കാനഡയിലെ റോക്കി പർവതനിരകളിൽ നിന്നും 1909 ആഗസ്ത് അവസാനം പര്യവേഷണം മതിയാക്കി മടങ്ങാൻ തുടങ്ങുമ്പോൾ സ്മിത്സോണിയനിൽ ദീർഘകാലം അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ചാൾസ് ഡി വാൽക്കോട്ടിന്റെ ഭാര്യ ഹെലെന സഞ്ചരിച്ചിരുന്ന കുതിര തെന്നിവീണ് നിലത്തുകിടന്നിരുന്ന ഒരു പാറക്കഷണം കീഴ്മേൽ മറിഞ്ഞു. ജീവന്റെയും ജീവശാസ്ത്രത്തിന്റെയും ഫോസിൽ പഠനങ്ങളുടെയും ചരിത്രം മാറ്റിമറിക്കാനും ജീവന്റെ ഉൽപ്പത്തിയെപ്പറ്റി അതുവരെയില്ലാത്ത അറിവുകളിലേക്കുള്ള കവാടം തുറക്കാനും ഇടയായ സംഭവമായിരുന്നു അത്. മറിഞ്ഞുവീണ കല്ലിൽ വാൽക്കോട്ട് ഏതോ പഴയ ജീവിയുടെ ഫോസിൽ കണ്ടെത്തി.
സാധാരണ ഫോസിലുകളായി സംരക്ഷിക്കപ്പെടുന്ന ജീവപദാർത്ഥങ്ങളിൽ മിക്കവാറും ബാക്കിയായിരിക്കുന്നത് കടുപ്പം കൂടിയ പദാർത്ഥങ്ങളായ എല്ല്, പുറംതോട്, തലയോട് തുടങ്ങിയവയായിരിക്കും, എന്നാൽ ബേർജസ് ഷേൽ (Burgess Shale) എന്നറിയപ്പെടുന്ന ഈ പ്രദേശത്തുനിന്നും ലഭിച്ച ഫോസിലുകളിൽ ജീവജാലങ്ങളുടെ ശരീരങ്ങളിലെ മൃദുഭാഗങ്ങൾ അതീവസുരക്ഷിതമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വാൽക്കോട്ടും ഭാര്യയും മകളും രണ്ടാണ്മക്കളും അടുത്തവർഷം അവിടെ തിരിച്ചെത്തി, മലമുകളിൽ അവർ ഒരു ക്വാറി നിർമ്മിച്ചു. അവിടെ കണ്ടുപിടിച്ചതെല്ലാം ശാസ്ത്രത്തിനു പുതിയ അറിവുകൾ ആയിരുന്നു. അവിടുത്തെ സവിശേഷത അത്രയ്ക്കായിരുന്നതിനാൽ വാൽക്കോട്ട് 1924 വരെ എല്ലാ വർഷവും അവിടെയെത്തി. അപ്പോൾ 74 വയസ്സായിരുന്ന അദ്ദേഹം ഏതാണ്ട് 65000 സ്പെസിമനുകൾ ആയിരുന്നു അവിടുന്നു ശേഖരിച്ചത്. 1927 -ൽ മരണകാലം വരെ അതെപ്പറ്റി അദ്ദേഹം പഠിച്ചു. വാൽക്കോട്ട് ശേഖരിച്ചവ ഇന്ന് സ്മിത്സോണിയനിൽ ഗവേഷകർക്ക് ലഭ്യമാണ്.
അക്കാലത്തെ ശാസ്ത്ര അഭിപ്രായപ്രകാരം കണ്ടെത്തിയ സ്പെസിമനുകളെ എല്ലാം അദ്ദേഹം അന്നു ജീവിച്ചിരിക്കുന്ന ശാസ്ത്രവിഭാഗങ്ങളിൽപ്പെടുത്താൻ ശ്രമിച്ചു, അതിനാൽ അന്ന് ഈ കണ്ടുപിടുത്തങ്ങൾക്ക് ഒരു കൗതുകത്തിനപ്പുറം പ്രാധാന്യമില്ലാതെ പോയി. 1962 -ൽ ആൽബർട്ടൊ സിമൊണേറ്റ ഈ ഫോസിലുകളെപ്പറ്റി പഠിക്കുമ്പോഴാണ് വാൽക്കോട്ട് അറിവിന്റെ വന്മലയുടെ അറ്റം മാത്രമേ ചുരണ്ടിയിട്ടുള്ളൂ എന്നു മനസ്സിലായത്. ഇന്നുനിലവിലുള്ള ജീവജാതികളിൽ പെടുത്താൻ പോലുമാവാത്തത്ര വിശാലമാണ് ബേർജസിൽ കണ്ടെത്തിയ ഫോസിലുകൾ. 50 കോടിയിലേറെ വർഷമാണ് അവയുടെ പഴക്കം. പര്യവേഷണം കുറെക്കൂടി വിശാലമായും ശാസ്ത്രീയമായും തുടങ്ങിയപ്പോൾ വാൽക്കോട്ട് മനസ്സിലാക്കിയതിലും എത്രയോ മടങ്ങാണ് അവിടുത്തെ ഫോസിൽ വൈവിധ്യം എന്നു വെളിപ്പെട്ടു. അവിടുന്നുകിട്ടിയ ജീവജാലങ്ങളുടെ ശരീരശാസ്ത്രസവിശേഷതകൾക്ക് അറിയപ്പെടുന്ന ഏതുജീവവർഗ്ഗങ്ങളുമായി വളരെച്ചെറിയ സാമ്യമേ ഉണ്ടായിരുന്നുള്ളൂ. ഉദാഹരണത്തിന് ഒപാബിനിയ എന്ന ജീവിക്ക് അഞ്ചുകണ്ണുകളും വാക്യും ക്ലീനർ പോലെയുള്ള മൂക്കും ഉള്ളതായിരുന്നു. പിന്നെയും പിന്നെയും ധാരാളം ഇനം ഫോസിലുകൾ കിട്ടിക്കൊണ്ടിരുന്നു, പഠിച്ചുതീർക്കാൻ കഴിയുന്നതിലും കൂടുതൽ ആയിരുന്നു അവിടുന്നു നിത്യേനകിട്ടിക്കൊണ്ടിരുന്ന ഫോസിലുകളുടെ എണ്ണം.
ഇന്നുള്ളതേക്കാൾ കൂടുതൽ ആയിരുന്നു അന്നത്തെ ജീവവൈവിധ്യമെന്നാണ് ബർജസിലെ ഫോസിലുകളുടെ പഠനത്തിൽനിന്നും ലഭിക്കുന്ന വിവരം. പരിണാമപരീക്ഷണശാലയിൽ ബാക്കിവന്നതേക്കാൾ എത്രയോ അധികം തലമുറകളാണ് എന്നേക്കുമായി നഷ്ടമായത്. ഇതേപ്പറ്റി വിരുദ്ധാഭിപ്രായങ്ങളും ഇല്ലാതില്ല, അവിടുന്ന് കിട്ടിയ ഫോസിലുകൾ ഇന്നത്തെ ഫൈലത്തിൽത്തന്നെ ഉൾക്കൊള്ളിക്കാനാവും എന്ന് വാദിക്കുന്നവരും ഉണ്ട്.
ജീവനെപ്പറ്റിയുള്ള അറിവിലുപരി ദീർഘകാലകാലാവസ്ഥയെപറ്റി പഠിക്കാനും ഇവിടുന്നു ലഭിക്കുന്ന അറിവുകൾ ഉപകരിക്കുന്നു. ഭൂമിയുടെ ഭാവിയെപറ്റി പ്രവചിക്കാനും ഇത് സഹായിച്ചേക്കും. ഇന്ന് ബേർജസ് ഷേൽകനേഡിയൻ റോക്കി മൗണ്ടൻ പാർക്കിന്റെ ഭാഗവും ഒരു യുനസ്കോ ലോകപൈതൃകസ്ഥാനവുമാണ്. ഇതിന്റെ ബാക്കിയെന്നുപറയാവുന്നൊരു സ്ഥലം 2013 -ൽ കണ്ടെത്തിയിടത്തുനിന്നും 15 ദിവസം കൊണ്ട് 50 ജന്തുസ്പീഷിസുകളുടെ ഫോസിലുകളാണ് കണ്ടെടുത്തത്. ജീവന്റെ ഉദ്ഭവസ്ഥാനമെന്നുപോലും പറയാവുന്നവിധത്തിലാണ് ഇവിടുത്തെ ജീവന്റെ പഴക്കവും വൈവിധ്യവും. ആദ്യത്തെ പര്യവേഷണത്തിനു നൂറുവർഷത്തിനുശേഷം ഇപ്പോഴും ഇവിടത്തെ ഫോസിലുകളെപ്പറ്റിയുള്ള പഠനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു, പുതിയവ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ജീവന്റെ അദ്ഭുതങ്ങൾ, ഭൂമിയുടെ ചരിത്രത്തിന്റെ അടഞ്ഞ നാളുകൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ കൂടുതലായി വെളിപ്പെട്ടും വരുന്നു.