മാലിന്യം അടുത്ത പറമ്പിലേക്ക് വലിച്ചെറിയുന്നതിന്റെ ഭീമാകാരമായ രീതിയല്ലേ ഉപയോഗിച്ച കാർ ദരിദ്രരാജ്യങ്ങളിലെക്കു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ചെയുന്നത് ?

65

Vinaya Raj V R

കാർ എന്നത് നല്ലൊരു ശതമാനം മനുഷ്യരുടെയും സ്വപ്നം തന്നെയാണ്. ജോലിസ്ഥലത്തേക്ക് പോവാനും കുടുംബത്തെയും കൂട്ടി മറ്റുള്ളവരുടെ ഔദാര്യത്തിനുകാക്കാതെ സ്വന്തം സമയം സ്വയം തീരുമാനിച്ച് വേണ്ടയിടത്തെല്ലാം നിർത്തി മഴകൊള്ളാതെ വെയിൽ കൊള്ളാതെ, അങ്ങനെയങ്ങനെ. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണത്തിനും വസ്ത്രത്തിനും ശേഷം ഒരു പക്ഷേ സ്വന്തമായി വീട് ഉണ്ടാവുന്നതിനും മുൻപുതന്നെ ഒരു വാഹനം സ്വന്തമാക്കുക, അത് പറ്റുമെങ്കിൽ നാലുചക്രമുള്ളതു തന്നെയാവുക എന്നത് മനുഷ്യന്റെ അടിസ്ഥാനപരമായ ആഗ്രഹവും ആവശ്യവും ആയിക്കൊണ്ടിരിക്കുക തന്നെയാണ് ലോകം മുഴുവൻ. സമ്പന്നരാജ്യങ്ങളിലെ പൗരന്മാരിൽ ആയിരം പേർക്ക് 700 നു മുകളിൽ കാറുകൾ ഉള്ളപ്പോൾ, അതായത് ഒരു വീട്ടിൽത്തന്നെ ഒന്നിലധികം കാറുകൾ ഉള്ളപ്പോൾ ആഫ്രിക്കയിലെ പലരാജ്യങ്ങളിലും ആയിരം പേർക്ക് പത്തിൽത്താഴെ കാറുകൾ ആണുള്ളത്. പക്ഷേ മനുഷ്യന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ലോകത്തെല്ലായിടത്തും ഒന്നു തന്നെയാണല്ലോ.

ഈ സ്വപ്നങ്ങൾക്കു നിറം പകരാൻ പാശ്ചാത്യരാജ്യങ്ങളിൽ ഉപയോഗിച്ചുകഴിഞ്ഞ കാറുകളിൽ അഞ്ചിൽ നാലും ദരിദ്രരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്, ഇതിൽത്തന്നെ പകുതിയിലേറേയും ആഫ്രിക്കയിലേക്കാണ് പോകുന്നത്. നല്ല കാര്യം അവരും പതിയെ ആഗ്രഹങ്ങളെ സ്വന്തമാക്കട്ടെ. എന്നാൽ അത്ര ലളിതമാണോ കാര്യങ്ങൾ?ഇങ്ങനെ കയറ്റിവിടുന്ന കാറുകളിൽ 80 ശതമാനവും ഏറ്റവും പരിമിതമായ സുരക്ഷാ-പാരിസിഥിതിക മാനദണ്ഡങ്ങൾ പോലും പാലിക്കാത്തവയാണ്. അപകടങ്ങൾ ഉണ്ടാക്കുന്നതുകൂടാതെ അന്തരീക്ഷത്തെ മലിനപ്പെടുത്താൻ ഇവനൽകുന്ന സംഭാവനകൾ വളരെയേറെയാണ്. അതുകൂടാതെ മിക്കവാഹനങ്ങളിലെയും മാലിന്യം പുറംതള്ളുന്നതിനെ നിയന്ത്രിക്കുന്ന ഭാഗങ്ങളിലെ പ്ലാറ്റിനം പോലുള്ള വിലപിടിച്ച ഭാഗങ്ങൾ നേരത്തെതന്നെ മാറ്റിയിരിക്കുകയും ചെയ്യും. 54 ആഫ്രിക്കൻ രാജ്യങ്ങൾ ഉള്ളതിൽ 27 എണ്ണവും കാറുകളുടെ പ്രായമോ നിലവാരമോ ഒന്നും ഇറക്കുമതി ചെയ്യുമ്പോൾ പരിശോധിക്കാത്തവയാണ്.

കെനിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളിൽ 99 ശതമാനവും ഉപയോഗിച്ചവയാണ്, ഇവയിൽ കൂടുതലും ജപ്പാനിൽ നിന്നും യൂറോപ്പിൽ നിന്നും എത്തുന്നവയാണ്. ഇപ്പോൾത്തന്നെ ലോകത്ത് 140 കോടി വാഹനങ്ങളാണ് നിരത്തുകളിൽ ഉള്ളത്, 2040 ആവുമ്പോഴേക്കും ഇത് 200 കോടി എത്തുമെന്നാണ് കണക്ക്. ഈ വളർച്ച മുഴുവൻ തന്നെ മൂന്നാം ലോകരാജ്യങ്ങളിൽ ആണുതാനും. പഴക്കം കൂടുംതോറും വാഹനങ്ങളുടെ കാര്യക്ഷമത കുറയുകയും അവ പുറംതള്ളുന്ന മാലിന്യങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. ഉഗാണ്ടയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ശരാശരിപ്രായം പതിനാറര വർഷമാണ്, അവയാവട്ടെ വീണ്ടും ഏതാണ്ട് ഇരുപത് വർഷംകൂടി ഉപയോഗിക്കുകയും ചെയ്യും.

നഗരങ്ങളിലെ മാലിന്യങ്ങളുടെ 80 ശതമാനവും വാഹങ്ങളിൽ നിന്നാവുകയും വായുവിലെ ഖരവസ്തുക്കൾ ശ്വാസകോശത്തിൽ എത്തുന്നതുവഴിയുണ്ടാവുന്ന രോഗങ്ങൾ എഴുപതുലക്ഷത്തോളം ആൾക്കാരുടെ മരണത്തിനുകാരണമാവുകയും ചെയ്യുമ്പോൾ കൂടുതൽ കൂടുതൽ മാലിന്യം പുറംതള്ളുന്ന വാഹനങ്ങൾ മൂന്നാം ലോകരാജ്യങ്ങളിൽ എത്തിച്ചേരുമ്പോൾ അവിടെയുള്ളവരുടെ ആരോഗ്യനില വീണ്ടും പരുങ്ങലിൽ ആവുമെന്നുറപ്പാണ്. കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവ ഹൃദയാഘാതം, ശ്വാസകോശരോഗങ്ങൾ, ആസ്തമ എന്നിവയ്ക്കെല്ലാം കാരണമാവുന്നതാണ്. തേയ്മാനം സംഭവിച്ച കാറുകൾ വലിയരീതിയിൽ അപകടങ്ങൾക്കും കാരണമാവുന്നുണ്ട്. എന്നുമാത്രമല്ല അവിടെയും ഉപയോഗിച്ചുകഴിഞ്ഞതിനുശേഷം ആ കാറുകൾ വെറും മാലിന്യക്കൂമ്പാരം മാത്രമായി മാറുകയും അവിടത്തെ പരിസ്ഥിതിയെ വീണ്ടും വിഷമയമാക്കുകയും ചെയ്യുമെന്നുള്ളതും വിഷയത്തിന്റെ ഗൗരവം പിന്നെയും വർദ്ധിപ്പിക്കുന്നതാണ്.

ദക്ഷിണാഫ്രിക്ക, അർജന്റീന, ഇന്തോനേഷ്യ, ചിലി, തുർക്കി, ബ്രസീൽ തുടങ്ങി പലരാജ്യങ്ങളും പഴയകാറുകളുടെ ഇറക്കുമതി പാടേ തടഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലാവട്ടെ മൂന്നുവർഷത്തിലേറെ പഴക്കമുള്ള കാറുകൾ ഇറക്കുമതി ചെയ്യാനാവില്ല, അവയ്ക്കുതന്നെയും 150-250 ശതമാനം നികുതിയും ചുമത്തുന്നുണ്ട്. വർഷം തോറും പത്തുലക്ഷത്തോളം ഉപയോഗിച്ച കാറുകൾ കയറ്റുമതി ചെയ്യുന്നജപ്പാൻ പഴയവാഹനങ്ങൾ കയറ്റുമതി ചെയ്യുന്നവരിലെ മുൻനിരക്കാരാണ്. കർശനമായ പാരിസ്ഥിതിക നിയമങ്ങൾ നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ പഴകുന്തോറും അവിടെ ആവശ്യക്കാർ തീരെ ഇല്ലാതാകുകയും വാഹനങ്ങൾ ഉപേക്ഷിക്കുന്നത് വലിയ ചെലവേറിയ കാര്യവുമായതിനാൽ എങ്ങനെയെങ്കിലും നാടുകടത്തുന്നതാണ് അവിടെ ലാഭകരം.

തങ്ങളുടെ പരിസ്ഥിതി രക്ഷിക്കാനായി കർശനനിയമങ്ങൾ നിർമ്മിച്ച് സ്വന്തം നാട് വൃത്തിയാക്കുമ്പോൾ ബാക്കി വരുന്ന വൃത്തികേടുകൾ മറ്റാരാന്റെയും നാട്ടിലേക്ക് തള്ളുമ്പോൾ പാരിസ്ഥിതികപ്രശ്നം രാജ്യാതിർത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്നൊരു കാര്യമാണെന്നാണോ ആവോ ഇവരെല്ലാം കരുതുന്നത്? നമ്മളൊക്കെ സ്വന്തം മാലിന്യം അപ്പുറത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞ് സ്വന്തം പരിസരം വൃത്തിയാക്കിയിടുന്നവരാണെന്നു കളിയാക്കുമ്പോൾ, പാരിസ്ഥിതികസംരക്ഷണകാര്യങ്ങളിൽ മഹത്തായ യൂറോപ്യൻ രീതികളെ അഭിനന്ദിക്കുമ്പോൾ, മാലിന്യം അടുത്ത പറമ്പിലേക്ക് വലിച്ചെറിയുന്നതിന്റെ ഭീമാകാരമായ രീതിയല്ലേ ഉപയോഗിച്ച കാർ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ചെയ്യുന്നതെന്ന് ആരും ഓർക്കുന്നില്ല