Vinaya Raj V R സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്
ലോകത്തേറ്റവും പരിസ്ഥിതിസൗഹൃദരാജ്യം ഏതെന്ന് ഗൂഗിളിനോട് ചോദിച്ചാൽ വരുന്ന ലിസ്റ്റിലെ ഏറ്റവും മുകളിലുള്ള രാജ്യമാണ് സ്വിറ്റ്സർലാന്റ്. ഈ സമ്പന്നരാജ്യത്തിന് കേരളത്തിന്റെ അതേ വലിപ്പമാണെന്ന് പറയാം. പക്ഷേ നമ്മുടെ നാലിലൊന്ന് ആൾക്കാരേ അവിടെയുള്ളൂ.
സ്വിറ്റ്സർലാന്റിൽ മൃഗവേട്ട അനുവദനീയമാണ്. എന്നാൽ അത് കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. 26 കാന്റണുകൾ (സംസ്ഥാനങ്ങൾ) ഉള്ളവയിൽ 25 എണ്ണത്തിലും നായാട്ട് നിയമവിധേയമാണ്. ജനീവ കാന്റണിൽ മാത്രമാണ് ജനങ്ങൾക്ക് നായാടാൻ അനുമതിയില്ലാത്തത്. അവിടെ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്കേ അനുമതിയുള്ളൂ. മനുഷ്യരുടെ ജീവനു ഭീഷണിയായതുകൊണ്ടല്ല അവർ മൃഗങ്ങളെ വേട്ടയാടുന്നത്. വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കാനും ഭക്ഷണത്തിനും വേണ്ടിയാണ് സ്വിറ്റ്സർലാന്റിൽ വന്യമൃഗങ്ങളെ പ്രത്യേകസീസണുകളിൽ വേട്ടയാടുന്നത്. സ്വിറ്റ്സർലാന്റിൽ സജീവമായി 30000 വേട്ടക്കാർ ഉണ്ട്, അതിൽ 1500 പേർ സ്ത്രീകളാണ്. വിനോദത്തിനുവേണ്ടി വേട്ടയാടുന്നത് നിർത്തണമെന്ന് സൂറിക് കന്റോണിൽ വോട്ടെടുപ്പ് നടത്തിയപ്പോൾ 84 ശതമാനം വോട്ടിനാണ് 2018 ൽ ജനങ്ങൾ അതു തള്ളിയത്.

ഓരോ മൃഗത്തെയും വേട്ടയാടുന്നതിന് അവിടെ ലൈസൻസ് ഫീസ് അടയ്ക്കേണ്ടതുണ്ട്. വിദേശികൾക്ക് ഉയർന്ന ലൈസൻസ് ഫീസ് ആവശ്യമാണ്. 2016-ൽ അവിടെ 43616 റോ മാനുകളെയും 11873 ചുവന്ന മാനുകളെയും 11170 ചമോയ്സ് എന്ന കട്ടാടിനെയും അവർ വേട്ടായാടിയിട്ടുണ്ട്. ഇതുകൂടാതെ ഐബക്സ്, കുറുക്കൻ, അണ്ണാൻ, മുയൽ എന്നിവയെയെല്ലാം വേട്ടയാടാവുന്നതാണ്. ഇങ്ങനെ വേട്ടയാടിയിട്ടും സ്വിറ്റ്സർലാന്റിലെ റെസ്റ്ററന്റുകളിൽ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് കാട്ടിറച്ചി മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവ അവർ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
സ്വിറ്റ്സർലാന്റിലെ കാര്യം പറഞ്ഞത് കേരളത്തിലെ സംരക്ഷിതവനങ്ങളിൽ വേട്ടയാടാൻ അനുമതി വേണമെന്നു വാദിക്കാനല്ല, മറിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയായി നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ എന്തെങ്കിലും ചെയ്തുതരണമെന്ന് അപേക്ഷിക്കാനാണ്. രാവിലെ നടക്കാൻ ഇറങ്ങുന്നവർ, റബർ ടാപ്പിങ്ങിനു പോകുന്നവർ, പാലുകൊണ്ടുപോകുന്നവർ, പത്രം വിതരണം ചെയ്യുന്നവർ, ബൈക്ക് ഓടിക്കുന്നവർ എല്ലാവരും ഭയന്നാണ് ജീവിക്കുന്നത്. എത്രയോ മനുഷ്യരാണ് കാട്ടുപന്നി ആക്രമണത്തിൽ സമീപകാലത്തുമാത്രം കൊല്ലപ്പെട്ടത്, വാഹനങ്ങളിൽ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ് കിടക്കുന്നത്. ലോകത്തേറ്റവും പരിസ്ഥിതിസൗഹൃദമെന്നു വാഴ്ത്തപ്പെടുന്ന സ്വിറ്റ്സർലാന്റിൽ വനങ്ങളിൽപ്പോലും വർഷാവർഷം വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാൻ വേട്ടയാടുന്നു, എന്നിട്ട് അവയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കുഴിച്ചിടുകയല്ല ചെയ്യുന്നത്, ഭക്ഷിക്കുകയാണ്.
നമ്മൾ വനത്തിനുള്ളിൽ ഉള്ള മൃഗങ്ങളുടെ എണ്ണം അധികരിക്കുന്നില്ലേ എന്ന് ഒരു സംശയം ചോദിക്കുമ്പോഴേക്കും അതിനെപ്പറ്റി യാതൊരു ധാരണയുമില്ലാത്ത കവികളും കഥാകാരന്മാരും പൊട്ടിത്തെറിക്കുകയാണ്, അത്തരം ഒരു പഠനമെങ്കിലും നമ്മൾ നടത്തുന്നുണ്ടോ, ഒരു പ്രദേശത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന വന്യജീവികളുടെ എണ്ണത്തിന് ഒരു പരിധിയുണ്ടാവില്ലേ? അതിനു പഠനം ആവശ്യമില്ലേ? അങ്ങനെ കൂടുതൽ എണ്ണം ഉണ്ടെങ്കിൽ അവയെ നിയന്ത്രിക്കേണ്ടേ?
നമുക്ക് ഇന്നും സായിപ്പ് എന്നുകേൾക്കുമ്പോഴേ റാൻ പറഞ്ഞ് മുന്നിൽ വണങ്ങിനിൽക്കുന്ന മനസ്സാണ്. അയാൾക്ക് ജീവിക്കാൻ വേട്ടയാടണ്ടേ, നമ്മൾക്ക് അതു പറ്റുമോ, നമ്മുടെ ആർഷഭാരതസംസ്കാരത്തിൽ, ബ്ലാ, ബ്ലാ,.. ഈ ഒന്നാം നമ്പർ പരിസ്ഥിതിരാജ്യത്തേക്കാൾ എത്രയോ മികച്ച പരിസ്ഥിതിസംരക്ഷകരാണ് നമ്മൾ. നമ്മൾ അത് മനസ്സിലാക്കണം, അതിൽ അഭിമാനിക്കണം, തല ഉയർത്തി നിൽക്കണം, ചതുരശ്രകിലോമീറ്ററിന് ആയിരത്തോളം മനുഷ്യർ ജീവിക്കുമ്പോഴും നാടിന്റെ മൂന്നിലൊന്ന് മനുഷ്യപ്രവേശമില്ലാത്ത വനമായി ഇവിടെ സംരക്ഷിച്ചിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാൻ വേണ്ട നിയമങ്ങൾ ഉണ്ടാക്കണം. ഇതിനാവശ്യമായ നയങ്ങൾ രൂപീകരിക്കേണ്ടത് ഇത്തരം വിഷയങ്ങളിൽ അറിവുള്ളവരോട് ചോദിച്ചിട്ടാവണം, അല്ലാതെ ഇക്കാര്യത്തെപ്പറ്റി യാതൊരു ധാരണയുമില്ലാതെ പെൻഷൻ വാങ്ങി സുഖവാസം ചെയ്യുന്ന വിരമിച്ച ചാനൽ ചർച്ചകൾ തൊഴിലാക്കിയവർ മാത്രം പറയുന്നതുകേട്ടാവരുത്.