പ്രകൃതിക്ക് വേണ്ടി ചിത്രംവരയ്ക്കുന്നവരേ നിങ്ങളുടെ ബ്രഷിൻ തുമ്പിൽ ഒരു ജീവിയുടെ കണ്ണീരുണ്ട്

57

Vinaya Raj Vr

പെയിന്റ്ബ്രഷ് ഉണ്ടാക്കാനായി ഇന്ത്യയിൽ വർഷം തോറും കൊല്ലപ്പെടുന്ന കീരികളുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷത്തോളം വരും. ഒരു കിലോഗ്രാം കീരിരോമം ലഭിക്കാൻ അൻപതോളം കീരികളെ കൊല്ലേണ്ടതുണ്ട്. അതായത് ഒരു കീരിയെ കൊന്നാൽ കിട്ടുന്നത് കേവലം 20 ഗ്രാം നല്ലരോമം മാത്രമാണ്.

ഓപ്പറേഷൻ ക്ലീൻ ആർട്ട് എന്നപേരിൽ വന്യജീവികുറ്റകൃത്യനിയന്ത്രണ ബ്യൂറോയും സി ബി ഐയും കൂടി നടത്തിയ റെയ്ഡിൽ അൻപതിനായിരത്തിലേറെ പെയിന്റ്‌ബ്രഷുകളും 113 കിലോഗ്രാം കീരിരോമവും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും പിടിച്ചെടുക്കുകയുണ്ടായി. 49 ആൾക്കാരെ ഇതോടനുബന്ധിച്ച് അറസ്റ്റുചെയ്യുകയും ചെയ്തു. ചിത്രകാരന്മാർ സൂക്ഷ്മമായി വര്യ്ക്കുവാനായി വാങ്ങുന്ന കീരിരോമം കൊണ്ടുള്ള ബ്രഷിന്റെ കച്ചവടം കോടികളുടേതാണ്. ഇതെപ്പറ്റിയുള്ള അറിവും അവബോധവും തീരെക്കുറവാണെന്നത് ഇതിന്റെ വിപണി തഴച്ചുവളരുന്നതിനുള്ള ഒരു കാരണമാണ്. പല സംസ്ഥാനങ്ങളിലും വനവാസികളാണ് കീരിരോമം വിപണിയിലേക്കെത്തിക്കുന്നത്.

ആറുതരം കീരികളാണ് ഇന്ത്യയിൽ ഉള്ളത്. ഏറ്റവും വ്യാപകമായിക്കാണുന്ന ഇന്ത്യൻ തവിട്ടുകീരിയാണ് രോമത്തിനായി ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്നതും. ഉത്തർപ്രദേശിലെ ഷെർക്കോട്ടിലാണ് ഏറ്റവും കൂടുതൽ ബ്രഷുകൾ ഉണ്ടാക്കുന്നത്. ഇതാണ് ഇന്ത്യയുടെ പെയിന്റുബ്രഷ് ഉണ്ടാക്കുന്നപരിപാടിയുടെ തലസ്ഥാനം എന്നുപറയാം. പെയിന്റ്ബ്രഷിനായുള്ള കീരിവേട്ട അവയുടെ എണ്ണത്തിൽ വലിയ കുറവുവരുത്തിയിട്ടുണ്ട്. മറ്റുബ്രഷുകളെക്കാൾ കീരിരോമം കൊണ്ടുണ്ടാക്കിയ ബ്രഷുകൾക്ക് അഞ്ചിരട്ടിയോളം വിലയുള്ളത് ഇതിന്റെ കച്ചവടത്തിൽ വൻലാഭമുണ്ടാകാൻ ഇടയാകുന്നു.

ജലച്ചായങ്ങൾ ഉപയോഗിച്ച് വരയ്ക്കുമ്പോൾ കൃത്യത കിട്ടാൻ ചിത്രം വരയ്ക്കുന്നവർ ഈ ബ്രഷ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. നന്നായി ഈടുനിൽക്കുമെന്നതും കീരിരോമബ്രഷിനെ ആകർഷകമാക്കുന്നുണ്ട്. എന്നാലും ധാരാളം കലാകാരന്മാരും കമ്പനികളും കീരിരോമം കൊണ്ടുണ്ടാക്കിയ ബ്രഷുകളിൽ നിന്നും അകന്നുനിൽക്കുന്നവരാണ്. ഇവർ പകരം കൃത്രിമമായ വസ്തുക്കൾ കൊണ്ടുണ്ടാക്കുന്ന ബ്രഷുകളാണ് ഉപയോഗിക്കുന്നത്. ഒരു കിലോ രോമം അതിന്റെ അവസാന വിൽപ്പനസ്ഥാനത്ത് എത്തുമ്പോഴേക്കും ഒരു ലക്ഷം രൂപയോളം വിലയാണ് ലഭിക്കുന്നത്. ആഭ്യന്തരമാർക്കറ്റുകളെക്കാൾ അന്താരാഷ്ട്രമായാണ് ഇന്ത്യയിൽ നിന്നും ലഭിക്കുന്ന കീരിരോമങ്ങൾ വിപണനം ചെയ്യപ്പെടുന്നത്. നിയമവിരുദ്ധമായി കീരിയെ കൊന്ന് ശേഖരിക്കുന്ന ഈ രോമം ബ്രഷ് ഉണ്ടാക്കാനായി യൂറോപ്പിലേക്കും അമേരിക്കയിലേക്കും മധ്യേഷ്യയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

മൂർഖൻ പാമ്പിനെ ഒറ്റക്കടിക്ക് കൊല്ലാൻ കഴിയുന്ന കീരി കർഷകന്റെ സ്ഥലത്തെ എലികളെയും കീടങ്ങളെയും നിയന്ത്രിക്കാൻ നൽകുന്ന സംഭാവനകൾ ചെറുതല്ല. 1972 -ലെ വന്യജീവിസംരക്ഷണനിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ വരുന്ന കീരിയെ വേട്ടയാടുന്നതോ, കൈവശം വയ്ക്കുന്നതോ, ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതോ ഒക്കെ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.