്റ്ലർ ജർമൻ ജനതയുടെ അനിഷേധ്യനേതാവായി ഉയർന്നുവരാൻ ഉണ്ടായ ഒന്നാമത്തെ കാരണം.

കാലം മുന്നോട്ടുപോയി, ലക്ഷ്യങ്ങൾ നേടാൻ ഏതറ്റം വരെയും പോകാനുമുള്ള ഉന്നതനേതൃത്വഗുണം ഹിറ്റ്ലർക്ക് ഉണ്ടായിരുന്നു. ഒരിക്കലും തകർക്കാൻ പറ്റില്ലെന്നു കരുതി ഫ്രെഞ്ചുകാർ നിർമ്മിച്ച സകലപ്രതിസന്ധികളെയും മറികടന്ന് നാസികൾ പാരീസ് പിടിച്ചു. നിൽക്കക്കള്ളിയില്ലാതെ കൂട്ടക്കൊല ഒഴിവാക്കാൻ ഫ്രെഞ്ചുപട കീഴടങ്ങി. യുദ്ധവിരാമക്കരാറിൽ ഒപ്പിടാൻ അവർ നിർബന്ധിതരായി. 1940 ജൂൺ 22 ന് 22 വർഷം മുൻപ് തങ്ങൾ അഭിമാനം അടിയറവുവച്ച് തോൽവി സന്ധി ഒപ്പിട്ട ഫ്രഞ്ചുമ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ആ പഴയ ബോഗി കൊണ്ടുവരാൻ ഹിറ്റ്ലർ ആവശ്യപ്പെട്ടു. അന്ന് കരാർ ഒപ്പിട്ട അതേ സ്ഥലത്ത് ആ ബോഗി നിർത്തിയിട്ടു. ആ സ്ഥലത്ത് അതേ ബോഗിയിൽ വച്ച് ഫ്രഞ്ചുകാർ തോൽവി സമ്മതിച്ച് കരാറിൽ ഒപ്പിട്ടു.

ഫ്രഞ്ചുകാരുടെ ആ യുദ്ധവിജയസ്മാരക സ്ഥലം മൂന്നുദിവസത്തിനുശേഷം ഹിറ്റ്ലറുടെ ആജ്ഞപ്രകാരം ജർമൻ സൈന്യം തകർത്തുകളഞ്ഞു. ഫ്രഞ്ചുകാരെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കായി ജർമൻ സൈന്യം ആ ബോഗി ബെർലിനിലേക്ക് കൊണ്ടുപോയി അവിടെയത് ബെർലിൻ കത്തീഡ്രലിൽ പ്രദർശിപ്പിച്ചു. പിൽക്കാലത്ത് രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ തോൽവി അടുത്തെത്തിയപ്പോൾ 1945 ൽ ജർമൻ സൈന്യം തന്നെ ആ ബോഗി നശിപ്പിച്ചുകളഞ്ഞു. എങ്ങനെയാണെങ്കിലും തങ്ങളെ മുട്ടുകുത്തിച്ച സന്ധി ഒപ്പിട്ട അതേ ബോഗിയിൽ അതേ സ്ഥലത്തുവച്ച് ശത്രുക്കളെ നാണം‌കെടുത്തിയ ഹിറ്റ്ലർ എങ്ങനെയാണ് ജർമൻ ജനതയുടെ കണ്ണിലുണ്ണിയായി അന്ന് ഉയർന്നുവന്നതെന്ന് മനസ്സിലാക്കാൻ ഒരുപക്ഷേ ഈ ഒരു സംഭവം മതിയാവും.

Leave a Reply
You May Also Like

ഝാൻസി റാണിയുടെ അപര – ജൽകാരിഭായ്

റാണി ലക്ഷ്മി ഭായിയുടെ സൈന്യത്തിലെ പ്രധാനി. റാണി ലക്ഷ്മി ഭായിയുമായി ഏറെ സാമ്യമുണ്ടായിരുന്നു ജല്‍കാരി ഭായിക്ക്

ഹൊയ്സാലീശ്വര ക്ഷേത്ര നിർമ്മിതിയിൽ പുരാതന യന്ത്രോപകരണങ്ങൾ ഉപയോഗിച്ചിരുന്നോ…?

പുരാതന കാലത്ത് ഈ ക്ഷേത്ര നിർമ്മിതിയിൽ കല്ലുകൾ മുറിക്കാനും മിനുസപ്പെടുത്താനും ശിൽപ്പ നിർമിതിയിലും യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് ഗവേഷകനായ ശ്രീ.പ്രവീൺ മോഹൻ സാക്ഷ്യപ്പെടുത്തുന്നു.

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം

ജപ്പാന്റെ യൂണിറ്റ് 731 ക്രൂരതകൾ സങ്കൽപ്പത്തിനും അപ്പുറം രണ്ടാം ലോക മഹായുദ്ധം ദശലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ…

ഗംഗാജലം കടൽ കടന്നപ്പോൾ

ചിത്രത്തിൽ കാണുന്നത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അനുസരിച്ച്, ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വെള്ളി പുരാവസ്തുക്കളാണിത്.മൂന്ന് ഹെവി വാട്ടർ ജഗ്ഗുകളാണ് ഇത്തരത്തിൽ നിർമ്മിച്ചത്.