ചൈന മീൻപിടിക്കുന്ന രീതി മൽസ്യബന്ധനമേയല്ല, പരിസ്ഥിതിയുടെയും മനുഷ്യന്റെയും നിലനിൽപ്പിനെ മുച്ചൂടും മുടിക്കുന്ന കൂട്ടക്കൊലയാണത്

220

Vinaya Raj V R

ചൈനയിൽ ജനാധിപത്യമല്ലാത്തതിനാൽ സ്വന്തം പൗരന്മാരെ ഒന്നും ബോധിപ്പിക്കേണ്ടതില്ല. ഒരെതിർപ്പും ഉയർന്നുകേൾക്കില്ല. ഒരു നിയമങ്ങളും നാട്ടിലും പുറത്തും അവർക്കു ബാധകമേയല്ല. ലോകം കീഴടക്കാനുള്ള ആഗ്രഹം, അപാരമായ മനുഷ്യവിഭവശേഷി, എതിർപ്പിനെയൊന്നും നേരിടേണ്ടിവരായ്ക, വലിയ ജനസഞ്ചയത്തെ തീറ്റിപ്പോറ്റേണ്ട ബാധ്യത ഒക്കെക്കൂടി ചൈന ലോകം കീഴടക്കാൻ പുറപ്പെട്ടിറങ്ങിയിരിക്കുകയാണ്. ആഫ്രിക്കയിലൊക്കെ പലരാജ്യങ്ങളും ചൈനയുടെ കടക്കെണിയിൽ ഇനി തിരിച്ചുപോകാൻ വഴിയില്ലാതെ കുടുങ്ങിക്കിടക്കുകയുമാണ്. പലരാജ്യങ്ങളുടെയും തുറമുഖങ്ങളുടെ നിയന്ത്രണം കൈക്കലാക്കിയതുകൂടാതെ ലോകത്തുപലയിടങ്ങളിലും പ്രാദേശികയുദ്ധങ്ങൾക്ക് ആയുധം നൽകുന്നതും ചൈനതന്നെയാണ്. എന്നാൽ ചൈന ലോകസമുദ്രങ്ങളിലെ പരിസ്ഥിതിക്ക് ഏൽപ്പിക്കുന്ന പരിക്ക് ഇതിനേക്കാളെല്ലാം എത്രയോ മുകളിലാണ്.

Averting China's Fishing Wars | Asia Societyലളിതമായിപ്പറഞ്ഞാൽ അന്താരാഷ്ട്രനിയമപ്രകാരം ഓരോ രാജ്യത്തിനും കരയിൽ നിന്നും ഏതാണ്ട് 22 കിലോമീറ്റർ അകലെവരെയുള്ള കടൽ അവരുടെ സ്വന്തം തന്നെയാണ്, ഇതുകൂടാതെ ഏതാണ്ട് 350 കിലോമീറ്റർവരെ അവരുടെതന്നെ സാമ്പത്തിക ആവശ്യങ്ങൾക്കുള്ളതുമാണ്. ഇതിനും പുറമേയുള്ളത് ആർക്കും സ്വന്തമല്ല, ആർക്കും ഉപയോഗിക്കാം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും നാവികശക്തിയുടെ മിടുക്കനുസരിച്ച് കാര്യങ്ങൾ മാറിമറിയാം. ചൈനയുടെ മൽസ്യബന്ധനക്കപ്പലുകൾ മീൻപിടിക്കാനായി അവരുടെ തീരത്തുനിന്നും വളരെ വളരെ ദൂരങ്ങളിലേക്ക് സഞ്ചരിക്കാറുണ്ട്. ദൂരക്കടലുകളിൽ നിന്നും മൽസ്യബന്ധനം നടത്തുന്ന കപ്പലുകൾ ഏറ്റവും കൂടുതൽ ഉള്ളത് ചൈനയ്ക്കാണ്. ഏതാണ്ട് 17000 എണ്ണം. ചൈനയും തായ്‌വാനും കൂടി ലോകത്ത് ആകെയുള്ളതിന്റെ 60 ശതമാനം ആഴക്കടൽ മൽസ്യബന്ധനക്കപ്പലുകൾ സ്വന്തമായി ഉള്ളപ്പോൾ ജപ്പാനും ദക്ഷിണകൊറിയയ്ക്കും സ്പെയിനും പത്തുശതമാനം വീതം കപ്പലുകൾ ഉണ്ട്.

Opinion | China Wants Fish, So Africa Goes Hungry - The New York Timesഡാർവിന് പരിണാമസിദ്ധാന്തം രൂപീകരിക്കാൻ സഹായകമായ ദ്വീപസമൂഹങ്ങളാണ് ഇപ്പോൾ ഇക്വഡോറിന്റെ അധീനതയിലുള്ള ഗാലപ്പഗോസ് ദ്വീപുകൾ. ചൈനയുടെ ഇരുനൂറിലേറെ ഭീമൻ കപ്പലുകൾ ഒരുമിച്ച് അവരുടെ കരഭാഗത്തുനിന്നും എത്രയോ അകലെയുള്ള ഗാലപ്പഗോസ് ദ്വീപുകളുടെ സമീപത്തുള്ള അന്താരാഷ്ട്രക്കടലിൽ എല്ലാവർഷവും എത്തി എല്ലാ അന്താരാഷ്ട്രനിയമങ്ങളും തെറ്റിച്ച് മൽസ്യസമ്പത്ത് കൊള്ളയടിക്കാറുണ്ട്. യുനസ്കോ ലോകപൈതൃകപ്പട്ടികയ്ക്കടുത്ത പ്രദേശങ്ങളാണിവ. പിടിക്കുന്ന മൽസ്യം കേടാവാതെ സൂക്ഷിക്കാൻ ഇത്തരം കപ്പലുകളോടൊപ്പം വലിയ റഫ്രിജറേറ്റർ കപ്പലുകളും ഉണ്ടാവും. അന്താരാഷ്ട്രനിയമപ്രകാരം കടലിൽ വച്ച് കപ്പലുകൾക്കിടയിൽ ചരക്കുകൈമാറ്റം നടത്താൻ പാടുള്ളതല്ല.

China's Fishing Fleet Is A Growing Security Threatഇക്വഡോർ ഒക്കെ മൽസ്യബന്ധനം നടത്തുമ്പോൾ കപ്പലിൽ നിർബന്ധമായും ജീവശാസ്ത്രകാരന്മാർ ഉണ്ടാവാറുണ്ട്, പിടിക്കുന്ന മൽസ്യങ്ങളിൽ സംരക്ഷിതഇനങ്ങൾ ഉണ്ടെങ്കിൽ അവയെ തിരിച്ചുവിടാനൊക്കെയാണ് ഇത്. ചൈനയ്ക്ക് ഇത്തരം നിയമങ്ങൾ ഒന്നും ബാധകല്ല. രാത്രിയിൽ നഗരങ്ങളിൽ കാണുന്നപോലെ വലിയതോതിൽ ബൾബുകൾ കത്തിച്ച് കൂന്തളുകളെ ആകർഷിച്ച് വരുത്തി പിടിക്കുന്ന രീതിയും ഇവർ അനുവർത്തിക്കുന്നുണ്ട്. സംരക്ഷിതപ്രദേശങ്ങളിൽ മീൻപിടിക്കുമ്പോൾ കപ്പലുകളെ ട്രാക്ക് ചെയ്യതിരിക്കാൻ ഉപഗ്രഹവിനിമയ സംവിധാനങ്ങൾ അവർ ഓഫാക്കിയുമിടും.

2017 -ൽ ഇക്വഡോർ നാവികസേന പിടിച്ചെടുത്ത ഒരു ചൈനീസ് കപ്പലിൽ വംശനാശഭീഷണിലുള്ള ചുറ്റികത്തലയൻ സ്രാവുകളടക്കം ആറായിരത്തിലധികം സ്രാവുകളെ മരവിപ്പിച്ചുസൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തുകയുണ്ടായി. ചൈനക്കാർക്ക് ഇന്നതാണ് കടലിൽ നിന്നും പിടിക്കുന്നതെന്ന വിവേചനമൊന്നുമില്ല. ആറു ദശലക്ഷം ഡോളർ പിഴയിട്ട് കപ്പലിലെ ഇരുപത് ജീവനക്കാരെ അവർ നാലുവർഷം തടവിലിട്ടു. ഇതുകൂടാതെ മറ്റുപലരാജ്യങ്ങളുടെ പേരുകളിലും രജിസ്റ്റർ ചെയ്ത നിരവധികപ്പലുകൾ ചൈന ഈ ആവശ്യത്തിനായി ഉപയോഗിക്കുന്നു (Flag of convenience). സ്വന്തം തീരത്തെ മൽസ്യസമ്പത്ത് നശിച്ചതോടെ പല ദരിദ്രരാജ്യങ്ങളുടെയും പ്രദേശത്ത് മൽസ്യബന്ധനം നടത്താൻ ചൈന ഈ രീതി അവലംബിക്കാറുണ്ട്. അർജന്റീനയുടെ കടലിലിൽ നിന്നും മീൻപിടിച്ചുമടങ്ങുകയായിരുന്ന ചൈനീസ് കപ്പലുകളെ അർജന്റീന മുക്കിയിട്ടുണ്ട്. സൊമാലിയയുടെ തീരത്ത് മൽസ്യം തീർന്നത് അവിടുത്തെ മുക്കുവരെ കടൽക്കൊള്ളക്കാരാക്കിമാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഫിലിപ്പൈൻസിന്റെ പവിഴപ്പുറ്റുകൾ നശിപ്പിക്കുന്ന ചൈനക്കാർ എപ്പോഴും അവരുമായും സംഘർഷത്തിലാണ്.

صید بی‌رویه و نابودی آبزیان توسط کشتی‌های مدرن چینی | محیط زیست | DW |  19.05.2020ലോകത്തെങ്ങുമുള്ള സമുദ്രങ്ങളിലെ മൽസ്യങ്ങൾ തിരിച്ചാക്കാൻ പറ്റാത്തതുപോലെ ചൈന പിടിച്ചുതീർക്കുകയാണ്. കടൽഭക്ഷണം ചൈനക്കാർക്ക് വളരെ പ്രിയപ്പെട്ടതാണ്. സർക്കാർ വലിയതോതിലാണ് ഇത്തരം കപ്പലുകൾക്ക് സബ്‌സിഡി നൽകുന്നത്. ചൈനയ്ക്ക് ചുറ്റുമുള്ള കടലിലെ മൽസ്യസമ്പത്ത് ശോഷിച്ചതിനാൽ കൂടുതൽ കടൽസമ്പത്തിനെ ചൂഷണം ചെയ്യാൻ ഓരോ വർഷവും കൂടുതൽ കൂടുതൽ ഉള്ളിലേക്കും ആഴത്തിലേക്കും ദൂരത്തിലേക്കും ചൈനയുടെ കപ്പലുകൾ എത്തുന്നു. സമുദ്രമൽസ്യസമ്പത്ത് തൊണ്ണൂറ് ശതമാനവും തീർന്നുവെന്നാണ് പലകണക്കുകലും കാണിക്കുന്നത്. ചൈനയുടെ സൂപ്പർ ട്രോളറുകൾ ലോകസഞ്ചാരം നടത്തുമ്പോൾ പലരാജ്യങ്ങളിലെയും ചെറുകിട മൽസ്യബന്ധനസമൂഹങ്ങൾതന്നെ പാടേ ഇല്ലാതാകുന്ന അവസ്ഥയമുണ്ട്. കടലിന്റെ അടിത്തട്ടോളമെത്തുന്ന ട്രോളിങ്ങ് വലകൾ അവിടെയുള്ള സകലതും കോരിയെടുത്ത് ആവശ്യമില്ലാത്തതു മുഴുവൻ തിരിച്ചുപേക്ഷിക്കുമ്പോഴേക്കും അതിലെ ജീവനുള്ളവ മുഴുവൻ ചത്തിരിക്കും. സ്വന്തമായുള്ള കടലുകൾ മുഴുവൻ ശൂന്യമാക്കിയ ചൈന ലോകമെങ്ങും ശക്തിയുപയോഗിച്ച് കീഴടക്കുകയാണ്. ചൈനയുടെ മീൻപിടിക്കുന്ന രീതി മൽസ്യബന്ധനമേയല്ല. പരിസ്ഥിതിയേയും മനുഷ്യന്റെയും മറ്റുജീവികളുടെയും നിലനിൽപ്പിനെ മുച്ചൂടും മുടിക്കുന്നൊരു കൂട്ടക്കൊലയാണത്.