ജീവനുള്ള മൃഗങ്ങളുടെ കയറ്റുമതി സൃഷ്ടിക്കുന്ന പരിസ്ഥിതികാഘാതങ്ങൾ

66

വിനയ രാജ്

ജീവനുള്ള മൃഗങ്ങളെ കയറ്റുമതിചെയ്യുന്നതിൽ ആസ്ത്രേലിയ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. 2017 -ൽ മാത്രം കപ്പലുകളിലും വിമാനങ്ങളിലുമായി ആസ്ത്രേലിയ 28.5 ലക്ഷം കന്നുകാലികളെയാണ് ജീവനോടെ കയറ്റുമതി ചെയ്തത്. ഈയാവശ്യത്തിനുമാത്രമായി കപ്പലുകൾ രൂപം മാറ്റിയെടുത്തിട്ടുണ്ട്. അത്തരം ഒന്നിൽ 20000 കന്നുകാലികളെയോ അല്ലെങ്കിൽ ഒരു ലക്ഷത്തിനുമുകളിൽ ആടുകളെയോ ഒറ്റത്തവണ കൊണ്ടുപോകാൻ കഴിയും.

എന്നാൽ ഈ കയറ്റുമതി വലിയവിവാദമാണ് ഉണ്ടാക്കുന്നത്. ഈ മൃഗങ്ങൾ എത്തിച്ചേരുന്ന പലനാടുകളിലും മൃഗപരിപാലനത്തിന്റെ അവസ്ഥ കഷ്ടമാണെന്നതാണ് ഇതിനെ എതിർക്കുന്നവരുടെ പ്രധാന ആരോപണം. 2011 -ൽ ആനിമൽ ആസ്ത്രേലിയ എന്ന സംഘടന ആസ്ത്രേലിയയുടെ പ്രധാന കന്നുകാലി കയറ്റുമതി രാജ്യമായ ഇന്തോനേഷ്യയിൽ നടത്തിയ ഒരു അന്വേഷണത്തിൽ അവിടെയെത്തുന്ന മൃഗങ്ങളെ പൂർണ്ണ ബോധമുള്ളപ്പോൾത്തന്നെ അവയുടെ കഴുത്ത് മുറിക്കുന്നുണ്ടെന്നും ഇങ്ങനെ മുറിച്ചശേഷം 30 സെക്കന്റുകളോളം കഴിഞ്ഞുമാത്രമേ അവ മരിക്കുന്നുള്ളൂ എന്നുമുള്ള കാര്യം പുറത്തുവിട്ടതിനേത്തുടർന്ന് ജനരോഷമുണ്ടായപ്പോൾ 2011 -ൽ കുറച്ചുകാലത്തേക്ക് ജീവനുള്ള മൃഗങ്ങളുടെ കയറ്റുമതി ആസ്ത്രേലിയ നിർത്തിവയ്ക്കുകയുണ്ടായി. ഇന്തോനേഷ്യ, ഈജിപ്ത്, ഇസ്രായേൽ, തുർക്കി, റഷ്യ, ലെബനോൻ, ജോർദാൻ, കുവൈറ്റ്, ഇറാൻ, ബഹറിൻ, ഖത്തർ, പാക്കിസ്താൻ, മൗറീഷ്യസ്, മലേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് മാടുകളെ ആസ്ത്രേലിയ കയറ്റുമതി ചെയ്യുന്നുണ്ട്. ധാരാളം കപ്പലുകൾ നിത്യവും കന്നുകാലികളുമായി ഈ രാജ്യങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 2012 -ൽ തുറമുഖത്ത് ഇറക്കുന്നതിനുമുൻപ് കന്നുകാലികൾക്ക് രോഗബാധയുണ്ടെന്ന വാർത്തയെത്തുടർന്ന് ബഹറിൻ തിരിച്ചയച്ച കന്നുകാലികളെ പാക്കിസ്താനിൽ ഇറക്കുകയും അവയിൽ 20000 എണ്ണം ചത്തുപോകുകയും ചെയ്യുകയുമുണ്ടായി. ഈയിടെ ന്യൂസിലാന്റിൽ നിന്നും ചൈനയിലേക്ക് 6000 പശുക്കളുമായി പൊയ്ക്കൊണ്ടിരുന്ന ഒരു കപ്പൽ ജപ്പാൻ തീരത്തിനടുത്ത് മുങ്ങി 6000 പശുക്കളാണ് കൊല്ലപ്പെട്ടത്.

കന്നുകാലികളെ കൊണ്ടുപോകുന്ന കപ്പലുകളിൽ ക്യാമറകൾ അനുവദിക്കാത്തതിനാൽ കാര്യങ്ങൾ ഒക്കെ ഭംഗിയാണെന്നാണ് ആസ്ത്രേലിയയിലെ ജനങ്ങൾ ധരിച്ചിരുന്നത്, അങ്ങനെയിരിക്കെ രഹസ്യമായി ഒരു കപ്പൽ ജോലിക്കാരൻ പകർത്തിയ വിഡിയോയിൽ കപ്പൽയാത്രയ്ക്കിടയിൽ മൃഗങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ തുറന്നുകാട്ടുകയുണ്ടായി. ആടുകൾക്ക് വെള്ളം കൊടുക്കാതെയും തല്ലിച്ചതച്ചും ജീവനോടെ വേവിച്ചുമെല്ലാം പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അയാൾ പുറത്തുവിട്ടു. ഇങ്ങനെ മൃഗങ്ങളോട് ക്രൂരതകാട്ടി കയറ്റുമതി ചെയ്തുലഭിക്കുന്ന വരുമാനം ആസ്ത്രേലിയയുടെ കയറ്റുമതി വരുമാനത്തിന്റെ കേവലം ഇരുനൂറ്റമ്പതിൽ ഒന്നുമാത്രമാണ്. ഗൾഫ് രാജ്യത്തെ തുറമുഖങ്ങളിൽ ഇറക്കുന്ന മൃഗങ്ങളെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ കണ്ടൈനറുകളിൽ ആണ് പലയിടങ്ങളിലേക്കും കൊണ്ടുപോകുന്നത്. അതും തിങ്ങിനിറഞ്ഞ ലോറികളിൽ മൂത്രത്തിന്റെയും ചാണകത്തിന്റെയും ഇടയിൽ.

ആസ്ത്രേലിയയിൽ മാത്രമല്ല, പല രാജ്യങ്ങളിലും ജീവനോടെ തന്നെ മൃഗങ്ങളെ കയറ്റുമതി ചെയ്യുന്ന വ്യവസായം വർദ്ധിച്ചുതന്നെ വരികയാണ്. ഓരോ വർഷവും ഏതാണ്ട് 200 കോടി മൃഗങ്ങളെയാണ് ജീവനോടെ കയറ്റുമതി ചെയ്യുന്നത്. ഓരോ ദിവസവും 50 ലക്ഷത്തോളം മൃഗങ്ങൾ യാത്രയിലാണ്. 1988 നെ അപേക്ഷിച്ച് 2017 ആയപ്പോഴേക്കും ഇത്തരം കയറ്റുമതിയിൽ മുപ്പത് ഇരട്ടിയുടെ മൂല്യവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മാംസം തണുപ്പിച്ചുസൂക്ഷിക്കുന്നതിലും എത്രയോ ലാഭകരമാണ് ജീവനുള്ള മൃഗങ്ങളെ ഇറക്കുമതി ചെയ്ത് ആവശ്യമുള്ളപ്പോൾ ഇറച്ചിയാക്കുന്നത്. എന്നുമാത്രമല്ല എല്ലാവർക്കും ഫ്രെഷ് ആണു വേണ്ടതും. അതിനാൽത്തന്നെ ജീവനോടെയുള്ള മൃഗങ്ങളുടെ ഇറക്കുമതി കൂടിക്കൂടി വരികയാണ്. കൊല്ലാനാണെങ്കിലും തിന്നാനാണെങ്കിലും മൃഗങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ടെന്നുള്ളത് പാടെ മറന്നുപോകുകയാണ് ലാഭത്തിന്റെയും രുചിയുടെയും ഇടയിൽ.