കേവലം ഒരു മില്ലീമീറ്റർ വലിപ്പമുള്ള ഈ കടന്നൽ ഉണ്ടാക്കുന്ന വാർഷികലാഭം 15 ബില്യൺ ഡോളർവരും

0
119

ബില്യൻ ഡോളർ മൂല്യമുളള പ്രതിരോധം

Vinaya Raj V R

മരച്ചീനി തെക്കേ അമേരിക്കയിൽ നിന്നും ആഫ്രിക്കയിൽ എത്തിയതിനുശേഷം ഏതാനും ദശാബ്ദങ്ങൾക്കുശേഷമാണ് തെക്കുകിഴക്കേ ഏഷ്യയിലെത്തിയത്. നിരവധി വലിയ വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ അവിടെ മരച്ചീനിക്കൃഷി വ്യാപിച്ചു. സ്റ്റാർച്ചും പശയും എഥനോളുമെല്ലാം ഉണ്ടാക്കാനാണ് പ്രധാനമായി ഇവിടെ മരച്ചീനി ഉപയോഗിക്കുന്നത്. ദശലക്ഷക്കണക്കിന് ആൾക്കാർ മരച്ചീനിക്കൃഷികൊണ്ട് ഈ പ്രദേശങ്ങളിൽ ജീവിക്കുന്നു.

കപ്പയുടെ പിന്നാലെ തന്നെ മധ്യഅമേരിക്കയിൽ നിന്നെത്തിയ ഒരു കീടമായ മീലിമൂട്ട 2008 -ൽ തെക്കുകിഴക്കേഷ്യയിലെ കപ്പക്കൃഷിയെ വ്യാപകമായി ബാധിച്ചു. 60 മുതൽ 80 ശതമാനം വരെ ഉൽപ്പാദനത്തിൽ ഇടിവുണ്ടായി. മരച്ചീനിയുടെ വില കുതിച്ചുയർന്നു. ഉൽപ്പാദനനഷ്ടത്തെ മറികടക്കാൻ കർഷകർ അടുത്തപ്രദേശങ്ങളിലെ വനങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചു. എല്ലാ രാജ്യങ്ങളിലും വളരെ വലിയതോതിൽ വനങ്ങളുടെ നാശമുണ്ടായി. കംബോഡിയയിൽ ആണ് ഇങ്ങനെ ഏറ്റവും കൂടുതൽ വനനഷ്ടമുണ്ടായത്. കൃഷിനഷ്ടത്തിന്റെ വ്യാപ്തി രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയെത്തന്നെ ബാധിക്കുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. സ്റ്റാർച്ചിനു പകരം ചോളവും ഉരുളക്കിഴങ്ങും ഉപയോഗിക്കാൻ തുടങ്ങിയതോടെ അവയുടെ വിലയും വർദ്ധിച്ചു. ഏറ്റവും കൂടുതൽ മരച്ചീനി സ്റ്റാർച്ച് കയറ്റുമതി ചെയ്യുന്ന തായ്‌ലാന്റിൽ അതിന്റെ വില മൂന്നിരട്ടിയായി.

തെക്കേ അമേരിക്കയിൽ ഈ മീലിമൂട്ടയെ തിരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന ഒരു ചെറുകടന്നൽ ഉണ്ട്. മീലിമൂട്ടയിൽ മുട്ടയിട്ടു വിരിയുന്ന ഈ കടന്നലിന്റെ ലാർവ വളർന്ന് കടന്നൽ പുറത്തുവരുമ്പോഴേക്കും മീലിമൂട്ട ചത്തുപോകും. മുൻപ് 1980 കളിൽ ഈ മീലിമൂട്ടയുടെ ആക്രമണം ഉണ്ടായപ്പോൾ ലോകത്തേറ്റവും കൂടുതൽ മരച്ചീനി കൃഷിചെയ്യുന്ന നൈജീരിയയിൽ ഈ കടന്നലിനെ തുറന്നുവിടുകയുണ്ടായി. മീലിമൂട്ടയെ കൊന്നൊടുക്കിയ കടന്നൽ മൂന്നുവർഷം കൊണ്ടുതന്നെ രണ്ടുലക്ഷം ചതുരശ്രകിലോമീറ്റർ പ്രദേശത്തുവ്യാപിക്കുകയും നൈജീരിയയിലെ ഒട്ടുമിക്ക മരച്ചീനിപ്പാടങ്ങളിലും എത്തിച്ചേരുകയും ചെയ്തിരുന്നു.

2009 -ൽ ഈ കടന്നലിനെ തെക്കേ അമേരിക്കയിൽ നിന്നും കൊണ്ടുവന്ന് തായ്‌ലാന്റിലെ കപ്പപ്പാടങ്ങളിൽ തുറന്നുവിട്ടു. 2010 പകുതിയായപ്പോഴേക്കും ലക്ഷക്കണക്കിനു കടന്നലുകളെ വളർത്തി തായ്‌ലാന്റിലെങ്ങും കൃഷിയിടങ്ങളിലേക്ക് വിമാനമാർഗം പോലും തുറന്നുവിട്ടുതുടങ്ങി, അത്രയ്ക്കു വിജയമായിരുന്നു ഈ പരിപാടി. കപ്പയിലെ മീലിമൂട്ടകളെ അവ കൊന്നൊടുക്കി. താമസിയാതെ ലാവോസിലും കംബോഡിയയിലും വിയറ്റ്നാമിലുമെല്ലാം കടന്നലിനെ കൊണ്ടുവരികയും മരച്ചീനിക്കൃഷി മുൻപുണ്ടായിരുന്നതുപോലെ തിരിച്ചുവരികയും ചെയ്തു.

ഏഷ്യ-പസഫിക് മേഖലകളിൽ കേവലം ഒരു മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഈ കടന്നൽ കാരണം ഉണ്ടാവുന്ന വാർഷികലാഭം ഏതാണ്ട് 15 ബില്യൺ ഡോളറിനടുത്തുവരും. ഇതോടൊപ്പം രക്ഷപ്പെട്ട വനഭൂമിയുടെ കാര്യം വേറെയും.

Science:
മരച്ചീനി: Manihot esculenta
മരച്ചീനിയെ ബാധിക്കുന്ന മീലിമൂട്ട: Phenacoccus manihoti
മീലിമൂട്ടയെ കൊന്നൊടുക്കുന്ന പാരസിറ്റ്യോഡ് കടന്നൽ (parasitoid wasp): Anagyrus lopezi