✍️Vinaya Raj V R

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും യാഥാർത്ഥ്യമാണ്. പരിധിയില്ലാത്ത ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് ആഗോളതാപനത്തിന്റെ പ്രധാനകാരണം. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൊണ്ടാണ് വ്യാവസായികവിപ്ലവമുണ്ടായതും ഇന്നുനമ്മൾ കാണുന്ന വികസിത-പാശ്ചാത്യ-ജപ്പാൻ-യൂറോപ്യൻ രാജ്യങ്ങൾ മുന്നിലെത്തിയതും ലോകത്തെ നിയന്ത്രിച്ചുകൊണ്ട് തുടരുന്നതും. അവർ ഒന്നുരണ്ടുനൂറ്റാണ്ടുകൾ കൊണ്ട് പുകച്ചുതീർത്തതിന്റെ പത്തിലൊന്നുപോലും ഉപയോഗിക്കാത്ത മൂന്നാം ലോകരാജ്യങ്ങൾ ഇപ്പോൾ പതിയെ ഉണർന്നുതുടങ്ങി വ്യവസായവൽക്കൃതമാവുകയും അവിടുത്തെ ജീവിതനിലവാരം ഉയർന്നുതുടങ്ങുകയും ചെയ്യുമ്പോൾ ആ ജനത പുറംതള്ളുന്ന കാർബൺ വാതകങ്ങൾ ആഗോളതാപനത്തെ വർദ്ധിപ്പിക്കുകയാണെന്ന് ആരോപിച്ച് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ പാശ്ചാത്യരാജ്യങ്ങൾ ആവശ്യപ്പെടുകയാണ്, കാരണം ലോകത്ത് എവിടെ ഉപയോഗിക്കുന്ന ഇന്ധനങ്ങളും പുറംതള്ളുന്ന വാതകങ്ങൾ മനുഷ്യൻ വരച്ച രാജ്യാതിർത്തികളെ മാനിക്കാതെ എല്ലായിടത്തും എത്തുകയും ചൂടുവർദ്ധിപ്പിക്കുകയും കടൽനിരപ്പ് ഉയർത്തുകയും കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കി അവരുടെ നഗരങ്ങൾ പതിയെ വെള്ളത്തിനടിയിൽ ആക്കിക്കൊണ്ടിരിക്കുകയുമാണ്.

 

വലിയ തോതിൽ ആഗോളതാപനത്തിനുഹേതുവാകുന്ന ഖനനങ്ങൾ, യുദ്ധങ്ങൾ, വാഹനങ്ങളുടെ ഉപയോഗം, ഏസി എന്നിവയിൽ എല്ലാം നമ്മൾ ഇന്നും കാര്യമായ സംഭാവനകൾ നൽകുന്നില്ല. കാർബൺ പുറംതള്ളുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന മറ്റു രണ്ടുപ്രധാനമേഖലകളായ സിമന്റ് ഉപയോഗത്തിലും വനനശീകരണത്തിലും നമ്മൾ എത്രയോ പിന്നിലാണ്. ഇതെല്ലാം ധാരാളിത്തത്തോടെ ഉപയോഗിച്ചാണ് ഇന്നത്തെ വികസിതരാജ്യങ്ങൾ ഈ നിലയിൽ എത്തിയത്. എത്രകണ്ടും ഊർജ്ജഉപഭോഗം കുറയ്ക്കുന്നത് നല്ലതാണ്. കാലങ്ങളായി തോന്നിയപോലെ ഊർജ്ജം ഉപയോഗിച്ചവർ, ഇന്നും അതിലൊരു പൊടി പോലും കുറയ്ക്കാൻ തയ്യാറല്ലാത്തവർ, ആദ്യമായി ഈ ഊർജ്ജം ഉപയോഗിച്ച് ജീവസന്ധാരണം നടത്താൻ തുടങ്ങുന്നവനെ ഉപദേശിച്ച് ശരിയാക്കാൻ ശ്രമിക്കുന്നതിനെ നമ്മുടെ നാട്ടിലും പലകാരണങ്ങളാൽ മുന്നിലെത്തിയവർ, അത് പാരമ്പര്യസമ്പത്തുകൊണ്ടാവാം, സ്ഥിരം ജോലി ലഭിച്ചതുകൊണ്ടാവാം – പിന്തുണയ്ക്കുമ്പോൾ അതിൽ ശരികേടുണ്ട്. എന്നാൽ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ച് വികസിച്ച രാജ്യങ്ങളിൽ, ഇന്നും അവ ധാരാളമായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആ വിധത്തിൽ ഉണ്ടാക്കുന്ന സമ്പത്തിലും തൊഴിലവസരങ്ങളിലും പങ്കുപറ്റാൻ തങ്ങളുടെ മക്കളെ കയറ്റി അയച്ചതിനുശേഷം ഇവിടെ കീടസമാനമായി ജീവിക്കുന്നവരെ വീണ്ടും വിണ്ടും അപഹസിക്കുന്നതിൽ മര്യാദകേടുണ്ട്. അതിപ്പോൾ മക്കൾ ജപ്പാനിൽ ജീവിക്കുന്ന എഴുത്തുകാരനായാലും ജലവൈദ്യുതിയെ എതിർത്ത് ഇല്ലായ്മ ചെയ്തതിനുശേഷം മക്കളെ സൗദി ആരാംകോയിൽ ജോലിക്കുവിടുന്ന ശാസ്ത്രസാഹിത്യകാരനായാലും.

മക്കൾ ജീവിക്കുന്ന ദുബായി സന്ദർശിക്കുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാവും അവിടെ പാതയോരങ്ങൾ മുഴുവൻ ടൈൽ പാകിയതാണ്, രാത്രിയിൽ വഴിവിളക്കുകൾ സൂര്യസമാനമായാണ് വെളിച്ചം വിതറുന്നത്. പാതകൾ പന്ത്രണ്ടുവരിയാണ്, ആവശ്യത്തിനും അനാവശ്യത്തിനും നൂറും നൂറ്റിയിരുപതും കിലോമീറ്ററുകൾ അകലെനിന്ന് കരി പുറംതള്ളുന്ന വാഹങ്ങളിൽ നിത്യേന യാത്രചെയ്യുന്നവർ അവിടെയുണ്ട്. അതും ഒട്ടും ഇന്ധനക്ഷമമല്ലാത്ത എസ്യൂവികളിൽ. 56 ലക്ഷം ചതുരശ്രഅടി വിസ്തീർണ്ണമുള്ള ബുർജ് ഖലീഫ മുഴുവൻ എയർ കണ്ടീഷൻ ചെയ്തതാണ്, അവിടെ നിത്യേന ഉപയോഗിക്കുന്ന ഒൻപതരലക്ഷം ജലവും വലിയ രീതിയിൽ ഇന്ധനം ഉപയോഗിച്ചുകൊണ്ടുള്ള കടൽ ജലം ശുദ്ധീകരിച്ചാണ്. അതുപോലെ നമ്മൾ ആവണമെന്നോ ആവാൻ ശ്രമിക്കണമെന്നോ അല്ല പറയുന്നത്.

നമ്മൾ ഇവിടെ നാടിന്റെ പകുതി ഹരിതാഭമായി നിലനിർത്തിയിരിക്കുകയാണ്. എന്നിട്ടും ലോകകാലാവസ്ഥ തകിടം മറിയുന്നത് ഈ ഇത്തിരിപ്പോന്നയിടത്തെ മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നതുകൊണ്ടാണെന്ന് കുട്ടികളെ നിത്യവും പഠിപ്പിച്ച് അവരെ കുറ്റബോധത്തിൽ തളച്ചിടുകയാണ്. ആ കുറ്റബോധം തീർക്കാൻ കോടികൾ മുടക്കി എല്ലാവർഷവും ഒരു ദിവസം ഒരേ കുഴിയിൽ മരംനടുകയാണ്, ഈ പരിപാടി ആഗോളാതാപനത്തെ ചെറുക്കുമെന്ന് പഠിപ്പിക്കുകയാണ്. ഇനി കേരളത്തിൽ മരം നടാൻ ബാക്കിയുള്ളത് കുറെ വയലുകളിലും സ്കൂളുകളുടെ കളിസ്ഥലങ്ങളിലുമാണ്, ഈ കളിസ്ഥലങ്ങളുടെ പകുതി ഇപ്പോൾത്തന്നെ കുട്ടികളേക്കൊണ്ട് ജൈവപച്ചക്കറി കൃഷി നടത്തി നിറച്ചിരിക്കുകയാണ്. ഇനി മരങ്ങൾ നട്ടതുവല്ലതും എങ്ങാൻ ബാക്കിയായിപ്പോയാൽ അത് ഒടിഞ്ഞ് തലയ്ക്കുമുകളിൽ വീഴുമെങ്കിൽപ്പോലും അതിന്റെയൊരു ശിഖരം മുറിക്കാൻ ഈ നാട്ടിൽ അനുമതി കിട്ടുകയുമില്ല. എന്നാൽ അതങ്ങ് ഉണക്കിയേക്കാമെന്നുവച്ചാൽ വൃക്ഷായുർവ്വേദം പരിശീലിക്കുന്ന അധ്യാപകർ വന്ന് അവയെ ചികിൽസിക്കുകയും ചെയ്യും. മരങ്ങൾ നടുന്നത് നല്ലതാണ്, നൂറുഗുണങ്ങൾ അവ കൊണ്ട് ഉണ്ട്, എന്നാൽ ആഗോളതാപനത്തെ തടയാൻ മരം നടുന്നത് എയ്ഡ്സിനെ തടയാൻ വായുഗുളിക കൊടുക്കുന്നതുപോലെയേ ഉള്ളൂ.

ഏതായാലും എല്ലാ ജൂൺ അഞ്ചിനും നടുന്ന മരങ്ങൾ കാര്യമായി ബാക്കിയാവാത്തതിനാൽ എല്ലാക്കൊല്ലവും ഈ ഉൽസവം നടത്താൻ നമുക്ക് സ്ഥലം ലഭിക്കുന്നുണ്ടെന്നത് ആശ്വാസമാണ്. എല്ലാർക്കും പരിസ്ഥിതിദിനാശംസകൾ

 

Leave a Reply
You May Also Like

700 കോടി സ്വപ്‌നങ്ങള്‍, ഒരു ഗ്രഹം: ഉപയോഗിക്കൂ, കരുതലോടെ

ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പരിസ്ഥിതിദിനസന്ദേശ വീഡിയോ നിങ്ങളുടെ പരിസ്ഥിതിയോടുള്ള സമീപനത്തെ വിലയിരുത്തുവാന്‍ സഹായിക്കും.

തന്റെ ഇണയോടും കുഞ്ഞുങ്ങളോടും ഏറ്റവും സ്നേഹമുള്ള ആൺപക്ഷി ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ

കുഞ്ഞുങ്ങൾ പറക്കമുറ്റാറാക്കുന്നതു വരെ കുടുംബത്തിന് ഭക്ഷണമെത്തിക്കുക ആൺപക്ഷിയാണ്. ഇതിനിടെ ആൺപക്ഷിക്ക് അപകടമോ മറ്റോ പറ്റിയാൽ ഭക്ഷണമില്ലാതെ പെൺപക്ഷിയും കുഞ്ഞുങ്ങളും കഷ്ടത്തിലാക്കും,

വൈദ്യുതി ലാഭിക്കാനായി ഒരു കറുത്ത ഗൂഗിള്‍…!

ചില പഠനങ്ങളില്‍ LCD/LED/CRT മോണിറ്ററുകള്‍ ഡാര്‍ക്ക് കളറുകളെക്കാള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത് ലൈറ്റ് കളറുകള്‍ക്ക് വേണ്ടിയാണു എന്ന് കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ ഗൂഗിള്‍ ഹോം പേജില്‍ ഉപയോഗിച്ചിരിക്കുന്ന തൂവെള്ള നിറം ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്നര്‍ത്ഥം.

എന്താണ് നെറ്റ് സീറോ ടാർഗറ്റ്? മറ്റ് രാജ്യങ്ങളിൽ നടപ്പിലാക്കുമ്പോഴും ഇന്ത്യ ഇതിനെ എതിർക്കാൻ കാരണമെന്ത്?

കാർബൺ ന്യൂട്രാലിറ്റി എന്ന് വിശേഷിപ്പിക്കാ വുന്ന നെറ്റ് സീറോ എന്ന വാക്ക് കൊണ്ട്, ഒരു രാജ്യം അതിന്റെ കാർബൺ എമിഷൻ പൂർണമായും അവസാനിപ്പിക്കും എന്നല്ല അർത്ഥമാക്കുന്നത്