ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നവർ ശ്രീലങ്കയുടെ അനുഭവം തീർച്ചയായും അറിഞ്ഞിരിക്കണം

628

ഇന്ത്യയുടെ ഐഡന്റിറ്റി ലോകത്തിനു മുന്നിൽ അടയാളപ്പെടുത്താൻ ഹിന്ദി ദേശീയഭാഷയാക്കണമെന്ന് അമിത്‌ ഷാ പറയുമ്പോൾ അതിനെ അനുകൂലിക്കുന്നവർ ശ്രീലങ്കയുടെ അനുഭവം തീർച്ചയായും അറിഞ്ഞിരിക്കണം.
Vinaya Raj V R എഴുതിയത്

1956 -ൽ ശ്രീലങ്കയിലെ പാർലമെന്റ് പാസാക്കിയ നിയമമാണ് സിംഹളമാത്രനിയമം (The Sinhala Only Act). അതുപ്രകാരം ഇംഗ്ലീഷിൽ നിന്നും ശ്രീലങ്കയുടെ ദേശീയഭാഷയായി സിംഹളം മാറി. രാജ്യത്തിലെ എഴുപതുശതമാനം പേരുടെയും ഭാഷയായിരുന്നു സിംഹളമെങ്കിലും ഇരുപത്തൊൻപതുശതമാനം പേർ തമിഴ് അവരുടെ ഭാഷയായി ഉപയോഗിക്കുന്നവർ ആയിരുന്നു. ലളിതമായി പറഞ്ഞാൽ രാജ്യത്തിലെ ഭൂരിപക്ഷമായ ബുദ്ധമതക്കാരായ 70 ശതമാനം പേരുടെയും ഭാഷ സിംഹളവും ബാക്കിയുള്ള ന്യൂനപക്ഷ ഹിന്ദു, കൃസ്ത്യൻ, മുസ്ലീം മതക്കാരായ 30 ശതമാനം പേരുടെയും ഭാഷ തമിഴും ആയിരുന്നു. പുതിയ നിയമം വന്നതോടെ തങ്ങൾ പൊതുസമൂഹത്തിലെ രണ്ടാംകിടപൗരന്മാരായി മാറ്റപ്പെടുന്നെന്ന ഭീതി തമിഴ് സംസാരിക്കുന്നവരിൽ പടർന്നു.

സിംഹളഭാഷ അറിയാത്തവർ സമൂഹത്തിലെ രണ്ടാംകിട പൗരന്മാരായി മാറി. സർക്കാർ ജോലികളിൽ തമിഴർക്ക് കയറാനേ പാറ്റാതായി. ഭാഷപരിജ്ഞാനമില്ലാത്തതിനാൽ പലർക്കും നിർബന്ധിതമായി വിരമിക്കേണ്ടിവന്നു. 1956 -ൽ ശ്രീലങ്കയിലെ സിവിൽ സർവീസിൽ 30 ശതമാനവും ക്ലാർക്കുമാരിൽ 50 ശതമാനവും ഡോക്ടർ എഞ്ചിനീയർമാർ എന്നിവരിൽ 60 ശതമാനവും സൈന്യത്തിൽ 40 ശതമാനവും ഉണ്ടായിരുന്ന തമിഴർ 1970 ആയപ്പോഴേക്കും യഥാക്രമം 5 ശതമാനം, 5 ശതമാനം, 10 ശതമാനം, 1 ശതമാനം എന്ന നിലയിലെത്തി എന്നറിയുമ്പോഴാണ് ഈ നിയമത്തിന്റെ നടപ്പാക്കൽ എത്രത്തോളം ഭീകരമായി തമിഴ് വംശജരെ ബാധിച്ചു എന്നു മനസ്സിലാക്കാനാവൂ. ഭാഷാനിയമം ഒരു മറയാണെന്നും അതിന്റെ പിന്നിൽ ഭൂരിപക്ഷസമൂഹത്തിനു രാജ്യത്തിൽ മേൽക്കൈ നേടാനുള്ള അജണ്ടയാണെന്നും തമിഴർ വിശ്വസിച്ചു.

മറ്റുപല കാരണങ്ങൾ ഉള്ളപ്പോൾപ്പോലും ശ്രീലങ്കയിൽ തമിൾ ഈഴം ശക്തിപ്രാപിക്കാൻ ഇടയായ കാരണങ്ങളിൽ ഒന്ന് ഈ ഭാഷാനിയമമായിരുന്നു. ബാക്കിയെല്ലാം ചരിത്രമാണ്. ഇന്ത്യയുടെ ഇടപെടലും രാജീവ് ഗാന്ധിയുടെ വധവും എല്ലാം ഈ നിയമത്തിന്റെ ബാക്കിപത്രമായി വേണമെങ്കിൽ കരുതാം. 26 വർഷം നീണ്ടുനിന്ന ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ നേരിട്ടുമാത്രം ഒന്നര ലക്ഷത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഒടുവിൽ രണ്ടുഭാഷയ്ക്കും ഔദ്യോഗികപദവി ലഭിക്കുകയുണ്ടായെങ്കിലും അതിനുവേണ്ടിവന്ന രക്തച്ചൊരിച്ചിൽ ശ്രീലങ്കയെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു.

No photo description available.