ഇന്നത്തെ താരം വിനായകനാണ്. പണ്ടേ വിനായകൻ ഇങ്ങനെയാണ് ഉള്ളത് തുറന്നടിച്ചു പറയും. ഒരുപക്ഷേ സ്വജീവിതാനുഭവങ്ങൾ തന്നെയാകും വിനായകൻ എന്ന നടനെ പരുവപ്പെടുത്തിയത്. ‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റിൽ ആണ് വിവാദമായെക്കാവുന്ന ചില കാര്യങ്ങൾ വിനായകൻ തുറന്നടിച്ചു പറഞ്ഞത്.
ഭാവനയുടെ വിഷയത്തിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കൊട്ടിയ വിനായകൻ ഇപ്പോൾ സൂപ്പർതാരങ്ങളുടെ ഫാന്സിനെയാണ് കൊട്ടിയിരിക്കുന്നത്. ജോലിയും കൂലിയും ഇല്ലാത്ത തെണ്ടികൾ ആണ് സൂപ്പർതാരങ്ങളുടെ ഫാൻസ് എന്ന് പറഞ്ഞ വിനായകൻ ഈയിടെ ഇറങ്ങിയ ഒരു സൂപ്പർ താര ചിത്രത്തെയും നന്നയി കൊട്ടിയിട്ടുണ്ട്.
“ഫാൻസ് എന്നുപറയുന്ന പൊട്ടന്മാർ വിചാരിച്ചാൽ ഇവിടെ ഒന്നും സംഭവിക്കില്ല, ഇവിടത്തെ ഒരു മഹാനടന്റെ പടം ഇറങ്ങി ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കേട്ടത് ഒന്നരകോടി കിട്ടിയെന്നു. പടം തുടങ്ങിയത് പന്ത്രണ്ടു മണിക്കായിരുന്നു, ഒന്നര ആയപ്പോൾ ആളുകൾ ഇറങ്ങി ഓടി എന്നാണു കേൾക്കുന്നത്. അതായിരിക്കും ‘ഒന്നരയ്ക്കോടി’ . ഇവിടത്തെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറിന്റെ സിനിമയാണ്, ആളിന്റെ പേര് പറയുന്നില്ല. കാണാൻ ഒരു പൊട്ടനും ഉണ്ടായില്ല. അതുകൊണ്ടു ഫാൻസ് വിചാരിച്ചാൽ ഇവിടെ ഒരു പടം നന്നാക്കാനും പോകുന്നില്ല മോശമാകാനും പോകുന്നില്ല. ഇവരൊക്കെ വെറും ജോലിയില്ലാത്ത തെണ്ടികൾ ആണ്. ഈ ഫാൻസിനെ ആരാണ് ചുമന്നുകൊണ്ട് നടക്കുന്നത് ? ” വിനായകൻ തുറന്നടിച്ചു
ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീ ടൂ (me too) എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ പറഞ്ഞു.
“എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ – വിനായകൻ പറഞ്ഞു.
മാന്യത നടിച്ചു നടക്കുന്നവരെ താനെന്നും വിമർശിക്കുമെന്നും അതുകൊണ്ടു തന്റെ സിനിമാ ജീവിതത്തിനു ഒന്നും സംഭവിക്കില്ലെന്നും ‘പട’യിലും ‘ഒരുത്തീ’യിലും തനിക്കു അഭിനയിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ് എന്നും വിനായകൻ വ്യക്തമാക്കി.