തായ്‌ലാന്റിൽ രാജാവിനെ വിമർശിച്ചാൽ ലഭിക്കുന്ന ശിക്ഷകൾ കഠിനമാണ്

265

Vinaya Raj V R

തായ്‌ലാന്റിൽ രാജഭരണമാണ്. തായ്‌ലാന്റിൽ രാജാവിനെ വിമർശിച്ചാൽ ലഭിക്കുന്ന ശിക്ഷകൾ കഠിനമാണ്.  2017 -ൽ ഒരാൾക്ക് 70 വർഷം തടവ് വിധിച്ചിരുന്നു, എന്നാൽ അയാൾ കുറ്റം സമ്മതിച്ചതിനാൽ അത് 35 വർഷമായിക്കുറച്ചു. ഓരോ കുറ്റത്തിനും ഏഴുവർഷമാണ്ശിക്ഷ, ഇവിടെ കുറ്റാരോപിതൻ രാജകുടുംബത്തിന്റെ ചിത്രങ്ങൾ മറ്റൊരാളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽക്കൂടി അയാളെ കുടുക്കനായി പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതുപ്രകാരം തടവിലാവുന്നവർക്ക് ഒരിക്കലും തന്നെ ജാമ്യമോ പരോളോ നൽകാറുമില്ല. ഈ നിയമപ്രകാരം രാജാവിനെയോ രാജകുടുംബത്തെയോ യാതൊരുതരത്തിലും വിമശിക്കാൻ പാടില്ല. ഏതൊക്കെയാണ് രാജഭരണത്തിനെതിരെയുള്ള വിമർശനങ്ങൾ എന്നു വലിയരീതിയിൽ വ്യക്തവുമല്ല, അതിനാൽ ആർക്കും ആർക്കെതിരെയും പരാതി നൽകാം, എല്ലാം പോലിസ് അന്വേഷിക്കുകയും ചെയ്യും. ജാമ്യം ലഭിക്കാതെ വിചാരണകൂടാതെ എത്രകാലം വേണമെങ്കിലും തടവിലുമിടാം. 2016 -ൽ കുറ്റമാരോപിക്കപ്പെട്ടവരിൽ കേവലം നാലുശതമാനം പേരെയാണ് കുറ്റവിമുക്തരാക്കിയത്.
ഇത്തരത്തിലുള്ള വിചാരണകൾ രഹസ്യമായിട്ടാണ് നടത്തുന്നത്. അവയുടെ വിവരങ്ങൾ മാധ്യമത്തിൽ വരാറുമില്ല, ലേഖനത്തിലെ വിശദീകരണത്തിൽ കുറ്റത്തെപ്പറ്റി എങ്ങാൻ വിശദമാക്കിയാൽ അവരും കുടുങ്ങും. രാജകുടുംബത്തോട് ആഭിമുഖ്യമുള്ള പട്ടാളം 2014 -ൽ ഭരണം പിടിച്ചപ്പോൾ അവർക്കിഷ്ടമില്ലാത്തവർക്കെതിരെ രാജകുടുംബത്തെ വിമർശിച്ചു എന്ന് ആരോപിച്ച് കേസുകൾ എടുക്കുന്നത് പതിവായിരുന്നു, അതാവുമ്പോൾ വളരെ എളുപ്പത്തിൽ കാര്യങ്ങൾ നീക്കാം. 1908 -ൽ നിലവിൽ വന്ന ഈ നിയമം 1976 -ൽ ശക്തിപ്പെടുത്തി. പഴയരാജാക്കന്മാരെപ്പോലും വിമർശിച്ചുകൂടാ. ഏറ്റവും എളുപ്പത്തിൽ ആരെയും ഒതുക്കാനും ഈ നിയമം ഉപയോഗിച്ചുവരുന്നുണ്ട്. 2006 -ൽ പ്രധാനമന്ത്രിയെ സൈന്യം സ്ഥാനഭ്രഷ്ടനാക്കിയപ്പോൾ ഉന്നയിച്ച ആരോപണം അദ്ദേഹം രാജകുടുംബത്തെ വിലകുറച്ചുകണ്ടുവെന്നതായിരുന്നു.

രാജാവിന്റെ പട്ടിയുടെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റുചെയ്തയാൾക്കെതിരെയെടുത്ത കേസിൽ ലഭിച്ച ശിക്ഷ 15 വർഷം തടവായിരുന്നു. ഫേസ്ബുക്കിലെ ഈ ഫോട്ടോ ലൈക്ക് ചെയ്യുന്നതുപോലും ശിക്ഷാർഹമാണ്. കാറിൽ ഇരുന്ന് രാജകുടുംബത്തെ വിമർശിച്ച ഒരാൾ സംസാരിച്ചത് വേറൊരാൾ റിക്കാർഡ് ചെയ്ത് പോലീസിനുകൊടുത്തതിൽ ലഭിച്ച ശിക്ഷ രണ്ടരവർഷം തടവായിരുന്നു. ഒരു നാടകത്തിൽ ഒരുകണ്ണുപോയ കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഒരപകടത്തിൽ ഒരുകണ്ണുനഷ്ടപ്പെട്ട രാജാവിനെ അപമാനിച്ചെന്നുപറഞ്ഞ് രണ്ടരവർഷം ശിക്ഷ നൽകിയിരുന്നു.

2011 -ൽ 63 വയസ്സുള്ള ഒരാൾ പ്രധാനമന്ത്രിയുടെ സെക്രട്ടറിക്ക് അയച്ച മെസേജ് കാരണം 20 വർഷം ശിക്ഷ നൽകപ്പെട്ടു. താൻ അറിഞ്ഞുചെയ്തതല്ല എന്നുപറഞ്ഞിട്ടും ജയിലിലിടപ്പെട്ട അയാൾ അടുത്തവർഷം മരണമടഞ്ഞു. ബിബിസിയുടെ വെബ്‌പേജിൽ രാജാവിന്റെ ചിത്രത്തിനും മുകളിലായി മറ്റൊരു രാഷ്ട്രീയക്കാരന്റെ ചിത്രം നൽകിയ ബിബിസി ലേഖകനെതിരെ കേസെടുത്തിരുന്നു. വിമർശനങ്ങളിൽ ഭരണവർഗം എന്നവാക്ക് വന്നതിന് എട്ടുവർഷം തടവിൽക്കിടക്കേണ്ടിവന്നിരുന്നു തായ്ലാന്റിലെ ഒരു സ്ത്രീയ്ക്ക്. നമുക്ക് നോക്കുമ്പോൾ തമാശയെന്നുതോന്നുന്ന നിരവധി കുറ്റങ്ങളുടെ പട്ടിക തന്നെയുണ്ട്. ലേഖനത്തിന്റെ കീഴിലെ വിക്കിപീഡിയ ലിങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.പാശ്ചാത്യരാജ്യങ്ങളായ ഡെന്മാർക്, സ്പെയിൻ, നെതർലാന്റ്സ്, സ്വീഡൻ എന്നിവിടങ്ങളിലെല്ലാം സമാനമായ, എന്നാൽ കഠിനത കുറഞ്ഞ ഇത്തരം നിയമങ്ങൾ ഉണ്ടെന്നും ഓർക്കണം.

അധികാരത്തിന്റെ സുഖങ്ങൾ പറഞ്ഞാൽത്തീരാത്തതാണ്, പരമാധികാരമാണെങ്കിൽ പറയുകയും വേണ്ട. അധികാരമുണ്ടെങ്കിൽ നിങ്ങളെ ശിക്ഷിക്കാൻ കാരണങ്ങൾ അധികമൊന്നും വേണ്ട. അതിന് എവിടെയും മാറ്റമൊന്നുമില്ല. നമ്മുടെ ജനാധിപത്യം നമ്മൾ കൃഷ്ണമണി പോലെ കാക്കേണ്ടതാണ്. ഭരിക്കുന്നവരെ വിമർശിക്കാൻ നമുക്ക് ലഭിച്ച സ്വാതന്ത്ര്യം പോലും ജനാധിപത്യം കാരണമാണെന്നോർക്കണം. അതിനു നിരവധി പരിമിതികൾ ഉണ്ട്. എത്രയൊക്കെയാണെങ്കിലും ഗതികെട്ടാൽ ഭരിക്കുന്നവരെ മാറ്റാനുള്ള ശേഷി ഈ ഭരണരീതിയിൽ ജനങ്ങൾക്കുണ്ട്. അതൊരിക്കലും ഇല്ലാതാവരുതെന്നും അതിന് ഇടിവുതട്ടുന്ന ഒന്നിനും നമ്മൾ പിന്തുണ നൽകുകയില്ലെന്നും അതിൽ ഒരു അധികാരസ്ഥാപനങ്ങളും വെള്ളം ചേർക്കാൻ നമ്മൾ അനുവദിക്കുകയില്ലെന്നും പ്രതിജ്ഞയെടുക്കാൻ ഈ സ്വാതന്ത്ര്യദിനം ഉപയോഗപ്പെടുത്തേണ്ടതാണ്.